Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറന്മുളയിൽ സുധീരന്റെ വായടപ്പിച്ച് രാഹുൽ? വിമാനത്താവള പദ്ധതിക്ക് എതിരായ സമരത്തിന് ഇനി കെപിസിസി പ്രസിഡന്റ് എത്തില്ല; കോൺഗ്രസിൽ എല്ലാവരും ഇനി പദ്ധതിക്ക് അനുകൂലം

ആറന്മുളയിൽ സുധീരന്റെ വായടപ്പിച്ച് രാഹുൽ? വിമാനത്താവള പദ്ധതിക്ക് എതിരായ സമരത്തിന് ഇനി കെപിസിസി പ്രസിഡന്റ് എത്തില്ല; കോൺഗ്രസിൽ എല്ലാവരും ഇനി പദ്ധതിക്ക് അനുകൂലം

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് ഇനി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ എത്താൻ ഇടയില്ല. കെജിഎസിന്റെ വിമാനത്താവള പദ്ധതിക്ക് പിന്നിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട് വാദ്രയ്ക്കും ഓഹരിയുണ്ടെന്ന് ആക്ഷേപം വ്യാപകമാണ്. ഇതൊന്നും വകവയ്ക്കാതെ പരിസ്ഥിതി പ്രശ്‌നങ്ങളുയർത്തി സമരത്തിൽ സജീവമായി നേതാവാണ് സൂധീരൻ. കോൺഗ്രസിൽ നിന്ന് സമര സമിതിയുമായി ആദ്യം മുതലേ സഹകരിച്ചതും സുധീരൻ മാത്രമാണ്. ഇതാണ് അവസാനിക്കാൻ പോകുന്നത്.

ആറന്മുള വിമാനത്താവള വിരുദ്ധനിലപാട് ഉപേക്ഷിക്കാൻ കെപിസിസി. പ്രസിഡന്റ് വി എം. സുധീരന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശമെത്തിയെന്നാണ് സൂചന. കേരളത്തിലെ മറ്റ് നേതാക്കൾക്ക് താൽപ്പര്യമുള്ള പദ്ധതിക്ക് കെപിസിസി അധ്യക്ഷൻ എതിർപ്പ് പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. ബാർ വിഷയത്തിലും ഇതേ നിർദ്ദേശമാണ് കോൺഗ്രസ് ഹൈക്കമാണ്ട് സുധീരന് നൽകിയത്. തുടർന്ന് സർക്കാർ തീരുമാനമെല്ലാം അംഗീകരിക്കുകയും ചെയ്തു. ആറന്മുള വിഷയത്തിലും സുധീരൻ ഇനി മൗനത്തിലാകുമെന്നാണ് സൂചന. പദ്ധതിക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കേണ്ടത് ബിജെപി. ആയതിനാൽ എതിർപ്പ് വേണ്ടെന്നാണ് നിർദ്ദേശം.

ആറന്മുള വിമാനത്താവളം യാഥാർഥ്യമാക്കാനുള്ള കേരള സർക്കാരിന്റെ ലക്ഷ്യവും താത്പര്യവും ഇതിനോടകം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വയലാർ രവി, എംപിമാരായ പി.ജെ. കുര്യൻ, ആന്റോ ആന്റണി എന്നിവർ കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് പദ്ധതിക്ക് വ്യോമയാന മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അനുമതികൾ ലഭിച്ചത്. സംസ്ഥാന കോൺഗ്രസ് ഘടകത്തിൽ ആറന്മുള വിമാനത്താവളം സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണുള്ളത്.

വിമാനത്താവള വിരുദ്ധരുടെ നേതൃത്വം വി എം. സുധീരനായിരുന്നു. കഴിഞ്ഞ 19ന് ഡൽഹിയിൽ കർഷക റാലിയിൽ പങ്കെടുക്കാെനത്തിയ വി എം. സുധീരൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് നിർദ്ദിഷ്ട വിമാനത്താവള മേഖല സന്ദർശിക്കണമെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് രാഹുൽ അംഗീകരിച്ചല്ല. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആറന്മുള വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തോട് സുധീരൻ പ്രതികരിക്കുന്നുമില്ല. ആറന്മുള വിമാനത്താവളത്തിന് അനുകൂലമായി നിൽക്കുന്ന ലോബിയാണ് രാഹുലിനെകൊണ്ട് സുധീരന്റെ നാവടിപ്പിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധീനതയിലുള്ള പുഴകൾ, തോടുകൾ, നീർത്തടങ്ങൾ എന്നിവയുടെ തീരഭൂമി വ്യവസായ സംരംഭകർക്ക് നൽകുന്നതിനായി നിലവിലുള്ള നിയമം പൊളിച്ചെഴുതാൻ സർക്കാർ നടത്തുന്ന നീക്കത്തിനെതിരേ ഇതുവരെ സുധീരൻ പ്രതികരിച്ചിട്ടില്ല. ഇതോടെ വിമാനത്താവള പദ്ധതിക്ക് കോൺഗ്രസ് പൂർണ്ണമായും അനുകൂലമാണെന്ന നില വരും. കുമ്മനം രാജേശേഖരന്റെ നേതൃത്വത്തിലെ സംഘപരിവാറിലെ ഒരു പക്ഷവും ചില ഇടത്-പരിസ്ഥിതി സംഘടനകളും മാത്രമാണ് സമരത്തിൽ ഉള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പദ്ധതിക്ക് അനുകൂലമാണെന്ന പ്രചരണവും ശക്തമാണ്.

എന്നാൽ ആറന്മുള വിമാനത്താവള നിർമ്മാണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതായുള്ള വാർത്തകൾ സത്യവിരുദ്ധവും ദുരുദ്ദേശപരവുമാണെന്ന് ആറന്മുള പൈതൃക ഗ്രാമകർമ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ പ്രസ്താവനയിലറിയിച്ചു. ആറന്മുള വിമാനത്താവളത്തിന് അനുകൂലമായ ഒരു തീരുമാനവും പുതിയ കേന്ദ്രസർക്കാർ നാളിതുവരെ കൈക്കൊണ്ടിട്ടില്ല. മറിച്ചുള്ള എല്ലാ പ്രചരണങ്ങളും കെജിഎസ് ഗ്രൂപ്പിന്റെ ഭാവനാ സൃഷ്ടിയും മനഃപൂർവ്വം ആശയക്കുഴപ്പം ഉണ്ടാക്കുവാനുള്ള കുടിലതന്ത്രവുമാണ്. ഏപ്രിൽ 22ന് വ്യോമയാന വകുപ്പിന്റെ ഉന്നതതലയോഗത്തിൽ ആറന്മുള വിമാനത്താവള നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നുള്ള വാർത്തയും പച്ചക്കള്ളമാണെന്ന് കു്മ്മനം പറയുന്നു.

മുൻ സർക്കാരിന്റെ വ്യോമയാനപ്രതിരോധ മന്ത്രാലയങ്ങൾ നൽകിയ അനുമതി ഉത്തരവുകളെല്ലാം റദ്ദുചെയ്യുമെന്ന് ബന്ധപ്പെട്ട മന്ത്രിമാർ ഉറപ്പു നൽകിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പു നടത്തുവാനും പ്രക്ഷോഭത്തെ തളർത്താനും ഭിന്നിപ്പിക്കാനും കെജിഎസ്സും, കേരള സർക്കാരും ചേർന്ന് നടത്തുന്ന ഗൂഢശ്രമങ്ങൾ വിലപ്പോകില്ല. എയർപോർട്ട് നിർമ്മാണത്തിന് അനുകൂലമായ ഏതൊരു നടപടിയെയും ശക്തിയായി എതിർക്കും. സുപ്രീം കോടതിയും ഗ്രീൻ ട്രിബ്യൂണലും സംശയലേശമന്യേ ആറന്മുളയിൽ വിമാനത്താവളം പാടില്ലെന്ന് ഉത്തരവിട്ട സാഹചര്യത്തിൽ ഈ വിഷയം അടഞ്ഞ അധ്യായമാണ്. പരമോന്നത കോടതി ഉത്തരവിനെതിരെ കെജിഎസ് നടത്തുന്ന നീക്കങ്ങൾ കോടതിയലക്ഷ്യമാണെന്നും കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP