Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രളയബാധിതർക്കുള്ള പതിനായിരം രൂപ ധനസഹായം; ഇന്നലെ വരെ സഹായം വിതരണം ചെയ്തത് അഞ്ച് ലക്ഷം കുടുംബങ്ങൾക്ക്; സഹായം ലഭിക്കാനുള്ളത് അക്കൗണ്ട് വിവരങ്ങൾ നൽകാത്തവർക്ക്; വീടുകളും സ്‌കൂളുകളും പുനർനിർമ്മിക്കുന്നതിന് മുൻഗണന നൽകാനും തീരുമാനം

പ്രളയബാധിതർക്കുള്ള പതിനായിരം രൂപ ധനസഹായം; ഇന്നലെ വരെ സഹായം വിതരണം ചെയ്തത് അഞ്ച് ലക്ഷം കുടുംബങ്ങൾക്ക്; സഹായം ലഭിക്കാനുള്ളത് അക്കൗണ്ട് വിവരങ്ങൾ നൽകാത്തവർക്ക്; വീടുകളും സ്‌കൂളുകളും പുനർനിർമ്മിക്കുന്നതിന് മുൻഗണന നൽകാനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയബാധികർക്കുള്ള പതിനായിരം രൂപ വീതമുള്ള സഹായ വിതരണം ഏകദേശം പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം 5ലക്ഷത്തോളം കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു കഴിഞ്ഞു. ഇനി 96,500 കുടുംബങ്ങൾക്കാണ് സഹായം നൽകാനുള്ളത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാത്തതും ചില ആവർത്തനങ്ങളുമാണ് സഹായവിതരണം പൂർത്തിയാക്കുന്നതിന് പ്രയാസമുണ്ടാക്കിയത്. ഇന്നും നാളെയുമായി സഹായവിതരണം പൂർത്തിയാകുമെന്നും ഉപസമിതി അറിയിച്ചു.

ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനം സംബന്ധിച്ച് ഇന്നു ചേർന്ന മന്ത്രിസഭാ ഉപസമിതിയോഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

മന്ത്രിസഭാ ഉപസമിതി യോഗത്തിലെ മറ്റു തീരുമാനങ്ങൾ

ദുരന്തത്തിൽ തകർന്ന വീടുകളും സ്‌കൂളുകളും ആശുപത്രികളും സൗജന്യമായി പുനർനിർമ്മിക്കാനും മറ്റു സഹായങ്ങൾ ലഭ്യമാക്കാനും തയ്യാറായി വിവിധ ഏജൻസികളും സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ട്. ഇവ ഏകോപിപ്പിച്ച് സഹായം നല്ലരീതിയിൽ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. ഇതിനുവേണ്ടി ആസൂത്രണവകുപ്പ് ഒരു വെബ് പോർട്ടൽ തയ്യാറാക്കുന്നുണ്ട്. സഹായം നൽകാൻ സന്നദ്ധതയുള്ളവർക്ക് ഈ പോർട്ടൽ വഴി സർക്കാരിനെ ബന്ധപ്പെടാവുന്നതാണ്. എവിടെയൊക്കെ, ആർക്കൊക്കെ അടിയന്തിര സഹായം ആവശ്യമുണ്ട് എന്ന വിവരങ്ങൾ ഈ പോർട്ടലിൽ നിന്ന് അറിയാൻ സാധിക്കും.

കിറ്റ് വിതരണം കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്ന് ലഭിച്ച ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം മാനദണ്ഡപ്രകാരം നടത്തിവരുന്നു. 1498 കുടുംബങ്ങളിലെ 4857 പേരാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ആകെ 122 ക്യാമ്പുകൾ. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് പകരം മറ്റു കെട്ടിടങ്ങൾ അടിയന്തിരമായി കണ്ടെത്തുന്നതാണ്. വെള്ളം കയറിയ വീടുകളുടെ വൃത്തിയാക്കൽ മിക്കവാറും പൂർത്തിയായി. 6.89 ലക്ഷം വീടുകളാണ് ഇതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. ഇനി 3501 വീടുകളേ ബാക്കിയുള്ളൂ. 3.19 ലക്ഷം കിണറുകൾ വൃത്തിയാക്കിയിട്ടുണ്ട്. വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളിൽ കുറച്ചു കിണറുകൾ കൂടി വൃത്തിയാക്കാൻ ബാക്കിയുണ്ട്. 4213 ടൺ ജൈവമാലിന്യമാണ് ഇതുവരെ ശേഖരിച്ചത്. അതിൽ 4036 ടണ്ണും സംസ്‌ക്കരിച്ചു. 4305 ടൺ അജൈവ മാലിന്യം ശേഖരിച്ചിട്ടുണ്ട്. അവ ഘട്ടം ഘട്ടമായി സംസ്‌ക്കരിക്കും.

വെള്ളം കയറി വീട്ടുസാധനങ്ങൾ നശിച്ചവർക്ക് ഒരു ലക്ഷം രൂപ കുടുംബശ്രീ വഴി പലിശരഹിത വായ്പ ലഭ്യമാക്കാനുള്ള നടപടികൾ മുന്നോട്ടുപോകുന്നു. സെപ്റ്റംബർ 25 മുതൽ വായ്പ നൽകിത്തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാലയങ്ങൾവഴിയുള്ള ധനസമാഹരണം നല്ലരീതിയിൽ നടന്നിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പൂർണ്ണമായി ലഭിച്ചിട്ടില്ല. രണ്ടായിരം വിദ്യാലയങ്ങളുടെ കണക്ക് ലഭിച്ചപ്പോൾ സമാഹരിക്കാൻ കഴിഞ്ഞ തുക 2.05 കോടിരൂപയാണ്. മൊത്തം പതിനാറായിരം വിദ്യാലയങ്ങളാണുള്ളത്.
നഷ്ടപ്പെട്ട രേഖകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കകം രേഖാവിതരണം പൂർത്തിയാക്കാൻ കഴിയും. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം വീടുകൾക്കുണ്ടായ നഷ്ടത്തിനാണ് സാമ്പത്തിക സഹായം നൽകുന്നത്. എന്നാൽ മറ്റു കെട്ടിടങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഉണ്ടായ നഷ്ടം കൂടി കണക്കാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ ദേശീയ ദുരന്ത പ്രതികരണ നിധി (എൻ.ഡി.ആർ.എഫ്.) മാനദണ്ഡപ്രകാരമുള്ള നിവേദനം തയ്യാറാക്കിവരികയാണ്. വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. അവ ക്രോഡീകരിച്ച് താമസിയാതെ കേന്ദ്ര സർക്കാരിന് വിശദമായ നിവേദനം സമർപ്പിക്കും. ദുരന്ത ശേഷം പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി പകർച്ചവ്യാധികൾ വലിയൊരളവുവരെ തടയാൻ കഴിഞ്ഞു. പ്രതിരോധമരുന്ന് വ്യാപകമായി വിതരണം ചെയ്യുന്നതിനാൽ എലിപ്പനിയും നിയന്ത്രണവിധേയമാണ്.

ഡെങ്കിപോലുള്ള കൊതുകുജന്യ രോഗങ്ങൾ തടയാനുള്ള മുൻകരുതലുകളും എടുക്കുന്നുണ്ട്.
പ്രളയത്തിൽ തകർന്ന പമ്പ പുനർനിർമ്മിച്ച് ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനുള്ള പ്രവൃത്തികൾ അതിവേഗം നടക്കുകയാണ്. തീർത്ഥാടനകാലം ആരംഭിക്കുന്നതിനുമുൻപ് പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ലോക ബാങ്ക്, എ.ഡി.ബി., ഐ.എഫ്.സി. എന്നീ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികൾ സംസ്ഥാനത്തെ വിവിധ ജില്ലകൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തുകയാണ്. മൂന്ന് നാല് ദിവസത്തിനകം അത് പൂർത്തിയാകും. സെപ്റ്റംബർ 21 ന് ഈ ഏജൻസികളുടെ റിപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഹായം സംബന്ധിച്ച തീരുമാനം അതിനുശേഷമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP