Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുവന്താനത്തേയും ഹാരിസൺ മോഡൽ ആധാരം; ടിആർ ആൻഡ് ടീ കമ്പനി കമ്പനി കൈവശ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ കാട്ടുന്ന രേഖകൾ വ്യാജം; നടക്കുന്നത് ഭൂമികൈയേറ്റം തന്നെ

പെരുവന്താനത്തേയും ഹാരിസൺ മോഡൽ ആധാരം; ടിആർ ആൻഡ് ടീ കമ്പനി കമ്പനി കൈവശ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ കാട്ടുന്ന രേഖകൾ വ്യാജം; നടക്കുന്നത് ഭൂമികൈയേറ്റം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഇടുക്കി പെരുവന്താനം വില്ലേജിലെ ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനി കൈവശ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ കാട്ടുന്ന ആധാരങ്ങൾ പൂർണമായും വ്യാജം. ഇതോടെ ടീ കമ്പനിക്കായി ഗേറ്റേ സ്ഥാപിക്കാനായി എഡിഎം നടത്തിയ നീക്കത്തിനെതിരെ പ്രതിഷേധവും വ്യാപകമായി. 1944, 1945 വർഷങ്ങളിൽ കമ്പനി വാങ്ങിയ ഭൂമികളുടെ ആധാരം എന്ന നിലയിൽ കാട്ടുന്ന മുദ്രപ്പത്രങ്ങൾ അന്ന് തിരുവിതാംകൂർ രാജ്യത്ത് നിലവിലുള്ളവയല്ലെന്ന് വ്യക്തമാകുന്നു. ടി.ആർ ആൻഡ് ടീ കമ്പനി പെരുവന്താനം വില്ലേജിൽ ഭൂമി കൈവശം വച്ചിരിക്കുന്നത് പൂർണമായും അനധികൃതമായാണെന്നും ഇതോടെ തെളിഞ്ഞു.

ഗേറ്റ് സ്ഥാപിക്കാൻ എഡിഎം നടത്തിയ ശ്രമങ്ങൾ നാട്ടുകാർ തടഞ്ഞിരുന്നു. ബിജി മോൾ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നതിനിടെ എഡിഎമ്മിന് പരിക്ക് പറ്റി. ഇത് വലിയ ചർച്ചകൾക്ക് ഇട നൽകി. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ കൈവശ രേഖ വ്യാജമാണെന്ന റിപ്പോർട്ടും വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ പെരുവന്താനം വിഷയം വരും ദിനങ്ങളിലും ചർച്ചകളിൽ നിറയും.

ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി സംസ്ഥാനത്തെ തെക്കൻ ജില്ലകളിലുള്ള ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് ഹാജരാക്കുന്ന 1600/1923 നമ്പർ ആധാരം തയാറാക്കിയിരിക്കുന്ന അതേ മുദ്രപ്പത്രങ്ങളിലാണ് ടി.ആർ ആൻഡ് ടീ കമ്പനിയും ആധാരങ്ങൾ ചമച്ചിരിക്കുന്നത്. ഹാരിസൺസിന്റെ ആധാരങ്ങൾ പൂർണമായും വ്യാജമാണെന്നും അത് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന മുദ്രപ്പത്രങ്ങളല്‌ളെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതേ മുദ്രപ്പത്രങ്ങളിൽ ചമച്ച ടി.ആർ ആൻഡ് ടീ കമ്പനി ആധാരവും ഇതോടെ വ്യാജമാണെന്ന് തെളിയുകയാണ്.

ഹാരിസൺസിന്റെ ആധാരം 1923ലേതാണ്. ടി.ആർ ആൻഡ് ടീ കമ്പനിയുടേത് 1944,1945 കാലത്തേതും. 1940കളിൽ തിരുവിതാംകൂറിൽ പുതിയ മുദ്രപ്പത്രങ്ങൾ നിലവിൽ വന്നിരുന്നു. അവ അന്നത്തെ രാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമയുടെ ചിത്രം ആലേഖനം ചെയ്ത ദീർഘ ചതുരാകൃതിയിലുള്ള മുദ്ര പതിച്ചവയാണ്. അതിന് മുമ്പ് തിരുവിതാംകൂറിൽ ഉണ്ടായിരുന്നവ ദീർഘ വൃത്താകൃതിയുള്ളതും മധ്യഭാഗത്ത് ശംഖ് അടയാളം രേഖപ്പെടുത്തിയ മുദ്ര പതിച്ചവയുമായിരുന്നു. അതേസമയം, ടി.ആർ ആൻഡ് ടീ കമ്പനി കാട്ടുന്നത് ഡയമണ്ട് ആകൃതിയിലുള്ള മുദ്രപതിച്ചവയാണ്. ഹാരിസൺസും അതേ മുദ്രപ്പത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.

ഡയമണ്ട് മുദ്ര പതിച്ചവയിൽ ലണ്ടനിലെ ജോൺ ഡിക്കിൻസൺ കമ്പനിയുടെ വാട്ടർമാർക്കാണുള്ളത്. അതേ വാട്ടർമാർക്കാണ് ടി.ആർ ആൻഡ് ടീ കമ്പനി മുദ്രപ്പത്രങ്ങളിലുമുള്ളത്. 1970കളിലാണ് 1923ലേതെന്ന പേരിൽ ഹാരിസൺസ് വ്യാജ ആധാരങ്ങൾ ചമച്ചത്. അതേസമയത്താകാം ടി.ആർ ആൻഡ് ടീ കമ്പനിയും വിദേശത്ത് തയാറാക്കിയ മുദ്രപ്പത്രങ്ങൾ ഉപയോഗിച്ച് ആധാരങ്ങൾ ചമച്ചതെന്നാണ് സംശയിക്കുന്നത്. മുദ്രപ്പത്രങ്ങളുടെ പിൻഭാഗത്ത് അവ എവിടെ നിന്ന് വാങ്ങിയെന്നും ആരുടെ പേരിൽ വാങ്ങിയെന്നും രേഖപ്പെടുത്തണം. അതൊന്നും ടി.ആർ ആൻഡ് ടീ കമ്പനി ആധാരങ്ങളുടെ പിന്നിലില്ല. ഇതും സംശയങ്ങൾ സജീവമാക്കുന്നു.

മുണ്ടക്കയത്ത് ബിസിനസുകൾ ചെയ്തുവന്ന സ്‌കോട്ട്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ട്രാവൻകൂർ റബർ കമ്പനി കൈവശമുണ്ടായിരുന്ന 3530 ഏക്കർ ഭൂമി ആലപ്പുഴ ആസ്ഥാനമായി പ്രവർത്തിച്ചുവന്ന ആസ്പിൻവാൾ ആൻഡ് കമ്പനി, ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനി എന്നിവയുടെ പേരിൽ എഴുതി നൽകുന്നുവെന്നാണ് 1944ലെ ആധാരത്തിൽ പറയുന്നത്. ഈ ഭൂമിയെല്ലാം വഞ്ഞിപ്പുഴ മഠം വകയാണെന്നും അവരിൽനിന്ന് തങ്ങൾക്ക് ലഭിച്ചവയാണെന്നും സ്‌കോട്ട്‌ലൻഡ് കമ്പനി ആധാരത്തിൽ പറയുന്നു.

1945ലെ ആധാരത്തിൽ മുണ്ടക്കയത്ത് ബിസിനസുകൾ ചെയ്തുവന്ന സ്‌കോട്ട്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സെൻട്രൽ ട്രാവൻകൂർ റബർ കമ്പനി 2055 ഏക്കർ ഭൂമി ആലപ്പുഴ ആസ്ഥാനമായി പ്രവർത്തിച്ചുവന്ന ആസ്പിൻവാൾ ആൻഡ് കമ്പനി, ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനി എന്നിവയുടെ പേരിൽ എഴുതി നൽകുന്നുവെന്നാണ് പറയുന്നത്. 1944ലെ ആധാരത്തിൽ 26270 രൂപയുടെ മുദ്രപ്പത്രമെന്നും 1945ലേതിൽ 27475 രൂപയുടെ മുദ്രപ്പത്രമെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP