Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെൻകുമാറിനു കൂച്ചുവിലങ്ങിട്ട് പിണറായി സർക്കാർ; ടി ബ്രാഞ്ചിലെ ജൂണിയർ സൂപ്രണ്ടിനെ മാറ്റിയ ഡിജിപിയുടെ ഉത്തരവ് സർക്കാർ മരവിപ്പിച്ചു; ബീനാകുമാരി തസ്തികയിൽ തുടരട്ടേയെന്നും തീരുമാനം; സർക്കാരിന്റെ നടപടി സെൻകുമാർ മുഖ്യമന്ത്രിക്കു വിശദീകരണം നല്കിയതിനു പിന്നാലെ; പൊലീസ് സേനയിലെ അധികാരത്തർക്കത്തിൽ കളം നിറഞ്ഞ് തച്ചങ്കരി

സെൻകുമാറിനു കൂച്ചുവിലങ്ങിട്ട് പിണറായി സർക്കാർ; ടി ബ്രാഞ്ചിലെ ജൂണിയർ സൂപ്രണ്ടിനെ മാറ്റിയ ഡിജിപിയുടെ ഉത്തരവ് സർക്കാർ മരവിപ്പിച്ചു; ബീനാകുമാരി തസ്തികയിൽ തുടരട്ടേയെന്നും തീരുമാനം; സർക്കാരിന്റെ നടപടി സെൻകുമാർ മുഖ്യമന്ത്രിക്കു വിശദീകരണം നല്കിയതിനു പിന്നാലെ; പൊലീസ് സേനയിലെ അധികാരത്തർക്കത്തിൽ കളം നിറഞ്ഞ് തച്ചങ്കരി

തിരുവനന്തപുരം: നിയമയുദ്ധം നടത്തി ഡിജിപി കസേരയിൽ കയറിയ ടി.പി. സെൻകുമാറിനു കൂച്ചുവിലങ്ങിട്ട് പിണറായി സർക്കാർ. അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിൽനിന്ന് സെൻകുമാർ സ്ഥലംമാറ്റിയ ജൂണിയർ സൂപ്രണ്ട് ബീനാ കുമാരി തസ്തികയിൽ തുടരട്ടേയെന്നു സർക്കാർ തീരുമാനിച്ചു. സ്ഥാനമേറ്റെടുത്തശേഷം സെൻകുമാർ നടപ്പാക്കിയ സ്ഥാനമാറ്റ ഉത്തരവുകൾ മരവിപ്പിച്ചുകൊണ്ടാണ് പിണറായി സർക്കാർ തിരിച്ചടിച്ചിരിക്കുന്നത്. അകാരണമായി സ്ഥലംമാറ്റിയെന്ന് ചൂണ്ടികാണിച്ച് ബീനാ കുമാരി ആഭ്യന്തര സെക്രട്ടറിക്ക് നേരത്തേ പരാതി നൽകിയിരുന്നു.

ഡിജിപി സ്ഥാനമേറ്റെടുത്ത ഉടനെ സെൻകുമാർ എടുത്ത നടപടികളിലൊന്നാണ് കുമാരി ബീനയുടെ സ്ഥലംമാറ്റം. എന്നാൽ അവർ കസേര ഒഴിയാൻ കൂട്ടാക്കിയില്ല. അകാരണമായി സ്ഥലംമാറ്റിയെന്നാരോപിച്ച് കുമാരി ബീന ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. ടി ബ്രാഞ്ചിൽ നിയമനം ലഭിച്ച് ഒരു വർഷം തികയും മുമ്പ് മാറ്റിയെന്നായിരുന്നു പരാതി. ആദ്യം യു ബ്രാഞ്ചിലേയ്ക്കും പിന്നീട് എസ്എപി ക്യാംപിലേയ്ക്കും മാറ്റി നിയമിച്ചുള്ള ഉത്തരവ് പ്രതികാര ബുദ്ധിയോടെയാണെന്നും ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു.

ബീനാ കുമാരി നല്കിയ പരാതിയിൽ സർക്കാർ നടപടിയൊന്നും എടുത്തില്ല. ഇന്നലെ അവർ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ നേരിൽ കണ്ടും പരാതിപ്പെട്ടു. ഉത്തരവിറങ്ങി മൂന്നു ദിവസമായിട്ടും അവർ കസേര ഒഴിഞ്ഞിട്ടില്ല. പകരം നിയമിച്ച ജൂനിയർ സൂപ്രണ്ട് ആസ്ഥാനത്തെത്തി രണ്ടു ദിവസമായി ചുമതലയേൽക്കാൻ കാത്തുനിൽക്കുകയായിരുന്നു. ചുമതലയേൽക്കാൻ മാനേജർ അനുമതിയും നൽകിയില്ല.

ബീനാ കുമാരിയെ മാറ്റാനുള്ള സാഹചര്യം സെൻകുമാർ ഇന്നലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരിച്ചിരുന്നു. കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ പരാതി ഉൾപ്പെട്ട ഫയൽ കൈമാറുന്നതു വൈകിപ്പിച്ചതിനാണു മാറ്റിയതെന്ന് അദ്ദേഹം വിശദീകരിച്ചു. തെളിവുസഹിതം എംഎൽഎ പരാതി നൽകിയിട്ടും മാസങ്ങളോളം പൂഴ്‌ത്തിവച്ചു. മാത്രമല്ല, മുൻപും പൊലീസ് മേധാവികൾ ചുമതലയേൽക്കുമ്പോൾ ടി ബ്രാഞ്ച് മേധാവിയെ മാറ്റാറുണ്ടെന്നും സെൻകുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതിനു പിന്നാലെയാണ് സെൻകുമാർ പുറപ്പെടുവിച്ച സ്ഥലമാറ്റം ഉത്തരവുകൾ സർക്കാർ മരവിപ്പിച്ചിരിക്കുന്നത്.

പൊലീസ് ആസ്ഥാനത്തെ അധികാര തർക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നു വിലയിരുത്തപ്പെടുന്നു. സർക്കാരിന്റെ പിന്തുണയുള്ള എഡിജിപി ടോമിൻ തച്ചങ്കരി സെൻകുമാറിനെ മറികടന്ന് പൊലീസ് ഭരണത്തിൽ പിടിമുറുക്കുന്നതായാണു സൂചന. സ്ഥലംമാറ്റിയിട്ടും ബീനാകുമാരി കസേര ഒഴിയാതിരുന്നത് തച്ചങ്കരിയുടെ നിർദ്ദേശപ്രകാരമായിരുന്നു.

മുൻ പൊലീസ് മേധാനി ലോക്നാഥ് ബെഹ്റയുടെ ചില വിവാദ ഉത്തരവുകൾ അടക്കം റദ്ദാക്കിയാണ് സെൻകുമാർ തിരിച്ചെത്തിയ ശേഷം ആദ്യ നടപടികൾ കൈക്കൊണ്ടത്. ഇത് പൊലീസ് ആസ്ഥാനത്ത് അസ്വസ്ഥതയ്ക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട സെൻകുമാർ ഇക്കാര്യത്തിലടക്കമാണ് വിശദീകരണം നല്കിയത്. പൊലീസ് ആസ്ഥാനത്തു നടത്തിയ സ്ഥലംമാറ്റം, സ്റ്റേഷൻ പെയിന്റ് ചെയ്യുന്നതു സംബന്ധിച്ച മുൻ മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് എന്നിവ സെൻകുമാർ മുഖ്യന്ത്രിയോടു വിശദീകരിച്ചു.നിയമസഭാ കോംപ്ലക്സിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു കൂടിക്കാഴ്ച.

കൊച്ചി പുതുവൈപ്പിനിൽ ഐഒസി പ്ലാന്റ് സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള സുരക്ഷാപ്രശ്നങ്ങൾ ചർച്ചചെയ്യുന്ന യോഗത്തിനു തൊട്ടുമുൻപാണു സെൻകുമാർ മുഖ്യമന്ത്രിയെ ഒറ്റയ്ക്കു കണ്ടത്. ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ യോഗത്തിനെത്തിയെങ്കിലും സെൻകുമാറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച്ചയിൽ ഇദ്ദേഹത്തെ കയറ്റിയില്ല. എല്ലാവരേയും ഒഴിവാക്കിയായിരുന്നു ചർച്ച. പൊലീസ് ആസ്ഥാനത്തെ ചിലർ ബോധപൂർവം വിവാദമുണ്ടാക്കുകയാണെന്നും സെൻകുമാർ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ വിവാദങ്ങളിൽ ലഭിച്ച വിശദീകരണത്തിൽ മുഖ്യമന്ത്രി തൃപ്തനല്ല. എഡിജിപിയേയും മറ്റുള്ളവരേയും ഫയൽ കാണിക്കാതെ തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി സെൻകുമാറിനെ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP