Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോപിക എംബിബിഎസിന് ചേർന്നത് പ്ലസ് ടുവിന് തോറ്റശേഷം; രേഖകൾ ഉണ്ടാക്കി നൽകിയത് 17കാരൻ

ഗോപിക എംബിബിഎസിന് ചേർന്നത് പ്ലസ് ടുവിന് തോറ്റശേഷം; രേഖകൾ ഉണ്ടാക്കി നൽകിയത് 17കാരൻ

തിരുവനന്തപുരം: വ്യാജരേഖകൾ ഉണ്ടാക്കി എംബിബിഎസ് ക്ലാസിലിരുന്ന് പഠിച്ച പെൺകുട്ടി +2 വും ജയിച്ചിട്ടില്ല. +2വിന്റെ വ്യാജമാർക്ക് ലിസ്റ്റ് ഉണ്ടാക്കിയാണ് ഗോപിക എൻട്രൻസ് പരീക്ഷയും എഴുതിയത്. സംഭവത്തിൽ വ്യാജരേഖകൾ ഉണ്ടാക്കാൻ പെൺകുട്ടിയെ സഹായിച്ച 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ കൊഞ്ചിറവിള സ്വദേശിയായ പോളിടെക്‌നിക് വിദ്യാർത്ഥിയെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജരേഖ ചമച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് ക്ലാസിലിരുന്ന ഗോപിക നായരെ(19) പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. അഡ്‌മിഷൻ ലഭിക്കാതെയാണ് പെൺകുട്ടി ക്ലാസിലിരിക്കുന്നതെന്ന് മനസിലാക്കിയ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് ഗോപികയെ അറസ്റ്റ് ചെയ്തത്. ഹാജർ വിളിക്കുമ്പോൾ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് പെൺകുട്ടി പരാതി പറഞ്ഞിരുന്നു. തുടർന്ന് കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് അഡ്‌മിഷൻ നേടിയവരിൽ ഗോപികയുടെ പേരില്ലെന്ന് വ്യക്തമായത്. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ അധികൃതർ കുട്ടിയോട് നിർദേശിച്ചിരുന്നു. ഹാജരാക്കിയ രേഖകളിൽ 101060 എന്ന ചെല്ലാൻ നമ്പരാണ് ഉണ്ടായിരുന്നത്. ഇത് മറ്റൊരു കുട്ടിയുടേതായിരുന്നു. വൈറ്റ്‌നർ കൊണ്ട് തിരുത്തിയ നിലയിലായിരുന്നു രേഖകൾ. ഇതോടെ വ്യാജ രേഖകളാണു ഗോപികയുടെ കൈവശം ഉള്ളതെന്ന് വ്യക്തമായി.

തിരുവല്ലം സ്വദേശിയായ മറ്റൊരു പെൺകുട്ടിയുടെ റോൾനമ്പരിലുള്ള അലോട്ട്‌മെന്റ് മെമോയിൽ ഫോട്ടോയും, പേരും, മെഡിക്കൽ റോൾ നമ്പരും തിരുത്തിയാണ് ഗോപിക കോളേജിലെത്തിയതെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിൽ ഗോപിക +2 പരീക്ഷയിലും തോറ്റെന്ന് കണ്ടെത്തി. തിരുത്തിയ മാർക്ക് ലിസ്റ്റ് ഹാജരാക്കി എൻട്രൻസ് പരീക്ഷ എഴുതിയതായും, മെഡിക്കൽ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ പെൺകുട്ടി ഉൾപ്പെട്ടിട്ടില്ലെന്നും തെളിഞ്ഞു.

ബസ് യാത്രയ്ക്കിടെയാണ് ഗോപിക 17 കാരനെ പരിചയപ്പെടുന്നത്. തുടർന്ന് ഗോപികയുടെ ആവശ്യപ്രകാരം ഇയാൾ രേഖകൾ തരപ്പെടുത്തുകയായിരുന്നു. ഇതിനായി ഇരുവരും ചേർന്ന് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച മറ്റു വിദ്യാർത്ഥിയുടെ അഡ്‌മിഷൻ രേഖകൾ വാങ്ങി നോക്കി. ഇതനുസരിച്ച് വ്യാജമായി രേഖകളും അലോട്ട്‌മെന്റ് മെമോകളും നിർമ്മിക്കുകയും ചെയ്തു. 20,000 രൂപ പെൺകുട്ടിയിൽ നിന്ന് വാങ്ങിയാണ് വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയത്. രേഖകൾ നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP