Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു; വെള്ളം തുറന്നുവിടേണ്ടി വന്നേക്കും; മുൻകരുതലുകൾ വിലയിരുത്താൻ ഉന്നതതലയോഗം ചേർന്നു

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു; വെള്ളം തുറന്നുവിടേണ്ടി വന്നേക്കും; മുൻകരുതലുകൾ വിലയിരുത്താൻ ഉന്നതതലയോഗം ചേർന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിൽ വലിയ തോതിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വെള്ളം തുറന്നുവിടുകയാണെങ്കിൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അവലോകനം ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടിൽ 2392 അടി വെള്ളമുണ്ട്. റിസർവോയറിൽ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. മഴ തുടരുന്നതുകൊണ്ട് ശക്തമായ നീരൊഴുക്കാണ്. സംഭരണിയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വെള്ളം കുറേശെ തുറന്നുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

വെള്ളം തുറന്നു വിടുകയാണെങ്കിൽ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ സർവെ നടത്താൻ തീരുമാനിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അഥോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളിൽ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്.

റവന്യൂ, ജലവിഭവ വകുപ്പുകളും കെഎസ്ഇബിയും ചേർന്നാണ് സർവെ നടത്തുക. ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ഇടുക്കി, എറണാകുളം കലക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. ഇതിന് മുമ്പ് 1992 ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്. അതിനുശേഷം തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ ഇടുക്കിയിൽ ജലനിരപ്പ് ഇത്രയും ഉയരുന്നത് ആദ്യമാണ്. ഈ സീസണിൽ ഇടുക്കിയിൽ 192.3 സെന്റിമീറ്റർ മഴ ലഭിച്ചു. ദീർഘകാല ശരാശരിയെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്.

യോഗത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ജലവിഭവ മന്ത്രി മാത്യൂ ടി തോമസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, വൈദ്യുതി ബോർഡ് സിഎംഡി എൻഎസ് പിള്ള, ദുരന്തനിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP