മോദിക്ക് ബഹിരാകാശത്തെ കാവൽക്കാരനാകാം; നീരവ് മോദിക്ക് വേണ്ടിയാണ് തിരുവനന്തപുരം അടക്കം ആറുവിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചത്: മോദിക്കും ബിജെപിക്കുമെതിരെ കണ്ണൂരിൽ യെച്ചൂരി
April 20, 2019 | 10:14 PM IST | Permalink

രഞ്ജിത്ത് ബാബു
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹിരാകാശത്തെ കാവൽക്കാരനാകാമെന്ന് സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കണ്ണൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ജനങ്ങളുടെ കാവൽക്കാരനാണെന്നും രാജ്യത്തിന്റെ കാവൽക്കാരനാണെന്നും ബഹിരാകാശത്തിന്റെ കാവൽക്കാരനാണെന്നുമാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. അദ്ദേഹം ഇനി ബഹിരാകാശത്തിരിക്കട്ടെ. പി.കെ. ശ്രീമതി കണ്ണൂരിൽ നിന്നും ജയിച്ച് പാർലമെന്റിലും ഇരിക്കട്ടെ. ജനാധിപത്യം സംരക്ഷിക്കാനും മതേതരത്വം നിലനിർത്താനും അഴിമതി തുടച്ചു നീക്കാനുമുള്ള തെരഞ്ഞെടുപ്പാണിത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 20 ൽ 18 സീറ്റും ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തെ തിരുവനന്തപുരം ഉൾപ്പെടെയുള്ള ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചിരിക്കയാണ്. നീരവ് മോദിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും യച്ചൂരി ആരോപിച്ചു. രാജ്യത്ത് ജാതി-മത -വർഗ്ഗ വ്യത്യാസമില്ലാതെ ജനങ്ങൾ കഴിയുന്ന സംസ്ഥാനമാണ് കേരളം. പ്രബുദ്ധരായ ഇവിടുത്തെ ജനങ്ങൾ ഇടതുപക്ഷ മുന്നണിയെ വിജയിപ്പിക്കുമെന്നും യച്ചൂരി പറയുന്നു. കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് യച്ചൂരി ചോദിച്ചു. ബിജെപി. -കോൺഗ്രസ്സ് അക്രമത്തിൽ കൊല്ലപ്പെട്ട സിപിഎം. രക്തസാക്ഷി കുടുംബങ്ങളിൽ പെട്ടവരെ യച്ചൂരി ചടങ്ങിൽ വെച്ച് ആദരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ,സ്ഥാനാർത്ഥി പി.കെ. ശ്രീമതി, തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.