Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം വീട്ടിൽ ബന്ധുക്കളൊരുക്കിയ തടവറയിൽ 48കാരി കഴിഞ്ഞത് രണ്ടുപതിറ്റാണ്ടോളം; കല്ലും മണ്ണും അഴുക്കും വിസർജ്യവും കുമിഞ്ഞുകൂടിയ മുറിയിൽ കഴിഞ്ഞിരുന്ന ലത ജീവൻ നിലനിർത്തിയിരുന്നത് സഹോദരി ഒരു നേരം നൽകുന്ന ആഹാരം കഴിച്ച്; ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ മോചിപ്പിച്ച ലതയെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി; മാനസികാസ്വാസ്ഥ്യമുള്ള ലതയ്ക്ക് ആവശ്യമായ എല്ലാ ചികിൽസയും സർക്കാർ നൽകും

സ്വന്തം വീട്ടിൽ ബന്ധുക്കളൊരുക്കിയ തടവറയിൽ 48കാരി കഴിഞ്ഞത് രണ്ടുപതിറ്റാണ്ടോളം; കല്ലും മണ്ണും അഴുക്കും വിസർജ്യവും കുമിഞ്ഞുകൂടിയ മുറിയിൽ കഴിഞ്ഞിരുന്ന ലത ജീവൻ നിലനിർത്തിയിരുന്നത് സഹോദരി ഒരു നേരം നൽകുന്ന ആഹാരം കഴിച്ച്; ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ മോചിപ്പിച്ച ലതയെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി; മാനസികാസ്വാസ്ഥ്യമുള്ള ലതയ്ക്ക് ആവശ്യമായ എല്ലാ ചികിൽസയും സർക്കാർ നൽകും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : സ്വന്തം വീട്ടിൽ ബന്ധുക്കളൊരുക്കിയ തടവറയിൽ രണ്ടുപതിറ്റാണ്ടോളം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്ന നാൽപ്പത്തെട്ടുകാരിക്ക് സർക്കാർ ഇടപെടലിൽ മോചനം. കൊല്ലം നഗരപരിധിയിലുള്ള വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കവിരിയന്റരികത്ത് ലതയെയാണ് വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചത്. ഏകദേശം രണ്ടു പതിറ്റാണ്ടോളം മാനസികാസ്വാസ്ഥ്യം നേരിടുന്ന യുവതിക്ക് ഏറെ നാളായി ചികിത്സ പോലും നൽകാതെയാണ് വീട്ടുകാർ തടവിൽ പാർപ്പിച്ചിരുന്നത്.

സിമന്റ് കട്ടകൊണ്ട് നിർമ്മിച്ച ഒറ്റമുറിവീട്ടിലാണ് ലതയെ ഇരുപതുവർഷത്തോളം അടച്ചിട്ടിരുന്നത്. കല്ലും മണ്ണും അഴുക്കും വിസർജ്യവും കുമിഞ്ഞുകൂടിയ മുറിയിലേക്ക് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരി മഹേശ്വരി ജനാലവഴി ദിവസം ഒരുതവണ ഇട്ടുകൊടുക്കുന്ന ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്.പരേതരായ ചിന്നയ്യൻ ചെട്ടിയാരുടെയും രാജമ്മയുടെയും ഏഴുമക്കളിൽ ഒരാളായ ലത കൊല്ലം എസ്.എൻ.കോളേജിൽ പ്രീഡിഗ്രിവരെ പഠിച്ചിട്ടുണ്ട്. ഭർത്താവ് നേരത്തേ ഉപേക്ഷിച്ചു. പതിനേഴുകാരനായ ഏക മകൻ പോളയത്തോട്ടിലെ ചെരിപ്പുകടയിൽ ജീവനക്കാരനാണ്.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെയും വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെയും നിർദ്ദേശമനുസരിച്ച് മോചിപ്പിച്ച ലതയെ ഞായറാഴ്ച രാത്രി പത്തനാപുരം ഗാന്ധി ഭവനിലേക്ക് മാറ്റി. മാനസികാസ്വാസ്ഥ്യമുള്ള ലതയ്ക്ക് ആവശ്യമായ എല്ലാ ചികിൽസയും സർക്കാർ ഏർപ്പാടാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

വ്യാഴാഴ്ച സന്ധ്യക്ക് വനിതാ കമ്മിഷൻ അംഗത്തിന്റെ സാന്നിധ്യത്തിൽ ഇരവിപുരം പൊലീസ് എത്തി കതകു തകർത്താണ് ലതയെ മോചിപ്പിച്ചത്. മുഷിഞ്ഞു കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, തലമുടി ജടകെട്ടി, അസ്ഥികൂടം പോലെയായ അവസ്ഥയിലായിരുന്നു ഇവർ.നേരത്തേ മനോരോഗത്തിന് ചികിൽസ നടത്തിയിരുന്ന ലത വീട്ടിൽനിന്ന് ചാടിപ്പോകാതിരിക്കാനാണ് പൂട്ടിയിട്ടതെന്ന് സഹോദരി പറഞ്ഞു. സഹോദരിയുടെ വീട്ടിലാണ് ലതയുടെ മകൻ താമസിക്കുന്നത്. സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP