Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിലേക്ക് ദളിത് ആദിവാസി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തും; യുവതീപ്രവേശന വിധി നടപ്പിലാക്കാനുള്ള തടസം എന്താണെന്ന് മുഖ്യമന്ത്രി കേരളത്തോട് പറയണം; സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പിണറായി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായി ദളിത് ചിന്തകൻ സണ്ണി എം കപിക്കാട്

ശബരിമലയിലേക്ക് ദളിത് ആദിവാസി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തും; യുവതീപ്രവേശന വിധി നടപ്പിലാക്കാനുള്ള തടസം എന്താണെന്ന് മുഖ്യമന്ത്രി കേരളത്തോട് പറയണം; സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പിണറായി സർക്കാറിനുള്ള  പിന്തുണ പിൻവലിക്കുന്നതായി ദളിത് ചിന്തകൻ സണ്ണി എം കപിക്കാട്

റിയാസ് ആമി അബ്ദുള്ള

പാലക്കാട്: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പിണറായി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായി ദളിത് ചിന്തകൻ സണ്ണി എം കപിക്കാട്. ശബരിമലയിലേക്ക് ദളിത്, ആദിവാസി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വില്ലുവണ്ടി സമരത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പിലാക്കാനുള്ള തടസം എന്താണെന്ന് മുഖ്യമന്ത്രി കേരളത്തോട് പറയണമെന്നും സണ്ണി എം കപിക്കാട് ആവശ്യപ്പെട്ടു.

സപ്തംബർ 28നാണ് ശബരിമല യുവതീപ്രവേശന വിധി വന്നത്. സുപ്രീംകോടതി വിധി പറഞ്ഞാൽ അത് നിയമമാണ്. എന്നാൽ, ഇത്രകാലമായിട്ടും വിധി നടപ്പിലായിട്ടില്ല. ശബരിമലയിൽ ഒരു സ്ത്രീ പോലും പ്രവേശിക്കാതിരിക്കാൻ സംഘപരിവാരമല്ല, സർക്കാർ തന്നെ തീരുമാനമെടുത്തത് പോലെയുള്ള പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധി നടപ്പിലാക്കാൻ തടസം നിൽക്കുന്നത് മുഖ്യമന്ത്രിയുടെ പാർട്ടിയിലെ സവർണരാണെങ്കിൽ അത് പറയണമെന്നും വിധി നടപ്പിലാക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്ക് നിരുപാധികം കൊടുത്ത പിന്തുണ പിൻവലിച്ചിരിക്കുന്നുവെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. കേരളത്തിലെ ദളിത്, ആദിവാസി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് മല കയറുമെന്നും സണ്ണി എം കപിക്കാട് പ്രഖ്യാപിച്ചു. കൂട്ടമായി എത്തുന്ന തങ്ങളെ തടയാൻ സംഘപരിവാറിന് ധൈര്യമുണ്ടെങ്കിൽ തടയട്ടെയെന്നും വിധി നടപ്പിലാക്കാൻ ഇനി മുഖ്യമന്ത്രിയുടെ പുറകെ നടക്കില്ലെന്നും അത് തങ്ങൾ തന്നെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതെ സമയം സംസ്ഥാന സർക്കാർ ജനുവരി ഒന്നിന് ഒരുക്കുന്ന വനിതാ മതിലിന്റെ ഭാഗമായ 'സ്ത്രീ ആർത്തവം പൗരാവകാശം' ശിൽപശാല ബിജെപി നേതാവും പാലക്കാട് നഗരസഭാധ്യക്ഷയുമായ പ്രമീളാ ശശിധരൻ ഉദ്ഘാടനം ചെയ്തത് വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വനിതാ മതിലിനെ ബിജെപി എതിർക്കുന്നതിനിടെയാണു സംസ്ഥാനത്തു പാർട്ടി ഭരിക്കുന്ന ഏക നഗരസഭയിൽ അധ്യക്ഷ പ്രമീളാ ശശിധരൻ വനിതാ ശിശു വികസന വകുപ്പിന്റെ ശിൽപശാല ഉദ്ഘാടനം ചെയ്തത്.

വനിതാ മതിലിൽ ഹിന്ദു ഐക്യ വേദിയുടെ വനിതാ പ്രവർത്തകർ ആചാര സംരക്ഷണത്തിനായി കണ്ണി ചേർന്ന് ശരണം വിളിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആദ്യം വനിതാ മതിലിൽ പങ്കെടുക്കും എന്നറിയിച്ച സിനിമ താരം മഞ്ജുവാര്യർ പിന്നീട് പിന്മാറിയിരുന്നു. കൂടാതെ എഴുത്തുകാരി സാറ ജോസഫും വനിതാ മതിലിൽ പങ്കെടുക്കില്ല എന്നറിയിച്ചു. വനിതാ മതിലിന് മലയാള ബ്രാഹ്മണ സമാജത്തിന്റെ പിന്തുണ ഇല്ലെന്ന് സമാജം സംസ്ഥാന പ്രസിടണ്ട് ടിഎൻ നാരായണ ശർമ്മ അറിയിച്ചിരുന്നു. ഹിന്ദുക്കളെ സവർണ്ണ അവർണ്ണ വിഭാഗങ്ങളായി ചേരിതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് സമാജം ആരോപിച്ചു. വനിതാ മതിലുമായി സഹകരിക്കില്ലെന്ന് സംവരണ സമുദായ മുന്നണിയും അറിയിച്ചിരുന്നു. തുടക്കത്തിൽ കെ പി സുഗതന്റെ പേരിൽ ആരംഭിച്ച വിവാദങ്ങൾ ഇത് വരെയും കെട്ടടങ്ങാതെ വന്നതോടെ വനിതാ മതിൽ ചാപിള്ളയാകുമോ എന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP