Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുല്ലപ്പെരിയാറിൽനിന്നു വെള്ളമെടുക്കുന്നത് തമിഴ്‌നാട് പൂർണമായും നിർത്തി; ജലനിരപ്പ് 142 അടിയായാൽ ആവാസവ്യവസ്ഥയ്ക്കും കോട്ടംതട്ടും

മുല്ലപ്പെരിയാറിൽനിന്നു വെള്ളമെടുക്കുന്നത് തമിഴ്‌നാട് പൂർണമായും നിർത്തി; ജലനിരപ്പ് 142 അടിയായാൽ ആവാസവ്യവസ്ഥയ്ക്കും കോട്ടംതട്ടും

കുമളി: മുല്ലപ്പെരിയാറിൽ നിന്നു വെള്ളം എടുക്കുന്നത് തമിഴ്‌നാട് പൂർണമായും നിർത്തി. ജലനിരപ്പ് 142 അടിയാക്കാനുള്ള തന്ത്രപരമായ നീക്കമാണ് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ജലനിരപ്പ് 142 അടിയാക്കിയാൽ തേക്കടി തടാകത്തിന്റെ തീരഭൂമിയും തുരുത്തുകളും ഉൾപ്പെടെ ഏക്കർ കണക്കിന് വനഭൂമി വെള്ളത്തിലാവും. ആദിവാസി കുടിലുകൾ മുങ്ങും.

രണ്ടാഴ്ചയായി 2718 ഏക്കർ വനം വെള്ളത്തിലാണ്. ജലനിരപ്പ് ഇനിയും ഉയർന്നാൽ 6425 ഏക്കർ വനം നഷ്ടപ്പെടുമെന്ന് തേക്കടി റേഞ്ച് ഓഫീസർ അറിയിച്ചു. ആന, കാട്ടുപോത്ത്, മ്ലാവ്, മാൻ, കാട്ടുപന്നി എന്നിവയുടെ വിഹാരകേന്ദ്രമാണ് പുൽമേടുകൾ. ഇവ നശിക്കുന്നതോടെ വന്യജീവികളുടെ നിലനിൽപ്പും അപകടത്തിലാകും.

1979ൽ ജലനിരപ്പ് 136 അടിയാക്കി നിലനിറുത്തിയപ്പോൾ രൂപപ്പെട്ട കരപ്രദേശത്താണ് ആദിവാസികൾ താമസിക്കുന്നത്. 140 അടി പിന്നിട്ടപ്പോഴേ കുടികളിൽ വെള്ളം കയറിക്കഴിഞ്ഞു. കുളത്തുപാലം, മണ്ണാൻകുടി, പെരിയാർകോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാൽ എന്നീ തുരുത്തുകളിലായി ആയിരത്തിലധികം വീടുകളിൽ നാലായിരത്തോളം പേരാണ് താമസിക്കുന്നത്. ഇവരുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥയാണുണ്ടാകുന്നത്.

ശകുന്തളക്കാട്ടിലെ ചന്ദനമരങ്ങളും അപൂർവ ജൈവസമ്പത്തും വെള്ളത്തിലായി. വന്യമൃഗങ്ങൾ ഉൾക്കാടുകളിലേക്ക് വലിഞ്ഞത് ആവാസവ്യവസ്ഥയെ ബാധിച്ചതിന് തെളിവാണ്. തേക്കടി തടാകത്തിലെ മരക്കുറ്റികൾ മുങ്ങിയത് ദേശാടനപ്പക്ഷികളുടെ പിന്മാറ്റത്തിനും കാരണമായി. ചേരക്കോഴികളും യുനെസ്‌കോ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഡാർട്ടരാന്റും ഉൾപ്പെടെ അപൂർവയിനങ്ങൾ ഇതിനകം പ്രദേശ്ത്തുനിന്നുമൊഴിഞ്ഞു. വെള്ളം കയറി മാളങ്ങൾ നഷ്ടപ്പെട്ടതോടെ നീർനായ്ക്കളും അപ്രത്യക്ഷരായി.

ജൈവ സമൃദ്ധി നഷ്ടപ്പെടുന്ന വനത്തിൽ കടുവകൾ വസിക്കുന്നത് അസാദ്ധ്യമായതിനാൽ പെരിയാർ കടുവാ സങ്കേതത്തെയും ദോഷകരമായി ബാധിക്കും. പുൽമേടുകളെ ആശ്രയിച്ചു ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ഭക്ഷണം. 7158 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള 25 ചെറുദ്വീപുകൾ മുങ്ങും. 1965 ഇനം പുഷ്പിക്കുന്ന സസ്യങ്ങളും 150 ഇനം അപൂർവ സസ്യങ്ങളും 168 ഇനം പുല്ലും നശിക്കും. ഗവേഷകർ രണ്ടു പതിറ്റാണ്ടിനു മുമ്പ് കണ്ടെത്തിയ ഹാബണേറിയ പെറിയാറെൻസീസ്, ടേനിയോഫിലം സ്‌കാബരുലം എന്നീ ഓർക്കിഡുകൾ വെള്ളത്തിലായി. ഭൂപ്രദേശത്തു നിന്ന് അപ്രത്യക്ഷമായെന്നു കരുതിയിരുന്ന ഈ ഓർക്കിഡുകൾ തടാകതീരത്തെ ചന്ദന മരങ്ങളുടെ ശിഖരങ്ങളിൽ മാത്രമാണുള്ളത്.

ഇത്തരത്തിൽ ആവാസവ്യവസ്ഥയ്ക്കു കൂടി കടുത്ത നാശംവരുത്തുന്ന അവസ്ഥയ്ക്കാണ് തമിഴ്‌നാടിന്റെ നീക്കം അവസരമൊരുക്കുന്നത്. ജലനിരപ്പ് ഉയരുന്നത് വന്യജീവികളെ ബാധിക്കുമോയെന്നു പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP