Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വാശ്രയ വിഷയത്തിൽ നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയക്കളി മാത്രം; എത്രവേഗം പിൻവലിക്കുന്നുവോ അത്രയും നന്ന്: തോമസ് ഐസക്കിനു പറയാനുള്ളത്

സ്വാശ്രയ വിഷയത്തിൽ നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയക്കളി മാത്രം; എത്രവേഗം പിൻവലിക്കുന്നുവോ അത്രയും നന്ന്: തോമസ് ഐസക്കിനു പറയാനുള്ളത്

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തിൽ നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷം നടത്തുന്ന സമരം വെറും രാഷ്ട്രീയക്കളി മാത്രമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. എത്രവേഗം പിൻവലിക്കുന്നുവോ അത്രയും നന്നെന്നും ധനമന്ത്രി പറഞ്ഞു.

യാദൃഛികമായ വാഗ്വാദത്തിൽ നിന്നും തുടങ്ങിയ പ്രതിഷേധം പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ നീണ്ടു പോവുകയാണ്. സുപ്രിംകോടതി വിധിയോടുകൂടി മാനേജ്‌മെന്റ് സീറ്റുകളുടെ കാര്യത്തിൽ (ഫീസിലടക്കം) തിരുത്തലിനും സാധ്യതയില്ലെന്നും തോമസ് ഐസക്ക് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

സ്വാശ്രയ സമരം നീളുകയാണ്. യാദൃഛികമായ വാഗ്വാദത്തിൽ നിന്നും തുടങ്ങിയ പ്രതിഷേധം പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ നീണ്ടു പോവുകയാണ്. സുപ്രിംകോടതി വിധിയോടുകൂടി മാനേജ്‌മെന്റ് സീറ്റുകളുടെ കാര്യത്തിൽ (ഫീസിലടക്കം) തിരുത്തലിനും സാധ്യതയില്ല. എനിക്ക് മനസ്സിലായിടത്തോളം കാര്യങ്ങൾ ഒന്നു പറയട്ടെ.

(1) മാനേജ്‌മെന്റ് ക്വാട്ടയിലും ഇന്റർ സേ മെരിറ്റ് പ്രവേശനത്തിന് മാനദണ്ഡമാക്കണം എന്നു വന്നതോടുകൂടി മാനേജ്‌മെന്റുകൾക്കുള്ള വിവേചനാധികാരം ഇല്ലാതായി. അതോടെ കോഴയുടെയും തലവരിയുടെയും സാധ്യതകളും ഇല്ലാത്തതായി. ഇപ്പോഴും തലവരിയെയും കോഴകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. പക്ഷേ അതും അവസാനിപ്പിക്കാവുന്നതേയുള്ളൂ.

(2) മുഴുവൻ പ്രവേശനവും മെരിറ്റ് അടിസ്ഥാനത്തിലാകുമ്പോൾ ഏകീകൃത ഫീസ് വരും. ഇന്ന് മെഡിക്കൽ കോളേജിന്റെ ഒരു ഭാഗം ചെലവും ലാഭവും തലവരി കൊള്ളയിലൂടെയാണ് ഉണ്ടാക്കുന്നത്. അത് ഇല്ലാതാവുകയാണല്ലോ? വിശദമായ വരവ്-ചെലവുകളുടെ അടിസ്ഥാനത്തിൽ ഈ ഫീസ് നിശ്ചയിക്കേണ്ടിവരും. സ്വാശ്രയ മാനേജ്‌മെന്റുകൾ പറയുന്ന തോതിലൊന്നും ഫീസ് വർദ്ധിപ്പിക്കേണ്ടി വരില്ല. പക്ഷേ മുമ്പുണ്ടായിരുന്നതിനേക്കാൾ സാമാന്യം വർദ്ധിപ്പിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്.

(3) എല്ലാവരും ബോധ്യപ്പെടുന്ന രീതിയിൽ മേൽപ്പറഞ്ഞ കണക്കുകൾ ഉണ്ടാക്കുന്നതിന് കുറച്ചു സമയം എടുക്കും. ബി.ഡി.എസിന്റെ കാര്യത്തിൽ ഏകീകൃത ഫീസിനെക്കുറിച്ച് ചിന്തിച്ച സർക്കാരിന് അതും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങേണ്ടി വന്നൂവല്ലോ. അതുകൊണ്ട് കേരള സർക്കാർ പിന്നോക്ക വിഭാഗങ്ങൾക്ക് ഇന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ഫീസ് ആനുകൂല്യം അതേപടി സംരക്ഷിക്കുന്നതിനും കൂടുതൽ കോളേജുകളെ കരാർ വലയത്തിൽ കൊണ്ടുവന്ന് ഇവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചു. ഇതിനു പകരമായി മെരിറ്റ് അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് തെരഞ്ഞെടുക്കുന്ന കുട്ടികളുടെ ഫീസിൽ മുൻകാലത്തെ അപേക്ഷിച്ച് ഉയർന്നൊരു വർദ്ധന അനുവദിച്ചു. സ്വാഭാവികമായി ഇത് മുൻ നാല് വർഷം കൊണ്ട് ഉണ്ടായ വർദ്ധനവിനേക്കാൾ ഉയർന്നതാണ്. പക്ഷേ ഈ വിഭാഗം കുട്ടികൾ നൽകിക്കൊണ്ടിരുന്ന കോഴയും തലവരിയും ഗണ്യമായി കുറഞ്ഞു എന്നതുകൂടി അംഗീകരിക്കേണ്ട കാര്യമാണ്.

(4) സുപ്രിംകോടതിയുടെ ഏറ്റവും പുതിയ വിധി മാനേജ്‌മെന്റുകൾ നടത്തിയ പ്രവേശനത്തെ ശരിവച്ചിരിക്കുകയാണ്. എന്നുവച്ചാൽ ഇനി ഇപ്പോൾ നടന്ന പ്രവേശനങ്ങളിലൊന്നും മാറ്റങ്ങൾ സാധ്യമല്ല. അപ്പോൾ പിന്നെ ഈ സമരത്തിന്റെ ലക്ഷ്യമെന്ത്?

(5) അവസാനം മുട്ടാപ്പോക്കായി പറയുന്നത് സഹകരണ മെഡിക്കൽ കോളേജിലെ ഫീസ് വർദ്ധനയിൽ കുറവു വരുത്തിയാൽ മതിയെന്നാണ്. മുഖ്യമന്ത്രി പറഞ്ഞ പോലെ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ മെഡിക്കൽ കോളേജാക്കുവാൻ നടപടി സ്വീകരിച്ചു വരികയാണ്. എന്ന് സർക്കാർ മെഡിക്കൽ കോളേജാകുന്നുവോ അന്നുമുതൽ സർക്കാർ ഫീസുകളേ ബാധകമാകൂ.
അതുകൊണ്ട് എന്റെ വിലയിരുത്തൽ ഈ സമരം ഒരു രാഷ്ട്രീയക്കളി മാത്രമാണ് എന്നാണ് എത്രവേഗം പിൻവലിക്കുന്നുവോ അത്രയും നന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP