Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ചേരാം ചേരാനല്ലൂരിനൊപ്പം';ഹൈബി ഈഡൻ എംഎൽഎ നേതൃത്വം നൽകിയ തണൽ' ഭവന പദ്ധതി വൻ വിജയം;13 വീടുകൾക്ക് തറക്കല്ലിട്ടു,5 വീടുകൾ നിർമ്മാണം പൂർത്തീകരിച്ചു കൈമാറി; പദ്ധതിയുമായി സഹകരിക്കുന്നത് നിരവധി സംഘടനകളും നേതാക്കളും; എംഎൽഎ താങ്ങാവുന്നത് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട നിർധനർക്ക്

'ചേരാം ചേരാനല്ലൂരിനൊപ്പം';ഹൈബി ഈഡൻ എംഎൽഎ നേതൃത്വം നൽകിയ തണൽ' ഭവന പദ്ധതി വൻ വിജയം;13 വീടുകൾക്ക് തറക്കല്ലിട്ടു,5 വീടുകൾ നിർമ്മാണം പൂർത്തീകരിച്ചു കൈമാറി; പദ്ധതിയുമായി സഹകരിക്കുന്നത് നിരവധി സംഘടനകളും നേതാക്കളും; എംഎൽഎ താങ്ങാവുന്നത് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട നിർധനർക്ക്

മറുനാടൻ ഡെസ്‌ക്‌

മഹാപ്രളയം നാട്ടിൽ ദുരന്തങ്ങൾ വിതച്ചിട്ടു അഞ്ച് മാസമാകുന്നു. ഡാമുകൾ തുറന്നു വിട്ട വെള്ളം കടലിലേക്കൊഴുകുന്നതിന് തൊട്ട് മുൻപുള്ള സ്ഥലം എറണാകുളത്തെ ചേരാനല്ലൂർ പഞ്ചായത്താണ്... ആ സമയത്തുണ്ടായ വേലിയേറ്റം ഏറ്റവും കൂടുതൽ ബാധിച്ചതും ചേരാനല്ലൂരിനെ തന്നെയായിരുന്നു. ദിവസങ്ങളോളം ഒരു പഞ്ചായത്തിന്റെ ബഹു ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിൽ

വെള്ളം നിറഞ്ഞു നിന്ന ദിവസങ്ങളിൽ ജനങ്ങളെ ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കാൻ നേതൃത്വം കൊടുത്തു അവരോടൊപ്പം ഉണ്ടായിരുന്നത് അവരുടെ ജനപ്രതിനിധി തന്നെയായിരുന്നു.. വെള്ളമിറങ്ങി ശുചീകരണ പ്രവർത്തനങ്ങൾക്കും എംഎ‍ൽഎ തന്നെ നേതൃത്വം നൽകി. തന്റെ ഉത്തരവാദിത്വത്തിൽ തന്നെ ശുചീകരണ സാമഗ്രികൾ കേരളത്തിന് പുറത്ത് വിവിധ ഭാഗങ്ങളിൽ നിന്നും ചേരാനല്ലൂരിലേക്കെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ക്യാംപുകളിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ പലർക്കും തങ്ങളുടെ വീടിനുള്ളിലേക്ക് കയറാൻ തന്നെ ഭയപ്പാടായിരുന്നു. ഏത് സമയവും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയായിരുന്നു.

വിധവകൾ, രോഗികൾ, കൂലിപ്പണിക്കാർ എന്നിങ്ങനെ ഒട്ടനവധി പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. ഇതിനിടയിലാണ് പ്രളയം തകർത്ത ചേരാനല്ലൂർ പഞ്ചായത്തിനെ പുനർ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹൈബി ഈഡൻ എം.എൽ. എ 'ചേരാം ചേരാനല്ലൂരിനൊപ്പം' എന്ന ക്യാമ്പയിന്റെ ഭാഗമായി 'തണൽ' ഭവന പദ്ധതി ആരംഭിക്കുന്നത്.

എത്രയും പെട്ടെന്ന് എല്ലാവരെയും സുരക്ഷിതമായി അവരവരുടെ പാർപ്പിടങ്ങളിൽ എത്തിക്കുക എന്നതായിരുന്നു തണൽ ഭവന പദ്ധതിയുടെ ലക്ഷ്യമെന്ന് ഹൈബി ഈഡൻ എംഎ‍ൽഎ പറഞ്ഞു. ചേരാനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കമലാക്ഷിയമ്മയുടെ വീട് നിർമ്മാണം ആരംഭിച്ചു കൊണ്ടാണ് തണൽ ഭവന പദ്ധതി ആരംഭിച്ചത്. പ്രായമേറിയ മൂന്നു മക്കൾക്ക് മാനസിക വൈകല്യം ബാധിച്ച കുടുംബമായിരുന്നു കമലാക്ഷിയുടേത്. എല്ലാം തകർന്ന് നിൽക്കുമ്പോഴാണ് അവർക്ക് മുന്നിലേക്ക് എംഎ‍ൽഎയുടെ കാരുണ്യ സ്പർശം എത്തുന്നത്.

സുമനസുകൾ പദ്ധതിയുമായി സഹകരിക്കുന്നതിനായി എം.എൽ. എയെ തേടിയെത്തി. ഈ അവസരത്തിലാണ് ചേരാനല്ലൂർ പഞ്ചായത്തിൽ വീടുകൾ ഒന്നും തകർന്നിട്ടില്ല എന്ന് പഞ്ചായത്ത് സെക്രട്ടറി സർക്കാരിന് സമർപ്പിക്കുന്നത്. സകലതും തകർന്നു നിൽക്കുന്നവർക്കേറ്റ പ്രഹരമായിരുന്നു സെക്രട്ടറിയുടെ ആ റിപ്പോർട്ട്. എംഎ‍ൽഎയുടെ നേതൃത്വത്തിൽ തന്നെ സമരം ആരംഭിച്ചു. ഒടുവിൽ സർക്കാർ പുനരന്വേഷണം നടത്തി തകർന്ന വീടുകളുടെ പട്ടിക തയ്യാറാക്കുമ്പോഴേക്ക് അവരിൽ പലരും എംഎ‍ൽഎ ഒരുക്കിയ തണലിനുള്ളിൽ പുതിയ സ്വപ്നങ്ങൾ നെയ്തു തുടങ്ങിയിരുന്നു.

ക്യാൻസർ രോഗിയായുള്ള ഭാര്യയുള്ള ജോസഫ് ചേട്ടനും, കൂലിപ്പണിക്കാരനായ ബെന്നിയും, മത്സ്യ തൊഴിലാളിയായ ബെന്നിയും ആൻസനുമെല്ലാം ഇന്ന് പുതിയ വീട്ടിൽ സുഖമായി അന്തിയുറങ്ങുന്നു. 23 വയസിലും 21 വയസിലും അച്ഛനും അമ്മയും നഷ്ടപ്പെട്ടു ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന അപർണ്ണയും അഞ്ജനയുടെയും വീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പ്രായമേറെയായ രണ്ടു മക്കൾ രോഗികളായ മീനാക്ഷിയമ്മയും വിധവകളായ എലിസബത്തും പ്രജിതയും ഓട്ടോറിക്ഷ ഡ്രൈവറായ അരുണുമെല്ലാം തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനരികെയാണ്.

പ്രളയത്തിൽ തകർന്ന വീടിന്റെ അവസ്ഥ കാണാനാണ് ചിറ്റൂരുള്ള ജോർജിന്റെ വീട്ടിൽ എംഎ‍ൽഎ. തകർന്ന വീടിനേക്കാൾ അവർക്ക് പറയാനുള്ളത് പ്രളയത്തിൽ കാണാതായ അവരുടെ പശുവിനെ കുറിച്ചായിരുന്നു. നാല് പെൺമക്കളുള്ള കുടുംബം. മൂന്നു പേരുടെ വിവാഹം കഴിഞ്ഞു. ഒരാൾക്ക് മാനസീക വൈകല്യമുണ്ട്. എല്ലാ ചിലവുകളും നടന്നത് പശുവിനെ വളർത്തി കിട്ടിയ തുച്ഛമായ വരുമാനത്തിൽ നിന്നായിരുന്നു. അവരുടെ കണ്ണീര് കണ്ട എം .എൽ. എ അടുത്ത ദിവസം എത്തിയത് റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ അവർക്കായി വാങ്ങിയ 85000 രൂപയോളം വില വരുന്ന പശുവിനെയും പശു കുട്ടിയേയും കൂടിയായിരുന്നു. 13 ലിറ്റർ പാൽ ചുരത്തുന്ന പശു. സന്തോഷത്തിൽ നിൽക്കുന്ന കുടുംബത്തിന് തിരിച്ചു പോകുമ്പോൾ എം.എൽ. എ കൊടുത്ത വാക്ക് വീട് പണി എത്രയും പെട്ടെന്ന് തുടങ്ങാം എന്നായിരുന്നു.

13 വീടുകൾക്ക് ഇതിനകം തറക്കല്ലിട്ടു. 5 വീടുകൾ നിർമ്മാണം പൂർത്തീകരിച്ചു കൈമാറി. 450 ചതുരശ്ര അടിയോളം വിസ്തീർണം വരുന്ന രണ്ട് കിടപ്പു മുറികളുള്ള വീടാണ് പദ്ധതിയുടെ ഭാഗമായി മുഴുവൻ പണികളും പൂർത്തീകരിച്ചു കൈമാറുന്നത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ, റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്,ജ്യോതി ലബോറട്ടറീസ്, ഹാർട്ട് കെയർ ഫൗണ്ടേഷൻ, ഫെഡറൽ ബാങ്ക്, വേൾഡ് മലയാളി ഫെഡറേഷൻ മാൾട്ട, ന്യുറ പാനൽസ്, ഈസ്റ്റേൺ കോണ്ടിമെന്റ്‌സ്, എം.ജി മെഡിക്കൽസ്,ആസ്റ്റർ മെഡിസിറ്റി തുടങ്ങിയ സുമനസുകൾ പദ്ധതിയുമായി സഹകരിച്ചതോടെ തണൽ ഒരു വലിയ മുന്നേറ്റമായി മാറി. ഇനിയും ഒരുപാട് പേർ സഹായ വാഗ്ദാനങ്ങളുമായി എത്തിയിട്ടുണ്ടെന്ന് എം.എൽ. എ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP