Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കേരളത്തിൽ 63,538 തപാൽ ബാലറ്റുകൾ വിതരണം ചെയ്തതിൽ തിരിച്ചെത്തിയത് 7924 എണ്ണം മാത്രം'; ഏറ്റവുമധികം തപാൽവോട്ടുകൾ തിരികെ ലഭിച്ചത് തിരുവനന്തപുരത്ത് നിന്നുമെന്ന് ടിക്കാറാം മീണ; പൊലീസിന്റെ തപാൽ വോട്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

'കേരളത്തിൽ 63,538 തപാൽ ബാലറ്റുകൾ വിതരണം ചെയ്തതിൽ തിരിച്ചെത്തിയത് 7924 എണ്ണം മാത്രം'; ഏറ്റവുമധികം തപാൽവോട്ടുകൾ തിരികെ ലഭിച്ചത് തിരുവനന്തപുരത്ത് നിന്നുമെന്ന് ടിക്കാറാം മീണ; പൊലീസിന്റെ തപാൽ വോട്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് തപാൽ വോട്ടുകളിൽ തിരിമറി നടന്നുവെന്ന വിവാദം ഉടലെത്ത് നിൽക്കുന്ന വേളയിൽ സംസ്ഥാനത്ത് വിതരണം ചെയ്ത തപാൽ ബാലറ്റുകളുടെ കണക്ക് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 63,538 ബാലറ്റുകൾ വിതരണം ചെയ്തതിൽ 7924 എണ്ണം മാത്രമാണ് വരാണാധികാരിക്ക് ലഭിച്ചതെന്നും വോട്ടെണ്ണുന്ന ദിവസം രാവിലെ എട്ടു മണിവരെ തപാൽ ബാലറ്റുകൾ സ്വീകരിക്കുമെന്നും മീണ അറിയിച്ചു. തലസ്ഥാനത്ത് നിന്നുമാണ് കൂടുതൽ തപാൽ വോട്ടുകൾ തിരികെ ലഭിച്ചത്. തിരുവനന്തപുരത്ത് വിതരണം ചെയ്ത 5852 ബാലറ്റുകളിൽ 1048 എണ്ണം തിരികെയെത്തി.

5807 ബാലറ്റുകളാണ് കൊല്ലത്ത് വിതരണം ചെയ്തത്. ഇതിൽ 759 എണ്ണമാണ് തിരികെ എത്തിയത്. കണ്ണൂരിൽ 4748 തപാൽ ബാലറ്റുകളിൽ 847 എണ്ണവും ചാലക്കുടിയിൽ 1471 ബാലറ്റുകളിൽ 24 എണ്ണവും തിരികെയെത്തി. പൊലീസിന്റെ തപാൽ വോട്ടുകളിൽ തിരിമറി കാട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് കമാൻഡോയെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തപാൽ വോട്ടുമായി ബന്ധപ്പെട്ട വിവാദം ശക്തമായത്. പൊലീസിന്റെ തപാൽ വോട്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നതിനെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്വാഗതം ചെയ്തു.

ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും 15-ന് അന്തിമ റിപ്പോർട്ട് ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ നേതാവിന്റെ ആവശ്യപ്രകാരം തപാൽ ബാലറ്റ് ശേഖരിക്കുന്നതായി ശബ്ദസന്ദേശം പ്രചരിപ്പിച്ച 'ശ്രീപത്മനാഭ' എന്ന വാട്സാപ്പ് ഗ്രൂപ്പ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മനഃപൂർവം തെളിവ് നശിപ്പിച്ചതായാണ് അന്വേഷണസംഘം കരുതുന്നത്. ശബ്ദസന്ദേശമയച്ച വൈശാഖിനെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കുകയും സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐ.ആർ. ബറ്റാലിയനിലെ പൊലീസുകാരായ അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

ബാലറ്റുകൾ നൽകണമെന്ന് വാട്സാപ്പ് സന്ദേശം പുറത്തായതിനെത്തുടർന്ന് തൃശ്ശൂർ ഇന്ത്യാ റിസർവ് ബറ്റാലിയനിൽ മാത്രമായി അന്വേഷണം പരിമിതപ്പെടുത്താനാണ് നീക്കമെന്ന് ആക്ഷേപം ഉയർന്നിരുന്നു. തൃശ്ശൂർ ക്രൈം ബ്രാഞ്ച് എസ്‌പി. സുദർശനനാണ് കേസിന്റെ അന്വേഷണച്ചുമതല. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻകൂടി ആരോപണവിധേയമായ കേസിൽ അസോസിയേഷൻ അംഗമായ ഡിവൈ.എസ്‌പി.യെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതും വിവാദമായിട്ടുണ്ട്.

തപാൽവോട്ടിങ്ങിൽ തിരിമറി കണ്ടെത്തിയിട്ടുണ്ടെങ്കിലും ബാലറ്റുകൾ റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നാണ് സൂചന. എല്ലാ വകുപ്പുകളുടെയും ബാലറ്റുകൾക്കിടയിൽനിന്ന് പൊലീസിന്റെമാത്രം കണ്ടെടുക്കുക ശ്രമകരമാണ്. ബാലറ്റുകൾക്ക് അപേക്ഷിച്ച ഒട്ടേറെ പൊലീസുകാർ ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് സുരക്ഷാഡ്യൂട്ടിയിലുമാണ്. ഇവർ 20-നുശേഷമേ തിരിച്ചെത്തൂ. തപാൽ വോട്ട് ചെയ്തവരിൽനിന്ന് മൊഴിയെടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കാനുമാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP