Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല വിഷയത്തിൽ ഒരുളുപ്പുമില്ലാതെ നിന്നനിൽപ്പിൽ മലക്കം മറിഞ്ഞയാളാണ് ശ്രീധരൻ പിള്ള; പിള്ള ശ്രമിക്കുന്നത് കേരളത്തിന്റെ സമാധാനജീവിതം തകർക്കാനും കലാപത്തിനു കോപ്പുകൂട്ടാനും; വിശ്വാസികളെയും ഭക്തരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളിൽ കിട്ടിയത്? പിഎസ് ശ്രീധരൻ പിള്ളയെ വിമർശിച്ച് തോമസ് ഐസക്ക്

ശബരിമല വിഷയത്തിൽ ഒരുളുപ്പുമില്ലാതെ നിന്നനിൽപ്പിൽ മലക്കം മറിഞ്ഞയാളാണ് ശ്രീധരൻ പിള്ള; പിള്ള ശ്രമിക്കുന്നത് കേരളത്തിന്റെ സമാധാനജീവിതം തകർക്കാനും കലാപത്തിനു കോപ്പുകൂട്ടാനും; വിശ്വാസികളെയും ഭക്തരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളിൽ കിട്ടിയത്? പിഎസ് ശ്രീധരൻ പിള്ളയെ വിമർശിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് ഈ ദിവസങ്ങളിൽ കിട്ടിയതെന്നു ശ്രീധരൻ പിള്ളയോടു മന്ത്രി ചേദിച്ചു. കേരളത്തിന്റെ സമാധാനജീവിതം തകർക്കാനും കലാപത്തിനു കോപ്പുകൂട്ടാനുമാണ്ശ്രീധരൻ പിള്ള ശ്രമിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ തോമസ് ഐസക് ചോദിച്ചു.

ടി.എം.തോമസ് ഐസക്കിന്റെ കുറിപ്പിൽനിന്ന്:

ശബരിമല പ്രശ്‌നത്തിൽ പി.എസ്.ശ്രീധരൻ പിള്ളയുടെ മലക്കം മറിച്ചിൽ

മറുപടി ലഭിക്കുമെന്നു കരുതിയല്ല ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയ്ക്കു ഞാനൊരു തുറന്ന കത്തെഴുതിയത്. കാരണം, അദ്ദേഹത്തിന് ഇക്കാര്യത്തിൽ തുറന്ന ആശയസംവാദത്തിനു കഴിയില്ല. നിലപാടിന്റെ കാര്യത്തിൽ നിന്നനിൽപ്പിൽ ശീർഷാസനത്തിലാകുന്നവർക്കെങ്ങനെ സത്യസന്ധമായ സംവാദത്തിനു പ്രാപ്തിയുണ്ടാകും? ഇതൊടൊപ്പമുള്ള വിഡിയോ കാണുക. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഇരട്ടത്താപ്പ് നിങ്ങൾക്കതിൽ തെളിഞ്ഞുകാണാം. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന നേതാവ് ഇത്തരത്തിൽ പൊതുമധ്യത്തിൽ മലക്കം മറിയുന്നതിന്റെ നാനാർഥങ്ങൾ സമൂഹം ചിന്തിക്കട്ടെ എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.

സുപ്രീംകോടതി വിധിയോടുള്ള ശ്രീധരൻപിള്ളയുടെ ആദ്യപ്രതികരണം 27-09-2018നാണ്. ആ പ്രതികരണത്തിൽ, ആചാരപരിഷ്‌കരണം എന്ന ആർഎസ്എസ് നിലപാട് അദ്ദേഹം അംഗീകരിക്കുകയാണ്. ആരാധനാലയങ്ങളിൽ സ്ത്രീപുരുഷ തുല്യത വേണമെന്നാണ് അഖിലേന്ത്യ തലത്തിൽതന്നെ തങ്ങൾക്കു നിലപാടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിശ്വാസികളുടെ വികാരം മാനിക്കുമ്പോൾത്തന്നെ ആരാധനാക്രമത്തിൽ പുനർവിചിന്തനം വേണമെന്നാണു ശ്രീധരൻപിള്ള പറയുന്നത്. ഇതുപറഞ്ഞ് 3 ദിവസം കഴിഞ്ഞ് വീണ്ടും അദ്ദേഹം ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞു. ആരാധനാ പരിഷ്‌കാരത്തെക്കുറിച്ച് ആർഎസ്എസിന്റെ അഖിലേന്ത്യതലത്തിലെ നിലപാട് കേരളത്തിലും ബാധകമാണെന്നു വ്യക്തമായി അദ്ദേഹം പറയുന്നു. ദേവാലയങ്ങളിൽ സ്ത്രീപുരുഷ തുല്യത വേണമെന്ന ആർഎസ്എസ് നിലപാട് തങ്ങളും അംഗീകരിക്കുന്നു എന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.

അതുകഴിഞ്ഞ് അടുത്ത പ്രതികരണം ഒക്ടോബർ നാലിനാണ്. മേൽപ്പറഞ്ഞ ശ്രീധരൻ പിള്ളയല്ല അവിടെ പ്രത്യക്ഷപ്പെട്ടത്. നിലപാടു മാറി. ഹിന്ദുമത ധർമങ്ങളിൽ ആധികാരിക ജ്ഞാനമുള്ളവരും ബഹുമാന്യരും സത്യസന്ധരുമായ സാമൂഹ്യ പരിഷ്‌കർത്താക്കളും ഉൾപ്പെട്ട ഒരു കമ്മിഷനെ നിയോഗിച്ചു വേണം ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് എന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ ഇടതുമുന്നണി സർക്കാരിനെതിരെ വിദ്വേഷവിഷം തുപ്പിയത് ആ ദിവസമാണ്.

അയ്യപ്പഭക്തരും ഹിന്ദുമത വിശ്വാസികളും മനസ്സിരുത്തി വായിക്കേണ്ട നിലപാടാണത്. സുപ്രീംകോടതിക്കു മുന്നിൽ സംസ്ഥാന സർക്കാർ രണ്ടു കാര്യങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടി. 1) സ്ത്രീപ്രവേശം സംബന്ധിച്ച ആചാരം വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. 2) അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും മൂല്യങ്ങളും വലിയൊരു വിഭാഗം വിശ്വാസികൾ അംഗീകരിക്കുന്നതാണ്. തീരുമാനമെടുക്കുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നു തന്നെയാണ് എൽഡിഎഫ് സർക്കാർ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്. സെപ്റ്റംബർ 27, 30 എന്നീ തീയതികളിൽ ദൃശ്യമാധ്യമങ്ങൾ വഴി ശ്രീധരൻ പിള്ള പ്രകടിപ്പിച്ച അഭിപ്രായവും എൽഡിഎഫ് സർക്കാർ സത്യവാങ്മൂലത്തിൽ സ്വീകരിച്ച നിലപാടും തമ്മിൽ എന്തു വ്യത്യാസമുണ്ടെന്നു നിഷ്പക്ഷമതികൾ ചിന്തിക്കട്ടെ.

സെപ്റ്റംബർ 30ന് ശേഷമാണ് നിലപാടിൽനിന്ന് ശ്രീധരൻ പിള്ള മലക്കം മറിയുന്നത്. ആ 4 ദിവസങ്ങളിൽ എന്തു നടന്നുവെന്നാണ് ഇനി പരിശോധിക്കേണ്ടത്. ആരുടെ സമ്മർദത്തിനു കീഴടങ്ങിയാണ് ശ്രീധരൻ പിള്ള മുൻനിലപാടു വിഴുങ്ങിയത്. ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളിൽ കിട്ടിയത്? കേരളത്തിന്റെ സമാധാനജീവിതം തകർക്കാനും കലാപത്തിനു കോപ്പുകൂട്ടാനും ശ്രീധരൻ പിള്ളയെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയത് ആരാണ്?

ഈ ചോദ്യങ്ങൾക്കു സമാധാനം പറയാതെ എത്രകാലം മുങ്ങിനടക്കാമെന്നാണ് അഡ്വ. ശ്രീധരൻ പിള്ള വ്യാമോഹിക്കുന്നത്? മിസ്റ്റർ പി.എസ്.ശ്രീധരൻ പിള്ള... യഥാർഥ ഭക്തരും വിശ്വാസികളും നിങ്ങൾക്കു പിന്നാലെയുണ്ട്. കോടതിയിലും പൊതുസമൂഹത്തിനു മുന്നിലും നിങ്ങളെക്കൊണ്ട് മറുപടി പറയിക്കുകതന്നെ ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP