മരിച്ച യുവതിയെ നിരന്തരം വിളിച്ചതും തൃശ്ശൂരും കോഴിക്കോടും കൊണ്ടുപോയതും സിപിഎം ജില്ലാ സെക്രട്ടറി; പി ഗഗാറിൻ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സിം കാർഡ് ഊരിവാങ്ങി എന്നും മൂന്നാം ഭർത്താവിന്റെ പരാതി; ആത്മഹത്യ ചെയ്ത യുവതിയുടെ മരണം കൊലപാതകമെന്ന മൂന്നാം ഭർത്താവിന്റെ പരാതി ഗൂഢാലോചനയെന്ന് സിപിഎമ്മും
November 08, 2019 | 09:13 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
വയനാട്: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതിയുമായി മൂന്നാം ഭർത്താവ്. തന്റെ ഭാര്യയുടെ മരണം ആത്മഹത്യയാണ് എന്ന് വിശ്വസിക്കുന്നില്ല എന്നും കൊലപാതകമാണെന്നും കാട്ടി മരിച്ച യുവതിയുടെ മൂന്നാം ഭർത്താവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തന്റെ ഭാര്യയെ സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ നിരന്തരം ഫോണിൽ വിളിക്കുമായിരുന്നു എന്നും ഇവർ ഒരുമിച്ച് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽപോയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
യുവതിയുടെ മരണത്തിൽ ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഭർത്താവ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയിട്ടുള്ള പരാതി. യുവതിയുടെ മൂന്നാം ഭർത്താവാണ് പരാതിക്കാരൻ. മരണം ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും കൊലപാതകമാമെന്ന് സംശയിക്കുന്നെന്നുമാണ് പരാതി. ഗഗാറിൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞിരുന്നു. യുവതി ആദ്യം ഉപയോഗിച്ച ഫോണിലെ സിം കാർഡ് ഗഗാറിൻ ഊരിവാങ്ങിയെന്നും പരാതിയിലുണ്ട്. മരണത്തിൽ പ്രദേശവാസികളായ നാലുപേരെക്കൂടി സംശയിക്കുന്നെന്നും പരാതിയിൽ പറയുന്നുണ്ട്.
എസ്പി പരാതി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്പിക്ക് കൈമാറി .പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്തു. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതയിൽ ജില്ലാ സെക്രട്ടറിയുടെ പേര് വലിച്ചിഴച്ചതിൽ ഗൂഢാലോചനയുണ്ടെന്നും പാർട്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രതികരണം. മരണത്തെക്കുറിച്ചു നിഷ്പക്ഷ അന്വേഷണം വേണമെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു.
കഴിഞ്ഞ 21നു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വൈത്തിരി സ്വദേശിയുടെ ഭർത്താവാണ് പരാതി നൽകിയത്. എന്നാൽ മരണം കഴിഞ്ഞ് രണ്ടാഴ്ച്ചക്ക് ശേഷമാണ് ഇത്തരത്തിൽ പരാതിയുമായി മൂന്നാം ഭർത്താവ് എത്തുന്നത് എന്നും സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
