Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെറി പറയുന്നവർ തെറി കേൾക്കുമ്പോൾ എന്തിനാണ് പൊട്ടി തെറിക്കുന്നത്; കൊടുത്താൽ കൊല്ലത്തും കിട്ടുന്നത് ഇങ്ങനെ

തെറി പറയുന്നവർ തെറി കേൾക്കുമ്പോൾ എന്തിനാണ് പൊട്ടി തെറിക്കുന്നത്; കൊടുത്താൽ കൊല്ലത്തും കിട്ടുന്നത് ഇങ്ങനെ

യാതൊരുവിധ ആധികാരിക തെളിവുകളുമില്ലാതെ സ്വന്തം വ്യക്തിതാൽപര്യങ്ങളുടെ പേരിൽ പ്രായമോ പ്രവർത്തന പാരമ്പര്യമോ നോക്കാതെ, ജനപിന്തുണ മനസ്സിലാക്കാതെ മറ്റുള്ളവരെ തെറിപറഞ്ഞുകൊണ്ടിരുന്ന ചിലരെ ജനങ്ങൾ തെറിപറഞ്ഞപ്പോൾ അതു 'വാർത്ത'യായി, അതെങ്ങനെ ശരിയാകും. കൊടുക്കുന്നവർ വാങ്ങാനും തയാറാകണം. അതിനെപ്പറ്റി 13-3-2016-ൽ മാദ്ധ്യമവിചാരണയും മറുവിചാരണയും എന്ന തലക്കെട്ടിൽ കാലാകൗമുദിയിൽ ഗീതാ നസീർ ഇങ്ങനെ എഴുതി:

മാദ്ധ്യമ വിചാരണയും മറുവിചാരണയും

മാധ്യമവിചാരണയ്ക്ക് ഒരു മറുവിചാരണ ആരംഭിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയവിഷയങ്ങളിൽ രാത്രികാലത്തെ ന്യൂസ് അവറിൽ അലക്കി വെളുപ്പിക്കുന്ന രീതി മാദ്ധ്യമ എത്തിക്സിന്റെ ഏത് അളവുകോലുകൊണ്ട് അളക്കാനാവുമെന്നറിയില്ല. അഴിമതി തുറന്നുകാട്ടാനുള്ള ആത്മാർത്ഥ ശ്രമങ്ങൾ കേരളത്തിൽ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. അതൊക്കെ അപസർപ്പക കഥകളും തമാശക്കഥകളുമായി അധഃപതിക്കുകയാണു പതിവ്. അഴിമതിയും ദുർഭരണവും വ്യവസ്ഥയുടെ കൂടപ്പിറപ്പുകളാകുന്നതുകൊണ്ട് മാദ്ധ്യമങ്ങൾ മാത്രം വിചാരിച്ചാൽ അവയൊന്നും ഇല്ലാതാക്കാനാകില്ലല്ലോ.

എന്നാൽ ചിലതൊക്കെ ഉണ്ടാക്കാൻ വെളിച്ചപ്പാടുകളാകുന്ന മാദ്ധ്യമങ്ങളെ ഇന്ത്യ ഭയക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഓശാനപാടുന്ന മാദ്ധ്യമപ്രവർത്തനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്ര നഗ്‌നമായി രംഗത്തുവന്നതിപ്പോഴാണ്. കനയ്യകുമാർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായി വ്യാജ ക്ലിപ്പിംഗുകൾ വിഷ്വലുകളിൽ തിരുകിക്കയറ്റി രാജ്യമാകെ പ്രചരിപ്പിച്ച് ദേശസ്നേഹബോധത്തെപ്പോലും ഒരു വിഭാഗം മാദ്ധ്യമങ്ങൾ അപമാനിച്ചു. ഇതല്ലേ യഥാർത്ഥത്തിൽ ഏറ്റവും വലിയ രാജ്യദ്രോഹം? ഇതു ചെയ്തവരെ ആരു വിചാരണ ചെയ്യും?
സിപിഐ നേതാവ് രാജയുടെ മകൾക്കും രക്ഷയില്ല.

സിപിഐ. നേതാവും രാജ്യസഭാംഗവുമായ ഡി. രാജയുടെയും സിപിഐ. ദേശീയ എക്സിക്യൂട്ടീവ് അംഗവും എൻ.എഫ്.ഐ.ഡബ്ലിയു ദേശീയ സെക്രട്ടറിയുമായ ആനി രാജയുടെയും മകൾ അപരാജിത ജെ.എൻ.യു-എ.ഐ.എസ്.എഫ്. നേതാവാണ്. അവിടെ നടക്കുന്ന തീക്ഷ്ണമായ ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം നൽകുന്ന അപരാജിതയെ ഐ.എസ്. ബന്ധമാരോപിച്ച് അപകീർത്തിപ്പെടുത്താൻ മംഗളം പത്രം തയാറായത് ഈ നവമാദ്ധ്യമ സംസ്‌കാരത്തിന്റെ പ്രേതം അവരിൽ ആവാഹിക്കപ്പെട്ടതുകൊണ്ടാണ്. ഉദ്ദിഷ്ടകാര്യത്തിന് എല്ലാവർക്കും കോർപ്പറേറ്റുകൾ ഉപകാരസ്മരണ നടത്തുന്ന കഥകൾ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥനായതും മറ്റു പലരും മറ്റു പലതുമാകുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. എന്നാൽ സ്വന്തം അമ്മയെ അപമാനിക്കാൻ കൂട്ടുനിൽക്കുന്നവർക്ക് രാജ്യസ്നേഹമുണ്ടാകണമെന്ന് ആഗ്രഹിക്കാൻ പാടില്ലല്ലോ. ഒരു വാർത്ത സൃഷ്ടിച്ചേക്കാവുന്ന വരുംവരായ്കകളെക്കുറിച്ച് ഉത്തമബോധ്യത്തോടെയാണ് മേൽപ്പറഞ്ഞവരെല്ലാം വാർത്തകൾ പടച്ചുവിടുന്നത്. അതാണ് മതേതര ജനാധിപത്യസ്നേഹികളെ ഏറെ ഉൽക്കണ്ഠാകുലരാക്കുന്നത്.

സിന്ധു സൂര്യകുമാർ എന്ന മാദ്ധ്യമപ്രവർത്തകയ്ക്കു നേരിട്ടത് ഇതിന്റെ മറുപുറമാണ്. പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിച്ച് ഒരു പ്രത്യേക പ്രഭവകേന്ദ്രത്തിൽനിന്നും കിട്ടിയ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ കൃത്യനിർവ്വഹണം നടത്തുകയായിരുന്നു. സിന്ധുവിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയും വേശ്യയെന്നടക്കമുള്ള അസഭ്യപ്രയോഗങ്ങൾ നടത്തി അപമാനിച്ചും അരങ്ങുതകർത്തവർ ജാമ്യത്തിലിറങ്ങവേ തിലകംചാർത്തി മാലയിട്ട് സ്വീകരണം നൽകുന്നതിനെ എന്തു പേരിട്ടു വിളിക്കണം? (വാർത്താചാനൽ ശൈലിയിൽഒരാൾ വേശ്യയാണെന്നു പറഞ്ഞാൽ മറിച്ച് തെളിവുകളുടെ പിൻബലത്തിൽ വേശ്യ അല്ലെന്നു തെളിയിക്കുന്നതുവരെ വേശ്യ എന്ന ആരോപണം നിലനിൽക്കുമെന്നല്ലേ ഇവരൊക്കെ ചാനൽ വാർത്തയിൽ നിലപാടെടുക്കുന്നത് ?)

ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചില്ലേ? അഫ്സൽ ഗുരു അനുസ്മരണം നടത്തിയില്ലേ? കനയ്യ രാജ്യദ്രോഹിയല്ലേ. അപരാജിതയ്ക്ക് ഐ.എസ്. ബന്ധമില്ലേ? സിന്ധു സൂര്യകുമാറിന്റെ പ്രശ്നം എഡിറ്റ് പേജിലൊക്കെ വിഷയമാക്കാൻവേണ്ടി ഉണ്ടോ? എന്നൊക്കെയുള്ള സംശയങ്ങൾ ഇപ്പോഴും ഇവിടെ ഉന്നയിക്കപ്പെടുന്നത് ഫാസിസത്തിന്റെ ഭീകരത ഉൾക്കൊള്ളാൻ പരാജയപ്പെട്ടുപോകുന്ന മനസ്സുകളാണ്. ഹിറ്റ്ലർ ദേശീയത കത്തിക്കാളിക്കുമ്പോൾ ഗീബൽസ് കല്ലുവച്ച നുണകൾ ആവർത്തിക്കുകയായിരുന്നു.

അച്യുതമേനോന്റെ മകൻ രാമൻകുട്ടിയുടെ അനുഭവം

ർമ്മനിയിലെ സന്ദർശനത്തിനിടയിൽ പല്ലും എല്ലും കൂമ്പാരമായിക്കിടക്കുന്ന കോൺസൻട്രേഷൻ ക്യാമ്പുകളിലെ നടുക്കുന്ന കാഴ്ച കണ്ണിൽ ഇപ്പോഴുമുണ്ട്. ഹിറ്റ്ലറിന്റെ ടോർച്ചർ സെല്ലുകളുടെ ഭീകരതയും മനസ്സിലുണ്ട്. അച്ചുതമേനോന്റെ മകൻ ഡോ. രാമൻകുട്ടി കനയ്യ സംഭവം നടക്കുമ്പോൾ ഡൽഹിയിലുണ്ടായിരുന്നു. ജെ.എൻ.യു. വിദ്യാർത്ഥികളോടൊപ്പം പ്രകടനത്തിൽ പങ്കുചേർന്ന കാര്യം ഫേസ്‌ബുക്കിൽ കുറിച്ചിട്ടു. ഇതുവരെ മാന്യന്മാരായിരുന്ന മഹദ്വ്യക്തികൾ പലരും രാമൻകുട്ടിക്കെതിരെ തിരിഞ്ഞു എന്നു മാത്രമല്ല ഒരു രാജ്യദ്രോഹിയെ നിങ്ങൾക്കെങ്ങനെ പിന്തുണയ്ക്കാൻ കഴിയുന്നു എന്നു ചോദിച്ച് രാമൻകുട്ടിയെ സുഹൃത്ത്പട്ടികയിൽനിന്ന് നീക്കുകപോലും ചെയ്തു. തിരിച്ചറിവിന്റെ കാലമാണ്. കമ്മ്യൂണിസ്റ്റ് രക്തത്തിനും ദളിത് ന്യൂനപക്ഷങ്ങൾക്കും സന്ദേഹമുണ്ടാകില്ല. മറ്റുള്ളവർ തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോകുമോ എന്നാണു പേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP