Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അംഗത്വത്തിലെന്നപോലെ നേതൃത്വത്തിലും വനിതകൾക്ക് തുല്യ പങ്കാളിത്തം; ഡിവൈഎഫ്.ഐ നേതൃനിരയിലേക്ക് വനിതകൾ; എല്ലാ ഘടകത്തിലും രണ്ടിലൊരു ഭാരവാഹിയായി വനിതയെ നിയോഗിക്കാൻ നീക്കം; കണ്ണൂരിൽ ലക്ഷ്യത്തിലേക്ക്

അംഗത്വത്തിലെന്നപോലെ നേതൃത്വത്തിലും വനിതകൾക്ക് തുല്യ പങ്കാളിത്തം; ഡിവൈഎഫ്.ഐ നേതൃനിരയിലേക്ക് വനിതകൾ; എല്ലാ ഘടകത്തിലും രണ്ടിലൊരു ഭാരവാഹിയായി വനിതയെ നിയോഗിക്കാൻ നീക്കം; കണ്ണൂരിൽ ലക്ഷ്യത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: സംസ്ഥാനത്താകെ ഡിവൈഎഫ്ഐ. നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നീക്കം പ്രാവർത്തികമാക്കി നേതൃത്വം. അംഗത്വത്തിലെന്നപോലെ നേതൃത്വത്തിലും വനിതകൾക്ക് തുല്യ പങ്കാളിത്തം നൽകാൻ ഡിവൈഎഫ്ഐ. ശ്രമം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം തത്വത്തിൽ നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ താഴെ തലത്തിൽ എല്ലാ ഘടകത്തിലും രണ്ടിലൊരു ഭാരവാഹിയായി വനിതയെ നിയോഗിക്കാനാണ് നീക്കം. യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായതോടെ കണ്ണൂർ ജില്ലയിൽ ഇത് നാലിൽ മൂന്നുഭാഗം വിജയിച്ചു.

'സംസ്ഥാനത്ത് ഡിവൈഎഫ്ഐ.യുടെ അംഗസംഖ്യ 48 ലക്ഷമാണ്. അതിൽ 22,30,000 വനിതകളാണ്. നേതൃത്വത്തിലും വനിതാപങ്കാളിത്തം വർധിപ്പിക്കുന്നതിനാണ് ശ്രമം. യൂണിറ്റ് തലത്തിൽ കണ്ണൂർ ജില്ലയിൽ അക്കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനായി. അടുത്തവർഷം നടക്കുന്ന സമ്മേളനങ്ങളോടെ എല്ലാ യൂണിറ്റിലും പ്രസിഡന്റോ സെക്രട്ടറിയോ വനിതയാകണമെന്ന ലക്ഷ്യത്തിലെത്താനാവും. മറ്റ് കമ്മിറ്റികളിലെ പ്രാതിനിധ്യവും വർധിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു.

കണ്ണൂർ ജില്ലയിലെ 3910 ഡിവൈഎഫ്ഐ. യൂണിറ്റിൽ 2910 യൂണിറ്റിലും ഓരോ വനിതാ പ്രസിഡന്റോ സെക്രട്ടറിയോ ആണ്. ജില്ലയിലെ മറ്റ് യൂണിറ്റുകളിലും ഇത് നടപ്പാക്കാൻ ഈ വർഷംതന്നെ ശ്രമിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ നടന്നില്ലെന്നാണ് നേതൃത്വം പറയുന്നത്. യൂണിറ്റ് നേതൃത്വത്തിൽ നടപ്പാക്കാൻ സാധിച്ച തുല്യത മേഖലാതലത്തിൽ നടപ്പാക്കാനായില്ല. ജില്ലയിലെ 265 മേഖലാ കമ്മിറ്റികളിൽ 12 ഇടത്ത് മാത്രമാണ് വനിതാ പ്രസിഡന്റോ സെക്രട്ടറിയോ ഉള്ളത്.

സംസ്ഥാനത്താകെ ഡിവൈഎഫ്ഐ. നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ ഏതാനും വർഷമായി തീരുമാനിച്ചിരുന്നെങ്കിലും വലിയ തോതിൽ വിജയിച്ചില്ല. മേഖലാ, ഏരിയാ, ജില്ലാ കമ്മിറ്റികളിൽ നാലിലൊന്നാണ് വനിതാ പ്രാതിനിധ്യം. കണ്ണൂർ ഒഴിച്ചുള്ള ജില്ലകളിൽ യൂണിറ്റ് ഭാരവാഹിസ്ഥാനത്തേക്ക് സ്ത്രീ പ്രാതിനിധ്യം പ്രതീക്ഷിച്ചതുപോലെ വർധിപ്പിക്കാനായില്ല. സംസ്ഥാനത്തെ കാൽലക്ഷത്തിലധികം ഡിവൈഎഫ്ഐ. യൂണിറ്റുകളുടെ സമ്മേളനവും പൂർത്തിയായി. 2241 മേഖലാ ഘടകങ്ങളുടെ സമ്മേളനം അവസാനഘട്ടത്തിലാണ്. യൂണിറ്റ്-മേഖലാ സമ്മേളനങ്ങൾ എല്ലാ വർഷവും നടക്കും. അതിനുമുകളിൽ ദേശീയസമ്മേളനം വരെയുള്ളത് രണ്ടുവർഷത്തിലൊരിക്കലാണ്.

നവോത്ഥാനമതിൽ സംഘടിപ്പിക്കുന്ന ഘട്ടത്തിൽ സിപിഎം. നേതൃത്വംതന്നെ പാർട്ടിയുടെ എല്ലാ ബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ വനിതാപ്രാതിനിധ്യം കൂട്ടാൻ നിർദേശിച്ചിരുന്നു. താൻ പ്രസംഗിക്കുന്ന വേദികളിൽ പുരുഷമേധാവിത്വം പാടില്ലെന്ന് മുഖ്യമന്ത്രി തന്നെ നിർദേശിച്ചിരുന്നു. വേദികളിൽ സ്ത്രീപ്രാതിനിധ്യം നിർബന്ധമാക്കാൻ സിപിഎം. നിർദേശിച്ചിട്ടുണ്ട്. ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിൽ എല്ലാതലത്തിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കണമെന്ന് വളരെ നേരത്തേതന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP