Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരെ ശുശ്രൂഷിച്ച മൂന്ന് നഴ്‌സുമാർ കൂടി ആശുപത്രിയിൽ; ലിനിയുടെ മരണം ഞെട്ടലായതിന് പിന്നാലെ കൂടുതൽ ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം പടർന്നതോടെ കടുത്ത ആശങ്ക; നിപ്പ വൈറസ് ബാധയോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ; രോഗം പടരാതിരിക്കാൻ ശുശ്രൂഷകരും ശക്തമായ മുൻകരുതലെടുക്കാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ്

നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരെ ശുശ്രൂഷിച്ച മൂന്ന് നഴ്‌സുമാർ കൂടി ആശുപത്രിയിൽ; ലിനിയുടെ മരണം ഞെട്ടലായതിന് പിന്നാലെ കൂടുതൽ ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം പടർന്നതോടെ കടുത്ത ആശങ്ക; നിപ്പ വൈറസ് ബാധയോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ; രോഗം പടരാതിരിക്കാൻ ശുശ്രൂഷകരും ശക്തമായ മുൻകരുതലെടുക്കാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ആരോഗ്യ പ്രവർത്തകരിലും ആശങ്ക വർധിപ്പിച്ചുകൊണ്ട് നിപ വൈറസ് ബാധയേറ്റ് മരിച്ചവരെ ശുശ്രൂഷിച്ച മൂന്ന് നഴ്‌സുമാരെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിപവൈറസ് പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്‌സ് ലിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണമടഞ്ഞിരുന്നു. പനിബാധ വ്യാപകമാകുകയും ജനങ്ങൾക്ക് ആശങ്ക വർധിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രവർത്തകർക്കും പനിബാധ ഉണ്ടാകുന്നത്.

നിപ വൈറസ് ബാധയേറ്റ് മരിച്ചവരെ പരിചരിച്ച മൂന്ന് നഴ്‌സുമാരെ കൂടി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിതരെ മുമ്പ് പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരായ പെരുവണ്ണാമുഴി കല്ലൂരി ഷാനി (30), ചേനോളി ആയടത്ത് മീത്തൽ ഷിജിത്ത് ജോസ്, പെരുവണ്ണാമുഴി പൂവാത്താൻ വീട്ടിൽ ജിസ്‌ന (25) എന്നിവരാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ഇന്ന് ഉച്ചക്ക് ശേഷം ചികിത്സ തേടിയത്. പനി കുറയാത്ത സാഹചര്യത്തിലാണ് ഇവർ വിദഗ്ധ ചികിത്സ തേടിയത്. മലപ്പുറം ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീനയും സമാന രോഗലക്ഷണങ്ങളോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരത്തേ ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ ഇവർക്കെല്ലാം നിപാ വൈറസ്ബാധയാണോ എന്ന കാര്യത്തിൽ ശരീരസ്രവങ്ങളുടെ പരിശോധനാ ഫലം ലഭിച്ച ശേഷമേ കൃത്യത വരൂ.

സംസ്ഥാനത്ത് സംസ്ഥാനത്ത് കടത്ത ആശങ്ക വിതച്ച് ഒരു നിപ്പാ വൈറസ് ബാധയേറ്റ് നഴ്‌സ് ലിനി മരണമടഞ്ഞത് ആരോഗ്യ പ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് കൂടുതൽ നഴ്‌സുമാരെ പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ലിനി മരണമടഞ്ഞതോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാതെ വൈദ്യുത ശ്മശാനത്തിൽ രാത്രിതന്നെ സംസ്‌കരിക്കുകയായിരുന്നു. കൂടുതൽ പേർക്ക് രോഗം പടരുന്ന സാഹചര്യം ഒഴിവാക്കാൻ മുൻകരുതലെന്ന നിലയിലാണ് ഇത്തരമൊരു നടപടിയുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ലിനി മരണപ്പെട്ടത്. കോഴിക്കോട് ചെമ്പനോട് സ്വദേശിനിയാണ് മരിച്ച ലിനി. ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നിലയിലും കടുത്ത ആശങ്ക ഉടലെടുത്തിട്ടുണ്ട്. ഈ വീടുമായി അടുത്തിടപഴകിയ അയൽവാസി നൗഷാദും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കോഴിക്കോട് പേരാമ്പ്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ പനി ബാധിച്ചു മരിച്ചതിനു കാരണം ലോകത്തുതന്നെ അപൂർവമായ നിപ വൈറസെന്ന് സ്ഥിരീകരണം വന്നതോടെയാണ് പനിബാധയിൽ കൂടുതൽ ജാഗ്രതയുണ്ടായത്. ഇതേത്തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് മാസ്‌കും ഗ്‌ളൗസുമെല്ലാം നൽകിയിട്ടുണ്ട്. കരുതലോടെവേണം ശുശ്രൂഷകൾ നടത്തേണ്ടതെന്നും നിർദ്ദേശമുണ്ട്. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലത്തിലാണ് വൈറസ് ബാധയുടെ കാര്യം സ്ഥിരീകരിച്ചത്. അതേസമയം മലപ്പുറത്തും കോഴിക്കോട്ടുമായി 15ഓളം പേർ പനി ബാധിച്ച് മരിച്ചത് നിപ്പാ വൈറസ് മൂലമാണെന്ന സൂചനയുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ.

നിപ്പാ രോഗബാധയെനന് സംശയത്തിൽ ഇന്നലെ ആറു പേർ കൂടി മരിച്ചിരുന്നു. നാല് മലപ്പുറം സ്വദേശികളും രണ്ട് കോഴിക്കോട്ടുകാരുമാണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി തെന്നല മണ്ണത്തനാട്ടുകോളനിക്ക് സമീപം മണ്ണത്തനാട്ടു പടിക്കൽ ഉബീഷിന്റെ ഭാര്യ ഷിജിത (20), മുന്നിയൂർ ആലിൻചുവട് പാലക്കത്തൊടു മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു (36), വളാഞ്ചേരി കൊളത്തൂർ താഴത്തിൽതൊടി വേലായുധൻ (48), ചട്ടിപ്പറമ്പ് പാലയിൽ അബ്ദുൽ ശുക്കൂറിന്റെ മകൻ മുഹമ്മദ് ശിബിലി (11), കോഴിക്കോട് നടുവണ്ണൂർ കോട്ടൂർ പഞ്ചായത്തിലെ തിരുവോട് മയിപ്പിൽ പരേതനായ അമ്മതിന്റെ മകൻ ഇസ്മായിൽ (50), പേരാമ്പ്ര ചെറുവണ്ണൂർ കണ്ടിത്താഴെ ചെറിയ പറമ്പിൽ വേണുവിന്റെ ഭാര്യ ജാനകി (48) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

അതേസമയം, പേരാമ്പ്ര താലൂക്കാശുപത്രിയിൽ പനി ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേക്കാൾ ശരാശരി കൂടുതലാണ് ഇപ്പോൾ ചികിത്സ തേടിയെത്തുന്നവർ. പനി ബാധിച്ചെത്തുന്നവർക്ക് ലഭ്യമായ എല്ലാവിധ ചികിത്സ സൗകര്യങ്ങളും ഒരുക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP