Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി സർക്കാറിനോട് ഏറ്റുമുട്ടിയ ടി പി സെൻകുമാറിന് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡി സ്ഥാനവും നഷ്ടമായി; ജോലിയിൽ പ്രവേശിക്കാതെ അവധിയിൽ തുടരുന്ന സെൻകുമാറിന് പകരക്കാരനായി ഐ ജി ബൽറാം കുമാർ ഉപാധ്യായ്ക്കു അധിക ചുമതല നൽകി ഉത്തരവായി

പിണറായി സർക്കാറിനോട് ഏറ്റുമുട്ടിയ ടി പി സെൻകുമാറിന് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡി സ്ഥാനവും നഷ്ടമായി; ജോലിയിൽ പ്രവേശിക്കാതെ അവധിയിൽ തുടരുന്ന സെൻകുമാറിന് പകരക്കാരനായി ഐ ജി ബൽറാം കുമാർ ഉപാധ്യായ്ക്കു അധിക ചുമതല നൽകി ഉത്തരവായി

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരെ വരച്ച വരയിൽ നിർത്തുക എന്ന ശൈലിയാണ് പിണറായി വിജയൻ സർക്കാർ കൈക്കൊണ്ടു പോന്നിരുന്നതെന്ന ആക്ഷേപം ഭരണത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായിരുന്നു. ഈ ആക്ഷേപത്തിന് പ്രധാനകാരണം ഡിജിപി ടി പി സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയതായിരുന്നു. താരതമ്യേന അപ്രസക്തമായ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് സി.എം.ഡി. സ്ഥാനത്തേക്കായിരുന്നു സെൻകുമാറിനെ നീക്കിയത്. എന്തായാലും ഈ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി സെൻകുമാർ സർക്കാർ നടപടിക്കെതിരെ അഡ്‌മിനിസ്‌ട്രേറ്റർ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഡിജിപി റാങ്കിലുള്ള ശമ്പളം തുടർന്നു കൊണ്ട് തന്നെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് സിഎംഡി സ്ഥാനത്തിരുത്തണമെന്ന അഡ്കാടതിയും പറഞ്ഞു. എന്നാൽ, ഇപ്പോൾ സെൻകുമാറിന് ഈ സ്ഥാനവും നഷ്ടമായി.

അവധിയിൽ തുടരുന്ന സെൻകുമാറിന് പകരക്കാരായി ക്രൈംബ്രാഞ്ച് ഐ.ജി. ബൽറാം കുമാർ ഉപാധ്യായ്ക്കു കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും ആയി അധികച്ചുമതല നൽകി ഉത്തരവായി. ക്രൈംബ്രാഞ്ച് ഐ.ജി. സ്ഥാനവും ഇദ്ദേഹം തുടർന്നു വഹിക്കും. ബൽറാം കുമാർ ഉപാധ്യായ ഇന്നലെ കോർപ്പറേഷൻ സി.എം.ഡിയായി ചുമതലയേറ്റു.

ഇടതുസർക്കാർ കഴിഞ്ഞ മേയിലാണ് സെൻ കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കം ചെയ്ത് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് സി.എം.ഡിയായി മാറ്റി നിയമിച്ചത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ നീക്കം ചെയ്ത ഇടതു സർക്കാർ നടപടിക്കെതിരേ സെൻകുമാർ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. അതിനാൽ കോർപ്പറേഷൻ സി.എം.ഡിയായി ചുമതലയേൽക്കാൻ സെൻകുമാർ തയാറായിരുന്നില്ല. ഇതിനിടെ ജൂലൈ 21നു ട്രിബ്യൂണൽ സെൻകുമാറിന്റെ ഹർജി തള്ളി.

എങ്കിലും കോർപ്പറേഷൻ സി.എം.ഡി. സ്ഥാനം ഏറ്റെടുക്കാൻ സെൻകുമാർ തയാറാകാതെ അവധിയിൽ പോകുകയായിരുന്നു. നാഥനില്ലാതായതോടെ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മേൽനോട്ടം വഹിക്കുന്ന വിവിധ നിർമ്മാണപ്രവർത്തനങ്ങളും അവതാളത്തിലായി. കുടിശിക ഉയർന്നതോടെ കോർപ്പറേഷനിലെ കരാറുകാരും പ്രതിഷേധിച്ചു തുടങ്ങി. ഇതേത്തുടർന്നാണ് കോർപ്പറേഷനു പുതിയ നാഥനെ നിയമിക്കാൻ തീരുമാനമായത്.

പൊലീസ് മേധാവായായിരിക്കെ 80,000 രൂപയായിരുന്നു സെൻകുമാറിന്റെ അടിസ്ഥാന ശമ്പളം. പൊലീസ് കൺസ്ട്രക്ഷൻ മേധാവിയായുള്ള നിയമനത്തിലൂടെ അടിസ്ഥാന ശമ്പളം 75,000 ആയി കുറയ്ക്കുകയും ചെയ്തു. അഖിലേന്ത്യ സർവീസ് ചട്ടവും കേരള പൊലീസ് ആക്ടും പ്രകാരം തനിക്കെതിരായ സർക്കാർ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ ഹർജി നൽകിയത്. ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയിൽ നിയമിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ നീക്കം ചെയ്യാൻ പാടില്ല. അല്ലാത്തപക്ഷം തക്കതായ കാരണമുണ്ടാകണം എന്നാണ് ചട്ടം. ഇതിന് വിരുദ്ധമായാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്. ഇത് തരംതാഴ്‌ത്തലാണെന്നും സെൻകുമാർ പറയുന്നു. എന്നാൽ സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്ന് സർക്കാരിനുവേണ്ടി എ.ജി ആവശ്യപ്പെട്ടു. ഇതോടെ സർക്കാറിന്റെ വാദം അംഗീകരിക്കപ്പെടുകയായിരുന്നു.

അതേസമയം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാനുള്ള സെൻകുമാറിന്റെ നീക്കങ്ങളും ഇതുവരെ പച്ചതൊട്ടിട്ടില്ല. 1982, '83 ബാച്ചിലെ ഉദ്യോഗസ്ഥർക്കാണ് തസ്തിക ലഭ്യമാകുക. 83 ബാച്ച് കേരള കാഡർ ഉദ്യോഗസ്ഥനായ സെൻകുമാർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹായത്തോടെയാണ് കേന്ദ്രസർക്കാറിനെ സമീപിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന നേരത്തെയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP