Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടിയേറ്റും ജീവൻ പണയം വച്ചും പാമ്പുകളെ പിടിച്ചിട്ടും അപവാദ പ്രചാരണങ്ങൾ മാത്രം ബാക്കി; പാമ്പുകളെ ഉപേക്ഷിക്കുന്നെന്നു പ്രഖ്യാപിച്ച് വാവ സുരേഷ്; അനുനയത്തിനു ശ്രമിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി സ്‌നേഹികളും

കടിയേറ്റും ജീവൻ പണയം വച്ചും പാമ്പുകളെ പിടിച്ചിട്ടും അപവാദ പ്രചാരണങ്ങൾ മാത്രം ബാക്കി; പാമ്പുകളെ ഉപേക്ഷിക്കുന്നെന്നു പ്രഖ്യാപിച്ച് വാവ സുരേഷ്; അനുനയത്തിനു ശ്രമിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി സ്‌നേഹികളും

തിരുവനന്തപുരം: വാവ സുരേഷ് എന്ന പേര് മലയാളിക്കിപ്പോൾ ആശ്വാസമാണ്. ഏതു പാതിരാത്രിക്കും തങ്ങൾ ഒന്നുവിളിച്ചാൽ ഓടിയെത്തി, ഭയപ്പെടുത്തുന്ന ഉരഗങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുന്ന ഈ മനുഷ്യനെ ഏവർക്കും ഇഷ്ടമാണ്. പക്ഷേ, കടിയേറ്റും ജീവൻ പണയം വച്ചുമെല്ലാം രാജവെമ്പാല ഉൾപ്പെടെയുള്ള ആയിരക്കണക്കിനു വിഷപ്പാമ്പുകളെ പിടികൂടി മനുഷ്യ ജീവനുകൾ രക്ഷിച്ച വാവയ്ക്ക് ഒടുവിൽ പണികൊടുത്തത് മനുഷ്യർ തന്നെയാണ്.

പാമ്പിനെ പിടികൂടുന്നത് അവയുടെ വിഷമെടുത്തു വിറ്റു കാശാക്കാനാണ് എന്ന ആരോപണമാണ് വാവയ്ക്കു മേൽ പാമ്പുകളേക്കാൾ വിഷമുള്ള മനുഷ്യർ ചാർത്തിക്കൊടുത്തത്. 62 രാജവെമ്പാലയടക്കം ആയിരക്കണക്കിന് വിഷപ്പാമ്പുകളെയാണ് ഇതിനകം വാവ സുരേഷ് പിടികൂടിയത്. ഇത്തരത്തിൽ നിരവധി മനുഷ്യ ജീവനുകൾ രക്ഷിച്ച വാവ തനിക്കെതിരായ ആരോപണങ്ങളിൽ തീരാദുഃഖിതനാണ്.

ദുഷ്ട ശക്തികളുടെ പ്രചാരണത്തിൽ മനംനൊന്ത് പാമ്പുപിടിത്തം മതിയാക്കിയാലോ എന്ന ആലോചനയിലാണ് വാവ സുരേഷ്. നേരത്തെ ഏറ്റുപോയ ചില പരിപാടികളുണ്ട്. ആ ഉത്തരവാദിത്വമെല്ലാം ഒഴിഞ്ഞാൽ ഏപ്രിൽ മാസത്തോടെ പാമ്പുപിടിത്തത്തിൽ നിന്ന് പൂർണമായും പിന്മാറാനുള്ള ഒരുക്കത്തിലാണ് വാവ. ഏതു സാഹചര്യത്തിലും തന്റെ കൈകൾ തൊട്ടാൽ തന്നോട് ഇണങ്ങുന്ന ഈ മിണ്ടാപ്രാണികളെ വിട്ടുപോകുന്നതിൽ ദുഃഖിതനാണ് അദ്ദേഹം.

നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളെ വിലകുറച്ചു ചിലർ കാണിച്ചതിനെ തുടർന്നുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് ഈ പ്രഖ്യാപനത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. വാവയുടെ മനസു മാറ്റിക്കാൻ പ്രകൃതി സ്‌നേഹികളും വനം വകുപ്പും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പാമ്പുകളോടു വാവയ്ക്കുള്ള സ്‌നേഹം അറിയാവുന്ന ആരും പറയാൻ ധൈര്യപ്പെടാത്ത അപവാദം പ്രചരിപ്പിച്ചവർക്കെതിരെ ജനവികാരം ഉണർന്നതോടെ വാവ മനസുമാറ്റുമെന്ന പ്രതീക്ഷയാണ് എങ്ങും.

കഴിഞ്ഞ ഹർത്താൽ ദിനത്തിലുൾപ്പെടെ തന്റെ കർമപഥത്തിൽ സജീവമായിരുന്നു വാവ. അന്നുണ്ടായ സംഭവമാണ് വാവയെ പാമ്പുപിടിത്തം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. തിരുവനന്തപുരം ബാലരാമപുരം ഹൗസിങ് ബോർഡിനടുത്തുനിന്ന് മൂർഖനെയാണ് അന്ന് വാവ പിടികൂടിയത്. ഫോണിലൂടെ വിവരം അറിയിച്ചതിന് അനുസരിച്ചാണ് അന്നവിടെ വാവ എത്തിയത്.

എന്നാൽ, കുളത്തൂപ്പുഴയ്ക്കടുത്തുനിന്ന് ഫോറസ്റ്റുകാരുടെ അടിയന്തര ഫോൺ സന്ദേശം വാവയെ തേടി എത്തിയിരുന്നു. ഒരു വീടിന്റെ മുറ്റത്തുകണ്ട കൂറ്റൻ രാജവെമ്പാലയെ പിടിച്ച് വീട്ടുകാരെ രക്ഷിക്കണമെന്നായിരുന്നു ആ സന്ദേശം. അതിനാൽ, മൂർഖനെ പിടിച്ചു ചാക്കിലാക്കിയ ഉടൻതന്നെ വാവ കുളത്തൂപ്പുഴക്ക് പോകാൻ തിടുക്കം കാട്ടി. പക്ഷേ, നാട്ടുകാരായ ചില യുവാക്കൾ പിടിച്ച മൂർഖനെ കുറച്ചുനേരം നാട്ടുകാർക്കുമുന്നിൽ പ്രദർശിപ്പിച്ചിട്ടുപോയാൽ മതിയെന്നു വാശി പിടിച്ചു. ചില പ്രാദേശിക മാദ്ധ്യമപ്രവർത്തകരും അവർക്കൊപ്പം കൂടി. ഫോട്ടോയെടുത്ത് രസിക്കാനുള്ള തത്രപ്പാടായിരുന്നു അവർക്കെല്ലാം. എന്നാൽ, നേരമില്ലെന്നുപറഞ്ഞ് വാവ അപ്പോൾ തന്നെ കുളത്തുപ്പുഴയ്ക്ക് തിരിക്കുകയായിരുന്നു.

പക്ഷേ, അടുത്ത ദിവസം ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളിൽ വന്ന വാർത്ത ആരും തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. ഇതു തന്നെ തീർത്തും ദുഃഖിപ്പിച്ചെന്ന് വാവ പറഞ്ഞു. പാമ്പിനെ പ്രദർശിപ്പിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും, പാമ്പിനെ പിടിക്കുന്നത് വിഷമെടുത്ത് വിൽക്കാനാണെന്നുമുള്ള അടിസ്ഥാന രഹിതമായ വാർത്തകളായിരുന്നു ചില പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഒരു സേവനം മാത്രമായി പാമ്പുപിടിത്തത്തെക്കണ്ട തനിക്കിത് സഹിക്കാനാവുന്നില്ലെന്നും അതിനാലാണ് പാമ്പുപിടിത്തം മതിയാക്കാൻ ആലോചിക്കുന്നതെന്നുമാണ് വാവ സുരേഷ് പറഞ്ഞത്.

പ്രകൃതി സ്‌നേഹികളേക്കാൾ സാധാരണക്കാർക്കാണ് ഈ മനുഷ്യന്റെ തീരുമാനം ഏറെ വേദനാജനകമാകുന്നത്. എപ്പോൾ വിളിച്ചാലും സഹായിക്കാൻ ഓടിയെത്തുന്ന വാവ സുരേഷ് തങ്ങളെ കൈവിടില്ലെന്നു തന്നെയുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ. അറിയാതെ എങ്കിലും മനുഷ്യരുടെ വാസസ്ഥലത്തെത്തുന്ന പാവം പാമ്പുകളെ കാടുകളിലേക്ക് തിരികെ എത്തിക്കുന്ന വാവ സുരേഷ് എന്ന ചങ്ങാതിയുടെ സേവനം നിലച്ചാൽ അത് പാമ്പുകൾക്കും ദുരിതമാകും. രക്ഷിക്കാൻ ആരും ഇല്ലെന്നു വന്നാൽ ഈ മിണ്ടാപ്രാണികളെ തല്ലിക്കൊല്ലാനാകും ഏവരും ശ്രമിക്കുക. പ്രകൃതിയിൽ ജീവിക്കാൻ അവകാശമുള്ള ഈ ഇഴജന്തുക്കൾക്കുവേണ്ടിയെങ്കിലും തന്റെ കർമപഥത്തിൽ തന്നെ വാവ തുടരുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP