Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒന്നേ മുക്കാൽ കോടി മുടക്കി മഹാരാഷ്ട്രയിലെ എസ്റ്റേറ്റ് വാങ്ങിയ നടപടികളിൽ ടോം ജോസിന്റെ കള്ളത്തരം പുറത്ത്; കോടികളുടെ ഭൂമി വിറ്റതായി രേഖയിലുള്ളത് ചെറ്റക്കുടിലിൽ കഴിയുന്ന കൂലിപ്പണിക്കാരൻ; നടപടികൾ നിയമപരമെന്ന് ടോം ജോസ്

ഒന്നേ മുക്കാൽ കോടി മുടക്കി മഹാരാഷ്ട്രയിലെ എസ്റ്റേറ്റ് വാങ്ങിയ നടപടികളിൽ ടോം ജോസിന്റെ കള്ളത്തരം പുറത്ത്; കോടികളുടെ ഭൂമി വിറ്റതായി രേഖയിലുള്ളത് ചെറ്റക്കുടിലിൽ കഴിയുന്ന കൂലിപ്പണിക്കാരൻ; നടപടികൾ നിയമപരമെന്ന് ടോം ജോസ്

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ എസ്റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ടോം ജോസ് ഐഎഎസിന്റെ കള്ളക്കളികൾ പുറത്ത്. ഭൂമി വിറ്റുവെന്ന് പറയപ്പെടുന്നയാൾ താമസിക്കുന്നത് ഒരു മുറി മാത്രമുള്ള ചെറ്റക്കുടിലിൽ. ടോം ജോസ് നടത്തിയ ഇടപാടുകളുടെ കള്ളത്തരം റിപ്പോർട്ടു ചെയ്തത് മാതൃഭൂമി ന്യൂസ് ചാനലാണ്.

ടോം ജോസ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗ താലൂക്കിൽ ഒന്നേ മുക്കാൽ കോടി രൂപയോളം മുടക്കി എസ്‌റ്റേറ്റ് വാങ്ങിയിരുന്നു. ഗോവ-മഹാരാഷ്ട്ര അതിർത്തിക്കു സമീപമാണ് വിവാദമായ ഈ ഭൂമി. ഇക്കാര്യത്തിലെ കള്ളത്തരങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ടോം ജോസിന്റെ ഇടപാടുകളും പണത്തിന്റെ ഉറവിടവും ദുരൂഹത ഉണർത്തുന്നതാണെന്നു മാതൃഭൂമി ന്യൂസ് ചാനലാണ് റിപ്പോർട്ടു ചെയ്തത്.

ഭൂമി വിറ്റെന്നു പറയപ്പെടുന്ന ആൾ താമസിക്കുന്നത് ഒരു ചെറ്റക്കുടിലിലാണ്. ഒന്നരക്കോടിക്ക് ഭൂമി 'വിറ്റ' സന്തോഷ് ദുമാസ്‌കർ എന്നയാൾ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടുകൂടിയില്ല എന്നും ചാനൽ റിപ്പോർട്ടുചെയ്യുന്നു. ചെറ്റക്കുടിലിൽ താമസിക്കുന്ന ഇയാൾ കൂലിപ്പണിക്കാരനാണ്. കോടികൾ കൈമാറിയ വിവരം താൻ അറിഞ്ഞിട്ടേയില്ലെന്നാണ് ഇയാൾ ആണയിടുന്നത്.

സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സ്ഥലം വാങ്ങിയതിനെക്കുറിച്ച് മുൻ സർക്കാരിന്റെ കാലത്ത് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിൽ നിന്ന് വിശദീകരണം തേടിയിരുന്നു. എസ്‌റ്റേറ്റ് വാങ്ങിയ തുകയിൽ 40 ലക്ഷം സ്വന്തം പണമാണെന്നും ബാക്കി ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വായ്പ എടുത്തതാണെന്നുമായിരുന്നു അന്ന് ടോം ജോസ് നൽകിയ വിശദീകരണം.

എന്നാൽ 2010ൽ എടുത്ത ഈ വായ്പ ഒരു വർഷം കൊണ്ട് തിരിച്ചടച്ചിരുന്നു. ഇത് അന്വേഷണത്തിന് കാരണമാകുകയും ചെയ്തു. പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ടോം ജോസിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഒരു കോടി 23 ലക്ഷം രൂപ പി ജെ ഡേവിസ്, ഡോ. ജോസ് എന്നിവർ വായ്പ നൽകിയതാണെന്നും 25 ലക്ഷം രൂപ എസ്റ്റേറ്റ് വിറ്റയാൾ ഇളവ് തന്നെന്നുമായിരുന്നു അതിന് ടോം ജോസ് നൽകിയ വിശദീകരണം.

എസ്റ്റേറ്റ് വിറ്റെന്നു പറയപ്പെടുന്ന സന്തോഷ് ദുമാസ്‌കർ താമസിക്കുന്നത് ചെറ്റക്കുടിലിൽ ആണെന്ന് ദൃശ്യങ്ങൾ സഹിതമാണ് മാതൃഭൂമി ന്യൂസ് വെളിപ്പെടുത്തുന്നത്. കോടികൾ കൈമറിഞ്ഞത് താൻ അറിഞ്ഞിട്ടില്ലെന്ന് സന്തോഷ് പറഞ്ഞു. രേഖകളിൽ മാത്രമാണ് തന്റെ പേരുള്ളതെന്നും തോട്ടം വിറ്റതിന് കിട്ടിയ കോടികളെക്കുറിച്ചൊന്നും താൻ അറിഞ്ഞിട്ടില്ലെന്നുമാണ് സന്തോഷ് പറയുന്നത്.

ടോം ജോസിന്റെ 1,63,00,000 രൂപയാണ് ഭൂമി ഇടപാടിൽ മറിഞ്ഞതത്രെ. എസ്റ്റേറ്റ് വിറ്റതായി രേഖയിലുള്ള സന്തോഷ് 25 ലക്ഷം രൂപ ഇളവു നൽകിയിരുന്നുവെന്നും ടോം ജോസ് പറഞ്ഞിരുന്നു. ഇത്രയും വലിയ കോടീശ്വരൻ താമസിക്കുന്നത് ചെറ്റക്കുടിലിൽ ആണെന്നു വ്യക്തമായതോടെ ടോം ജോസിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്.

അതേസമയം, ഇടപാടുകളെല്ലാം നിയമപരമാണെന്നാണ് ടോം ജോസ് ഇക്കാര്യത്തെക്കുറിച്ചു പ്രതികരിച്ചത്. അഴിമതിക്കാർക്കും ഇഷ്ടക്കാർക്കും വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്തുവിട്ടുവീഴ്ചയും ചെയ്യുമെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൺ പറഞ്ഞിരുന്നു. ടോം ജോസ്, ടോമിൻ ജെ തച്ചങ്കരി തുടങ്ങിയവരെ പേരെടുത്താണ് ഇ കെ ഭരത് ഭൂഷൺ വിമർശിച്ചത്.

ടോം ജോസിന്റെ മഹാരാഷ്ട്രയിലെ ഭൂമിയിടപാട് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ശുപാർശ ചെയ്തിരുന്നുവെന്നും മുൻ ചീഫ്‌സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി വകുപ്പുതല അന്വേഷണം മാത്രമാണ് പ്രഖ്യാപിച്ചത്. ടോം ജോസിനെപ്പോലുള്ള അഴിമതിക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ഭരത് ഭൂഷൺ തുറന്നടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP