Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവല്ലയിൽ ആർഎസ്എസ് പഥ സഞ്ചലനം തടഞ്ഞത് സി.പി.എം ഒത്തുകളിയോ? പിന്നിൽ പ്രാദേശിക സി.പി.എം ഘടകവും യുവമോർച്ച നേതാവും തമ്മിലുള്ള കൂട്ടുകെട്ടെന്ന് ആരോപണം

തിരുവല്ലയിൽ ആർഎസ്എസ് പഥ സഞ്ചലനം തടഞ്ഞത് സി.പി.എം ഒത്തുകളിയോ? പിന്നിൽ പ്രാദേശിക സി.പി.എം ഘടകവും യുവമോർച്ച നേതാവും തമ്മിലുള്ള കൂട്ടുകെട്ടെന്ന് ആരോപണം

തിരുവല്ല: വിജയദശമി ദിനത്തിൽ ആർഎസ്എസ് പഥസഞ്ചലനത്തിനെതിരെ സി.പി.എം പ്രാദേശിക നേതൃത്വം പൊലീസിന് നൽകിയ പരാതിക്ക് പിന്നിൽ ഒത്തുകളിയെന്ന് ആരോപണമുയരുന്നു. ആർഎസ്എസ് മല്ലപ്പള്ളി താലൂക്ക് സംവിധാനം മുക്കൂറിൽ നിന്നും കുന്നന്താനം മഠത്തിൽകാവ് ക്ഷേത്ര ഗ്രൗണ്ടിലേക്ക് സംഘടിപ്പിച്ച പഥ സഞ്ചലനത്തിനെതിരെയാണ് സി.പി.എം കുന്നന്താനം ലോക്കൽ കമ്മറ്റി സെക്രട്ടറി രാജേഷ് കുമാർ പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നിൽ പ്രാദേശിക സി.പി.എം -ആർഎസ്എസ് - യുവമോർച്ച നേതാക്കളുടെ ഒത്തുകളിയുണ്ടെന്നാണ് പരക്കെ ആരോപണം ഉയരുന്നത്.

നിലവിൽ ആർഎസ്എസ് - സി.പി.എം കക്ഷികൾ തമ്മിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും പ്രാദേശിക തലത്തിൽ നിലനിൽക്കാത്ത സാഹചര്യത്തിൽ സി.പി.എം ലോക്കൽ നേതൃത്വം പഥ സഞ്ചലനത്തിനെതിരെ നൽകിയ പരാതിയുടെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടുന്നത്. ഇതിനു ശേഷം കഴിഞ്ഞ ദിവസം അമ്പലത്തിലെ കളിത്തിട്ടിനു മുകളിൽ ഡിവൈഎഫ്ഐ പതാക കെട്ടിയ സംഭവത്തിലും ദുരൂഹത വർധിക്കുകയാണ്. പതാക കെട്ടിയത് തങ്ങളല്ലെന്ന് ഡിവൈഎഫ്ഐയും പ്രാദേശിക സി.പി.എം നേതൃത്വവും വ്യക്തമാക്കായിട്ടുണ്ട്. എന്നാൽ ഇതിനെതിരെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാമജപ ഘോഷയാത്രയും നടത്തി. ക്ഷേത്രോപദേശക സമിതിയും സിപിഎമ്മും നൽകിയ പരാതിയിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. നാട്ടിൽ രാഷ്ട്രീയ പ്രശ്‌നങ്ങൾ മനഃപൂർവ്വമുണ്ടാക്കാനായുള്ള നീക്കം നടക്കുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നേരത്തെ കുന്നന്താനത്തെ യുവമോർച്ച നേതാവും സി.പി.എം ജില്ലാ പഞ്ചായത്തംഗവും തമ്മിലുള്ള കൂട്ടുകെട്ട് ഇരു പാർട്ടികളിലും ചർച്ചയായിരുന്നു. ഇതിനിടെ 2016 ഓഗസ്റ്റ് 19 ന് മുക്കൂർ കേന്ദ്രീകരിച്ച് ഉടലെടുത്ത സി.പി.എം - ആർ.എസ് .എസ് സംഘർഷത്തിൽ ജില്ലാ പഞ്ചായത്തംഗത്തിന് നിസാരമായും ആർഎസ്എസ് നേതാവിന് ഗുരുതരമായും പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് നിലനിന്നിരുന്ന കേസുകൾ സി.പി.എം നേതൃത്വം അറിയാതെ ഒത്തു തീർത്തതിനും ആർഎസ്എസ് ബന്ധത്തിന്റെ പേരിലും 2017 ഏപ്രിൽ 21ന് ചേർന്ന മല്ലപ്പള്ളി ഏരിയ കമ്മറ്റി ജില്ലാ പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനമെടുത്തിരുന്നു. നടപടി പിന്നീട് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ആറു മാസത്തെ സസ്‌പെൻഷനായി ചുരുക്കുകയായിരുന്നു. പാർട്ടി അച്ചടക്ക നടപടി കാലാവധി ഒക്ടോബറിൽ അവസാനിക്കാനിരിക്കെയാണ് കന്നന്താനത്ത് വീണ്ടും രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നത്.

ആർഎസ്എസ് ബന്ധം ആരോപിച്ച് പുറത്താക്കിയ ജില്ലാ പഞ്ചായത്തംഗത്തിന്റെ അച്ചടക്ക നടപടി കാലത്തെ പ്രവർത്തനം വിലയിരുത്തിയാവും തുടർനടപടികൾ എന്നിരിക്കെയാണ് അയാൾക്ക് കൂടി പ്രാതിനിധ്യമുള്ള ലോക്കൽ കമ്മറ്റി ആർഎസ്എസ് പഥസഞ്ചലനത്തിനെതിരെ കേസ് നൽകിയത്. ഇതിന് മുമ്പ് ശ്രീകൃഷ്ണ ജയന്തി ദിവസം ആർഎസ്എസ് അതിഗംഭീരമായ ശോഭായാത്ര സംഘടിപ്പിച്ച് അമ്പലത്തിനുള്ളിൽ സമാപനം നടത്തിയിട്ടും തടയാനോ മറ്റ് പ്രശ്‌നങ്ങൾക്കോ സി.പി.എം മുതിർന്നിരുന്നില്ല. അതിന് ശേഷം കുന്നന്താനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്തംഗത്തിന് അനുകൂലമായി നിലപാടെടുക്കുന്ന ആർഎസ്എസ് - യുവമോർച്ച നേതൃത്വത്തിന്റെ ഒത്താശയോടെ സി.പി.എം ലോക്കൽ നേതൃത്വം പാർട്ടി സമ്മേളനങ്ങളുടെ മറവിൽ പഥ സഞ്ചലനത്തിനെതിരെ പരാതി നൽകിയെന്ന ആരോപണമാണ് പുകയുന്നത്. ഏരിയ നേതൃത്വവുമായി പല പ്രശ്‌നങ്ങളിലും കൊമ്പു കോർത്തു നിൽക്കുന്ന ജില്ലാ പഞ്ചായത്തംഗ പക്ഷം നടത്തിയ ബുദ്ധിപരമായ നീക്കമെന്ന നിലയിലാണ് സി.പി.എം മേൽഘടകം ഇതിനെ വിലയിരുത്തുന്നത്. എന്നാൽ മാർക്‌സിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗത്തിനു വേണ്ടി ആർഎസ്എസ് ജില്ലാ, വിഭാഗ് നേതൃത്വങ്ങളെ ചിലർ ദുരുപയോഗപ്പെടുത്തുകയും നോക്കുകുത്തിയാക്കുകയും ചെയ്തുവെന്ന വികാരമാണ് ഒരു വിഭാഗം അർ.എസ്.എസുകാർ പങ്ക് വെയ്ക്കുന്നത്. വരും ദിവസങ്ങളിൽ ഇത് സംസ്ഥാന ജില്ലാ ആർഎസ്എസ് നേതാക്കളെയും, ബിജെപി സംസ്ഥാന നേതൃത്വത്തെയും അറിയിക്കാനുള്ള ഒരുക്കത്തിലാണിവർ. ആർ.എസ്സ്.എസ് പ്രവർത്തനത്തിൽ ഇതുവരെ പങ്കെടുക്കാത്ത യുവമോർച്ച നേതാവ് എങ്ങനെ പൂർണ്ണ ഗണ വേഷത്തിൽ പരിപാടിക്കെത്തിയെന്ന ചോദ്യവും ഇവരുയർത്തുന്നു.

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് ഭംഗമുണ്ടാക്കിയാൽ രാഷ്ട്രീയമായി തിരിച്ചടി നേരിടുമെന്ന് വിലയിരുത്തിയ ജില്ലാ പഞ്ചായത്തംഗ അനുകൂല സി.പി.എം പക്ഷം ആർ.എസ്.എസിന്റെ എക്കാലത്തെയും അഭിമാനമായ വിജയദശമി പഥ സഞ്ചലനത്തിനു നേരെ പ്രാദേശിക യുവമോർച്ച - ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയോടെ നടത്തിയ രാഷ്ട്രീയ നാടകം ആർഎസ്എസ് വിഭാഗ് നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട് അതിന് പുറമേ പഥസഞ്ചലനം തടസപ്പെടുത്തിയതിന്റെ ഭാഗമായി അതിൽ പങ്കെടുത്ത പ്രവർത്തകർ മല്ലപ്പള്ളി സി.പി.എം ഏരിയ കമ്മറ്റി ഓഫീസിന് മുന്നിൽ വാഹനം നിർത്തി അസഭ്യവർഷം നടത്തിയതിനു പിന്നിലും മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ഒരുക്കം കന്നന്താനത്തെ ചില ബുദ്ധികേന്ദ്രങ്ങൾ നടത്തിയെന്നും കരുതപ്പെടുന്നു. കുട്ടികൾ അടക്കമുള്ളവർ അസഭ്യം കലർന്ന മുദ്രാവാക്യം മുഴക്കിയതും ആർഎസ്എസ് നേതൃത്വം ഗൗരവമായാണ് എടുത്തിരിക്കുന്നത്. പഥസഞ്ചലനത്തിന്റെ ആരംഭവേദിയായ മുക്കൂറിൽ നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തിലും വിഷയം സജീവ ചർച്ചയായി ജില്ലാ പഞ്ചായത്തംഗത്തെ അനുകൂലിക്കുന്ന പക്ഷം ഉയർത്തിയിരുന്നു.

2017 പത്താമുദയത്തോടനുബനധിച്ച് പൂരം നടത്താൻ കുന്നന്താനം ആനപ്രേമി സംഘവും മഠത്തിൽക്കാവ് ക്ഷേത്ര ഉപദേശക സമിതിയും തീരുമാനിച്ചിരുന്നു. സി.പി.എം ബന്ധം ആരോപിക്കപ്പെട്ട യുവമോർച്ച നേതാവാണ് ഉപദേശക സമിതിയുടെ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നത്. എന്നാൽ ഇത്രയും പണം മുടക്കി പൂരം വേണ്ട എന്ന നിലപാടാണ് ആർ.എസ്.എസിലെ ഒരു വിഭാഗം തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ പേര് വെളിപ്പെടുത്താതെ പരാതി കൊടുത്തതിന്റെ ഭാഗമായി ജില്ലാ കളക്ടർ പൂരത്തിനുള്ള അനുമതി നൾകിയതുമില്ല. എന്നാൽ ഭരണകക്ഷിയുടെ ജില്ലാ പഞ്ചായത്തംഗം നടത്തിയ സമ്മർദ്ദത്തെ തുടർന്ന് അവസാനം ജില്ലാ കളക്ടർ പൂരത്തിനുള്ള അനുമതി കൊടുക്കുകയാണുണ്ടായത്.ഈ പരാതിക്കു പിന്നിൽ ആർഎസ്എസ് നേതാവാണെന്ന് ഉപദേശക സമിതി അധ്യക്ഷനും യുവമോർച്ച നേതാവുമായയാൾ പ്രചരിപ്പിച്ചുവെന്നും നാട്ടുകാരിൽ ചിലർ അടക്കം പറയുന്നുണ്ട്.

അതേ ആർഎസ്എസ് നേതാവിനാണ് കുന്നന്താനത്തിന്റ സംഘടനാ ചുമതല നൾകിയിരിക്കുന്നത്. പഥസഞ്ചലനത്തിന് എന്തെങ്കിലും കുറവു സംഭവിച്ചാൽ അത് പ്രാദേശിക അർ.എസ്.എസ് നേതാവിനും നേതൃത്വത്തിനും കിട്ടാവുന്ന ഏറ്റവും നല്ല അടിയായിരിക്കുമെന്ന കണക്കു കൂട്ടലും യുവമോർച്ച നേതാവും ജില്ലാ പഞ്ചായത്തംഗ പക്ഷവും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പഥ സഞ്ചലനം അമ്പലത്തിനുള്ളിലേക്ക് കയറുന്നത് തടഞ്ഞതെന്ന് നാട്ടിലെ ആർഎസ്എസ് പ്രവർത്തകർ തന്നെ അടക്കം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP