Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൻകുമാർ സർവീസിലേക്കു മടങ്ങിവരുന്നു; പിണറായി സർക്കാർ നിയമനം നല്കിയിരിക്കുന്നത് മാനേജ്‌മെന്റ് രംഗത്തു പരിശീലനം നല്കുന്ന ഐഎംജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി

സെൻകുമാർ സർവീസിലേക്കു മടങ്ങിവരുന്നു; പിണറായി സർക്കാർ നിയമനം നല്കിയിരിക്കുന്നത് മാനേജ്‌മെന്റ് രംഗത്തു പരിശീലനം നല്കുന്ന ഐഎംജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തുനിന്ന് നിർബന്ധിച്ചു മാറ്റിനിർത്തപ്പെട്ടശേഷം അവധിയിൽ പ്രവേശിച്ച ടി.പി. സെൻകുമാർ വീണ്ടും സർവീസിൽ പ്രവേശിക്കുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ(ഐഎംജി) ഡയറക്ടറായിട്ടാണ് സെൻകുമാറിന് പിണറായി സർക്കാർ നിയമനം നല്കിയിരിക്കുന്നത്. മാനേജ്‌മെന്റ് തൊഴിൽ രംഗത്ത് പരിശീലനം നല്കുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ ഐഎംജി തിരുവനന്തപുരം നഗരഹൃദയത്തിലാണു പ്രവർത്തിക്കുന്നത്.

പിണറായി സർക്കാരിന്റെ അഹിതത്തിനു പാത്രമായ സെൻകുമാറിനെ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഡിജിപി സ്ഥാനത്തുനിന്നു മാറ്റി നിർത്തുന്നത്. തുടർന്ന് സെൻകുമാറിന് കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ എംഡി സ്ഥാനം നല്കിയെങ്കിലും അത് ഏറ്റെടുക്കാതെ അദ്ദേഹം എട്ടുമാസമായി അവധിയിലായിരുന്നു. സർവീസിൽ തിരിച്ചു പ്രവേശിക്കാൻ തയാറാണെന്നു ചൂണ്ടിക്കാട്ടി സെൻകുമാർ 23ന് ചീഫ് സെക്രട്ടറി എം. വിജയാനന്ദിനു കത്തു നല്കിയിരുന്നു. ഇതിനെത്തുടർന്നാണ് ഐഎംജി ഡയറക്ടറായി നിയമനം നല്കിയിരിക്കുന്നത്. സെൻകുമാറിന്റെ സർവീസ് കാലാവധി അവസാനിക്കാൻ ഇനി നാലര മാസം മാത്രമാണുള്ളത്.

ഉമ്മൻ ചാണ്ടി മാറി പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ നടത്തി പൊലീസ് അഴിച്ചുപണിയിലാണ് ഡിജിപി സെൻകുമാറിന് തൊപ്പി നഷ്ടമായത്. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ കേസുകളിലെ അന്വേഷണങ്ങളിൽ അദ്ദേഹം മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാടുകളാണ് ഈ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് വിനയായത്. തന്നെ മാറ്റി ലോക്‌നാഥ് ബഹ്‌റയ്ക്ക് ഡിജിപി പദവി നല്കിയതിനെ ചോദ്യം ചെയ്ത് സെൻകുമാർ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനും ഹൈക്കോടതിയിലും നിയമപോരാട്ടം നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. ഒടുവിൽ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിച്ചപ്പോഴും കേരളത്തിൽ നിന്നും പാരപോയി. അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ അംഗമായി ഇടം ലഭിക്കാനുള്ള അവസരവും ഇഥിനിടെ നഷ്ടമായി.

ഇതിനിടെ കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിനു കാരണം പൊലീസിന്റെ വീഴ്ചയാണെന്നു കാട്ടി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ സെൻകുമാറിനെതിരെ വ്യാജ റിപ്പോർട്ട് നൽകിയെന്ന ഹർജി വിജിലൻസ് കോടതിയിലെത്തി. പിന്നാലെ വെടിക്കെട്ടു ദുരന്തത്തിലെ പൊലീസ് വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നളിനി നെറ്റോ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കത്തു നൽകുകയും ചെയ്തു.

ദീർഘനാളായി സെൻകുമാറും നളിനി നെറ്റോയും തമ്മിൽ അകൽച്ചയിലാണ്. എസ്.എം.വിജയാനന്ദ് ചീഫ് സെക്രട്ടറിയായതുമുതലാണ് സെൻകുമാറുമായി നളിനി നെറ്റോ അകലുന്നതെന്നാണ് സെൻകുമാറുമായി അടുത്തബന്ധമുള്ളവർ സൂചിപ്പിക്കുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ നളിനി നെറ്റോയേ ചീഫ് സെക്രട്ടറിയാക്കാമെന്ന് വാക്ക് നൽകിയിരുന്നെന്നാണ് വിവരം. എന്നാൽ കേരളത്തിലേക്ക് എസ്.എം. വിജയാനന്ദ് മടങ്ങിയെത്തിയപ്പോൾ കസേര അദ്ദേഹത്തിനായി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർ വിജയാനന്ദിന് അനുകൂലമായി നിലപാടെടുത്തു. ഇത് ടി.പി. സെൻകുമാറിന്റെ ഓപറേഷനായിരുന്നെന്നാണ് നളിനി നെറ്റോയുടെ വിശ്വാസം.
തന്നെ ചീഫ് സെക്രട്ടറി ആക്കാതിരുന്നതിൽ മുഖ്യപങ്കുവഹിച്ചത് ടി.പി. സെൻകുമാർ ആണെന്ന് നളിനി നെറ്റോ കരുതുന്നു. ഇതോടെ ഇരുവരും തമ്മിൽ തെറ്റി. ഈ സമയത്താണ് പുറ്റിങൽ വെടിക്കെട്ട് അപകടം നടന്നത്. സെൻകുമാറിന് പണികൊടുക്കാൻ പറ്റുന്ന അവസരമായി ഇതിനെ നളിനി നെറ്റോ ഉപയോഗിച്ചതായാണ് സെൻകുമാറിന്റെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP