Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഗതൻ പാട്ടത്തിനെടുത്ത ഇരുപത്തിയേഴ് സെന്റിൽ ഇരുപത് സെന്റ് ഭൂമിയും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ല; സിപിഐ വാദങ്ങൾ തള്ളിക്കളഞ്ഞ് തഹസീൽദാർ

സുഗതൻ പാട്ടത്തിനെടുത്ത ഇരുപത്തിയേഴ് സെന്റിൽ ഇരുപത് സെന്റ് ഭൂമിയും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ല; സിപിഐ വാദങ്ങൾ തള്ളിക്കളഞ്ഞ് തഹസീൽദാർ

പുനലൂർ: വർക് ഷോപ് ഉടമ സുഗതന്റെ ആത്മഹത്യയിലേക്ക് നയിച്ച കൊടികുത്തി സമരത്തിൽ എഐവൈഎഫിന്റെ ഡേറ്റാ ബാങ്ക് വാദം പൊളിയുന്നു. ഡേറ്റാ ബാങ്കിലുൾപ്പെട്ട സ്ഥലത്ത് വർക് ഷോപ്പ് പണിയുന്നതിനെതിരെയാണ് കൊടി കുത്തിയതെന്നായിരുന്നു സിപിഐയുടെ നിലപാട്. എന്നാൽ നാമമാത്രമായ സ്ഥലം മാത്രമാണ് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് റവന്യൂ വകുപ്പ് രേഖകൾ വ്യക്തമാക്കുന്നത്.

വിളക്കുടി വില്ലേജിൽ സുഗതൻ പാട്ടത്തിനെടുത്ത ഇരുപത്തിയേഴ് സെന്റിൽ ഇരുപത് സെന്റ് ഭൂമിയും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ലെന്ന് പത്തനാപുരം തഹസീൽദാർ പറഞ്ഞു. 2008ന് മുമ്പാണ് വയൽ നികത്തിയതെന്നും തഹസീൽദാർ പറഞ്ഞു. ഇതോടെ കരഭൂമിയിലാണ് സുഗതൻ വർക് ഷോപ്പുണ്ടാക്കാൻ ശ്രമിച്ചതെന്ന് വ്യക്തമാവുകയാണ്. പിരിവ് ചോദിച്ചിട്ട് നൽകാത്തതിന്റെ പ്രതികാരമാണ് സിപിഐക്കാർ നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനിടെയാണ് ഡേറ്റാ ബാങ്ക് വാദം സിപിഐ സജീവമാക്കിയത്. ഇതാണ് തഹൽസിദാരുടെ വാക്കുകളിലൂടെ പൊളിയുന്നത്.

പ്രവാസിയായിരുന്ന സുഗതൻ വർക് ഷോപ്പ് നിർമ്മാണം ആരംഭിച്ച സ്ഥലത്ത് എഐവൈഎഫ്-സിപിഐ പ്രവർത്തകർ കൊടിനാട്ടുകയും ജോലി തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് സുഗതൻ ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്ന് അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോൾ സിപിഐ സ്വീകരണം നൽകിയതും വിവാദമായിരുന്നു. എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂർകിഴക്കേതിൽ വീട്ടിൽ എം.എസ്. ഗിരീഷ് (31), സിപിഐ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് നേതാവുമായ ഇളമ്പൽ ചീവോട് പാലോട്ട്മേലേതിൽ ഇമേഷ് (34), ചീവോട് സതീഷ് ഭവനിൽ സതീഷ് (32) എന്നിവർക്കാണ് പ്രതിസ്ഥാനത്ത്. ഇവർക്ക് പുനലൂരിൽവെച്ച് നൽകിയ സ്വീകരണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കേസിൽ അറസ്റ്റിലായ എ.ഐ.വൈ.എഫ് പ്രവർത്തകർ റിമാൻഡിലായിരുന്നു. ഇവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് സിപിഐ യുവജന സംഘടന സ്വീകരണം നൽകിയത്.

എ.ഐ.വൈ.എഫ്. പ്രവർത്തകർ വർക്ക്‌ഷോപ്പിന് മുന്നിൽ കൊടികുത്തിയതിൽ മനംനൊന്താണ് പ്രവാസി പുനലൂർ ഐക്കരക്കോണം വാഴമൺ ആലുവിളവീട്ടിൽ സുഗതൻ തൂങ്ങിമരിച്ചത്. നിർമ്മാണത്തിലിരുന്ന വർക് ഷോപ്പിലാണ് ഉടമ സുഗതൻ ജീവനൊടുക്കിയത്. കൊടികുത്തിയ പ്രവർത്തകരുടെ നിരന്തര ഭീഷണിയെ തുടർന്നാണ് സുഗതൻ ജീവനൊടുക്കിയതെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തതും എഐവൈഎഫ് പ്രവർത്തകർ പ്രതികളാകുന്നതും. എഐവൈഎഫ് പ്രവർത്തകർ പണം ആവശ്യപ്പെട്ടിരുന്നു എന്നാണ് മരിച്ച സുഗതന്റെ ബന്ധുക്കളും നൽകിയിരിക്കുന്ന മൊഴി. സുഗതന്റെ വർക്ക്ഷോപ്പിനെതിരെ സമരം നടത്തിയ പാർട്ടിക്കാർ തന്നെ പ്രശ്നം ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടിരുന്നതായി സുഗതന്റെ മകൻ സുനിലും വ്യക്തമാക്കിയിരുന്നു. ചെറിയ തുക ആയിരുന്നുവെങ്കിൽ നൽകാൻ തയ്യാറായിരുന്നു. വർക്ക് ഷോപ്പ് നിർമ്മാണത്തിനായി മാത്രം നാല് ലക്ഷം രൂപ ചെലവാക്കിയിരുന്നു. ഇതേ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകരെത്തിയത്. പാർട്ടിക്കാരാണ് തന്റെ പിതാവിന്റെ മരണത്തിന് കാരണം - സുനിൽ ആരോപിച്ചു.

പ്രവാസിയായിരുന്ന സുഗതൻ പത്തനാപുരത്ത് വർക്ക്ഷോപ്പ് തുടങ്ങാൻ വാങ്ങിയ സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടി നാട്ടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഈ സ്ഥലം വയൽ നികത്തിയെടുത്തതാണെന്ന് ആരോപിച്ചായിരുന്നു യുവജനസംഘടനയുടെ പ്രതിഷേധം. ഇതിൽ മനംനൊന്ത് സുഗതൻ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുകളും സുഹൃത്തുകളും ആരോപിക്കുന്നത്. അതേസമയം തങ്ങളുടെ പ്രതിഷേധം സുഗതനെതിരെ ആയിരുന്നില്ലെന്നാണ് ഐ.ഐ.വൈ.എഫിന്റെ നിലപാട്. പാടം നികത്തിലിനെതിരെ എന്നായിരുന്നു വിശദീകരണം. ഇതാണ് തഹസിൽദാറുടെ വെളിപ്പെടുത്തലോടെ പൊളിയുന്നത്.

കൊല്ലം-തിരുമംഗലം പാതയോരത്തുള്ള കൃഷിയോഗ്യമല്ലാത്ത കാടുമൂടിയ ഈ സ്ഥലത്താണ് സുഗതനും മക്കളും സുഹൃത്തുക്കളും ചേർന്ന് ഷെഡ് നിർമ്മിച്ചത്. ദിവസങ്ങളായി രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസിലും കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ സുഗതൻ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നുലക്ഷത്തിലേറെ രൂപ ഇതിനകം വർക്ക്‌ഷോപ്പ് നിർമ്മാണത്തിനായും മറ്റും ചെലവഴിച്ചിരുന്നു. 35 വർഷം ഗൾഫിൽ ജോലിയിലായിരുന്നു സുഗതൻ. മക്കളായ സുജിത്ത്, സുനിൽ ബോസ് എന്നിവരെയും ഗൾഫിൽ ജോലിക്കായി കൊണ്ടുപോയിരുന്നു. ആറുമാസം മുൻപ് എല്ലാവരും മടങ്ങിയെത്തിയതോടെയാണ് നാട്ടിൽ സ്വന്തമായി ഒരു സംരംഭം എന്ന ആശയമുദിച്ചതും വർക്ക്‌ഷോപ്പിനായി ശ്രമം തുടങ്ങിയതും. ഇത് നടക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP