Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുഷാറിന്റെ കടിഞ്ഞാൺ വിടാതെ വെള്ളാപ്പള്ളി; എസ്എൻഡിപി യോഗം ഭാരവാഹികൾ ആരും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് യോഗം ജനറൽ സെക്രട്ടറിയുടെ അന്ത്യശാസനം; ദേശീയ നേതൃത്വത്തെ കൊണ്ട് സമ്മർദ്ദത്തിന് ശ്രമിച്ച് ബിജെപിയും

തുഷാറിന്റെ കടിഞ്ഞാൺ വിടാതെ വെള്ളാപ്പള്ളി; എസ്എൻഡിപി യോഗം ഭാരവാഹികൾ ആരും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് യോഗം ജനറൽ സെക്രട്ടറിയുടെ അന്ത്യശാസനം; ദേശീയ നേതൃത്വത്തെ കൊണ്ട് സമ്മർദ്ദത്തിന് ശ്രമിച്ച് ബിജെപിയും

തിരുവനന്തപുരം: ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളി മാത്രമല്ല, യോഗം ഭാരവാഹികൾ ആരും ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങരുതെന്ന് വ്യക്തമാക്കി രംഗത്ത്. തുഷാർ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ബിജെപി നേതാക്കൾക്ക് വലിയ തിരിച്ചടിയാണ് ഈ നിർദ്ദേശം.

ശബരിമല വിഷയത്തിൽ ബിജെപിക്ക് എതിരെ തിരിഞ്ഞ് നിൽക്കുന്ന വെള്ളാപ്പള്ളി ഇതിന് പിന്നാലെ വനിതാ മതിലിൽ സിപിഎമ്മിനോട് കൈകോർക്കുകയും ചെയ്തു. ഇതോടെയാണ് കേരളത്തിൽ എൻഡിഎയ്‌ക്കൊപ്പം നിന്നിരുന്ന മകൻ തുഷാറിന്റെ കാര്യത്തിലും ആശങ്കയായത്. തുഷാർ മത്സരിക്കാനില്ലെന്ന് അടുത്തിടെ പ്രഖ്യാപിച്ചു. എന്നാൽ താൽപര്യം അറിയിച്ച് ബിജെപി കാത്തിരിക്കുന്നതിനിടെയാണ് ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. തുഷാർ ഉൾപ്പടെ എസ്എൻഡിപി യോഗം ഭാരവാഹികൾ ആരും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്ന് ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കി. ഇതോടെ ദേശീയ നേതൃത്വത്തെക്കൊണ്ട് സമ്മർദം നടത്താനുള്ള ശ്രമത്തിലാണ് ബിജെപി സംസ്ഥാന ഘടകം.

പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ആഗ്രഹം തുഷാർ വെള്ളാപ്പള്ളി ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ മൽസരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുമില്ല. അങ്ങനെയിരിക്കെയാണ് നയം വ്യക്തമാക്കി വെള്ളാപ്പള്ളി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തുഷാർ മൽസരിക്കണമെന്ന ആഗ്രഹം ബിജെപി വ്യക്തമാക്കിയിരുന്നു. തൃശൂർ മണ്ഡലം ബിഡിജെഎസ് ചോദിച്ച പശ്ചാത്തലത്തിൽ തുഷാർ സ്ഥാനാർത്ഥിയാകുമെങ്കിൽ വിട്ടുനൽകാമെന്നും ബിജെപിയിൽ അഭിപ്രായം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിലിലും തൃശൂരിലെങ്കിലും തുഷാർ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.പക്ഷേ, തുഷാർ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് തുറന്നുപറഞ്ഞിട്ടില്ല. അതിനിടെ വെള്ളാപ്പള്ളി ഉടക്കിട്ടതോടെ ഇതിനെ മറികടന്ന് തുഷാർ എത്തുമോ എന്ന ആകാംക്ഷയായി.

എന്നാൽ സമ്മർദ്ദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്നാണ് സൂചന. ബിജെപി കേന്ദ്രനേതൃത്വവുമായി നേരിട്ട് ചർച്ചയ്ക്ക് അവസരം ഒരുക്കാനാണ് ഇതെന്നും വിലയിരുത്തലുകൾ വരുന്നു. അങ്ങനെയെങ്കിൽ സംസ്ഥാന നേതൃത്വത്തെ വെട്ടി കൂടുതൽ സീറ്റുകൾ ബിഡിജെഎസിന് വേണ്ടി നേടിയെടുക്കാനാണ് ഇത്തരമൊരു ഇടപെടലും പ്രഖ്യാപനവുമെന്നാണ് ബിജെപി സംസ്ഥാന നേതാക്കൾ കരുതുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP