Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പകൽ റോഡ് ടാറിങിന്റെ ഉപകരാറെടുത്തു ചെയ്യുന്ന മാന്യൻ; രാത്രിയായാൽ ടാറിങിനിടെ നോക്കി വെച്ച വീടുകളിൽ മോഷണവും: സംഘമായി എത്തി മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ

പകൽ റോഡ് ടാറിങിന്റെ ഉപകരാറെടുത്തു ചെയ്യുന്ന മാന്യൻ; രാത്രിയായാൽ ടാറിങിനിടെ നോക്കി വെച്ച വീടുകളിൽ മോഷണവും: സംഘമായി എത്തി മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ

സ്വന്തം ലേഖകൻ

കുമ്പള: പകൽ റോഡ് ടാറിങിന്റെ ഉപകരാറുകാരനായെത്തിയ ശേഷം രാത്രി വീടുകളിൽ മോഷണം നടത്തി പോന്ന കർണാടക സ്വദേശിയും കൂട്ടാളിയും പിടിയിൽ. കരാറുകാരനായെത്തി മോഷണം നടത്തി പോന്ന ഉമ്മറും കൂട്ടാളി അബ്ദുൽ ഹമീദും ആണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് വലയിലായത്. കരാറുകാരനായെത്തുന്ന ഉമ്മർ തന്നെയാണ് സൈറ്റിൽ മേസ്തരിയായി നിൽക്കുക.

ആ സമയത്തു റോഡിലൂടെ ബൈക്കിൽ കറങ്ങി വീടുകളും വഴികളും പ്രത്യേകം ശ്രദ്ധിച്ചുവയ്ക്കും. കൂടെ ടാറിങ് ജോലിക്കെന്ന പേരിൽ സംഘത്തിലെ മറ്റ് അംഗങ്ങളുമുണ്ടാകും. കരാറുകാരനായതിനാൽ ആർക്കും സംശയമൊന്നും തോന്നുകയുമില്ല. പകൽ സമയത്തും പൂട്ടിക്കിടക്കുന്ന വീടുകളാണ് നോക്കിവെക്കുക. വൈകിട്ടു തിരിച്ചുപോകുന്ന സമയത്തു വീടുകൾ നോക്കി താമസക്കാർ എത്തിയില്ലെന്ന് ഉറപ്പിക്കും. രാത്രി വീണ്ടും സംഘമായെത്തും. രാത്രിയാകുമ്പോൾ ഈ വീടുകൾക്ക് മുന്നിലെത്തി ആൾ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് മോഷണത്തിന് ഇറങ്ങുക.

പൂട്ട് പൊളിച്ചാണ് അകത്തുകയറുക. പൂട്ട് പൊളിക്കാൻ പ്രത്യേക ആയുധം തന്നെ ഇവരുടെ കയ്യിലുണ്ട്. വീടുകൾക്ക് പുറത്തുണ്ടാകുന്ന ഉപകരണങ്ങളും പൂട്ട് പൊളിക്കാൻ ഉപയോഗിക്കും. ഉമ്മറിന്റെ ബൈക്കിലാണു കവർച്ചയ്ക്കു പോകുന്നത്. ബദിയടുക്ക ബൺപത്തടുക്കയിൽ കവർച്ച നടത്തി മടങ്ങുന്നതിനിടെ ബൈക്കിന്റെ നമ്പർ ഒരു വീട്ടിലെ സിസി ക്യാമറയിൽ പതിഞ്ഞതാണ് പ്രതികൾ കുടുങ്ങാൻ കാരണം.

ആ ബൈക്ക് ഉപയോഗിക്കുന്നത് ഉമ്മറാണെന്നു പൊലീസ് കണ്ടെത്തി. നേരത്തേ ഉമ്മർ ഇവിടെ ടാറിങ് ജോലി ചെയ്തതായും വിവരം ലഭിച്ചു. പൊലീസ് തന്നിലേക്ക് എത്തിയെന്ന് തിരിച്ചറിഞ്ഞതോടെ മുങ്ങി ഉമ്മർ അംഗഡിമുഗറിൽ ടാറിങ് ജോലി ചെയ്തു വരികയായിരുന്നു. തുടർന്നു രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

നേരത്തേ 3 കേസുകൾ ഇയാൾക്കെതിരെ ഉള്ളതായും പൊലീസ് പറഞ്ഞു. കുമ്പളയിൽ തന്നെ വാഹനം മോഷ്ടിച്ച കേസിലും ബേക്കലിൽ ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിലും ബൈക്ക് കവർന്ന കേസിലും പ്രതിയായിരുന്നു. വിവിധ കേസുകളിലായി 2 വർഷത്തോളം തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ഒരു മാസത്തിനിടെ 4 വീടുകളിൽ കവർച്ച
ഒരു മാസത്തിനിടെ 4 വീടുകളിൽ കവർച്ച നടത്തി ജില്ലയിൽ ഭീതി സൃഷ്ടിച്ച അന്തർസംസ്ഥാന സംഘത്തലവൻ കാസർകോട് പൊയിനാച്ചി ചെറുകരയിലെ എ.കെ. ഉമ്മർ (32), കർണാടക ഉപ്പിനങ്ങടി ആത്തൂരിലെ അബ്ദുൽ ഹമീദ് (22) എന്നിവരാണ് അറസ്റ്റിലായത്. ഉമ്മറിനെ കുമ്പള പൊലീസും അബ്ദുൽ ഹമീദിനെ ബദിയടുക്ക പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബർ 2 ന് അനന്തപുരത്തെ ടി.വി. ഗംഗാധരന്റെ വീടു കുത്തിത്തുറന്ന് മാലയും കമ്മലും ഉൾപ്പെടെ 5 പവൻ സ്വർണവും രേഖകളും കവർന്ന കേസിലാണ് ഉമ്മറിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ, അടുത്ത കാലത്ത് പൊയിനാച്ചി ,ബദിയടുക്ക എന്നിവിടങ്ങളിൽ നടന്ന 3 കവർച്ചകളിൽ കൂടി കുറ്റസമ്മതം നടത്തി.

കഴിഞ്ഞ നവംബർ 18 ന് പൊയിനാച്ചി ഞാണിക്കടവിലെ രതീഷിന്റെ വീട്ടിൽ നിന്ന് 7000 രൂപയും ബാങ്ക് രേഖകളും കവർന്നതും പിറ്റേന്നു കരിച്ചേരി വടക്കേക്കരയിലെ വിശ്വനാഥന്റെ വീട്ടിൽ നിന്ന് 8500 രൂപയും ഡിജിറ്റൽ ക്യാമറയും കവർന്നതും ഡിസംബർ 13 ന് ബൺപത്തടുക്കയിലെ സുഹ്‌റയുടെ വീട്ടിൽ നിന്ന് 20000 രൂപ കവർന്നതും താനുൾപ്പെട്ട സംഘമാണെന്ന് ഉമ്മർ വെളിപ്പെടുത്തി.

സുഹ്‌റയുടെ വീട്ടിൽ മോഷണം നടത്തിയപ്പോൾ ഹമീദും സംഘത്തിലുണ്ടായിരുന്നു. കർണാടക സ്വദേശികളായ 4 പേരെക്കൂടി വിവിധ കേസുകളിൽ പിടികൂടാനുണ്ട്. 6 പേരാണ് ഇവരുടെ സംഘത്തിലുള്ളത്. ടി.വി. ഗംഗാധരന്റെ വീട്ടിൽ നിന്നു മോഷ്ടിച്ചതിൽ കുറച്ച് സ്വർണം കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ജൂവലറിയിലാണു വിറ്റത്. അതു പൊലീസ് കണ്ടെടുത്തു. സ്വന്തം തിരിച്ചറിയൽ കാർഡിന്റെ കോപ്പി നൽകിയതിനാൽ വാങ്ങുമ്പോൾ സംശയമൊന്നും തോന്നിയിരുന്നില്ലെന്നു ജൂവലറി ഉടമ പറഞ്ഞു.

പുത്തൂരിലെ ജൂവലറിയിൽ വിറ്റ ബാക്കി സ്വർണം കണ്ടെത്താൻ പൊലീസ് പ്രതിയുമായി െതളിവെടുപ്പു നടത്തും. ഉമ്മറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ബാക്കി കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തും. കുമ്പള സിഐ രാജീവൻ വലിയവളപ്പിൽ, എസ്‌ഐ കെ. വിനോദ് കുമാർ, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷൽ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ കെ. നാരായണൻ നായർ, സി.കെ. ബാലകൃഷ്ണൻ, എഎസ്‌ഐ ലക്ഷ്മി നാരായണൻ, ഡ്രൈവർ ബാബുമോൻ എന്നിവരുൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP