ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സർക്കാർ വാശി പിടിച്ചാൽ സമരം ശക്തമാക്കുമെന്ന് വത്സൻ തില്ലങ്കേരി; സുവർണാവസരം ഉപയോഗിക്കാൻ സർക്കാർ തയ്യാറായാൽ ജനങ്ങളുടെ അനുകൂല അഭിപ്രായം സർക്കാരിനുണ്ടാകും; സർക്കാർ ധൃതി കാട്ടിയാൽ ഭക്തജനങ്ങൾ പ്രതിരോധം തീർക്കുമെന്നും ആർഎസ്എസ് നേതാവ്
November 13, 2018 | 09:42 PM IST | Permalink

സ്വന്തം ലേഖകൻ
കണ്ണൂർ: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായ സമരം ശക്തമാക്കുമെന്ന് ആർഎസ്എസ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സർക്കാർ വാശി കാണിച്ചാൽ സമരം ശക്തമാക്കുമെന്ന് ആർഎസ്എസ് നേതാവ് വത്സൻ തിലങ്കേരി വ്യക്തമാക്കി..കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം സർക്കാരിന് ഒരു സുവർണ അവസരമാണ്. ആ സുവർണ അവസരം ഉപയോഗിക്കാൻ സർക്കാർ തയ്യാറായാൽ ജനങ്ങളുടെ അനുകൂല അഭിപ്രായം സർക്കാരിനുണ്ടാകും. യുവതി പ്രവേശന കാര്യത്തിൽ സർക്കാർ ധൃതി കാട്ടുകയാണെങ്കിൽ ഭക്തജനങ്ങൾ പ്രതിരോധം തീർക്കുക തന്നെ ചെയ്യും. ജനുവരി 22 വരെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നും വത്സൻ തിലങ്കേരി ആവശ്യപ്പെട്ടു.
യുദ്ധപ്രഖ്യാപനത്തിനാണ് മുതിരുന്നതെങ്കിൽ സ്വാഭാവികമായും ഭക്തജനങ്ങളുടെ ഭാഗത്തുനിന്ന് അതിനനുസരിച്ച പ്രതികരണം ഉണ്ടാകുമെന്ന് തില്ലങ്കേരി പറഞ്ഞു. ശബരിമലയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ഭക്തജനങ്ങൾ നാമജപവും സമാധാനപരവുമായ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ശബരിമലയ്ക്ക് കാവലാളായ കോടിക്കണക്കിന് ഭക്തന്മാരുടെ പ്രാർത്ഥനയും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാരുടെ സാന്നിധ്യവും മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ ഉണ്ടാകുമെന്ന് തില്ലങ്കേരി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ വന്ന എല്ലാ പുനപരിശോധന ഹർജികളും ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. റിട്ട് ഹർജികളും ഇതോടൊപ്പം പരിഗണിക്കും. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ഭരണഘടന ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
