Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിക്ക് മുന്നേ ദീദി ബ്രിട്ടണിലേക്ക്; ജൂലൈ അവസാന വാരം മമത പോകുന്നത് വിമാനം നിറയെ ബിസിനസ് സംഘവുമായി; പ്രതീക്ഷയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി

മോദിക്ക് മുന്നേ ദീദി ബ്രിട്ടണിലേക്ക്; ജൂലൈ അവസാന വാരം മമത പോകുന്നത് വിമാനം നിറയെ ബിസിനസ് സംഘവുമായി; പ്രതീക്ഷയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ യുകെ സൗഹൃദ ചർച്ചയിൽ നിഴലിട്ടിരുന്ന അവസാന ചോദ്യത്തിന് ഇനിയും ഉത്തരം ആയിട്ടില്ലെങ്കിലും സൗഹൃദ വഴികളിൽ മറ്റൊരു സന്തോഷ വാർത്ത പിറന്നിരിക്കുന്നു. മോദി എപ്പോൾ ബ്രിട്ടണിൽ എത്തും എന്നതിന് ഇനിയും ഉത്തരം ആയിട്ടില്ലെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തയായ വനിതയും ബംഗാൾ സിംഹം എന്നറിയപ്പെടുന്ന മുഖ്യമന്ത്രി മമത ബാനർജി ജൂലൈ അവസാന വാരം ബ്രിട്ടണിൽ എത്തുന്നു.

ഏറെ നാളത്തെ തയ്യാറെടുപ്പിന് ശേഷം ഉള്ള വരവിൽ രണ്ട് ഭാഗത്തും പ്രതീക്ഷകൾ ഏറെയാണ്. വിജയകരമായ സിംഗപൂർ പര്യടനത്തിന് ശേഷം കൂടുതൽ വിദേശ നിക്ഷേപം തേടിയെത്തുന്ന മമതയ്ക്ക് ഊഷ്മള സ്വീകരണം നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോൺ തന്നെ മുൻകൈ എടുക്കുമ്പോൾ തിരിച്ചു ബംഗാളിലേക്കുള്ള കയറ്റുമതിയാകും കാമറോൺ ഊന്നൽ നൽകുക. കാമറോണിന്റെ പുതിയ മന്ത്രി സഭയിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ആയി നിയമിതയായ ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ഈ കൂടിക്കാഴ്ചയിൽ നിർണ്ണായക റോൾ ഏറ്റെടുക്കുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ നിർണ്ണായക വഴിത്തിരിവ് ആയി മാറുകയാണ് മമതയുടെ വരവ്. മാത്രമല്ല മമതയ്ക്ക് ലഭിക്കുന്ന സ്വീകരണത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ഇനിയും മോദിയുടെ വരവിന് കാലതാമസം ഉണ്ടാകില്ലെന്നും സൂചനയുണ്ട്.

ജൂലൈ അവസാന വാരത്തിൽ 27 മുതൽ നാല് ദിവസത്തേക്ക് ആയിരിക്കും മമതയും സംഘവും എത്തുക. രണ്ട് വർഷം മുൻപ് ഇന്ത്യൻ സന്ദർശന വേളയിൽ കാമറോൺ നൽകിയ ക്ഷണം സ്വീകരിച്ചാണ് മമത ലണ്ടനിൽ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ഉള്ള സംസ്ഥാനങ്ങളിൽ ഒന്നായി ബംഗാളിനെ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് മമ്മത ബ്രിട്ടണിൽ എത്തുന്നത്. ഉദ്യോഗസ്ഥ തലത്തിൽ വലിയ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയാണ് മമതയുടെ വരവ്. നിക്ഷേപകർക്ക് എന്തൊക്കെ സഹായം ചെയ്യാനാകും എന്ന് കാമറോണിനെ ധരിപ്പിക്കുന്നതിനൊപ്പം ശാസ്ത്ര സാങ്കേതിക കൈമാറ്റ സാധ്യതകളും സർവകലാശാലകൾ തമ്മിൽ ഉള്ള സഹകരണവും ചർച്ചയാകും. പ്രത്യേകിച്ചും ഇന്ത്യൻ വിദ്യാർത്ഥികളുടെ യുകെയിലേക്കുള്ള വരവ് നേർ പാതിയായി കുറഞ്ഞതോടെ എങ്ങനെയും അത് തിരിച്ചു പിടിക്കണം എന്ന വാശിയിലാണ് ഇപ്പോൾ കാമറോൺ സർക്കാർ. അതിനായി വിസ ഇളവുകളും ജോലി ചെയ്യുന്നതിനുള്ള പരിധി ഇല്ലാതാക്കലും ഒക്കെ സർക്കാരിന്റെ പരിഗന്നനയിലുണ്ട്.

ബ്രിട്ടന്റെ സാംസ്‌കാരിക കാഴ്ചകൾ മമതക്ക് വേണ്ടി സർക്കാർ ഒരുക്കുന്നു എന്നാണ് ലഭ്യമായ വിവരം. ഇയ്യിടെ പാർലമെന്റ് സ്‌ക്വയറിൽ സ്ഥപിക്കപ്പെട്ട ഗാന്ധി പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തുന്ന മമത തെംസ് നദിയിൽ സവാരിയും നടത്തും. തന്റെ മന്ത്രി സഭയിലെ മുതിർന്ന അംഗങ്ങളോടൊപ്പം ആണ് മമതയുടെ വരവ് എന്നതും പ്രത്യേകതയാണ്. സംസ്ഥാന ധനകാര്യ മന്ത്രി അമിത് മിത്ര, നഗര വികസന മന്ത്രി ഫിർഹാദ് ഹക്കിം എന്നിവരും സംഘത്തിൽ ഇടം പിടിക്കും. ബംഗാളിന്റെ സമഗ്ര വികസനത്തിന് വിദേശ നിക്ഷേപമാണ് ഏക ആശ്രയം എന്ന ആശയമാണ് സിംഗപ്പൂർ ട്രിപ്പിന് ശേഷം ബ്രിട്ടൺ യാത്രയ്ക്ക് മമതയെ പ്രേരിപ്പിക്കുന്നത്. കൊൽക്കത്തയെ ലണ്ടന് സമാനമായ നഗരം ആക്കുകയാണ് തന്റെ സ്വപ്നം എന്ന് മമത പലവട്ടം പറഞ്ഞിട്ടുള്ളതിനാൽ എം 25 ഉൾപ്പെടെയുള്ള ഗതാഗത സംവിധാനം സൂക്ഷ്മമായി പഠിക്കാനും ഈ യാത്രയിൽ അവർ ശ്രദ്ധ നൽകും. ലണ്ടൻ നഗരം ദിവസവും എങ്ങനെ തിരക്കിനെ ഉൾക്കൊള്ളുന്നു എന്ന് മനസ്സിലക്കുകയാകും മമതയുടെ വരവിൽ പ്രധാനം. കൊൽക്കത്ത നഗരത്തിലെ തിരക്കും ഗതാഗത കുരുക്കും ലോകം എങ്ങും പ്രസിദ്ധമാണ്.

വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും അടക്കം 3 ഡസൻ മേധാവികളും ആയിട്ടാണ് മമത ലണ്ടനിൽ എത്തുന്നത്. ഇന്ത്യൻ ബിസിനെസ്സിലെ തന്നെ വമ്പന്മാരായ സജ്ഞീവ് ജിയോൻക, ഹർഷ് നിയോട്ടിയ, ജ്യോത്സന സുരി, വൈസി ദേവേശ്വർ, ആദി ഗോഡ്‌റെജ്, വൈ കെ മോദി, സുമിത് മജ്ഞുന്ദർ എന്നിവരൊക്കെ സംഘത്തിൽ ഇടം പിടിക്കും. സമാനമായ ഇത്തരം ഒരു സംഘവുമായാണ് മമത സിംഗപ്പൂർ സന്ദർശനം പൂർത്തിയാക്കിയത്. ലണ്ടനിലെ ഇന്ത്യൻ എംബസ്സിയും മമതയുടെ വരവിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. മമത അധികാരം ഏറ്റ ശേഷം കൊൽക്കത്ത സന്ദർശിച്ച ആദ്യ രാഷ്ട്ര തലവൻ എന്ന പെരുമ കാമറോണിനും കാമറോണിന്റെ രണ്ടാം സർക്കാരിൽ ഇന്ത്യയിൽ നിന്നെത്തുന്ന ആദ്യ വി ഐ പി എന്ന പരിഗണന മമതയ്ക്കും ലഭിക്കുന്നത് ഈ സന്ദർശനത്തെ ഏറെ പ്രത്യേകതയുള്ളതാക്കി മറ്റും. കാമറോണിന്റെ ക്ഷണത്തെ തുടർന്ന് ഇന്ത്യ യുകെ ബിസിനെസ് കൗൺസിൽ ചീഫ് പട്രീഷ ഹെവ്ട്ടും മമതയെ ലണ്ടനിലേക്ക് ക്ഷണിച്ചിരുന്നു.

ഇതോടൊപ്പം ബ്രിട്ടീഷ് ഫോറിൻ ഓഫീസിലെ ഇന്ത്യ ചുമതലയുള്ള ഹ്യുഗോ സ്വിയർ മുഖേനെയും ക്ഷണം കൈമാറി. പക്ഷെ ഈ സമയം ബ്രിട്ടൺ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയതിനാൽ പുതിയ സർക്കാർ എത്തിയ ശേഷം സന്ദർശനം നടത്താം എന്ന് കരുതി കാത്തിരിക്കുക ആയിരുന്നു മമത. ബ്രിട്ടനേക്കൾ ജന സംഖ്യയുള്ള ബംഗാളിന്റെ ഭരണ മേധാവിക്ക് കാമറോൺ നേരിട്ട് ചർച്ചക്ക് തയ്യാറാകുന്നതിൽ ഒട്ടും ഔചിത്യ കുറവില്ല എന്ന് ബ്രിട്ടീഷ് ഫോറിൻ ഓഫീസിനെ അറിയിക്കുവാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് ലണ്ടനിലെ ഇന്ത്യൻ എംബസ്സിയാണ്. ഇക്കാര്യം ഉറപ്പാക്കാൻ മമത ആവശ്യപ്പെട്ടിട്ടും ഉണ്ട്.

ദേശീയവും പ്രാദേശീയവും ആയി പ്രാധാന്യം ഉള്ള കമ്പനി തലവന്മാരെ സംഘത്തിൽ ഉൾപ്പെടുതിയാണ് മമത എത്തുക. ഇപ്പോൾ തന്നെ ബംഗാളിന്റെ നിയമ സഭയുടെ പുനഃ നിർമ്മാണത്തിൽ ബ്രിട്ടീഷ് സാങ്കേതിക സഹായം ഉറപ്പു വരുത്തിയിട്ടുള്ളതിനാൽ വികസന കാര്യത്തിൽ ഏതൊക്കെ നിലയിൽ ഈ സഹകരണം വളർത്താം എന്നാകും മുഖ്യമായും മമത അന്വേഷിക്കുക. അതേ സമയം ബംഗാളിൽ വൻ സാധ്യത ഉള്ള ഖനന മേഖലയിലാകും ബ്രിട്ടന്റെ കണ്ണ്. അടുത്തിടെ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് മൈനിങ് എക്യുപ്‌മെന്റ് നേതൃത്വം നൽകി 16 കമ്പനികളുടെ പ്രതിനിധികൾ ബംഗാളിനെ സന്ദർശിച്ച് സാദ്ധ്യതകൾ പഠിച്ചിരുന്നു. നദീ മുഖങ്ങളെ സംരക്ഷിച്ചു കൊണ്ട് നഗര വികസനം സാധ്യമാക്കുന്ന വിധം സാങ്കേതിക വിദ്യ കൈമാറ്റത്തിന് ബ്രിട്ടൺ തയ്യാറാകും. കൂടാതെ ആരോഗ്യ മേഖല, വിദ്യാഭ്യാസം, ഐ ടി, പെട്രോ കെമിക്കൽ രംഗങ്ങളും ചർച്ചയിൽ നിറയും. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങൾക്കും ഇല്ലാത്ത വികസന സാധ്യതയും വിഭവ ശേഷിയും ബംഗാളിന് ഉണ്ടെന്നാണ് ബ്രിട്ടന്റെ വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP