Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രോമകെയറിന് വേണ്ടി 11.27 കോടി രൂപ അനുവദിച്ചു; ആദ്യഘട്ടമായി 7.5 കോടി രൂപ നൽകിയതായി മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രോമകെയറിന് വേണ്ടി 11.27 കോടി രൂപ അനുവദിച്ചു; ആദ്യഘട്ടമായി 7.5 കോടി രൂപ നൽകിയതായി മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂർണ ട്രോമ കെയർ സംവിധാനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിന് 11.27 കോടി രൂപയുടെ കോമ്പ്രിഹെൻസീവ് ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇതിന്റെ ആദ്യ ഘടുവായി 7.5 കോടി രൂപ അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസനവും ഉപകരണങ്ങളും മാർച്ച് 31 നകം സജ്ജമാക്കത്തക്ക രീതിയിലുള്ള നടപടി ക്രമങ്ങളാണ് തയ്യാറാക്കി വരുന്നത്. മികച്ച ട്രോമകെയർ പരിശീലനത്തിന് മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്ന 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഓഫ് ദ ആർട്ട് സിമുലേഷൻ സെന്ററിന്റെ എം.ഒ.യു.വും പ്രൊപ്പോസലും അംഗീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

വലിയ ജനസാന്ദ്രതയും വാഹനസാന്ദ്രതയുമുള്ള കേരളത്തിൽ പ്രതിവർഷം 40,000 ഓളം റോഡപകടങ്ങൾ ഉണ്ടാകുകയും 50,000 ഓളം ആളുകളെ അത് നേരിട്ട് ബാധിക്കുകയും 4,000 ആളുകൾ മരണമടയുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ് കേരളത്തിൽ ലോകോത്തര ട്രോമ കെയർ സംവിധാനം ആരംഭിക്കാൻ ഈ സർക്കാർ തീരുമാനിച്ചത്. എമർജൻസി മെഡിസിൻ വിഭാഗം, സ്റ്റേറ്റ് ഓഫ് ദ ആർട്ട് സിമുലേഷൻ സെന്റർ, 3 തലങ്ങളിലുള്ള ട്രോമകെയർ സംവിധാനം എന്നിവയാണ് സമഗ്ര ട്രോമകെയർ സംവിധാനത്തിലുള്ളത്. ഇതോടൊപ്പം അപകടം പറ്റുന്നവർക്ക് ആദ്യ 48 മണിക്കൂർ വേണ്ടിവരുന്ന അടിയന്തിര ചികിത്സാച്ചെലവ് സർക്കാർ വഹിക്കുന്നതുമാണ്.

ലോകത്തിലെ മികച്ച ട്രോമകെയർ സംവിധാനം സംസ്ഥാനത്ത് ഒരുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിപുലമായ പ്രാരംഭ പ്രവർത്തനങ്ങളാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘം ലോകത്തിലെ മികച്ച ട്രോമ കെയർ സെന്ററുകളിലൊന്നായ യു.കെ.യിലെ വാർവിക് സർവകലാശാല സന്ദർശിക്കുകയും കേരളത്തിലെ സംരംഭങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. തുടർന്ന് ഈ സംഘം ഡൽഹി എയിംസ് സന്ദർശിക്കുകയും വിദഗ്ധ സഹായം ഉറപ്പാക്കുകയും ചെയ്തു. എയിംസിന്റെ ഔദ്യോഗിക ഏജൻസിയായ ടാറ്റ ഫൗണ്ടേഷന്റെ സാങ്കേതിക സഹായവും ലഭ്യമാക്കി. കൂടാതെ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം മികച്ച ആംബുലൻസ് സംവിധാവും അത്യാധുനിക എമർജൻസി മാനേജ്മെന്റ് സമ്പ്രായങ്ങളുമുള്ള ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽ സന്ദർശിക്കുകയും ചെയ്തു. കേരളത്തിന്റെ സാഹചര്യത്തിൽ ഇതെങ്ങനെ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് ഡോക്ടർമാരുമായി ആരോഗ്യ വകുപ്പ്മന്ത്രി ചർച്ച നടത്തി.

ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രോകെയർ സംവിധാനം ഒരുക്കി വരുന്നത്. ഇവിടെ എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുകയും അനുബന്ധമായി എമർജൻസി ആൻഡ് മേജർ ട്രോമ കെയർ സെന്റർ നടപടികൾ പുരോഗമിച്ച് വരുകയാണ്. എയിംസിലെ ഡോക്ടർമാരുടെ സഹകരണത്തോടെ ലെവൽ 2 സംവിധാനമുള്ള ട്രോമ കെയർ സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി എയിംസ് സംഘത്തിന്റെ നേതൃത്വത്തിൽ പരിശീലങ്ങളും നൽകി വരുന്നു.

ഇതോടൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംസ്ഥാന പരിശീലകേന്ദ്രവും (സ്റ്റേറ്റ് ഓഫ് ദ ആർട്ട് സിമുലേഷൻ സെന്റർ) ആരംഭിക്കുന്നതാണ്. അപകടം സംഭവിച്ച് കഴിഞ്ഞുള്ള സുവർണ നിമിഷങ്ങൾക്കകം (ഗോൾഡൻ അവർ) തന്നെ അപകടത്തിൽപ്പെട്ടയാളെ വളരെ ശ്രദ്ധയോടെ ആശുപത്രിയിലെത്തിക്കേണ്ടതുണ്ട്. ആംബുലൻസ് ഡ്രൈവർമാർ മുതൽ ഡോക്ടർമാർ വരെയുള്ളവർക്കാണ് പരിശീലനം നൽകുന്നത്. ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്.), അഡ്വാൻസ്ഡ് ക്രിറ്റിക്കൽ ലൈഫ് സപ്പോർട്ട് (എ.സി.എൽ.എസ്.), എമർജൻസി കാർഡിയാക് ലൈഫ് സപ്പോർട്ട്, മികച്ച സ്ട്രോക്ക് പരിചരണം തുടങ്ങിയ അടിയന്തര പരിശിലനങ്ങളാണ് ഈ സ്ഥാപനത്തിൽ സജ്ജമാക്കുന്നത്. ഇതോടൊപ്പം ഇവയുടെ പ്രോട്ടോകോളും പഠിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP