Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മഹത്യ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിക്കുമ്പോഴും ശാസ്ത്രീയമായ പഠനത്തിന് തയ്യാറാകാതെ സംസ്ഥന സർക്കാർ; 2014 മുതൽ 2018 മാർച്ച് വരെ ആത്മഹത്യ ചെയ്തത് 43 ഉദ്യോഗസ്ഥർ; തൊഴിൽ സമ്മർദ്ദം കുറയ്ക്കുന്നതിന് നടപടി വേണമെന്ന ആവശ്യം വനരോദനമാകുന്നു

ആത്മഹത്യ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിക്കുമ്പോഴും ശാസ്ത്രീയമായ പഠനത്തിന് തയ്യാറാകാതെ സംസ്ഥന സർക്കാർ; 2014 മുതൽ 2018 മാർച്ച് വരെ ആത്മഹത്യ ചെയ്തത് 43 ഉദ്യോഗസ്ഥർ; തൊഴിൽ സമ്മർദ്ദം കുറയ്ക്കുന്നതിന് നടപടി വേണമെന്ന ആവശ്യം വനരോദനമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ ആത്മഹത്യകൾ പെരുകുമ്പോഴും സേനാംഗങ്ങളുടെ മാനസിക സംഘർഷം സംബന്ധിച്ച ശാസ്ത്രീയമായ പഠനം പോലും നടത്താതെ സർക്കാർ. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരവും അവർ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനം നിലവിലില്ലെന്നു വ്യക്തമാക്കുന്നത് ഡിജിപിയുടെ ഓഫിസ് തന്നെയാണ്. എറണാകുളത്ത് എസ്‌ഐ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദത്തെക്കുറിച്ചു പഠിക്കാൻ ഡിജിപി സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ടിൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 43 ഉദ്യോഗസ്ഥരാണ്. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ൽ 9, 2015ൽ 5, 2016ൽ 13, 2017ൽ 14, 2018 മാർച്ച് വരെ 2 ഉദ്യോഗസ്ഥരുമാണ് ജീവനൊടുക്കിയത്. 2018ലെ കണക്കെടുപ്പു പൂർത്തിയായിട്ടില്ല. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾക്കൊപ്പം കുടുംബപ്രശ്‌നങ്ങളും ചേരുമ്പോഴാണ് ആത്മഹത്യകളുണ്ടാകുന്നതെന്നാണ് സേനയ്ക്കുള്ളിലെ സംസാരം.

ജോലിസമ്മർദം കൂടുതലുള്ള തൊഴിൽ മേഖലയാണ് പൊലീസിന്റേത്. ജോലിസ്ഥലത്തെ സമ്മർദം ഒഴിവാക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്നാണ് സേനയിലെ തന്നെ ആളുകൾ ചൂണ്ടിക്കാട്ടുന്നത്. സമ്മർദങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി എല്ലാ ഉദ്യോഗസ്ഥർക്കും ഉണ്ടാകണമെന്നില്ല. ഡിജിപി മെയ്‌ ആദ്യവാരം വിളിച്ചുചേർത്ത സ്റ്റാഫ് കൗൺസിൽ യോഗത്തിലും ഉദ്യോഗസ്ഥരുടെ ജോലിഭാരം ചർച്ച ചെയ്തിരുന്നു എന്ന് പൊലീസ് ഓഫീസേഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു ചൂണ്ടിക്കാട്ടുന്നു. ജോലി സമ്മർദം കുറയ്ക്കുന്നതിനുള്ള നടപടിയാണ് ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറയുന്നു.

ജോലിസമ്മർദത്തെത്തുടർന്ന് എറണാകുളത്തുനിന്ന് സിഐയെ കാണാതായ സംഭവം സേനയ്ക്കുള്ളിലും ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥർ അനാവശ്യമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ പൊലീസ് വാട്‌സാപ് ഗ്രൂപ്പുകളിലും പ്രതിഷേധമുയരുന്നുണ്ട്.

2014 ൽ ആകെ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ എണ്ണം ഒമ്പതാണ്. ആലപ്പുഴ ജില്ലയിൽ ഒരു പൊലീസുകാരനും, എറണാകുളം റൂറൽ 1, കണ്ണൂർ 2, കാസർഗോഡ് 1, കൊല്ലം സിറ്റി 1, തിരുവനന്തപുരം സിറ്റി 2, തിരുവനന്തപുരം റൂറൽ 1 എന്നിങ്ങനെയായിരുന്നു കണക്കുകൾ. 2015 ൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് സ്വയം ജീവനൊടുക്കിയത്. ഇടുക്കി, കണ്ണൂർ, കോട്ടയം, കൊച്ചി റൂറൽ, വയനാട് എന്നിവിടങ്ങളിലായി ഓരോ പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2016 ആയപ്പോൾ ആത്മഹത്യ ചെയ്ത പൊലീയുകാരുടെ എണ്ണം 13 ആയി ഉയർന്നു. ആലപ്പുഴ 2, എറണാകുളം സിറ്റി 1, കൊല്ലം 2, കൊല്ലം റൂറൽ 2, കോട്ടയം 1, കൊച്ചി സിറ്റി 1, മലപ്പുറം 1, തൃശൂർ റൂറൽ 1, തിരുവനന്തപുരം സിറ്റി 1, റൂറൽ 1.

2017 ൽ 14 ഉദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്. കൊല്ലം സിറ്റി 1, കൊല്ലം റൂറൽ 1, ആലപ്പുഴ 2, ഇടുക്കി 2, മലപ്പുറം 1, കൊച്ചി സിറ്റി 3, വയനാട് 1, കണ്ണൂർ 1, കാസർഗോഡ് 1, റെയിൽവേ സേന 1. 2018 ൽ ആദ്യ മൂന്നു മാസം കൊണ്ട് എറണാകുളം സിറ്റിയിൽ മാത്രം 2 പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. 2018 മാർച്ചിനുശേഷമുള്ള വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP