Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പെരിയാറിലും കൈവഴികളിലും ജലനിരപ്പ് ഉയരുന്നു; രക്ഷാപ്രവർത്തനം വിലയിരുത്തുന്നതിന് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ; കർക്കിടകവാവ് ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ കർശന നിയന്ത്രണം;ദുരിതാശ്വാസ ക്യാമ്പുകളിൽ അതിവേഗത്തിൽ ക്രമീകരണമൊരുക്കുന്നു; ദുരിത ബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ

പെരിയാറിലും കൈവഴികളിലും ജലനിരപ്പ് ഉയരുന്നു; രക്ഷാപ്രവർത്തനം വിലയിരുത്തുന്നതിന് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ; കർക്കിടകവാവ് ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ കർശന നിയന്ത്രണം;ദുരിതാശ്വാസ ക്യാമ്പുകളിൽ അതിവേഗത്തിൽ ക്രമീകരണമൊരുക്കുന്നു;  ദുരിത ബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇടമലയാർ, ഇടുക്കി അണക്കെട്ടുകൾ തുറന്നതിനെ തുടർന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തവും കാര്യക്ഷമവുമായി ഏകോപിപ്പിക്കാൻ ജില്ല ഭരണകൂടത്തിന് കഴിയുന്നുണ്ട്. ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വെള്ളപ്പൊക്കത്തിൽ നിന്നും മഴക്കെടുതിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സർക്കാർ എല്ലാ സഹായവും നൽകും.

പ്രളയബാധിത മേഖലകളിൽ അർഹതയുള്ള എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. അർഹരായവരെ കണ്ടെത്താൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തും. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് മാത്രമല്ല ദുരിതബാധിത മേഖലയിലുള്ളവർക്കെല്ലാം സഹായധനം വിതരണം ചെയ്യും. ഇതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും. ആർമി, നേവി, കോസ്റ്റ് ഗാർഡ്, ദേശീയ ദുരന്ത നിവാരണ സേന, ഫയർ ആൻഡ് റെസ്‌ക്യു തുടങ്ങിയ സേനാ വിഭാഗങ്ങളെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ആലുവ മണപ്പുറം, ചേലാമറ്റം, കീഴ്മാട്, കടമക്കുടി വില്ലേജിലെ പിഴ ല എന്നിവിടങ്ങളിലാകും സേന നിലയുറപ്പിക്കുക. ലൈഫ് ജാക്കറ്റുകൾ, ബോട്ടുകൾ തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കും.

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കും. പുതപ്പ്, തലയിണ മുതലായ സൗകര്യങ്ങൾ ലഭ്യമാക്കും. കർക്കിടക വാവ് ബലി നടത്തുന്ന ഭക്തർ ജാഗ്രത പാലിക്കണം. ബലിതർപ്പണം കർശന നിയന്ത്രണത്തോടെയാകും നടത്തുക. പൊലീസിന്റെ നിർദേശങ്ങൾ പാലിച്ച് മാത്രം ചടങ്ങുകൾ നിർവഹിക്കണമെന്ന് മന്ത്രി പറഞ്ഞു. ബലിതർപ്പണത്തിന് ഏറ്റവും കൂടുതൽ പേർ എത്തുന്ന ആലുവ മണപ്പുറം, ചേലാമറ്റം എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡുമായി സഹകരിച്ച് പുഴയിൽ നിന്ന് പരമാവധി അകന്നു നിന്ന് ചടങ്ങുകൾ നിർവഹിക്കണം.

വെള്ളപ്പൊക്കത്തെ തുടർന്ന് പകർച്ചവ്യാധികൾ പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും. ഇതിനായി പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കും. വെള്ളമിറങ്ങിയ ശേഷം തിരികെ വീട്ടിലെത്തുമ്പോൾ ചെളി അടിഞ്ഞുകൂടിയ വീടുകൾ വൃത്തിയാക്കുന്നതിന് സഹായം നൽകുന്നത് പരിഗണിക്കും. പൊതു ശുചീകരണത്തിനും പ്രത്യേക സംവിധാനമൊരുക്കം. തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാകും ശുചീകരണ പ്രവർത്തനങ്ങൾ. കർഷകർക്കുണ്ടായ കൃഷി നാശം സംബന്ധിച്ച് വിശദമായ കണക്കെടുപ്പ് നടത്തും. തെറ്റായ പ്രചരണങ്ങളിലൂടെ ജനങ്ങളിൽ ആശങ്ക പടർത്തരുത്. കൃത്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് സംവിധാനമുണ്ടാക്കും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ഓരോ പ്രദേശത്തെയും സ്ഥിതിഗതികൾ വിലയിരുത്തി.

ക്യാംപിലെത്തുന്നവർക്ക് മാത്രമല്ല ദുരിതബാധിത മേഖലയിലുള്ളവർക്കെല്ലാം സഹായധനം ലഭ്യമാക്കണമെന്ന നിർദ്ദേശം വി.ഡി. സതീശൻ എംഎ‍ൽഎയാണ് മുന്നോട്ട് വെച്ചത്. ക്യാംപിലേക്കാവശ്യമായ സാധനങ്ങൾ സപ്ലൈകോയിൽ നിന്നു മാത്രമല്ല പൊതു വിപണിയിൽ നിന്നും വാങ്ങുന്നതിന് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയുടെ കിഴക്കൻ മേഖലയായ കുട്ടമ്പുഴയിൽ ആദിവാസി കോളനിയിൽ മെഡിക്കൽ സൗകര്യം ഏർപ്പെടുത്തണമെന്ന് ജോയ്‌സ് ജോർജ് എംപി. ആവശ്യപ്പെട്ടു. വൈപ്പിൻ - കടമക്കുടി ദ്വീപ് നിവാസികൾക്കായി അധിക ബോട്ട് ഏർപ്പെടുത്തണമെന്ന് എസ്.ശർമ്മ എംഎ‍ൽഎ ആവശ്യപ്പെട്ടു. കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും കുറുങ്കോട്ട, താന്തോന്നിത്തുരുത്ത് ദ്വീപുകളിൽ ബോട്ട് അനുവദിക്കണമെന്നും ഹൈബി ഈഡൻ എംഎ‍ൽഎ ആവശ്യപ്പെട്ടു.

കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിൽ റേഷൻ, വൈദ്യസഹായം എന്നിവ അടിയന്തരമായി എത്തിക്കണമെന്ന് ആന്റണി ജോൺ എംഎ‍ൽഎ ആവശ്യപ്പെട്ടു. ആലുവ പ്രിയദർശിനി ഹാളിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ അൻവർ സാദത്ത്, ജോൺ ഫെർണാണ്ടസ്, എൽദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ, വി.കെ. ഇബ്രാഹിം കുഞ്ഞ്, അനുപ് ജേക്കബ്, എൽദോ എബ്രഹാം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, ആലുവ നഗരസഭ ചെയർപേഴ്‌സൺ ജെസി എബ്രഹാം, കളമശേരി നഗരസഭ ചെയർപേഴ്‌സൺ ജെസി പീറ്റർ, ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ആർ ഡി ഒ മാരായ എസ്.ഷാജഹാൻ, എം ടി.അനിൽകുമാർ, പൊലീസ് കമ്മീഷണർ എംപി.ദിനേശ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി.ഷീലാദേവി തുടങ്ങിയവർ പങ്കെടുത്തു.

കുടിവെള്ള ലഭ്യത ഉറപ്പാക്കും: മന്ത്രി
പെരിയാറിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് പമ്പിങ് നിർത്തിവെച്ച സാഹചര്യത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ല ഭരണ കൂടത്തിന് മന്ത്രി നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP