Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു വർഗീയ വാദികളെ ശക്തമായി എതിർത്തിട്ടും എന്നെ എല്ലാവരും ഹിന്ദുവായി തന്നെ കാണുന്നു; മനം മടുത്തു ടി എൻ ജോയ് ഇസ്ലാം മതം സ്വീകരിച്ചു; പുതിയ പേര് നജ്മൽ ബാബു

ഹിന്ദു വർഗീയ വാദികളെ ശക്തമായി എതിർത്തിട്ടും എന്നെ എല്ലാവരും ഹിന്ദുവായി തന്നെ കാണുന്നു; മനം മടുത്തു ടി എൻ ജോയ് ഇസ്ലാം മതം സ്വീകരിച്ചു; പുതിയ പേര് നജ്മൽ ബാബു

കൊടുങ്ങല്ലൂർ: ഹിന്ദുത്വ-വർഗീയ വാദങ്ങളെ ശക്തമായി എതിർത്തിട്ടും ഹിന്ദുവായി തന്നെയാണ് എല്ലാവരും പരിഗണിക്കുന്നത് എന്നതിൽ മനം മടുത്ത് മുൻ നക്‌സലൈറ്റ് നേതാവും സാംസ്‌കാരിക പ്രവർത്തകനുമായ ടി എൻ ജോയ് (65) ഇസ്ലാം മതം സ്വീകരിച്ചു. ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അദ്ദേഹം സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചത്.

ഇനി മുതൽ തന്റെ പേര് നജ്മൽ എൻ ബാബു എന്നാണെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിച്ചു. തികച്ചും വ്യക്തിപരമാണ് ഈ തീരുമാനം. തന്റെ കുടുംബത്തിലെ മറ്റുള്ളവർ സ്വന്തം മതവിശ്വാസങ്ങൾ തുടരുന്നതിനോട് എതിർപ്പില്ലെന്നും ടി.എൻ ജോയ് പറഞ്ഞു. പ്രമുഖ ഗസൽ ഗായകനും കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകനുമായ നജ്മൽ ബാബുവിനോടുള്ള സ്‌നേഹംകൊണ്ടാണ് നജ്മൽ എൻ ബാബു എന്ന പേര് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ ഹിന്ദു മതത്തിലെ ഈഴവ സമുദായത്തിലാണ് ജനിച്ചത്. എന്നാൽ യാതൊരു മതവിശ്വാസങ്ങളുമായി ബന്ധം പുലർത്തിയിരുന്നില്ല. ബാബറി മസ്ജിദ് തകർത്ത സംഭവത്തിന് ശേഷം ഹിന്ദു വർഗ്ഗീയ സംഘടനകളെ ശക്തമായി എതിർത്തിരുന്നു. എന്നിട്ടും ഹിന്ദു സമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് പലരും വിശേഷിപ്പിച്ചിരുന്നത്. ഇതിനോടുള്ള കടുത്ത എതിർപ്പാണ് ഇസ്ലാം മതം സ്വീകരിച്ചതിന്റെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നത്' - നജ്മൽ എൻ ബാബു എന്ന ടി.എൻ.ജോയ് പറഞ്ഞു.

മുസ്ലിം സുഹൃത്തുക്കളുടെ ക്ഷണത്തെ തുടർന്ന് ഇഫ്താർ വിരുന്നുകളിലും മറ്റും പങ്കെടുക്കുമ്പോൾ ഹിന്ദു സഹോദരൻ എന്ന് വിശേഷിപ്പിക്കുന്നത് പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ തന്റെ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് രണ്ട് വർഷം മുമ്പ് അദ്ദേഹം പള്ളിക്കമ്മിറ്റിക്കാർക്ക് അപേക്ഷ നൽകിയിരുന്നു. അവർ ഇത് അംഗീകരിച്ചെങ്കിലും ചില പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ പ്രശ്‌നമുണ്ടാക്കിയിരുന്നു.

സഹോദരൻ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തിൽ അംഗവും യുക്തിവാദിയുമായിരുന്ന പിതാവ് നീലകണ്ഠദാസാണ് പേരിലൂടെ ജനിച്ച മതം അറിയരുതെന്ന ഉദ്ദേശ്യത്തിൽ ടി എൻ ജോയ് എന്ന പേരിട്ടത്. അടിയന്തിരാവസ്ഥ കാലത്ത് കടുത്ത പീഡനത്തിന് വിധേയമായ ജോയ് ഇപ്പോഴും വിവിധ സാമൂഹ്യ പ്രശ്‌നങ്ങളിൽ സജീവമാണ്.

നക്‌സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന ജോയ് 1970-74 കാലഘട്ടത്തിൽ സിപിഐ എംഎൽ സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. മാറ്റത്തിനുവേണ്ടി മാനസികമായി തയ്യാറെടുത്തുവരികയായിരുന്നു അദ്ദേഹം. ഏപ്രിൽ ഒമ്പതിന് മതം മാറിയെന്ന് വ്യക്തമാക്കുന്ന ഫോട്ടോയോടെയാണ് ജോയ് ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഫേസ്‌ബുക്ക് അക്കൗണ്ടിലെ തന്റെ പേരും ഇദ്ദേഹം നജ്മൽ എൻ ബാബു എന്നാക്കി മാറ്റിയിട്ടുണ്ട്.

നക്‌സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന ജോയ് എഴുത്തുകാരനും ചിന്തകനുമാണ്. അടിയന്തിരാവസ്ഥാ പീഡിതർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൊച്ചിയിൽ 'കിസ് ഓവ് ലവ്' നടത്തിയ ചുംബനസമരത്തിലും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. അന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫേസ്‌ബുക്ക് അടക്കം സോഷ്യൽ മീഡിയയിലും അദ്ദേഹം സജീവമാണ്. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP