Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഷിക്കുപ്പിയും ഫൗണ്ടൻ പേനയും കേരളത്തിലേക്ക് മടങ്ങിയെത്തുന്നു; സർക്കാർ ഓഫീസുകളിൽ വെള്ളംകുടിക്കാൻ സ്റ്റീൽ ഗ്ലാസ്; പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് കനത്ത നിയന്ത്രണം; പേപ്പറുകളുടെ ദുരുപയോഗവും തടയും; പിണറായി സർക്കാരിന്റെ ഗ്രീൻ പ്രോട്ടോക്കോൾ ഇങ്ങനെ

മഷിക്കുപ്പിയും ഫൗണ്ടൻ പേനയും കേരളത്തിലേക്ക് മടങ്ങിയെത്തുന്നു; സർക്കാർ ഓഫീസുകളിൽ വെള്ളംകുടിക്കാൻ സ്റ്റീൽ ഗ്ലാസ്; പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് കനത്ത നിയന്ത്രണം; പേപ്പറുകളുടെ ദുരുപയോഗവും തടയും; പിണറായി സർക്കാരിന്റെ ഗ്രീൻ പ്രോട്ടോക്കോൾ ഇങ്ങനെ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ഗ്രാമങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ ആദ്യ ചുവടുവയ്ക്കുന്നു. ഇതിനായി പഞ്ചായത്ത് ഓഫീസുകളിലെ പരിഷ്‌കരണമാണ് നടപ്പാക്കുന്നത്. ഹരിതകേരള പദ്ധതിയുടെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മഷിക്കുപ്പിയും ഫൗണ്ടൻ പേനയും പഞ്ചായത്ത് ഓഫീസുകളിലേക്ക് മടങ്ങിയെത്തും. പുതുവർഷം മുതൽ ബോൾ പേനകളുടെ ഉപയോഗം കുറച്ച് ഫൗണ്ടൻ പേനകളിലേക്കു മാറാനാണു പഞ്ചായത്ത് ്ഡയറക്ടറുടെ നിർദ്ദേശം.

ഓഫീസുകളിൽ ഭക്ഷണം, വെള്ളം എന്നിവ സ്റ്റീൽ ഗ്ലാസുകൾ, പാത്രങ്ങൾ, ടംബ്ലറുകൾ എന്നിവയിൽ ഉപയോഗിക്കുക, പ്ലാസ്റ്റിക് പേപ്പർ കവറുകൾ, കാരി ബാഗുകൾ എന്നിവ ഒഴിവാക്കുക, പേപ്പർ ദുരുപയോഗം ചെയ്യാതിരിക്കുക, ഓഫീസും പരിസരവും ചെടികൾ, പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ എന്നിവ നട്ട് പരിപാലിക്കുക, പാഴ്‌വസ്തുക്കൾ തരംതിരിച്ചുവയ്ക്കുക, മണ്ണിൽ ലയിക്കുന്ന വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക, ലേല നടപടികൾ ഊർജിതമാക്കുക തുടങ്ങിയവയും നിർദ്ദേശത്തിലുണ്ട്.

സ്വീകരിച്ച നടപടികളുടെ പുരോഗതി ജനുവരി 12 നകം ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യണം. എല്ലാ ശനിയാഴ്ചയും തൊട്ടടുത്ത മേലധികാരിക്ക് റിപ്പോർട്ട് നൽകുകയും വേണം. ജനുവരി 15 ന് പഞ്ചായത്ത് വകുപ്പ് പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയ വകുപ്പായി പ്രഖ്യാപിക്കാനുതകും വിധം കാര്യങ്ങൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങൾക്ക് ആശ്വാസകരവും കേരള വികസനത്തിന് അടിത്തറയിടുന്നതുമായ പ്രവർത്തനങ്ങളാണ് ഹരിതകേരളം പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് സെപ്്റ്റംബറിൽ സർക്കാരിന്റെ മുഖമുദ്രയായി മാറുന്ന ഹരിതകേരളം പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

മാലിന്യ നിർമ്മാർജനം, ഭവനരഹിതർക്ക് ഭവനവും തുടർ സംരക്ഷണവും, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ സമഗ്ര പദ്ധതികൾ, ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും തുടങ്ങി സംസ്ഥാനത്തിന്റെ സമഗ്ര വികസനം വിഭാവന ചെയ്യുന്ന പരിപാടികളാണ് 'പച്ചയിലൂടെ വൃത്തിയിലേക്ക്' എന്ന ഹരിത കേരള പദ്ധതിയിലൂടെ സർക്കാർ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായാണ് ആദ്യം പഞ്ചായത്ത് ഓഫീസുകൾതന്നെ ഹരിത പ്രോട്ടോക്കോളിലേക്ക് അടിയന്തിരമായി മാറുന്നതിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

രാജ്യാന്തര തലത്തിൽ കേരളത്തിന്റെ യശ്ശസുയർത്തിയ സാക്ഷരതാ യജ്ഞം പദ്ധതി മാതൃകയിലായിരിക്കും ഹരിതകേരളം നടപ്പാക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മാലിന്യം നിറഞ്ഞ ജലാശയങ്ങൾ ശുദ്ധീകരിച്ച് വീണ്ടെടുക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. ആദ്യ ഘട്ടത്തിൽ കുളങ്ങളും തോടുകളും കനാലുകളും ശുദ്ധീകരിക്കും പിന്നീട് മലിനമായ നദികളും കായലുകളും മാലിന്യം നീക്കം ചെയ്ത് സംരക്ഷിക്കും.

ഇതോടൊപ്പം കൃഷിയിടങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ജൈവ കൃഷിയിലൂടെ മാലിന്യ നിർമ്മാർജനമാണ് ഉദ്ദേശിക്കുന്നത്. പച്ചക്കറി കൃഷിയിൽ കേരളത്തെ സ്വയംപര്യാപ്തമാക്കണം. ശുദ്ധവായു, ശുദ്ധജലം, ജൈവ പച്ചക്കറികൾ എന്നിവയിലൂടെ സമൃദ്ധമായ കേരളത്തെ വീണ്ടെടുക്കാനാണ് ശ്രമം. സർക്കാർ പരിപാടിയായല്ല, വൻ ജനപങ്കാളിത്തതോടെ ഹരിത കേരളം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

പച്ചക്കറി പഴംകൃഷി വ്യാപിപ്പിക്കുക ഹരിത കേരളത്തിനും മാലിന്യ നിർമ്മാർജനത്തിനുമുള്ള മാസ്റ്റർ പ്ലാനിൽ ജലാശയങ്ങളുടെ ശുദ്ധീകരണം, മഴവെള്ള സംഭരണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സന്നദ്ധസംഘനകളുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയാണ് മാലിന്യ നിർമ്മാർജനം നടപ്പാക്കുക. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രത്യേക പരിശീലനം നൽകിയ കർമ സേനയെ നിയോഗിക്കും. കാർഷിക പ്രതിസന്ധി നേരിടാൻ 500 കോടിയുടെ പാക്കേജും പദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ട്.

ബദൽ ഊർജ സ്രോതസുകൾ കണ്ടെത്താനും കർമ്മസേനയെ ഉപയോഗപ്പെടുത്തും. പഞ്ചായത്ത് നഗരസഭകളിൽ വേസ്റ്റ് മാനേജ്‌മെന്ര് സംവിധാനമുണ്ടാക്കും. ബയോ മാലിന്യം, പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യം പ്രത്യേകം കൈകാര്യം ചെയ്യുന്നതിന് സംവിധാനമൊരുക്കും. രാസകീടനാശിനി ഉപയോഗത്തിൽ നിന്ന് കൃഷിയെയും ജലസ്രോതസുകളെയും മുക്തമാക്കും. മാലിന്യ നിർമ്മാർജനത്തിൽ കമ്പനികൾക്കും കോർപറേറ്റുകൾക്കും അവരുടെ ഫണ്ടുകൾ ഉപയോഗിക്കാൻ സൗകര്യം ചെയ്യും.

പരിസ്ഥിതി സൗഹൃദ ടൂറിസത്തെ ഇതുവഴി ഊർജസ്വലമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതി പ്രഖ്യാപിച്ച വേളയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഡിസംബർ ആദ്യവാരത്തിൽ ആണ് ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാനമെമ്പാടും ജില്ലാ തലങ്ങളിൽ നടത്തിയത്. ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ ബ്രാൻഡ് അംബാസിഡറായ ഗാനഗന്ധർവൻ കെ.ജെ.യേശുദാസ്, നടി മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖരും പങ്കാളിത്തം വഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP