Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബസുകൾ കാണാൻ തമ്പാനൂർ ബസ് ടെർമിനലിനു മുന്നിൽ തിക്കി തിരക്കി യാത്രക്കാർ; കെഎസ്ആർടിസിയുടെ പൂർവരൂപമായ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ടിന്റെതടക്കം ചെറു മാതൃകകൾ കാണികൾക്കായി അവതരിപ്പിച്ച് മിനിയേച്വർ ക്രാഫ്‌റ്റേഴ്‌സ് എന്ന കൂട്ടായ്മ

ബസുകൾ കാണാൻ തമ്പാനൂർ ബസ് ടെർമിനലിനു മുന്നിൽ തിക്കി തിരക്കി യാത്രക്കാർ; കെഎസ്ആർടിസിയുടെ പൂർവരൂപമായ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ടിന്റെതടക്കം ചെറു മാതൃകകൾ കാണികൾക്കായി അവതരിപ്പിച്ച് മിനിയേച്വർ ക്രാഫ്‌റ്റേഴ്‌സ് എന്ന കൂട്ടായ്മ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവിതാംകൂർ രാജഭരണകാലത്ത് തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്ക് ആദ്യയാത്ര നടത്തിയ ബസിന്റേതടക്കം കെഎസ്ആർടിസിയുടെ മുൻ മോഡലുകളുടെ എല്ലാം ചെറു മാതൃകകൾ കാണികൾക്കായി അവതരിപ്പിച്ച് മിനിയേച്വർ ക്രാഫ്‌റ്റേഴ്‌സ് എന്ന കൂട്ടായ്മ ശ്രദ്ധേയമായി. ബസുകളുടെ ചെറു മാതൃകകൾ കാണാൻ ഇന്നലെ ബസ് ടെർമിനലിന് മുന്നിൽ തിക്കും തിരക്കുമായിരുന്നു. 1938 ഫെബ്രുവരി 21ന് കെഎസ്ആർടിസിയുടെ പൂർവരൂപമായ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിനു കീഴിൽ ഓടിയ ബസിന്റെ ചെറുമാതൃകയാണു പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചതിൽ ശ്രദ്ധേയമായത്.

കെഎസ്ആർടിസി ഇതു വരെ ഇറക്കിയ മോഡലുകളിൽ അൻപതോളം എണ്ണത്തിന്റെ മാതൃകകളാണ് മിനിയേച്വർ ക്രാഫ്‌റ്റേഴ്‌സ് എന്ന കൂട്ടായ്മ പ്രദർശിപ്പിച്ചത്. 'ആനവണ്ടി എക്‌സ്‌പോ' എന്ന ഒറ്റദിവസത്തെ പ്രദർശനമായിരുന്നു. ടാറ്റയുമായി സഹകരിച്ച് ഇറക്കിയതും 1960കളിൽ ഉണ്ടായിരുന്നതുമായ ബെൻസ് ബസുകൾ, എഴുപതുകളിൽ സിറ്റി ഫാസ്റ്റ് ആയും ഓർഡിനറിയായും സർവീസ് നടത്തിയിരുന്ന ലെയ്ലാൻഡ് കോമറ്റ് ബസുകൾ, തിരുവനന്തപുരം നഗരത്തിൽ എൺപതുകളിലും തൊണ്ണൂറുകളിലും ഓടിയിരുന്ന ഡബിൾ ഡെക്കർ ബസുകൾ, തിരുവനന്തപുരം നഗരത്തിൽ മാത്രം ഓടിയിരുന്ന പച്ചയും ചുവപ്പും നിറത്തിലുള്ള സിറ്റി ബസുകൾ തുടങ്ങിയവ യാത്രക്കാർക്ക് ഓർമകളിലേക്കുള്ള സഞ്ചാരമായി.

കണ്ണൂർ ഡീലകസ് എന്ന് അറിയപ്പെട്ടിരുന്ന സൂപ്പർ ഡീലക്‌സ് എയർ ബസ് മോഡലും പ്രദർശനത്തിനുണ്ടായിരുന്നു. എൺപതുകളിൽ തിരുവനന്തപുരം നഗരത്തിൽ മാത്രം ഓടിയിരുന്ന ട്രാക്ടർ ട്രെയ്ലർ ബസുകളായിരുന്നു ചരിത്രപഥത്തിലെ മറ്റൊരു കാഴ്ച. ഈ ട്രെയ്ലർ ബസുകളുടെ തലഭാഗമാണു പിന്നീടു പാഴ്‌സൽ സർവീസുകൾക്ക് ഉപയോഗിക്കുന്ന ലോറികളായി മാറിയതെന്ന വിശേഷം പ്രദർശനം കാണാൻ എത്തിയവരിൽ കൗതുകം ജനിപ്പിച്ചു.

എല്ലാ പ്രധാന ഡിപ്പോകളിലൂം ആനവണ്ടികളെ ശുശ്രൂഷിക്കാനുള്ള വർക്ഷോപ്പ് വാനുകൾ, സിറ്റി ഡിപ്പോയുടെ കീഴിലുള്ള ബസ് മാറ്റി നിർമ്മിച്ച ആംബുലൻസ് എന്നിവ പലരുടെയും ശ്രദ്ധയാകർഷിച്ചു. 2001ൽ ഹൈടെക് ബസുകൾ വരുന്നതു വരെ ഓടിയിരുന്ന ഫാസറ്റും സൂപ്പർഫാസ്റ്റുമായ ബസുകൾ, ഒരു കാലത്തു വീഥികൾ കീഴടക്കിയ ശേഷം പിൻവാങ്ങിയ പച്ച നിറത്തിലുള്ള സൂപ്പർ ഡീലക്‌സ് ബസുകൾ, 2017 ജനുവരി മുതൽ 2018 മെയ്‌ വരെ മാത്രം സ്ത്രീസുരക്ഷയ്ക്കായി നിരത്തിൽ ഇറക്കി പിൻവാങ്ങിയ പിങ്ക് ബസുകൾ തുടങ്ങിയവയും പ്രദർശനത്തിന്റെ ഭാഗമായിരുന്നു.

പിൽക്കാലത്തു വന്ന ഗരുഡ, മിന്നൽ, ഇലക്ട്രിക് ബസുകളുടെ മാതൃകകളും അവതരിപ്പിക്കപ്പെട്ടു. കൂട്ടായ്മയിലെ നാൽപതോളം അംഗങ്ങൾ എട്ടു മാസത്തോളം പരിശ്രമിച്ചാണു മാതൃകകൾ തയാറാക്കിയതെന്ന് അഡ്‌മിൻ രഞ്ജിത് തോമസ് പറഞ്ഞു. 2014ൽ ആരംഭിച്ച മിനിയേച്വർ ക്രാഫ്‌റ്റേഴ്‌സ് എന്ന കൂട്ടായ്മ ഫേസ്‌ബുക്കിലും വാട്‌സാപിലും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP