Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നാറിൻ മക്കളേ, ഉങ്കളുക്കു വണക്കം എന്ന് വി എസ്; 'വീര വണക്കം തലൈവരേ എന്ന് സ്ത്രീകൾ; 94ാം വയസിലും ടാറ്റയ്‌ക്കെതിരെയുള്ള സമരം വിജയിപ്പിച്ച വി എസ് ചരിത്രപുരുഷനായത് ഇങ്ങനെ

മൂന്നാറിൻ മക്കളേ, ഉങ്കളുക്കു വണക്കം എന്ന് വി എസ്; 'വീര വണക്കം തലൈവരേ എന്ന് സ്ത്രീകൾ; 94ാം വയസിലും ടാറ്റയ്‌ക്കെതിരെയുള്ള സമരം വിജയിപ്പിച്ച വി എസ് ചരിത്രപുരുഷനായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: ജനങ്ങളുടെ മനസ് അറിയുന്ന ആളാണ് യഥാർത്ഥ ജനകീയ നേതാവ്. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ജനമനസ് അറിഞ്ഞുള്ള തീരുമാനങ്ങൾ എടുക്കാൻ വി എസ് അച്യുതാനന്ദനോളം പോന്ന മറ്റൊരു നേതാവ് ഇന്ന് കേരളത്തിൽ ഇല്ല. അതിന്റെ ഒടുവിലെ തെളിവാണ് മൂന്നാർ തൊഴിലാളി സമരത്തിൽ വി എസ് അച്യുതാനന്ദൻ നടത്തിയ ഇടപെടൽ. കുത്തക മുതലാളിയായ ടാറ്റയ്‌ക്കെതിരെ വി എസ് സമരം നയിച്ചത് ഇതാദ്യമായല്ല. ടാറ്റയുടെ കൈയേറ്റങ്ങൾക്കെതിരെ സമരം നയിക്കാൻ കെൽപ്പുള്ള ഒരേയൊരു നേതാവേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. അത് വി എസ് മാത്രമായിരുന്നു. 94 വയസായി കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്. എന്നാൽ, ഏതാരു യുവ രാഷ്ട്രീയക്കാരക്കാരേക്കാളും ഊർജ്ജസ്വലനായാണ് വി എസ് എന്നും. സമരഭൂമിയിൽ എത്തുമ്പോൾ അദ്ദേഹം കൂടുതൽ ചെറുപ്പമാകുന്നു എന്നതാണ് പ്രത്യേകത.

മാദ്ധ്യമങ്ങൾ അത്രയ്ക്ക് പ്രാധാന്യം നൽകാതിരുന്ന മൂന്നാർ സമരത്തിന് പിന്നിലെ യഥാർഥ പ്രശ്‌നങ്ങൾ പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളി ആയിരുന്നു. ഇതിന് ശേഷമാണ് ഈ വിഷയം മറ്റ് മാദ്ധ്യമങ്ങൾ ഏറ്റെടുത്തതും. ചാനലുകളിൽ വാർത്ത വന്നെങ്കിലും നേതാക്കൾ മാത്രം അങ്ങോട്ട് പോകാൻ മടിച്ചു നിന്നും സ്ത്രീതൊഴിലാളികളുടെ പ്രതിഷേധം തന്നെയായിരുന്നു ഇതിന് കാരണം. എന്നാൽ, അവിടെയും വി എസ് വ്യത്യസ്തനായി. സമരം തീർത്തില്ലെങ്കിൽ താനും സമരക്കാർക്കൊപ്പം എത്തുമെന്നായിരുന്നു വിഎസിന്റെ പ്രസ്താവന. അത് ധാരാളമായിരുന്നു. വി എസ് എത്തും എന്നറിഞ്ഞതോടെ മൂന്നാറിലേക്ക് നേതാക്കൾ ഒഴുകി. എന്നാൽ, അതിന് കാര്യമുണ്ടായില്ല, നേതാക്കളെ അടിച്ചോടിച്ചു തൊഴിലാളികൾ. ഒടുവിലാണ് വി എസ് അച്യുതാനന്ദൻ സമരവേദിയിലേക്ക് എത്തിയത്. അതുവരെ നേതാക്കളെ അടിച്ചോടിച്ചവർ വിഎസിനെ പൂമാലയിട്ടും മുദ്രാവാക്യം വിളിച്ചും സ്വീകരിക്കുകയാണ് ഉണ്ടായത്. മറ്റൊരു നേതാവിനും ലഭിക്കാത്ത ആദരവായി അത്.

രാവിലെ 11.00 മണിയോടെയാണ് വി എസ്. മൂന്നാറിൽ എത്തിയത്. സമരക്കാർ പൂമാലയണിയിച്ചു സ്വീകരിച്ചു. സമരക്കാർക്കൊപ്പം ഇരുന്നതോടെ തോട്ടം തൊഴിലാളികൾ അടുത്തെത്തി പരാതികൾ പറഞ്ഞു. ചില സ്ത്രീകൾ വിഎസിന്റെ കാൽ തൊട്ടു വന്ദിച്ചു. എഴുതിവായിച്ച പ്രസംഗം വി എസ് തുടങ്ങിയത് തമിഴിൽലായിരുന്നു. തൊഴിലാളികളുടെ വികാരം തിരിച്ചറിഞ്ഞായിരുന്നു വിഎസിന്റെ അഭിസംബോധന. 'മൂന്നാറിൻ മക്കളേ, ഉങ്കളുക്കു വണക്കം!' വിഎസിന്റെ അഭിസംബോധനയ്ക്കു 'വീര വണക്കം തലൈവരേ...' എന്ന സ്ത്രീകളുടെ കോറസ് മറുപടിയായി.

തിങ്ങിനിറഞ്ഞിരുന്ന സമരക്കാർക്കിടയിലൂടെ മുൻനിരയിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതോടെ മദ്ധ്യഭാഗത്തായി കസേരയിട്ടിരുന്ന് മൈക്കിലൂടെ പ്രസംഗം ആരംഭിച്ചു. തൊഴിലാളികളെ വഞ്ചിക്കുന്ന തട്ടിപ്പു കമ്പനിയാണ് കണ്ണൻ ദേവനെന്ന് വി എസ് പറഞ്ഞു. തൊഴിലാളിയുടെ കമ്പനി എന്ന പേരിൽ മാനേജ്‌മെന്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതും മാനേജ്‌മെന്റാണ്. ഏറ്റവും ഗുണമേന്മയുള്ള തേയിലയായ മൂന്നാർ തേയില, ഉത്പാദിപ്പിക്കുന്നതിന്റെ സിംഹഭാഗവും ടാറ്റയ്ക്കാണ് വിൽക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് സമരരംഗത്തുള്ളത്. തികച്ചും ന്യായമായ ഇവരുടെ ആവശ്യങ്ങൾ പരിഹരിച്ച് സർക്കാർ കമ്പനിയെ നിലയ്ക്ക് നിറുത്തണം. മൂന്നാറിനെ കലുഷമായ അന്തരീക്ഷത്തിലേക്ക് തള്ളി വിടരുതെന്നാണ് എല്ലാവരും ആശിക്കുന്നത്.

തൊഴിലാളികൾ ആവശ്യപ്പെടുന്ന പത്ത് ശതമാനം വർദ്ധനയെന്നത് മൂവായിരം രൂപയ്ക്ക് താഴയാണ്. ബോണസ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന് ന്യായീകരണമില്ല. കാടത്തം നിറഞ്ഞ നടപടിയാണ് കണ്ണൻദേവൻ കമ്പനിയുടേത്. സാധാരണ തൊഴിലാളികൾക്കു പോലും 700 800 രൂപ കൂലി ലഭിക്കുമ്പോൾ ഇവിടുത്തെ തൊഴിലാളികൾക്ക് 238 രൂപ മാത്രമാണ് നൽകുന്നത്. ഇവരുടെ പ്രശ്‌നത്തിൽ സർക്കാരും കമ്പനിയും തീരുമാനമെടുക്കുന്നതു വരെ ഞാൻ ഈ സമരക്കാർക്കൊപ്പം ഇരിക്കുന്നതാണ്.... ഇരിക്കുന്നതാണ്... ഇരിക്കുന്നതാണ്....

പതിവ് ശൈലിയിൽ നീട്ടി പറഞ്ഞ് വി എസ് പ്രസംഗം അവസാനിപ്പിച്ചപ്പോൾ സമരക്കാർ കൈയടിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേട്ട് വി എസ് സമരത്തിൽ തുടരുകയാണ്. രാവിലെ തന്നെ സമരക്കാർക്കൊപ്പം ഉണ്ടായിരുന്ന കെ.കെ. രമ, ലതികാ സുഭാഷ് എന്നിവർ വി.എസിന് അരികിലെത്തി സംസാരിച്ചിരുന്നു.

മൂന്നാറിൽ കണ്ടത് കേരളത്തിന്റെ മുല്ലപ്പൂ സമരമാണ്. വി എസ്.അച്യുതാനന്ദൻ എന്ന വയോധികനായ നേതാവിനോട് ജനങ്ങൾക്ക് എന്തു മാത്രം വിശ്വാസവും സ്‌നേഹവുമുണ്ടെന്നും ഈ സമരം തെളിയിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളെയും ആട്ടിപ്പായിച്ച സമരക്കാർ വി.എസിനെ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. തങ്ങളുടെ രക്ഷകനായാണ് വി.എസിനെ മൂന്നാറിലെ സാധുക്കളായ സ്ത്രീ തൊഴിലാളികൾ കണ്ടത്. വി.എസിന്റെ സത്യസന്ധതയും പ്രതിബദ്ധതയും സമരവീര്യവും അവരെ ആവേശ ഭരിതരാക്കി.

സ്വന്തം പാർട്ടിയിലെ ഒരു നേതാവിനും ലഭിക്കാത്ത സ്വീകാര്യതയാണ് മൂന്നാറിൽ അദ്ദേഹത്തിന് ലഭിച്ചത്. വി.എസിന്റെ പാർട്ടിക്കാരനായ എംഎ‍ൽഎ രാജേന്ദ്രൻ തൊട്ടപ്പുറത്ത് നിരാഹാരം കിടന്നിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാൻ ആരുമുണ്ടായിരുന്നില്ല. സമരമുഖത്ത് നിന്ന് സ്ത്രീകൾ ചെരിപ്പൂരി അടിക്കാനായി ഓടിച്ചു വിട്ടതാണ് . ആ ജാള്യതയിൽ നിന്ന് കര കയറാനാണ് രാജേന്ദ്രൻ പിന്നീട് അവിടെ നിരാഹാര സത്യാഗ്രഹം തുടങ്ങിയത്. സിപിഎമ്മിന്റെ വനിതാ നേതാക്കളായ പി.കെ. ശ്രീമതിക്കും കെ.കെ.ശൈലയ്ക്കുമെല്ലാം സമരക്കാരുടെ അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നു. തോട്ടം തൊഴിലാളിയായിരുന്ന സിപിഐ എംഎ‍ൽഎ ഇ.എസ്. ബിജിമോൾക്ക് മാത്രമാണ് സമരക്കാർക്കിടയിൽ പിടിച്ചു നിൽക്കാനായത്.

ജനങ്ങളെ എല്ലാക്കാലത്തും രാഷ്ട്രീയത്തിന്റെ മോഹവലയത്തിൽ കുരുക്കി പറ്റിക്കാനാവില്ലെന്ന സന്ദേശമാണ് മൂന്നാർ സമരം നൽകുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ള മുന്നറിയിപ്പാണിത്. ജനത്തെ മറക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങൾ സ്വയം സംഘടിച്ചിറങ്ങിയാൽ പിടിച്ചു നിൽക്കാനാവില്ലെന്ന സത്യമാണ് വെളിപ്പെട്ടത്. സിപിഎമ്മിനെ ഈ സമരം വല്ലാത്ത പ്രതിസന്ധിയിലെത്തിച്ചു. വിരുദ്ധനെന്ന മുദ്ര ചാർത്തി വിചാരണയ്ക്ക് വിധിക്കപ്പെട്ട വി.എസിനെയാണ് ജനങ്ങൾ മൂന്നാറിൽ വാരിപ്പുണർന്നത്. മറ്റു നേതാക്കൾക്ക് പേടിച്ചോടേണ്ടി വന്ന സ്ഥാനത്താണിത്. എ.കെ.ജിക്ക് ശേഷമുള്ള ഏറ്റവും ജനപ്രിയനായ ഇതിഹാസ നേതാവായി വി എസ് മാറി.

സ്ത്രീത്തൊഴിലാളികളുടെ സംഘശക്തി ഉയിർത്തെഴുന്നേറ്റ മൂന്നാറിലെ ഒൻപത് ദിവസം നീണ്ട തോട്ടം സമരത്തിന് എല്ലാ വിധത്തിലും ഊർജ്ജം പകരുകയായിരുന്നു വി എസ്. കൊച്ചിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ ഏറക്കുറെ അംഗീകരിച്ചുകൊണ്ടുള്ള കരാറായി. ഈ വിവരം രാത്രി എട്ടരയോടെ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് തൊഴിലാളികളെ അറിയിച്ചത്.

ഐതിഹാസികമായ സമരം വിജയിപ്പിച്ച തൊഴിലാളികളെ വി എസ് അഭിനന്ദിക്കുകയും ചെയ്തു. തൊഴിലാളികൾ തന്നെ നേതാക്കളായി നടത്തിയ ഉജ്ജ്വല സമരമാണിത്. പ്രഖ്യാപനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ വീണ്ടും നിങ്ങൾ ശക്തമായ സമരം നടത്തണം. എല്ലാ സഹായവും ഞാനും എന്റെ നേതൃത്വവും വാഗ്ദാനം ചെയ്യുന്നു. സമരം വിജയിക്കുന്നതുവരെ നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന വാക്ക് ഞാൻ പാലിച്ചു. വെറുതേ വീൺവാക്ക് പറയുകയായിരുന്നില്ല. ഇനി നിങ്ങളോടെല്ലാം വന്ദനം പറഞ്ഞുകൊണ്ട് ഞാൻ പോകുന്നു എന്ന് പറഞ്ഞാണ് വി എസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ആർപ്പ് വിളികളോടെയാണ് സമരക്കാർ വി.എസിനെ യാത്രയാക്കിയത്. സമരക്കാർ പടക്കം പൊട്ടിച്ചും ആർപ്പ് വിളിച്ചും പൂത്തിരി കത്തിച്ചുമാണ് വിജയത്തെ വരവേറ്റത്.

മൂന്നാറിലെ കടുത്ത തണുപ്പിനെ പ്രതിരോധിക്കാനായി സ്വെർ ധരിച്ച വി എസ് രാത്രി എട്ടരയോടെ തീരുമാനം വരുന്നതുവരെ അക്ഷോഭ്യനായി കാത്തിരുന്നു എന്നതും അദ്ദേഹത്തിലെ സമരവീര്യത്തിന് തെഴിവായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP