Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഗീയവാദികളുടെ മുമ്പിൽ മുട്ടുമടക്കാതെ കൊല്ലത്തെ മുസ്ലിം സ്കൂൾ: 6000 കുരുന്നുകൾ വന്ദേമാതരത്തിന്റെ ഈണത്തിനു ചുവടുവച്ച് നടന്നുകയറിയത് ചരിത്രത്തിലേക്ക്; സ്കൂളിനു പുറത്ത് കാവൽ നിന്ന് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു

വർഗീയവാദികളുടെ മുമ്പിൽ മുട്ടുമടക്കാതെ കൊല്ലത്തെ മുസ്ലിം സ്കൂൾ: 6000 കുരുന്നുകൾ വന്ദേമാതരത്തിന്റെ ഈണത്തിനു ചുവടുവച്ച് നടന്നുകയറിയത് ചരിത്രത്തിലേക്ക്; സ്കൂളിനു പുറത്ത് കാവൽ നിന്ന് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വന്ദേമാതരം മുസ്ലിം വിരുദ്ധമാണെന്ന് ആരോപിച്ച് ഒരു സ്കൂളിലെ കുരുന്നുകളുടെ കഠിനാധ്വാനം തടയാൻ ശ്രമിച്ച വർഗ്ഗീയവാദികളെ പാഠം പഠിപ്പിച്ച് മുസ്ലിം സ്കൂൾ മാനേജ്മെന്റിന്റെ നയതന്ത്ര വിജയം. വിദ്യാർത്ഥികളിൽ 90%ൽ അധികം മുസ്ലിം മതസ്ഥരായ കൊല്ലം കരിക്കോട് തങ്ങൾ കുഞ്ഞു മുസ്ലിയാർ സെന്റിനറി സ്കൂൾ മാനേജ്മെന്റും അവിടുത്തെ വിദ്യാർത്ഥികളും ഒരുമിച്ചു നിന്നാണ് എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിൽ സ്വാതന്ത്ര്യാഘോഷം തടയാൻ നടത്തിയ ശ്രമം പൊളിച്ചത്. വർഗീയവാദികൾ പ്രശ്നം ഉണ്ടാക്കാൻ വരുമെന്നു കരുതി വൻ പൊലീസ് സന്നാഹം തന്നെ പുറത്തു നിലയുറപ്പിച്ചെങ്കിലും അവരാരും ഇന്ന് പരേഡ് നടന്ന സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. സ്കൂളിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ച വർഗീയവാദികൾക്കെതിരെ ഒട്ടേറെ വിദ്യാർത്ഥി സംഘടനകൾ ഇന്ന് ഒരുമിച്ച് തെരുവിൽ ഇറങ്ങിയിരുന്നു. ഇവരെയും സ്കൂൾ പരിസരത്ത് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കരിക്കോട് തങ്ങൾ കുഞ്ഞ് മുസ്ലിയാർ സെന്റിനറി പബ്ലിക് സ്കൂളിൽ അവതരിപ്പിച്ച ഭാരതീയം പരിപാടിയുടെ പശ്ചാത്തല സംഗീതമായി വന്ദേമാതരം ഉപയോഗിക്കുന്നതിനെതിരെയാണ് എസ്ഡിപിഐ നേതാവ് എ കെ സഹാഹുദ്ദീന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ രംഗത്തെത്തിയത്. എന്നാൽ സ്കൂൾ മാനേജ്‌മെന്റ് തന്ത്രപൂർവ്വം ഗാനം മാറ്റിവച്ച് അതേ ഈണത്തിൽ ബാൻഡ് വാദ്യത്തിന്റെ പശ്ചാത്തലത്തിൽ പരിപാടി അവതരിപ്പിച്ചു. നൃത്തശില്പത്തിനിടെ കൈകൂപ്പുന്ന രംഗം ഒഴിവാക്കി പകരം മറ്റൊരു ചുവടുൾപ്പെടുത്തിയാണ് പരിപാടി അവതരിപ്പിച്ചത്.

അകത്തു ഭാരതീയം നടക്കുമ്പോൾ സ്കൂളിന്റെ രണ്ടുഗേറ്റുകൾക്കു മുന്നിലും പ്രതിഷേധവുമായി യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ അണിനിരന്നു. എബിവിപിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിലാണ് പ്രതിഷേധക്കാരുടെ ആദ്യ സംഘമെത്തിയത്. തൊട്ടുപിന്നാലെ എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകരുമെത്തി. ഇരുകൂട്ടരും ചേർന്ന് സ്കൂളിന്റെ ഇരുഗേറ്റുകളുടെയും മുന്നിൽ ഉപരോധം സൃഷ്ടിച്ചു. എന്നാൽ കനത്ത പൊലീസ് കാവലുണ്ടായിരുന്നതുകൊണ്ട് സമരക്കാരെ സ്കൂളിനുള്ളിലേക്ക് കടത്തിവിട്ടില്ല. അകത്ത് പരിപാടിയിൽ സിപിഐ(എം) അംഗമായ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് സംസാരിച്ചുകൊണ്ടിരിക്കെ പുറത്ത് എസ്എഫ്ഐക്കാരും പ്രതിഷേധവുമായെത്തിയത് കൗതുകമായി. നേരത്തെ മേയർ പരിപാടി ബഹിഷ്കരിക്കും എന്ന് പ്രചാരണമുണ്ടായിരുന്നു.

മലയാള മനോരമയുടെ നല്ല പാഠം ക്യാമ്പെയിനിന്റെ ഭാഗമാണ്, സ്കൂളിൽ ഭാരതീയം പരിപാടി സംഘടിപ്പിച്ചത്. ജില്ലയിൽ ആറായിരത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ കഴിയുന്ന മറ്റൊരു സ്കൂൾ ഇല്ലാത്തതിനാലാവും, സംഘാടകർ ടികെഎം സെന്റിനറി സ്കൂളിനെ ഇതിനായി തെരഞ്ഞെടുത്തത് എന്ന് വിവാദത്തോടു പ്രതികരിച്ച് സ്കൂൾ അധികൃതർ പറഞ്ഞു. പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ്, സ്കൂൾ മാനേജ്മെന്റിന്റെ ഭാഗമായ അദ്ധ്യാപിക പ്രതികരിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ ലത അലക്സാണ്ടർ ഓഫീസിൽ ഇല്ലായിരുന്നതിനാൽ ഫോണിൽ ലഭിച്ചില്ല.

ഇതുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. എപ്പോഴും ബാൻഡ് വാദ്യത്തിന് ചുവടുവച്ചാണ് ഭാരതീയം നൃത്തശില്പങ്ങൾ ഒരുക്കാറ്. ഇവിടെയും അങ്ങനെ തന്നെയായിരുന്നു, തീരുമാനം. എന്നാൽ ആദ്യ രണ്ടുദിനം പരിശീലനം നടത്തിയപ്പോൾ വന്ദേമാതരത്തിന്റെ സിഡി പ്ലേ ചെയ്തുവെന്നേയുള്ളൂ. അതിനു ശേഷം ഇത് മാറ്റിയിരുന്നു എന്നും സ്കൂൾ അധികൃതർ വിശദീകരിച്ചു.

അതേ സമയം ദേശഭക്തിയുടെ പേരിൽ വന്ദേമാതരം അടിച്ചേല്പിക്കാൻ ബാഹ്യശക്തികൾ മനഃപൂർവ്വമായി ശ്രമിച്ചതാണോ എന്നു സംശയിക്കണമെന്ന് എസ്ഡിപിഐ നേതാവ് എ കെ സലാഹുദ്ദീൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. മലയാള മനോരമയ്ക്ക് വേണ്ടി ഒരു ഇവന്റ് മാനേജിങ് സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. അതിനായി ഒരു ന്യൂനപക്ഷ മാനേജ്മെന്റ് സ്കൂൾ തന്നെ തിരഞ്ഞെടുത്തതിൽ അസ്വാഭാവികതയുണ്ട്. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് തങ്ങൾ എതിരല്ല. എന്നാൽ സമുദായത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിൽ ഒരു കലാരൂപം അവതരിപ്പിക്കുന്നതിനോടാണ് എതിർപ്പ് പ്രകടിപ്പിച്ചത്. എസ്ഡിപിഐ എന്ന നിലയിലല്ല, രക്ഷാകർത്താവ് എന്ന നിലയിലാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും സലാഹുദ്ദീൻ വിശദീകരിച്ചു. പാർട്ടിക്ക് ഇതിൽ പങ്കൊന്നുമില്ല. രക്ഷിതാക്കൾ മാനേജ്മെന്റിനോട് സംസാരിച്ചതിനെ തുടർന്ന് അവർ തന്നെയാണ്, വന്ദേമാതരം ഒഴിവാക്കാൻ തീരുമാനിച്ചത്. മാനേജ്മെന്റിൽ തന്നെ ചിലർക്കും ആ നിലപാടുണ്ടായിരുന്നതുകൊണ്ട്, അതിൽ പ്രത്യേകിച്ച് സമ്മർദ്ദത്തിന്റെ ആവശ്യമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാനം ഒഴിവാക്കി പരിപാടി നടത്താനായിരുന്നു തീരുമാനമെന്നും അത് പ്രശ്നമൊന്നുമില്ലാതെ നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരം എന്ന ഗാനം ഉൾക്കൊള്ളുന്ന ആശയം ഇസ്ലാമിക വിശ്വാസങ്ങൾക്ക് കോട്ടം വരുത്തുന്നതാണ്. സെലിബ്രേഷന്റെ മറവിൽ വന്ദേമാതരം അടിച്ചേല്പിക്കുന്നത് ശരിയല്ല. എല്ലാ വിഭാഗക്കാർക്കും അവരവരുടെ വിശ്വാസമനുസരിച്ചുള്ള കാര്യങ്ങൾ പുലർത്താൻ സ്വാതന്ത്ര്യമുണ്ട്, സലാഹുദ്ദീൻ പറഞ്ഞു.

ലോക റെക്കോഡ് ലക്ഷ്യമാക്കി 6000 വിദ്യാർത്ഥികളെ അണിനിരത്തിയുള്ള വന്ദേമാതരത്തിന്റെ നൃത്താവിഷ്‌കാരം ദിനാഘോഷങ്ങളിലെ പ്രധാന ഇനമായിരുന്നു. എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള 6000 കുട്ടികളെയാണ് വന്ദേമാതരത്തിന്റെ നൃത്തച്ചുവടുകൾക്കായി അണിനിരത്തിയിരുന്നത്. ആറായിരം കുരുന്നുകളുടെ പ്രകടനം ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംനേടുമെന്ന പ്രതീക്ഷയും സ്‌കൂൾ അധികൃതർക്ക് ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP