Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശരിക്കും ഓണം ബംബർ അടിച്ചതാർക്ക്? ആറ് കോടിയുടെ നറുക്ക് വീണത് ബാംഗ്ലൂരിൽ ചായക്കട നടത്തുന്ന ആലപ്പുഴ സ്വദേശിക്ക്; സർക്കാർ ഖജനാവിലെത്തിയത് 65 കോടി

ശരിക്കും ഓണം ബംബർ അടിച്ചതാർക്ക്? ആറ് കോടിയുടെ നറുക്ക് വീണത് ബാംഗ്ലൂരിൽ ചായക്കട നടത്തുന്ന ആലപ്പുഴ സ്വദേശിക്ക്; സർക്കാർ ഖജനാവിലെത്തിയത് 65 കോടി

തിരുവന്തപുരം: സാമ്പത്തിക പ്രതിസന്ധിയെന്ന് വിമർശകരും സാമ്പത്തിക ഞെരുക്കമെന്ന് ധനമന്ത്രിയും പറയുന്ന സാഹചര്യത്തിലാണ് സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ ഓണം ബംബർ അടിച്ചത് ടിക്കറ്റ് എടുത്തയാൾക്ക് മാത്രമല്ല. സർക്കാരിനും ബംബർ നേട്ടമാണ്. ടിക്കറ്റ് വിൽപ്പനയിലിലൂടെ 102 കോടി രൂപയാണ് ലോട്ടറി വകുപ്പ് സമാഹരിച്ചത്. 65 കോടി ലാഭവും കിട്ടി. അതൊടൊപ്പം ആവശ്യക്കാരന് തന്നെ ലോട്ടറി അടിച്ചു എന്നും പറയാം.

ബംഗ്ലുരുവിൽ ചായക്കച്ചവടമാണ് മുപ്പത്തിയെട്ടുകാരനായ ഹരികുമാറിന് ജീവിത മാർഗ്ഗം. ദുരിതങ്ങൾക്ക് അറുതിയാകാനായി ഇത്തവണ എടുത്ത ലോട്ടറി ഭാഗ്യം എത്തിച്ചു. ഹരികുമാറിന്റെ ടി.എ 192044 നമ്പർ എന്ന തിരുവോണം ബംബറാണ് താരം. ആലപ്പുഴ വെണ്ണിക്കുളം സ്വദേശിയായ ഹരികുമാർ പതിനഞ്ചാമത്തെ വയസു മുതൽ ബാംഗ്ലൂരിലാണ്. കഴിഞ്ഞ ഓഗസ്റ്റ് 14ന് നാട്ടിലെത്തിയ ഹരികുമാർ 16ന് മടങ്ങി. ചെങ്ങന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ഇതിനിടയിൽ ടിക്കറ്റെടുത്തു.

ചെങ്ങന്നൂരിലെ പത്മ ലക്കി സെന്ററിൽ നിന്ന് വെഞ്ഞാറമ്മൂട് സ്വദേശി ഹരിബാബു എടുത്ത് വിറ്റ ടിക്കറ്റിനാണ് ബംബറിന്റെ തിളക്കം. കഴിഞ്ഞ 25 വർഷമായി ലോട്ടറി കച്ചവടം നടത്തുന്ന ചെങ്ങന്നൂർ പത്മ ലക്കി സെന്റർ ഉടമ പാണ്ടനാട് ശരത് ഭവനിൽ ചന്ദ്രന് ഇത് പത്താം തവണയാണ് പല നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിൽക്കാൻ ഭാഗ്യം ലഭിച്ചത്.

ഇല്ലായ്മയിൽ എല്ലാം തന്ന ഈശ്വരന്റെ കടാക്ഷമായി ഭാഗ്യത്തെ ഹരികുമാർ കാണുന്നു. ജീവിത പ്രാരാബ്ദങ്ങൾ മാറുമ്പോൾ സമൂഹത്തെ സഹായിക്കാനും തിരുവോണം ബംബറിലെ ഭാഗ്യം ഉപയോഗിക്കുമെന്നും ഹരികുമാർ വ്യക്തമാക്കുന്നു. സ്വന്തമായി സ്ഥലവും വീടുമില്ലാത്തതിനാൽ സമ്മാനത്തുക കിട്ടിയാൽ സ്ഥലവും വീടും വാങ്ങാനാണ് ആഗ്രഹം. കുട്ടികളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ നടത്തണം, പിന്നെ പാവപ്പെട്ട കുറെ ആളുകളെ സഹായിക്കണം, ക്ഷേത്രങ്ങളിൽ നേർച്ച കൊടുക്കുമെന്നും കോടിപതി പറയുന്നു.

ബാംഗ്‌ളൂർ നോർത്ത് പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനികളിൽ ചായ നൽകിയാണ് ഉപജീവനം ഹരികുമാർ ഉപജീവനം നടത്തുന്നത്. അച്ഛൻ ജ്ഞാനേന്ദ്രൻ നായരുടെ മരണശേഷം അമ്മ ഓമനയമ്മയെയും ബംഗളൂരുവിലേക്ക് കൊണ്ടു പോയ ഹരികുമാർ ഭാര്യ അമ്പിളി മക്കളായ അഖിൽ (7), അനുശ്രീ (4) എന്നിവരോടൊപ്പം വാടക വീട്ടിലാണ് താമസം.

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ അച്ചടിച്ച ടിക്കറ്റെല്ലാം ഇത്തവണ വിറ്റുപോയി 51 ലക്ഷം ടിക്കറ്റുകൾ, 200 രൂപ വില. സർക്കാരിന് കിട്ടിയത് 102 കോടി രൂപ. ജൂലൈ 19മുതൽ സെപ്റ്റംബർ 18 വരെ സർക്കാർ ടിക്കറ്റുകൾ വിറ്റു. ചെലവായത് 29 കോടി രൂപയും.

ഒന്നാം സമ്മാനമടിച്ച ഹരികുമാറിന് ആറ് കോടി രൂപ കിട്ടും. രണ്ടാം സമ്മാനത്തിന് ഏഴ് പേർക്ക് ഒരു കോടി, സമാശ്വാസമായി 75 പേർക്ക് ഒരു ലക്ഷം, ഇങ്ങനെയാണ് സമ്മാനവിതരണം. അതുകൊണ്ട് തന്നെ യഥാർത്ഥ ഓണം ബംബർ അടിച്ചത് സർക്കാരിനാണെന്ന് നിസംശയം പറയാം. ചെലവും സമ്മാനതുകയും നൽകി കഴിഞ്ഞാലും 65 കോടി രൂപ സർക്കാരിന്.

കഴിഞ്ഞ വർഷം 48 ലക്ഷം ടിക്കറ്റടിച്ചെങ്കിലും ചെലവായത് 46.23 ലക്ഷം ടിക്കറ്റായിരുന്നു. അതുകൊണ്ട് തന്നെ 54 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള ലോട്ടറി വകുപ്പിന്റെ നിർദ്ദേശം ഇത്തവണ സർക്കാർ അംഗീകരിച്ചുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP