Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തും വിളിച്ചുപറയലാകരുത് റിപ്പോർട്ടിങ്

എന്തും വിളിച്ചുപറയലാകരുത് റിപ്പോർട്ടിങ്

കോടതി റിപ്പോർട്ടിംഗിനെപ്പറ്റി ഏറെ ഗൗരവത്തോടെ ഈ വിഷയത്തെ നേരിട്ടത് ജസ്റ്റീസ് കെമാൽ പാഷയായിരുന്നു. 13-12-2015-ൽ അദ്ദേഹം പറഞ്ഞത് ''എന്തും വിളിച്ചുപറയലാകരുത് റിപ്പോർട്ടിങ്'' എന്നായിരുന്നു. ഫ്രീഡം, ലിബർട്ടി എന്നീ പദങ്ങളുടെ അർത്ഥം മനസ്സിലാക്കണമെന്നുകൂടി അദ്ദേഹം ഉപദേശിച്ചു. ദീപിക ദിനപത്രത്തിൽ വന്ന അതിന്റെ പ്രസക്തഭാഗങ്ങളിങ്ങനെ:

എന്തും വിളിച്ചുപറയലാകരുത് റിപ്പോർട്ടിങ്: - ജസ്റ്റീസ് കെമാൽ പാഷ

കച്ചവടതന്ത്രം മനസ്സിൽവച്ച് എന്തെങ്കിലും വിളിച്ചുപറയലാകരുത് വാർത്ത റിപ്പോർട്ടിങ് എന്നു ഹൈക്കോടതി ജസ്റ്റീസ് ബി. കെമാൽ പാഷ.

കോടതി റിപ്പോർട്ടിങ് സംബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച പരിശീലന പരീപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉറപ്പില്ലാത്ത കാര്യങ്ങൾ വിളിച്ചുപറയലാകരുത് റിപ്പോർട്ടിങ്.

നിയമസംവിധാനത്തിനു കോട്ടം തട്ടാതെയും ജനങ്ങൾക്ക് അതിലുള്ള വിശ്വാസം നഷ്ടപ്പെടാതെയും വേണം കോടതി വാർത്തകൾ കൈകാര്യം ചെയ്യാൻ. തുറന്ന കോടതിയിലെ പരാമർശങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ, എന്തൊക്കെ പറയാം എന്ന കാര്യത്തിൽ മാദ്ധ്യമങ്ങൾക്കു സ്വയം നിയന്ത്രണം വേണം.

തുറന്ന കോടതിയിൽ പറയുന്ന കാര്യങ്ങളൊക്കെ സമൂഹത്തിന്റെ മുന്നിൽ എത്തണം എന്നു കരുതുന്നയാളാണ് താൻ. എന്നാൽ, കോടതിയിൽ നടത്തുന്ന പരാമർശങ്ങളിൽ കേസിൽ പ്രസക്തമല്ലാത്ത കാര്യങ്ങൾ റിപ്പോർട്ടുചെയ്യുന്നതു കരുതലോടെ വേണം. കാരണം, കേസിൽ പ്രസക്തമല്ലാത്ത കാര്യങ്ങൾ വിധിന്യായത്തിൽ ഉണ്ടാവില്ല. അതു റിപ്പോർട്ടു ചെയ്യുന്നയാളെ കൂടുതൽ കുഴപ്പത്തിലേക്കു കൊണ്ടുചെന്നെത്തിച്ചേക്കാം. മാനനഷ്ടക്കേസ്,. കോടതിയലക്ഷ്യം പോലുള്ള വ്യവഹാരങ്ങൾക്കും വഴിവച്ചേക്കാം.

കരുതലും നിയന്ത്രണവും എങ്ങനെ വേണമെന്ന കാര്യം മാദ്ധ്യമങ്ങൾതന്നെ തീരുമാനിക്കണം.

ജഡ്ജി എന്ന നിലയിൽ താൻ തുറന്ന കോടതിയിൽ പറയുന്ന കാര്യങ്ങൾ വിധിന്യായത്തിലും ഉണ്ടാകും. അതുകൊണ്ടുതന്നെ താൻ നടത്തുന്ന പരാമർശങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു പ്രശ്നമാകില്ല. എന്നാൽ, എല്ലായിടത്തും എല്ലായ്‌പ്പോഴും അതുതന്നെയാവണമെന്നില്ല സാഹചര്യം.

കോടതി നടത്തുന്ന നിരീക്ഷണങ്ങളെല്ലാം കണ്ടെത്തലുകളല്ല. കോടതിക്കു കേസ് കേൾക്കുന്നതിനിടെ ഒരുപാടു സംശയങ്ങൾ വരാം. അതൊക്കെ വാദിക്കുന്നയാളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലേക്കു പല പരാമർശങ്ങളും നടത്തിയെന്നും വരാം. അതൊക്കെ കണ്ടെത്തലായി റിപ്പോർട്ടിങ് നടത്തുമ്പോൾ സ്വന്തം അഭിപ്രായങ്ങൾ അതിലേക്കു ലേഖകർ കയറ്റുകയും ചെയ്യരുത്.

ചലച്ചിത്രങ്ങൾക്കെന്നപോലെ ടെലിവിഷൻ സീരിയലുകൾക്കു സെൻസറിങ് വേണം. സമൂഹത്തിൽ പല അപചയങ്ങൾക്കും ടെലിവിഷൻ സീരിയലുകൾ കാരണമാകുന്നതായി ആക്ഷേപമുണ്ടെന്നും ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു.

ഫ്രീഡം, ലിബർട്ടി എന്നീ പദങ്ങളുടെ അർത്ഥം മനസ്സിലാക്കണം.

മാദ്ധ്യമങ്ങൾക്കുള്ള സ്വാതന്ത്ര്യത്തെ മനസ്സലാക്കാൻ ഫ്രീഡം, ലിബർട്ടി എന്നീ പദങ്ങളുടെ അർത്ഥം മനസ്സിലാക്കണമെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബി. കെമാൽ പാഷ.

ഫ്രീഡം എന്നാൽ സ്വാതന്ത്ര്യം. എന്നാൽ, ലിബർട്ടി ഉപാധികളില്ലാത്ത സ്വാതന്ത്ര്യമല്ല. നിയന്ത്രണങ്ങൾക്കു വിധേയമായിട്ടുള്ള സ്വാതന്ത്ര്യമാണു ലിബർട്ടി. റെഗുലേറ്റഡ് ഫ്രീഡം എന്നാണതിനെ നിർവ്വചിച്ചിരിക്കുക. മാദ്ധ്യമങ്ങൾക്കുള്ളതു കേവല സ്വാതന്ത്ര്യമല്ല, ലിബർട്ടിയാണ്. അതു മനസ്സിലാക്കിവേണം റിപ്പോർട്ടിങ് നടത്താൻ.

ബോധ്യമില്ലാത്ത കാര്യങ്ങളും പറയാൻ കൊള്ളാത്ത കാര്യങ്ങളും പറയരുത്. ഉയർന്ന ധാർമികബോധം റിപ്പോർട്ടിംഗിൽ കാത്തുസൂക്ഷിക്കണം.

മാദ്ധ്യമവിചാരണ എന്നു പറയുന്നതിനൊന്നും ഞാൻ എതിരല്ല. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളും ആളുകൾ ചിന്തിക്കുന്നതുമൊക്കെ ജഡ്ജിമാരും മനസ്സിലാക്കിയിരിക്കണം.

സത്യത്തിൽ ആരാണ് ഭരിക്കുന്നതെന്നു ചോദിച്ചാൽ, ഇന്നത്തെ സാഹചര്യത്തിൽ മീഡിയ ആണെന്നു പറയേണ്ടിവരും. അത്രയുണ്ട് മാദ്ധ്യമങ്ങളുടെ പ്രാധാന്യം. എന്നാൽ, മീഡിയ എല്ലാ കാര്യങ്ങളും ലൈവ് ആയി കാണിക്കുന്നതുകൊണ്ടുണ്ടാകുന്ന അപകടം മുംബെയിലെ ഭീകരാക്രമണസമയത്ത് ലോകം കണ്ടതാണ്.

കോടതിവിധിയെ വിമർശനങ്ങൾക്കു വിധേയമാക്കാം. എന്നാൽ, ജഡ്ജിയെ വിമർശനത്തിനു പാത്രമാക്കരുത്. ജഡ്ജിക്കു തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ഇല്ലെന്നുതന്നെ കാരണം. ഒരുവിഷയത്തിൽ സുപ്രീം കോടതി അവസാന വിധി പറഞ്ഞുകഴിഞ്ഞാൽ അക്കാര്യത്തിൽ അന്തിമതീരുമാനമായി. കാരണം, മറ്റു കോടതികൾക്കില്ലാത്ത അവസാന തീർപ്പ് കല്പിക്കാനുള്ള അധികാരം (പ്ലീനറി പവർ) സുപ്രീം കോടതിക്കുണ്ട്. മാദ്ധ്യമങ്ങൾതമ്മിലുള്ള മത്സരമാണു മറ്റൊരു പ്രധാന പ്രശ്നം.

വേറൊരാൾ ചെയ്യുമെന്നു കരുതി റിപ്പോർട്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്തു സ്വയം കുഴിതോണ്ടാതിരിക്കാൻ ഓരോ മാദ്ധ്യമപ്രവർത്തകനും ശ്രദ്ധിക്കണം. അനാരോഗ്യകരമായ മത്സരം ഒഴിവാക്കിയാൽ തന്നെ നല്ല പങ്കു പ്രശ്നങ്ങളും തീരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP