Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂരജിന്റെ ഇടപാടുകൾ മുഴുവൻ പരിശോധിച്ചാൽ കേരളത്തിന് താങ്ങാനായേക്കില്ല; 500 വർഷം പഴക്കമുള്ള കാസർകോട് കോട്ട സ്വകാര്യ വ്യക്തികൾക്ക് വിറ്റു

സൂരജിന്റെ ഇടപാടുകൾ മുഴുവൻ പരിശോധിച്ചാൽ കേരളത്തിന് താങ്ങാനായേക്കില്ല; 500 വർഷം പഴക്കമുള്ള കാസർകോട് കോട്ട സ്വകാര്യ വ്യക്തികൾക്ക് വിറ്റു

കാസർകോട്: അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂട്ടുചേർന്ന് സംസ്ഥാനത്ത് ഒരു മാഫിയ പോലെ പ്രവർത്തിക്കുകയാണെന്ന് പറഞ്ഞാൽ അതിൽ യാതൊരു അൽഭുതവുമില്ല. സർവത്ര അഴിമതിയിൽ മുങ്ങിയ കേരളത്തിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന അഴിമതിയുട കഥ കൂടിയാണ് പുറത്തുവരുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അറസ്റ്റു ചെയ്ത് സസ്‌പെന്റ് ചെയ്ത മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ 500 വർഷം പഴക്കമുള്ള കാസർകോട്ട് കോട്ട സ്വകാര്യ വ്യക്തികൾക്ക് മറിച്ചുവിറ്റുവെന്നതാണ് സംസ്ഥാനത്തെ നടുക്കുന്ന വാർത്ത. അവസരം കിട്ടിയാൽ കേരളത്തെയും മൊത്തമായി വിൽക്കാൻ തയ്യാറുള്ള ഉദ്യോഗസ്ഥനാണ് സൂരജെന്ന് വ്യക്തമാക്കുതാണ് ഈ സംഭവം.

പുരാവസതു വകുപ്പിന്റെ കോട്ട സ്വകാര്യ വ്യക്തികൾക്ക് മറിച്ചുവിറ്റത് ടി ഒ സൂരജന് ലാൻഡ് റവന്യൂ കമ്മീഷണറായിരിക്കേയാണ്. സർക്കാർ ഉടമസ്ഥതതയിൽ ഉള്ളതെന്ന് ഹൈക്കോടതിയും കോഴിക്കോട് അപ്പലേറ്റ് അഥോറിറ്റിയും അംഗീകരിച്ച 5.41 ഏക്കർ ഭൂമിയാണ് ടി ഒ സൂരജ് സ്വകാര്യവ്യക്തികൾക്ക് വിറ്റത്. സൂരജ് ലാൻഡ് റെവന്യൂ കമ്മീഷണറായിരിക്കേ 2013 ജനുവരി 25ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് കാസർകോട്ടെ കോട്ട മൂന്ന് സ്വകാര്യ വ്യക്തികൾക്ക് വിറ്റത്. ഭൂമാഫിയക്ക് വേണ്ടി സൂരജ് നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഭൂമി അളന്നു തിട്ടപ്പെടുത്താനായി ശ്രമം നടന്നപ്പോഴാണ് കോട്ട വിറ്റ വിവരം പുറംലോകം അറിയുന്നത്.

അഡീഷണൽ തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്. 500 വർഷം പഴക്കമുള്ളതാണ് കാസർകോഡ് കോട്ട. കാസർകോഡ് ജില്ലയിൽ 5.41 ഏക്കർ സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ ചില ഭാഗങ്ങളെല്ലാം നിയമ വിരുദ്ധമായി കയ്യേറ്റം ചെയ്തുവെന്നും പുരാവസ്തുവിന്റെ പ്രവർത്തനങ്ങളെ തടയുന്നുവെന്ും റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചു. കോട്ടനിർമ്മിച്ചവരുടെ പിന്മുറക്കാർ എന്നനിലയിൽ 1903 മുതൽ ഗണയ്യ എന്നയാൾക്ക് പരമ്പരയായി കൈമാറാമെന്നും വിൽക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥയിന്മേൽ സ്ഥലം ഗ്രൗണ്ട് വാടകയ്ക്ക് നൽകി.

1973ൽ പരമ്പരയിൽപ്പെട്ട അമ്മു പൂജാരിക്ക് അപേക്ഷപ്രകാരം കാസർകോട് ലാൻഡ് ട്രിബ്യൂണൽ ജന്മാവകാശം പതിച്ചു നൽകി. ഇതിനെതിരെ രമേശ്‌റാവു എന്ന പിന്മുറക്കാരൻ കോഴിക്കോട് അപ്പലറ്റ് അഥോറിറ്റിയിൽ പരാതി നൽകി. സ്ഥലം സർക്കാർ ഉടമസ്ഥയിലാണെന്ന് രമേശ് റാവുവിന്റെ വാദം അംഗീകരിച്ച് 1974 ജൂലൈ 25ന് അപ്പലേറ്റ് അഥോറിറ്റി വിധി പ്രസ്താവിച്ചു.

1978ൽ അപ്പലറ്റ് അഥോറിറ്റിയുടെ വിധിക്കെതിരെ കാസർകോട് സബ്‌കോടതിയിൽ അമ്മു പൂജാരിയുടെ അനന്തരാവകാശികൾ അന്യായം സമർപ്പിച്ചു.സർക്കാർ സ്ഥലമാണെന്ന വിധി 1994 ഒക്ടോബർ 31ന് സബ്‌കോടതിയും പിന്നാലെ ജില്ലാകോടതിയും ശരിവച്ചു. ഹൈക്കോടതിയിൽ എത്തിയ അപ്പീലിൽ കാസർകോട് കോട്ട സർക്കാർ സ്ഥലമാണെന്ന് ഊട്ടിയുറപ്പിച്ച് വിധിയായി.

ഈ ഭൂമിയിൽ നികുതിയൊടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2009 ഓഗസ്റ്റ് 17ന് പരമ്പരാംഗം ചന്ദ്രവാർക്കർ എന്നയാൾ സമർപ്പിച്ച അപേക്ഷ വില്ലേജ് ഓഫീസർ സ്വീകരിക്കുന്നിടത്താണ് തട്ടിപ്പ് ആരംഭിക്കുന്നത്. 2009 ഓഗസ്റ്റ് 19ന് ഇയാളിൽ നിന്ന് വർഷങ്ങളുടെ നികുതി സ്വീകരിച്ച ശേഷം ആഴ്ചകൾക്കുള്ളിൽ അശ്വിൻ ജി ചന്ദ്രവാർക്കർ കാസർകോട് കോട്ട സജി സെബാസ്റ്റ്യൻ, കൃഷ്ണൻനായർ, ഗോപിനാഥൻ നായർ എന്നിവർക്ക് വിൽക്കുകയായിരുന്നു.

ഈ സമയത്ത് കഥയറിയാതെ പുരാവസ്തു വകുപ്പ് രംഗത്തിറങ്ങി. പുരാവസ്തു വകുപ്പ് കോട്ടയിൽനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ സ്ഥലമുടമകൾ എതിർത്തു. സ്ഥലം സർക്കാരിന്റേതാണെന്ന് കളക്ടർ ആനന്ദ് സിങ് ഉത്തരവിറക്കി. ഉത്തരവിനെതിരെ സജി സെബാസ്റ്റ്യൻ നൽകിയ പരാതിയിൽ 2013 ജനുവരി 25് ലാൻഡ് റവന്യൂ കമ്മീഷണർ ടി ഒ സൂരജ് കളക്ടറുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തുടർന്നായിരുന്നു വിൽപ്പന.

നേരത്തെ സലിംരാജ് ഉൾപ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പുകേസിലും ടി ഒ സൂരജ് ആരോപണ വിധേയനായിരുന്നു. സൂരജ് ലാൻഡ് റെവന്യൂ കമ്മീഷണറായിരിക്കേയാണ് കളമശ്ശേരി ഭൂമി തട്ടിപ്പുകാർക്ക് ഒത്താശ ചെയ്‌തെന്ന വിധത്തിൽ വാർത്ത വന്നത്. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥനെതിരെ സിബിഐ കേസെടുക്കുകയുമുണ്ടായി.

കേസിൽ പരാതിക്കാരിയായ ഷരീഫയുടെ പേരിലുള്ള തണ്ടപ്പേര് തിരുത്താൻ ജില്ലാ കളക്ടറും ലാൻഡ് റവന്യൂ കമ്മീഷണറും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തിയത്. ഭൂമി പോക്കുവരവ് ചെയ്യാൻ ഉത്തരവിട്ടത് സൂരജ് തന്നെയായിരുന്നു. കളമശ്ശേരി ഭൂമി തട്ടിപ്പിന് സമാനമായ വിധത്തിലുള്ള തട്ടിപ്പാണ് കാസർകോടും നടന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP