Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ

സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും. വനിതാ മാധ്യമപ്രവർത്തകയുടെ പരാതിയിൽ പ്രസ്‌കബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മാധ്യമസ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.

സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചെന്ന കേസിൽ പ്രതിയായ പ്രസ്‌ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ ഇന്ന് ഉപരോധ സമരം നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ വിമൻ ഇൻ മീഡിയ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.

നേരത്തെ സൈബർ ലോകത്തും സദാചാര ഗുണ്ടാ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വനിതാ മാധ്യമ പ്രവർത്തകരുടെ ഫേസ്‌ബുക്ക് ക്യാംപയിനാണ് ഈ വിഷയതത്തിൽ നടക്കുന്നത്. കേരളത്തിലെ മാധ്യമ പ്രവർത്തക, സ്വന്തം കുട്ടികളുടെ മുന്നിൽ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം നേരിട്ട വിവരത്തിൽ കൃത്യവും നീതി പൂർവവുമായ അന്വേഷണത്തിലൂടെ ഇരയായ മാധ്യമപ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് ഫേസ്‌ബുക്കിലൂടെ കുറിപ്പ് പങ്കു വെക്കുകയാണ് മാധ്യമപ്രവർത്തകർ.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്റെ ക്രിമിനൽ സ്വഭാവം മാധ്യമ പ്രവർത്തകരിൽ അരക്ഷിത ബോധം ഉണ്ടാക്കുന്നുവെന്നും രാധാകൃഷ്ണന്റെ അപവാദ പ്രചരണങ്ങൾ തങ്ങളുടെ സുഹൃത്തിനെ മാനസികമായി തളർത്തുന്ന തരത്തിലുള്ളതാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ മാധ്യമപ്രവർത്തകർ പറയുന്നു. ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴിൽ എടുക്കുന്നവരാണ് തങ്ങളെന്നും ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂർവവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യർത്ഥിക്കുന്നതായും പോസ്റ്റിൽ പറയുന്നു. മാധ്യമ പ്രവർത്തകരായ സ്മൃതി പരുത്തിക്കാട്, ഷാനി പ്രഭാകരൻ, ഷാഹിന നഫീസ, അപർണ തുടങ്ങി ധാരാളം പേരാണ് ക്യാംപയിനുമായി മുന്നിട്ടിറങ്ങിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി,

ഞങ്ങൾ വനിതാ മാധ്യമ പ്രവർത്തകർ, ഞങ്ങളുടെ സുഹൃത്തിനു നേരിട്ട, അനുഭവത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. ഒരു മാധ്യമ പ്രവർത്തക, സ്വന്തം കുഞ്ഞുങ്ങളുടെ ( ഏഴും എട്ടും വയസു മാത്രം പ്രായമുള്ള) മുന്നിൽ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം അങ്ങും അറിഞ്ഞിരിക്കുമല്ലോ.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ ഈ സംഭവത്തിലൂടെ വെളിവാക്കിയ ക്രിമിനൽ സ്വഭാവം ഞങ്ങൾ ഓരോരുത്തരിലും അരക്ഷിത ബോധം ഉളവാക്കുന്നു. എന്നാൽ അതിനേക്കാൾ നടുക്കം ഉണ്ടാക്കുന്നതാണ് ഞങ്ങളുടെ സുഹൃത്തിനെ മാനസികമായി പൂർണമായും തകർക്കുന്ന തരത്തിലെ അയാളുടെ അപവാദ പ്രചാരണങ്ങൾ. എഫ്.ഐ.ആർ എടുത്ത ജാമ്യമില്ലാ കേസ് നില നിൽക്കുമ്പോൾ തന്നെ രാധാകൃഷ്ണൻ ഞങ്ങളുടെ സുഹൃത്തിനെയും അവരെ പിന്തുണയ്ക്കുന്നവരെയും അങ്ങേയറ്റം അപഹസിച്ച് നിന്ദ്യമായ കഥകൾ ഇറക്കിയിട്ടുണ്ട് (അയാൾ അയച്ച മെയിൽ പരിശോധിച്ചാൽ ഇതു മനസ്സിലാകും )

രാധാകൃഷ്ണന്റെയും സത്യം അറിയാൻ ശ്രമിക്കാതെ അയാളെ പിന്തുണയ്ക്കുന്നവരുടെയും വാദങ്ങൾ കാണുമ്പോൾ പ്രതികരിക്കുന്ന സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു ഞങ്ങൾ വീണ്ടും ഉത്കണ്ഠപ്പെടുകയാണ്. ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴിൽ എടുക്കുന്നവരാണ് ഞങ്ങൾ. ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂർവവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യർത്ഥിക്കുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP