Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ-സഹകരണ ആശുപത്രികളിൽ നാളെ നഴ്‌സുമാർ പണിമുടക്കും; യുഎൻഎ സംസ്ഥാന സെക്രട്ടറിയുടെ നിരാഹാരം ഏഴാം ദിവസത്തിലേക്ക് നീണ്ടു; സമരത്തിന് ഐക്യദാർഢ്യവുമായി അരലക്ഷത്തോളം നഴ്സുമാർ നാളെ ചേർത്തലയിലെ സമര പന്തലിലെത്തും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ-സഹകരണ ആശുപത്രികളിൽ നാളെ നഴ്‌സുമാർ പണിമുടക്കും; യുഎൻഎ സംസ്ഥാന സെക്രട്ടറിയുടെ നിരാഹാരം ഏഴാം ദിവസത്തിലേക്ക് നീണ്ടു; സമരത്തിന് ഐക്യദാർഢ്യവുമായി അരലക്ഷത്തോളം നഴ്സുമാർ നാളെ ചേർത്തലയിലെ സമര പന്തലിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: കെവി എം ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീർക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിൽ വരുത്തണമെന്നും ട്രെയിനി സമ്പ്രദായം നിർത്തലാക്കണമെന്നും പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ നാളെ സ്വകാര്യ-സഹകരണ മേഖലയിലെ നഴ്സുമാർ പണിമുടക്കും. ഇതേ ആവശ്യമുന്നയിച്ച് മരണം വരെ നിരാഹാര സമരം അനുഷ്ഠിക്കുന്ന യുഎൻഎ സംസ്ഥാന സെക്രട്ടറി സുജനപാൽ അച്യുതന് ഐക്യദാർഢ്യവുമായി അരലക്ഷത്തോളം നഴ്സുമാർ 15ന് ചേർത്തലയിലെ സമരപന്തലിലെത്തും.

നിരാഹാര സമരം ചൊവ്വാഴ്ച ആറ് ദിവസം പിന്നിട്ടതോടെ സുജനപാലിന്റെ ആരോഗ്യം കൂടുതൽ മോശമായിരിക്കുകയാണ്. സമരത്തിലിരിക്കുന്ന നഴ്സുമാർ പരിശോധിച്ചതിൽ രക്ത സമ്മർദ്ധത്തിൽ തുടരെ വ്യതിയാനം കണ്ടെത്തി. ഇതുവരെ ജില്ലാ ഭരണകൂടമോ, ആരോഗ്യ വകുപ്പ് അധികൃതരോ സുജനപാലിനെ പരിശോധിക്കാനെത്തിയിട്ടില്ല. എന്തുതന്നെയായാലും മരണം വരെ നിരാഹാരം തുടരാനാണ് തീരുമാനമെന്ന് സുജനപാൽ വ്യക്തമാക്കി.

കെവി എം നഴ്സിങ് സമരം ഫെബ്രുവരി 15ന്് 180 ദിവസം പിന്നിടുകയാണ്. നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ നടപടികൾ വൈകുകയും സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധ മാറിപ്പോവുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രി മേഖലയെ വീണ്ടും കലുഷിതമായി. പരിചയസമ്പന്നരായ രണ്ട് നഴ്‌സുമാരെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്നാണ് കെവിഎമ്മിൽ സമരം തുടങ്ങേണ്ടിവന്നത്. പ്രതികാരനടപടികൾ പാടില്ലെന്ന അങ്ങയുടെ നിർദ്ദേശം വന്ന് ദിവസങ്ങൾക്ക് ശേഷമാണിവിടെ നഴ്‌സുമാർക്കെതിരെ നടപടിയെടുത്തത്.

2013ലെ മിനിമം വേജസ് നടപ്പിലാക്കി അനുവദിക്കണമെന്നാണ് മാനേജ്‌മെന്റിനോട് ഇവിടെ നഴ്‌സുമാർ ആവശ്യപ്പെട്ടത്. എന്നാൽ 2013ൽ പരിഷ്‌കരിച്ച ശമ്പളമോ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങളോ ഒന്നും തന്നെ അനുവദിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. നിലവിൽ 14 ഉം 16ഉം മണിക്കൂറുകളാണ് അവിടെ ജോലി ചെയ്തിരുന്നത്. അവകാശ നോട്ടീസ് നിയമപ്രകാരം നൽകുകയും നിരവധി തവണ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിലെല്ലാം മാനേജ്‌മെന്റ് നിഷേധ നിലപാട് സ്വീകരിച്ചതോടെയാണ് നഴ്‌സുമാർ കെവിഎമ്മിൽ സമരത്തിനിറങ്ങിയത്. മാനേജ്‌മെന്റിനുവേണ്ടി നഴ്‌സുമാരുടെ വീടുകളിൽ ഗുണ്ടകൾ കയറിയിറങ്ങി വധഭീഷണയുൾപ്പടെ പലഘട്ടങ്ങളിലായുണ്ടായി.

ഞായറാഴ്ച യുഎൻഎ നടത്തിയ പ്രക്ഷോഭത്തിന് നേരെ പൊലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടു. സ്ത്രീകളായ നൂറുകണക്കിന് നഴ്‌സുമാർക്കുനേരെ പുരുഷ പൊലീസുകാർ നടത്തിയ അതിക്രമം ന്യായീകരിക്കാനാവുന്നതല്ല. ഇതുവരെ ഒരില പോലും അനക്കാതെ ശാന്തമായും തീർത്തും ഗാന്ധിയൻ രീതിയിലുമാണ് അവിടെ നഴ്‌സുമാർ സമരം നടത്തിയിരുന്നത്. ആരും തിരിഞ്ഞു നോക്കാനില്ലെന്ന തോന്നൽ ഉള്ളിലുണ്ടായതോടെയാണ് യുഎൻഎ പ്രവർത്തകർ റോഡിലിറങ്ങി സമരം ആരംഭിച്ചത്. കാര്യമെന്തെന്ന് പോലും തിരക്കാതെ ചേർത്തല സ്റ്റേഷൻ ചുമതലയുള്ള ശ്രീ.മോഹൻലാൽ എന്ന സർക്കിൾ ഇൻസ്‌പെക്ടർ മുൻവരിയിലുണ്ടായ വനിതാ നഴ്‌സുമാരുടെ ദേഹത്ത് കൈവച്ചും ലാത്തികൊണ്ടടിച്ചും മർദ്ദിച്ചു.

റോഡിൽ കുത്തിയിരിപ്പ് നടത്തിയിരുന്ന യുഎൻഎ സംസ്ഥാന പ്രസിഡന്റുൾപ്പടെയുള്ള മുഴുവൻ നേതാക്കളെയും പ്രവർത്തകരെയും അടിച്ച് പരിക്കേൽപ്പിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടും സിഐ അതിക്രൂരമായാണ് ലാത്തികൊണ്ട് പെരുമാറിയത്. യുഎൻഎ അധ്യക്ഷൻ റോഡ് ഉപരോധ സമരം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കെ ഡിവൈഎസ്‌പി എ.ജി ലാലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസുകാരെ നഴ്‌സുമാരെ പൊതിരെ തല്ലുകയാണുണ്ടായത്. അമ്പതിലേറെ യുഎൻഎ പ്രവർത്തകർക്കാണ് പൊലീസ് ലാത്തിചാർജ്ജിൽ പരിക്കേറ്റത്. ഇതിന് പുറമെ യുഎൻഎ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പണിമുടക്കും ചേർത്തലയിലെ ഐക്യദാർഢ്യ സംഗമവും ചരിത്രസംഭവമാക്കുന്നതിനാണ് യുഎൻഎ തീരുമാനം.

ഫെബ്രുവരി 12ന് സംസ്ഥാനത്ത് യുഎൻഎ യൂണിറ്റുകളുള്ള മുഴുവൻ സ്വകാര്യ ആശുപത്രികളിലും ജില്ലാ ലേബർ, മെഡിക്കൽ ഓഫീസർമാർക്കും സംസ്ഥാന തൊഴിൽ വകുപ്പ് കമ്മിഷണർക്കും പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ജനുവരി മാസം 28നും 30നുമായി ഇതേ വിഷയത്തിൽ ആദ്യപടിയെന്നോണം നോട്ടീസ് നൽകിയിരുന്നതുമാണ്. 15ന് രാവിലെ ഏഴ് മണി മുതൽ 16ന് രാവിലെ ഏഴ് മണി വരെയാണ് പണിമുടക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP