ട്രാക്ക് മറികടക്കുന്നതിനിടയിൽ ഇന്റർസിറ്റി പാഞ്ഞെത്തി; പാളത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദാരുണമരണത്തിൽ ഞെട്ടി ഒഞ്ചിയം
November 15, 2019 | 08:45 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
വടകര : ട്രാക്ക് മറികടക്കുന്നതിനിടയിൽ ട്രെയിൻ വരുന്നത് കണ്ട് പാളത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിനി വീഴ്ചയിൽ പരുക്കേറ്റതിനെ തുടർന്നു മരിച്ചു.ഒഞ്ചിയം പുത്തൻ പുരയിൽ സുനിൽകുമാറിന്റെ മകൾ ആദിത്യ (13) ആണ് മരിച്ചത്.
മടപ്പള്ളി വിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.ചൊവ്വാഴ്ച വൈകിട്ട് സ്‌കൂളിൽ നിന്നു വരുമ്പോഴായിരുന്നു മടപ്പള്ളി കോളജിനു സമീപം അപകടം ഉണ്ടായത്. വളവുള്ള ഇവിടെ ട്രെയിൻ വരുന്നത് പെട്ടെന്ന് കാണാൻ കഴിയില്ല.
ഇന്റർസിറ്റി എക്സ്‌പ്രസ് വടകര ഭാഗത്തേക്ക് വരുമ്പോഴാണ് ട്രാക്ക് കടക്കാൻ കുട്ടി ശ്രമിച്ചത്. പെട്ടെന്ന് ട്രെയിൻ വരുന്നതു കണ്ട് രക്ഷപ്പെടാൻ വേണ്ടി ആറു മീറ്ററോളം ഉയരത്തിൽ നിന്നു താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കാണ് പരുക്കേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. മാതാവ്: പ്രജിത. സഹോദരൻ: നിവേദ്.
