Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോംസ് എൻജിനീയറിങ് കോളേജിന് പൂട്ടുവീണു; സാങ്കേതിക സർവ്വകലാശാലയുടെ സ്‌റ്റോപ് മെമോ നൽകിയതോടെ നാളെ മുതൽ കോളേജ് തുറക്കില്ല; വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റും

ടോംസ് എൻജിനീയറിങ് കോളേജിന് പൂട്ടുവീണു; സാങ്കേതിക സർവ്വകലാശാലയുടെ സ്‌റ്റോപ് മെമോ നൽകിയതോടെ നാളെ മുതൽ കോളേജ് തുറക്കില്ല; വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റും

കോട്ടയം: കോട്ടയം മറ്റക്കര ടോംസ് എൻഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സർവ്വകലാശാല സ്‌റ്റോപ് മെമോ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ കോളേജ് അടച്ചിടും. നിലവിലെ വിദ്യാർത്ഥികളെ മറ്റു കോളേജുകളിൽ പ്രവേശിപ്പിക്കുമെന്നും സർവ്വകലാശാല അറിയിച്ചു. നേരത്തെ മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സാങ്കേതിക സർവകാലാശാലയിൽ നിന്നും വ്യാജ അനുമതിപത്രം നേടിയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ടോംസ് കോളേജിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിച്ച സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. അനുമതിയില്ലാതെയാണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിദ്യാർത്ഥിനികൾ ഉന്നയിച്ച പ്രശ്‌നങ്ങൾ അതീവഗുരുതരമാണ്. പരാതികൾ ഉചിതമായ ഏജൻസികൾ അന്വേഷിക്കണമെന്നും രജിസ്ട്രാർ ശുപാർശ ചെയ്തിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ടോംസ് കോളേജിന് 2016-17 വർഷത്തെ അഫിലിയേഷൻ നൽകുന്നത് സംബന്ധിച്ച് സർവകലാശാല തീരുമാനമെടുത്തിരുന്നില്ല. അതിനാൽ അനുമതിയും നൽകിയിരുന്നില്ല.

എന്നാൽ തങ്ങൾക്ക് രജിസ്ട്രാരുടെ അനുമതിപത്രം ലഭിച്ചതായും സർവകലാശാല ഇമെയിലിൽ അയച്ചു തരികയായിരുന്നു എന്നുമാണ് കോളേജ് അധികൃതരുടെ വാദം. ഈ അനുമതി പത്രത്തിൽ ഒപ്പോ ക്യൂആർ കോഡോ ഉണ്ടായിരുന്നില്ല. അതിനാൽ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് രജിസ്ട്രാറുടെ കണ്ടെത്തൽ. എംജി സിൻഡിക്കേറ്റ് അംഗമായിരുന്ന ഫാ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് അഫിലിയേഷൻ ലഭിച്ചതെന്നായിരുന്നു വ്യക്തമായത്. 2014 മെയ്‌ 27നാണ് ഫാ. ബേബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം കോളേജ് സന്ദർശിച്ചത്. ജൂൺ ഒമ്പതിന് റിപ്പോർട്ട് നൽകി. ബിടെക് കോഴ്‌സ് തുടങ്ങുന്നതിന് ഒരു സൗകര്യമില്ലാതിരുന്ന ഇവിടെ മിക്ക സൗകര്യങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടിൽ.

ടോംസ് കോളേജിന്റെ ഉടമസ്ഥരായ തിരുനിലത്ത് എഡ്യൂക്കേഷണൽ ട്രസ്റ്റിന് കൊഴുവനാൽ സബ്‌രജിസ്ട്രാർ പരിധിയിൽ പത്തേക്കർ സ്ഥലം ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടെ 400 ചതുരശ്ര മീറ്റർ ലൈബ്രറി, 200 ചതുരശ്ര മീറ്റർ ലാബ്, 66 ചതുരശ്ര മീറ്റർ വീതമുള്ള 16 മുറി, 150 ചതുരശ്ര മീറ്റർ കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ടെന്നാണ് പറഞ്ഞിരുന്നത്. ചില സൗകര്യങ്ങൾ കുറവുണ്ടെന്നും ഒരു വർഷത്തിനകം അതു പരിഹരിക്കുമെന്നുമാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നുമാണ് ഫാ.ബേബി തോണിക്കുഴിയുടെ നാല് പേജുള്ള റിപ്പോർട്ട്. എന്നാൽ സിൻഡിക്കേറ്റ് അംഗം കണ്ടെന്ന് പറയുന്ന പത്തേക്കർ വസ്തുവിൽ ഇതുവരെ കെട്ടിടം ഇല്ല. ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്ന വസ്തുവിൽ നിന്നും കിലോമീറ്ററുകൾ അകലെ കേവലം 60 സെന്റിലാണ് ടോംസ് കോളേജ്.

ഇത് സിൻഡിക്കേറ്റ് അംഗം മറച്ച് വച്ചതാണ് ഗുരുതരമായ പിഴവ്. റിപ്പോർട്ടിൽ പ്രിൻസിപ്പലിന്റെ ഒപ്പില്ല. അപൂർണ്ണവും വാസ്തവ വിരുദ്ധവുമായ റിപ്പോർട്ടിന്റെ മറവിലാണ് അഞ്ച് ബി.ടെക് കോഴ്‌സുകൾ അനുവദിച്ചത്. ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് അഫിലിയേഷൻ നേടാനും എം.ജി സർവ്വകലാശാല വഴിവിട്ട് നൽകിയ അഫിലിയേഷൻ ടോംസ് കോളേജ് പ്രയോജനപ്പെടുത്തി. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ അടിസ്ഥാന പഠന സൗകര്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ശാസ്ത്രസാങ്കേതിക സർവ്വകലാശാല കഴിഞ്ഞ ദിവസം കോളേജിന്റെ അംഗീകാരം റദ്ദാക്കിയത്.

കടുത്ത വിദ്യാർത്ഥി പീഡനത്തെ തുടർന്നാണ് ടോംസ് കോളേജ് വിവാദത്തിലായത്. പെൺകുട്ടികളുടെ ഹോസ്റ്റലിലടക്കം അനാവശ്യമായി കയറിയിറങ്ങുന്ന കോളേജ് ചെയർമാനെതിരെ നിരവധി പരാതികളാണ് ഉയർന്നത്. മാത്രമല്ല, സർവകലാശാല നിർദേശിക്കുന്ന മാനദണ്ഡമൊന്നും പാലിക്കാതെയാണ് കോളേജ് പ്രവർത്തിക്കുന്നത്.

കോളേജ് തുടങ്ങണമെങ്കിൽ പത്ത് ഏക്കർ ഉണ്ടാകണമെന്ന് സർവകലാശാല നിഷ്‌കർഷിക്കുന്നു. എന്നാൽ, 50 സെന്റ് പോലും സ്ഥലമില്ലാത്ത കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. സ്ഥലസൗകര്യമില്ലാത്തതിനാൽ ലബോറട്ടറിയും ലൈബ്രറിയും മെൻസ് ഹോസ്റ്റലിലാണ്. കോളേജിന് അഫിലിയേഷൻ ലഭിച്ചതും വൈസ് ചാൻസിലർ അറിയാതെയാണ്. ടോംസ് കോളജിന് സാങ്കേതിക സർവകലാശാല നൽകിയ അഫിലിയേഷനിൽ തിരിമറി നടന്നതായി സർവകലാശാല രജിസ്ട്രാർ തന്നെയാണ് വ്യക്തമാക്കിയത്. തന്റെ ഒപ്പോ സീലോ ഇല്ലാത്ത അഫിലിയേഷൻ പേപ്പർ കോളജിനു ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ജി.പി പത്മകുമാർ പറഞ്ഞിരുന്നു. അംഗീകാരം ലഭിക്കാനായി ടോംസ് കോളേജ് സർവകലാശാലക്ക് നൽകിയത് വ്യാജരേഖകളാണെന്നും കണ്ടെത്തി.

കെടിയുവിന്റെ അംഗീകാരത്തിനായി സമർപ്പിച്ച സമയത്ത് കാണിച്ച സ്ഥലത്തല്ല കോളേജ് പ്രവർത്തിക്കുന്നതെന്നും, നിലവിൽ കോളേജ് പ്രവർത്തിക്കുന്ന സ്ഥലം സർവകലാശാലക്ക് നൽകിയ അഫിലിയേഷൻ പേപ്പറിൽ കാണിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള ഒരു കെട്ടിടത്തിലാണെന്ന് 2016 മെയ് മാസം മൂന്നാം തീയതി സർവകലാശാല നിയോഗിച്ച രണ്ടംഗ പരിശോധന സമിതി കണ്ടെത്തിയിരുന്നു. എഐസിടിഇ മാനദണ്ഡപ്രകാരം ഇത് വളരെ ഗുരുതരമായ കുറ്റകൃത്യം ആണ്. എന്നാൽ ഗുരുതരമായ ഈ കണ്ടെത്തൽ മാത്രം മറച്ച് വച്ച് സർവകലാശാല രണ്ട് ദിവസത്തിന് ശേഷം ടോംസ് കോളജിന് ഒരു നോട്ടീസ് നൽകിയിരുന്നു. കോളേജിലെ മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം എന്ന് മാത്രമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.

24 മണിക്കൂറിനുള്ളിൽ ചെയർമാൻ ടോംസ് നൽകിയ വിശദീകരണം അംഗീകരിച്ച് കൊണ്ട് 2016 മെയ് 11ന് കോളേജിന് പ്രവർത്താനുമതി നൽകുകയായിരുന്നു. അഫിലിയേഷൻ രേഖയിൽ രജിസ്ട്രാറുടെ ഒപ്പോ സീലോ ഉണ്ടായിരുന്നില്ല. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ടോംസ് കോളേജുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കവേയാണ് ഇകാര്യം രജിസ്ട്രാർ കണ്ടെത്തിയത്. താൻ അനുമതി നൽകാത്ത കോളേജിന് എങ്ങനെ ആര് പ്രവർത്തനാനുമതി കൊടുത്തു എന്ന് വിശദീകരിക്കാൻ അസിസ്റ്റന്റ് രജിസ്ട്രാർക്ക് ഷോക്കോസ് നോട്ടീസ് നൽകിയതോടെയാണ് സംഭവങ്ങളുടെ ചുരുൾ അഴിഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP