ആദ്യ കുട്ടി മരിച്ചപ്പോൾ കൃത്യമായി അന്വേഷണം നടന്നില്ല; ലൈംഗിക അതിക്രമം സംശയിച്ച് പൊലീസ് സർജൻ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അതും പരിഗണിച്ചില്ല; രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണോ എന്നതിൽ സംശയമുണ്ടായിരുന്നെങ്കിലും അതിലും അന്വേഷണം നടത്തിയില്ല; പ്രോസിക്യൂഷനും പരാജയമായി; തെറ്റുകൾ തുറന്ന് സമ്മതിച്ച് സർക്കാർ; വാളയാർ കേസിൽ അപ്പീലുമായി സർക്കാർ
November 20, 2019 | 01:29 PM IST | Permalink

സ്വന്തം ലേഖകൻ
കൊച്ചി: വാളയാർ പീഡനക്കേസിൽ തുടരന്വേഷണവും പുനർവിചാരണയും ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നത് അന്വേഷണത്തിലും വിചാരണയിലും സർക്കാർ സംവിധാനത്തിന് വന്ന വീഴ്ചകൾ. കേസന്വേഷണത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ആദ്യത്തെ കുട്ടിയുടെ മരണത്തിൽ ശരിയായ അന്വേഷണം നടക്കാത്തത് രണ്ടാമത്തെ കുട്ടിയുടെ മരണത്തിലേക്ക് നയിച്ചു. കൃത്യമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയില്ല. അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച് നടപടികൾ സ്വീകരിച്ച് വരികയാണെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കി. ഹൈക്കോടതി അപ്പീൽ പരിഗണിച്ചാൽ കേസിന് വീണ്ടും ജീവൻ വയ്ക്കും. വിഷയത്തിൽ സിബിഐ അന്വേഷണമാണ് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെടുന്നത്.
ആദ്യ കുട്ടി മരിച്ചപ്പോൾ കൃത്യമായി അന്വേഷണം നടന്നില്ല. ഈ സന്ദർഭത്തിൽ രണ്ടാമത്തെ കുട്ടിയുടെ കൗൺസിലിങ് അടക്കം നടത്തണമായിരുന്നു. ഇതുണ്ടായില്ല. ലൈംഗിക അതിക്രമം സംശയിച്ച് പൊലീസ് സർജൻ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ല. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണോ എന്നതിൽ സംശയമുണ്ടായിരുന്നെങ്കിലും അതിലും അന്വേഷണം നടത്തിയില്ലെന്നും സർക്കാർ അപ്പീലിലൂടെ തുറന്ന് സമ്മതിച്ചു.
കൂടാതെ പ്രോസിക്യൂഷന്റെ ഭാഗത്തും വലിയ വീഴ്ചയുണ്ടായി. കൃത്യമായ കൂടിയാലോചനകൾ ഉണ്ടായില്ല. പ്രധാനപ്പെട്ട എല്ലാ സാക്ഷികളുടേയും രഹസ്യമൊഴികൾ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇത് കോടതിക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രോസിക്യൂഷനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.