Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വികസനം കടന്നു ചെല്ലാത്ത ആദിവാസി ഊരിൽനിന്ന് ഒരു ഡോക്ടറുടെ പിറവി; നഞ്ചമൂപ്പരുടെയും ശെൽവിയുടെയും മൂത്തമകൾ വേൽമണി ഇനി ഡോ. വേൽമണി

വികസനം കടന്നു ചെല്ലാത്ത ആദിവാസി ഊരിൽനിന്ന് ഒരു ഡോക്ടറുടെ പിറവി; നഞ്ചമൂപ്പരുടെയും ശെൽവിയുടെയും മൂത്തമകൾ വേൽമണി ഇനി ഡോ. വേൽമണി

പാലക്കാട്: ഊരകം സഞ്ജീവനി ബാലികാസദനത്തിന്റെ അഭിമാനമായി അട്ടപ്പാടി ചാവടിയൂരിൽ വെന്തവട്ടി വീട്ടിൽ നഞ്ചമൂപ്പരുടെയും ശെൽവിയുടെ മൂത്ത മകളായ വേൽമണി ഇനി ഡോ.വേൽമണി. വികസനമോ വിദ്യാഭ്യാസമോ കടന്നുചെല്ലാത്ത ആദിവാസി ഊരിൽനിന്ന് വിദ്യാഭ്യാസവും സംസ്‌കാരവും തേടി ആറാം ക്ലാസുമുതൽ ഊരകം സഞ്ജീവനി ബാലികാ സദനത്തിലെത്തിയ വേൽമണി പഠനത്തിൽ മിടുക്കിയായിരുന്നു.

തങ്ങൾക്കു വന്നുപെട്ട നിരാശ്രയത്ത്വം മറന്നുകൊണ്ട് ആത്മവിശ്വാസത്തോടെ സംസ്‌കാരസമ്പന്നയായി എഴുപതിലേറെ സഹോദരിമാർക്കൊപ്പം വേൽമണി പഠിച്ച് മാതൃകയായി ഉന്നതശൃംഗത്തിലെത്തുകയായിരുന്നു. നാലു പെൺമക്കളുടെ വിദ്യാഭ്യാസം നടത്തികൊണ്ടുപോകുവാൻ ബുദ്ധിമുട്ടുന്ന വേളയിൽ അട്ടപ്പാടിയിൽ ഏജന്റുമാർ മുഖേന ചേർപ്പ് പൂത്തറയ്ക്കൽ ഒരു ബാലഭവനിൽ വന്നു ചേരുകയായിരുന്നു. വേൽമണിക്ക് ആദ്യം തണലേകിയത് പൂത്തറയ്ക്കൽ ലൂർദ്ദ് നിലയമായിരുന്നു.

വേൽമണിക്ക് അവിടത്തെ ചിട്ടകളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാൽ അടുത്ത വർഷം വീണ്ടും അവിടെപോകാൻ വിസമ്മതിക്കുകയായിരുന്നു. ഈ സമയത്താണ് സ്വാമി വിവേകാനന്ദ ഹോസ്പിറ്റൽ എംഡിയായ ഡോ.നാരായണൻ വേൽമണിയെ കണ്ടെത്തി സഞ്ജീവനിയിലെത്തിക്കുന്നത്. പിന്നീട് ചേർപ്പ് സിഎൻഎൻ സ്‌കൂളിൽ പഠനമാരംഭിച്ച വേൽമണി എസ്എസ്എൽസിക്ക് 90 ശതമാനം മാർക്കോടെ പാസായി.

+2 വിന് ഇരിങ്ങാലക്കുട ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ നിന്നും 75 ശതമാനം മാർക്കോടെ പാസായി. +2വിനോടൊപ്പം ഇരിങ്ങാലക്കുട അൽഫോൻസ് കണ്ണന്താനം എൻട്രൻസ് കോച്ചിങ് സെന്ററിൽ എൻട്രൻസ് കോച്ചിംഗിനും ചേരുയായിരുന്നു. ആദ്യം ഹോമിയോക്ക് കിട്ടിയെങ്കിലും ഹയർ ഓപ്ഷന് കൊടുത്തപ്പോൾ ആയുർവേദത്തിന് സീറ്റ് കിട്ടി. തിരുവനന്തപുരം കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിൽ ബിഎഎംഎസ് കോഴ്‌സ് ആരംഭിച്ച വേൽമണി ഉയർന്നമാർക്കോടെ നാലര വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി. ഇപ്പോൾ മെഡിക്കൽ കോളേജിൽ ഒരു വർഷത്തെ ഇന്ററിംഷിപ്പ് ചെയ്തുവരുന്നു. അതിനുശേഷം ബിരുദാനന്തരചടങ്ങ് കഴിഞ്ഞ് ഡോക്ടറായി പ്രക്ടീസ് ആരംഭിക്കാം.

ആദിവാസി മേഖലയിൽ തുടർന്ന് പ്രവർത്തിക്കാനാണ് വേൽമണിക്ക് ആഗ്രഹം. ഭരണകർത്താക്കളും പൊതുസമൂഹവും അവഗണിച്ച് ചൂഷണംമാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തെ ആരോഗ്യരംഗത്തും സാംസ്‌കാരിക മേഖലയിലും സേവിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന് വേൽമണി പറയുന്നു. ആരോഗ്യരംഗത്ത് അട്ടപ്പാടിയിലെ ഗോത്രരംഗത്ത് നിലനിൽക്കുന്ന ഒറ്റമൂലി ചികിത്സകളെ കുറിച്ച് ആഴത്തിൽ പഠിച്ച് പൊതുസമൂഹത്തിന് ഉപകാരപ്രദമായി പ്രയോഗത്തിൽ എത്തിക്കുമെന്ന വേൽമണി പറയുന്നു. തന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സർക്കാർ ആരോഗ്യമേഖലയിൽ ജോലിയിൽ പ്രവേശിക്കാനുള്ള പഠനവും വേൽമണി ആരംഭിച്ചിട്ടുണ്ട്.

ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായാണ് ഒരു പെൺകുട്ടി ആയുർവേദ ഡോക്ടറാവുന്നതാണ്. വായനയും കഥാരചനയും കവിതാരചനയും ഹോബിയാക്കിയ വേൽമണി സംഗീതവും പഠിച്ചിട്ടുണ്ട്. രാമായണപാരായണം, ഭഗവദ്ഗീതാപാരായണം, ക്വിസ് തുടങ്ങിയവയിലും വേൽമണി മിടുക്കിയാണ്. തന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കു കാരണമായ സഞ്ജീവനി ബാലികാസദനം തന്റെ ജീവിതത്തെ പുനർരചിച്ച ആലയമാണെന്ന് വേൽമണി പറയുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സ്‌നേഹവും പരിലാളനവും സുരക്ഷിതത്വവും നിഷേധിക്കപ്പെട്ട നൂറുകണക്കിന് ബാലികമാർക്കും ബാലന്മാർക്കും തണലായി ധർമ്മസ്ഥാപനമായി പിറവിയെടുത്ത സഞ്ജീവനി ബാലികാസദനത്തിന്റെ അഭിമാനമായിരിക്കുകയാണ് ഡോ.വേൽമണി. ''

പഠിപ്പിക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണ് വീട്ടുകാർ എന്നെ അനാഥാലയത്തിലാക്കിയത്. പാരമ്പര്യ ഒറ്റമൂലി ചികിത്സാരംഗത്ത് ശ്രദ്ധേയമായ അട്ടപ്പാടിയിൽ ആയുർവ്വേദത്തിന് വലിയ സാധ്യതകളുണ്ട്. ഇന്റേൺഷിപ്പിന് ശേഷം ഒരു ജോലി നേടുകയെന്നതാണ് പ്രധാനം. അതോടൊപ്പം പാവപ്പെട്ടവർക്ക് തന്നാൽ കഴിയുംവിധം സേവനം നൽകണം.'' വേൽമണി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP