Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചു; കശ്മലന്മാരുടെ കൈയില്‍പ്പെട്ട്‌ ആളൊഴിഞ്ഞ വീട്ടിൽ പീഡനത്തിന് ഇരയായത് ഒരാഴ്ച; ഇതൊക്കെ നമ്മുടെ കേരളത്തിലാണ് നടക്കുന്നതെന്ന് എങ്ങനെ വിശ്വസിക്കും?

ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചു; കശ്മലന്മാരുടെ കൈയില്‍പ്പെട്ട്‌ ആളൊഴിഞ്ഞ വീട്ടിൽ പീഡനത്തിന് ഇരയായത് ഒരാഴ്ച; ഇതൊക്കെ നമ്മുടെ കേരളത്തിലാണ് നടക്കുന്നതെന്ന് എങ്ങനെ വിശ്വസിക്കും?

തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ അനുഭവിക്കേണ്ടി വന്ന ദുരിതത്തിൽ മനംനൊന്ത് വീടുവിട്ട യുവതിക്ക് ഒടുവിൽ നേരിട്ടത് ഒരാഴ്ചക്കാലത്തെ പീഡനം. രണ്ടുപെൺകുട്ടികൾക്ക് കൂട്ടമാനഭംഗത്തിന് ഇരയാകേണ്ടി വന്നത് പൊലീസിന്റെ നിസ്സംഗതയെ തുടർന്നെന്നും ആരോപണമുയരുന്നു.

വർക്കല പൊലീസ് തുടർച്ചയായി വരുത്തിയ വീഴ്ചകളാണ് യുവതിയെയും ബന്ധുവായ പെൺകുട്ടിയെയും കൂട്ടമാനഭംഗത്തിന് ഇരകളാക്കിയത്. യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യം കാണാതായപ്പോൾതന്നെ ഭർത്താവ് ചടയമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി ചടയമംഗലം പൊലീസ് വർക്കല പൊലീസിന് കൈമാറുകയും ചെയ്തു. വർക്കലയിലെ ബന്ധുവീട്ടിൽ യുവതി ഉണ്ടെന്ന് മനസിലാക്കി പൊലീസ് അവിടെയെത്തിയെങ്കിലും യുവതിയെ കസ്റ്റഡിയിലെടുക്കുകയോ, കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ല. പിന്നീടാണ് യുവതിയെയും ബന്ധുവീട്ടിലെ പെൺകുട്ടിയെയും ഒന്നിച്ചു കാണാതാകുന്നത്. ഈ സമയത്താണ് വർക്കലയിൽ നിന്ന് ഇവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതും കൂട്ട മാനഭംഗത്തിന് ഇരയാക്കിയതും.

ചിലക്കൂറുള്ള ബന്ധുവീട്ടിൽ നിന്ന് ഈ മാസം ഒമ്പതിനാണ് യുവതിയെയും ബന്ധുവായ പെൺകുട്ടിയേയും കാണാതായത്. യുവതിക്ക് കലശലായ തലവേദനയാണെന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ആശുപത്രിയിലേയ്ക്ക് പോകുന്നതല്ലേ എന്ന് ബന്ധുവീട്ടിലെ 16 വയസുള്ള പെൺകുട്ടിയെ കൂട്ടിനയച്ചു. അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പോയ രണ്ടുപേരെയും കാണാതായതോടെ ബന്ധുക്കൾ വിവരം വർക്കല പൊലീസിൽ അറിയിച്ചു. ആ പരാതിയിലും വർക്കല പൊലീസ് നടപടി എടുത്തില്ലെന്നതാണ് ഗൗരവമായ ആക്ഷേപം.

വർക്കല ആശാന്മുക്കിലെ ഇസ്മയിൽ എന്ന ഓട്ടോഡ്രൈവറുമായി പതിനാറുകാരിക്ക് പരിചയമുണ്ടായിരുന്നു. ആശുപത്രിയിൽ പോയി മടങ്ങവേ, ഇവരെ കണ്ട ഓട്ടോ ഡ്രൈവർ വണ്ടി നിർത്തി അതിൽ കയറ്റി. പരിചയക്കാരനായതിനാൽ യാത്ര ആറ്റിങ്ങൽവരെ നീണ്ടു. ഇതിനിടെ ഇസ്മയിലിന്റെ കൂട്ടുകാരൻ നൗഷാദും ഓട്ടോയിൽ കയറി. നാലുപേരുമായി വൈകിട്ടോടെ ആശാന്മുക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തി. തൊട്ടടുത്തൊന്നും ആൾതാമസമില്ലാത്ത ഈ വീടിന്റെ താക്കോൽ നൗഷാദിന്റെ കൈയിലുണ്ടായിരുന്നു. വീട്ടിൽ കയറിയ ഇവർ രാത്രിയിലും പകലുമെല്ലാം അവിടെയായിരുന്നു. ആദ്യം ഇസ്മയിലും നൗഷാദുമാണ് ഇവരെ പീഡിപ്പിച്ചത്. പിന്നീട് അവർ കൂട്ടുകാരെ ഓരോരുത്തരെ വിളിച്ചുവരുത്തി. ഒമ്പതാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ പത്തിലധികം പേർ ഇവിടെത്തി ഓരോരുത്തരേയും മാറിമാറി പീഡിപ്പിച്ചു എന്നാണ് വിവരം.

എല്ലാ ദിവസവും രാവിലെ ഇസ്മയിലും നൗഷാദും മുറി പുറത്തുനിന്ന് പൂട്ടി പോകും. ആ ദിവസത്തേയ്ക്കുള്ള ഭക്ഷണം വാങ്ങാനും ആളെ കണ്ടെത്തി കൊണ്ടുവരാനുമാണ് യാത്ര. പതിനഞ്ചാം തീയതി വരെ ഇങ്ങനെയായിരുന്നു രീതി. ആൾക്കാർ വന്നുകൊണ്ടിരുന്നെങ്കിലും അധികം പേരും സമീപിച്ചത് പതിനാറുകാരിയെയായിരുന്നു. വണ്ണക്കുറവും പ്രായക്കുറവുമായിരുന്നു കാരണം. അതിനാൽ കൂടുതൽ പീഡനം അനുഭവിക്കേണ്ടിവന്നതും പതിനാറുകാരി തന്നെ. ഒടുവിൽ പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായി. ഈ സമയം ഇവരെ സമീപിച്ച രണ്ടുപേർ രക്തസ്രാവം കണ്ട് പേടിച്ച് മടങ്ങി. രണ്ടുപേരോടും പെട്ടെന്ന് രക്ഷപ്പെട്ട് ആശുപത്രിയിലെത്താനും ഉപദേശിച്ചു.

ഇസ്മയിലും നൗഷാദും മുറി പൂട്ടാതെ സാധനം വാങ്ങാൻ പുറത്ത് പോയ തക്കം നോക്കി രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു. അവസാനം അടുത്തെത്തി വെറുതെ മടങ്ങിപ്പോയ രണ്ടുപേർ നൽകിയ തുച്ഛമായ തുക മാത്രമാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്. അതുപയോഗിച്ച് രണ്ടുപേരും കാപ്പിൽ ജങ്ഷനിൽ നിന്നും ബസ് കയറി. എന്നാൽ ഇതിനിടെ ഇവരെ ജങ്ഷനിൽ കണ്ട പരിചയക്കാർ വിവരം വർക്കലയിലെ ബന്ധുക്കളെ അറിയിച്ചു. വർക്കലയിൽ വച്ച് ബന്ധുക്കൾ ഇവരെ പിടികൂടി. വർക്കല പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയശേഷം ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലയക്കുകയായിരുന്നു.

കൂട്ടമാനഭംഗത്തിന് ഇരയായ ഇരുപത്തിനാലുകാരിക്ക് രണ്ട് മക്കളുമുണ്ട്. ചടയമംഗലത്തെ ഭർതൃഗൃഹത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഭർത്താവിന്റെ നിരന്തര പീഡനത്തെത്തുടർന്ന് ജൂലൈ 24നാണ് ചടയമംഗലത്തെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. യുവതിയെ കാണാതായതിന് ഭർതൃവീട്ടുകാർ ചടയമംഗലം പൊലീസിന് പരാതി നൽകിയിരുന്നു. യുവതി വർക്കലയിലുള്ള മാമന്റെ വീട്ടിലുണ്ടാവുമെന്ന വിവരവും ഇവർ പൊലീസിന് കൈമാറി. അതോടെ ചടയമംഗലം പൊലീസ്, പരാതി വർക്കല പൊലീസിന് കൈമാറി കൈയൊഴിഞ്ഞു.

ഒരാളെ കാണാനില്ലെന്ന് പരാതി കിട്ടിയാൽ പൊലീസ് സ്വീകരിക്കേണ്ട നടപടികളൊന്നും വർക്കല പൊലീസ് സ്വീകരിച്ചില്ലെന്നത് വിമർശനത്തിന് ഇടയാക്കുന്നു. ആദ്യ പരാതി ഗൗരവമായി എടുക്കാത്ത പൊലീസ്, വർക്കലയിലെ അമ്മാവന്റെ വീട്ടിൽ നിന്നിരുന്ന യുവതിയെയും ആ വീട്ടിലെ പെൺകുട്ടിയെയും കാണാതായെന്ന പരാതി കിട്ടിയിട്ടും കാര്യമായ അന്വേഷണം നടത്തിയില്ല.

പൊലീസ് സ്റ്റേഷന് തൊട്ടടുത്ത ഒരു വീട്ടിൽ ഇരുവരും ഉണ്ടായിരുന്നു. ഇടയ്ക്കിടെ വീട്ടുകാരോട് മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്തു. മാനഭംഗത്തിന് ഇരയായ പതിനാറുകാരി രക്തം വാർന്ന് അവശ നിലയിലായതായശേഷമാണ് പ്രശ്‌നത്തിൽ ഇടപെടാൻ പൊലീസിനായത്. പൊലീസ് അനാസ്ഥ കാട്ടാതിരുന്നെങ്കിൽ ഇരുവരും മാനഭംഗത്തിന് ഇരയാകുമായിരുന്നില്ല എന്ന് പ്രദേശവാസികൾ പറയുന്നു.

കാണാതായ ഒമ്പതാം തീയതി മുതൽ കണ്ടെത്തുന്ന ദിവസം വരെയും യുവതിയുടേയും പെൺകുട്ടിയുടേയും കൈകളിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. വീട്ടുകാർ വിളിക്കുമ്പോഴെല്ലാം ഇവർ ഫോണെടുക്കുമായിരുന്നു. കൂടെയുള്ള ഇസ്മയിലും നൗഷാദും ഇവരെ പേടിപ്പിച്ചിരുന്നതിനാൽ ഒന്നും പറഞ്ഞിരുന്നില്ല. ഒരിടത്ത് സുരക്ഷിതരാണെന്നും ഉടൻ മടങ്ങിയെത്തുമെന്നും മാത്രം പറയുകയാണുണ്ടായത്. വർക്കല പൊലീസിൽ പരാതി നൽകിയ ബന്ധുക്കൾ ഇക്കാര്യവും പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ, ഇവരെ കണ്ടെത്താൻ പൊലീസ് മിനക്കെട്ടില്ല.

മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയിരുന്നെങ്കിൽ ഇവരെ പിറ്റേന്ന് തന്നെ പിടിക്കാമായിരുന്നു. ഓടിപ്പോയവർ തിരിച്ചു സ്റ്റേഷനിൽ വരുന്നതുവരെ പരാതിയിൽ പൊലീസ് നടപടിയൊന്നും എടുത്തില്ല. അതിനിടെ പ്രതികളിൽ പലരും ഗൾഫിലേയ്ക്ക് കടന്നുവെന്ന് സംശയമുണ്ട്. ചിലർ ഗൾഫിൽനിന്നും ലീവിന് വന്നവരാണ്. ചിലരാകട്ടെ, ഗൾഫിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നവരും. ഇതിലൊന്നും ഉൾപ്പെടാത്ത കുറച്ചുപേരാണ് ഇപ്പോൾ പിടിയിലായത്. പ്രതികളിൽ ചിലർ ഗൾഫിലേയ്ക്ക് മുങ്ങാൻ സാധ്യതയുണ്ടെന്ന് പൊലീസിന് അറിവുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച അറിയിപ്പ് വിമാനത്താവളത്തിൽ നൽകാൻ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പോകുന്നെങ്കിൽ പോകട്ടേയെന്ന മട്ടിലായിരുന്നു പൊലീസ് പ്രതികരണമെന്ന് ബന്ധുക്കൾ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP