Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരസ്യപ്പണം കിട്ടാൻ മാദ്ധ്യമങ്ങൾ ഇനി എന്തെല്ലാം വിൽക്കണം?

പരസ്യപ്പണം കിട്ടാൻ മാദ്ധ്യമങ്ങൾ ഇനി എന്തെല്ലാം വിൽക്കണം?

മാധ്യമത്തിന്റെ 2015 മെയ്‌ 11-ലെ പത്രം പ്രത്യേക പതിപ്പിൽ എൻ.പി. രാജേന്ദ്രൻ എഴുതിയതിങ്ങനെ: ഈയിടെ അന്തരിച്ച പ്രശ്സ്ത എഡിറ്ററും ഗ്രന്ഥകാരനുമായ വിനോദ് മേത്തയുടെ ഒടുവിലത്തെ പുസ്തകത്തിൽ - എഡിറ്റർ അൺപ്ലഗ്ഡ് - ഒരുപാടു കാര്യങ്ങൾ തുറന്നെഴുതിയിട്ടുണ്ട്. അതിലൊരു കാര്യം അദ്ദേഹം സ്ഥാപക എഡിറ്ററായിരുന്ന ഔട്ട്ലുക്കുമായി ബന്ധപ്പെട്ടതാണ്. നീണ്ടകാലം സ്ഥാപന ഉടമസ്ഥരുമായി നല്ല സൗഹൃദത്തിൽ പ്രവർത്തിച്ചുപോന്നു വിനോദ് മേത്ത. മേത്ത തന്റെ ആദ്യ പുസ്തകമായ 'ലഖ്നൗ ബോയി'യിൽ രഹേജയെ വിശേഷിപ്പിക്കുന്നത് 'ഉടമസ്ഥന്മാർക്കിടയിലെ രാജകുമാരൻ' എന്നായിരുന്നു. ഈ രാജകുമാരനും ഒടുവിലായപ്പോൾ അദ്ദേഹത്തെ എഡിറ്റർ ചുമതലകളിൽനിന്നു മാറ്റി, എഡിറ്റോറിയൽ ചെയർമാൻ എന്ന വിചിത്ര പദവിയിലേക്കു തട്ടേണ്ടിവന്നു. ഉടമസ്ഥർ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ വിനോദ് മേത്ത സ്ഥാപനത്തിനു പുറത്താകുമായിരുന്നു! കാരണം, അത്ര വലിയ ക്രൂരതയാണ് അദ്ദേഹം ആ സ്ഥാപനത്തോടു ചെയ്തത്. കോടാനുകോടിയുടെ പരസ്യനഷ്ടം. ഏതു മാനേജ്മെന്റ് സഹിക്കുമത്?

ഇന്ത്യൻ രാഷ്ടീയത്തെയും മാദ്ധ്യമലോകത്തെയും കോർപറേറ്റ് ലോകത്തെയുമെല്ലാം പിടിച്ചുകുലുക്കിയ സ്ഫോടനാത്മകമായ ഒരു വാർത്ത പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെട്ടതിനാണ് വിനോദ് മേത്ത എന്ന വലിയ എഡിറ്റർക്ക് ഇങ്ങനെ സംഭവിച്ചതെന്ന് ഇന്നു നമുക്കറിയാം. നീര റാഡിയ ടേപ്പുകൾ എന്ന വാർത്താപരമ്പരയിലൂടെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും മാത്രമല്ല ദൃശ്യമാദ്ധ്യമരംഗത്തെ പല ഗ്ലാമർതാരങ്ങളുടെയും തനിരൂപം പുറത്തുവന്നു. നീര റാഡിയ എന്ന കോർപറേറ്റ് ലോബിയിസ്റ്റ് എങ്ങനെയാണ് ദേശീയ നയങ്ങളെപ്പോലും സ്വാധീനിച്ചുപോന്നതെന്നും ചാനലുകളിൽ ധാർമ്മികതയുടെ തീപ്പൊരി ചിതറിക്കാറുള്ള വ്യക്തികൾ എങ്ങനെയെല്ലാമാണ് അവർക്ക്, സഹായികളായതെന്നും വെളിവാക്കുന്ന ടേപ്പുകൾ വിനോദ് മേത്ത എന്ന എഡിറ്റർ പ്രസിദ്ധപ്പെടുത്തുന്നത് അതു വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാവണം.

പക്ഷേ, തുറന്നുകാട്ടപ്പെട്ടവരിൽ ഒരാൾ ഇന്ത്യയിലെ വലിയ കോർപറേറ്റുകളിൽ ഒന്നായ ടാറ്റ ആയിരുന്നു. ബർക്ക ദത്തിന്റെയും മറ്റും പേരുകളാണ് മാദ്ധ്യമങ്ങളിൽ കൂടുതൽ ചർച്ചചെയ്യപ്പെട്ടതെങ്കിലും യഥാർത്ഥത്തിൽ ഈ സ്റ്റിങ് ഓപ്പറേഷനിൽ ഒന്നാം പ്രതിസ്ഥാനത്തുണ്ടായിരുന്നത് രത്തൻ ടാറ്റ ആയിരുന്നു. മീര റാഡിയ ടേപ്പുകൾ പ്രസിദ്ധീകരിക്കുന്നത് തടയാൻ കോടതിയിൽ പോയത് ടാറ്റയാണ്. അത്രയ്ക്കുണ്ടായിരുന്നു അവർക്ക് അതിൽ താൽപര്യം. നീര റാഡിയ ആണ് രത്തൻ ടാറ്റ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷൻസ് ചുമതലകൾ വഹിച്ചിരുന്നത്. അനുമോദിക്കപ്പെടേണ്ടതല്ല, ശിക്ഷിക്കപ്പെടേണ്ടതാണ് വിനോദ് മേത്തയുടെ ധീര പത്രപ്രവർത്തനം എന്ന് ടാറ്റാക്ക് ഉറപ്പുണ്ടായിരുന്നു. അവർ തിരുത്തുകൊടുപ്പിക്കാനോ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കാനോ ഒന്നും മുതിർന്നില്ല. ഔട്ട്ലുക്ക് മാദ്ധ്യമവുമായുള്ള എല്ലാ ബന്ധവും അവർ ഉപേക്ഷിച്ചു. പത്രസ്വാതന്ത്ര്യം തകർത്തു എന്നൊന്നും അവരെക്കുറിച്ച് പറയാൻ പറ്റില്ലല്ലോ. എന്തു വാർത്ത കൊടുക്കണം എന്ന് തീരുമാനിക്കാൻ പത്രാധിപർക്കു സ്വാതന്ത്ര്യം ഉള്ളതുപോലെ ആർക്ക് പരസ്യം കൊടുക്കണം എന്നു തീരുമാനിക്കാനുള്ള അധികാരം കോർപറേറ്റ് ഉടമകൾക്കും ഉണ്ടല്ലോ. ഔട്ട്ലുക്കിന്റെ പരസ്യനഷ്ടം വർഷംതോറും അഞ്ചുകോടിയിലേറെയാണ്. അതു തുടരുകയാണ്.

മറ്റൊരു മാദ്ധ്യപ്രവർത്തകൻ അടുത്തകാലത്ത് എഴുതിയ ഒരു പുസ്തകത്തിലൂടെക്കൂടി ഒന്നു കണ്ണോടിക്കാം. രജ്ദീപ് സർദേശായിയുടെ '2014 ദ ഇലക്ഷൻ ദാറ്റ് ചെയ്ഞ്ച്ഡ് ഇന്ത്യ' എന്ന പുസ്തകത്തിൽ അദ്ദേഹം സി.എൻ.എൻ.ഐ.ബി.എൻ ചാനലിന്റെ എഡിറ്റർ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്ന സാഹചര്യത്തിന്റെ പശ്ചാത്തലം വിവരിച്ചിട്ടുണ്ട്. ഇതിൽ പരസ്യവരുമാനമല്ല പ്രശ്നം. ഇന്ത്യാ സർക്കാർ ഗ്യാസ് വില വർദ്ധിപ്പിച്ചതുവഴി റിലയൻസ് കമ്പനിക്ക് 54,000 കോടി രൂപ ലാഭമുണ്ടായെന്നും ഇത് ജനങ്ങൾക്കുണ്ടായ നഷ്ടമാണെന്നുമുള്ള കെജ്രിവാളിന്റെ നിലപാട് അദ്ദേഹത്തെ റിലയൻസ് കമ്പനിയുടെ ഒന്നാം നമ്പർ ശത്രുവാക്കിയിരുന്നു. കെജ്രിവാളുമായി അഭിമുഖം നടത്താനുള്ള തീരുമാനത്തിൽനിന്ന് രജ്ദീപിനെ പിന്തിരിപ്പിക്കാൻ റിലയൻസ് ആകാവുന്നതെല്ലാം ചെയ്തതാണ്. സി.എൻ.എൻ.ഐ.ബി.എൻ ഉടമസ്ഥതയിൽ അപ്പോൾതന്നെ റിലയൻസിന് ഓഹരി ഉണ്ടായിരുന്നു. വാർത്ത നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ രജ്ദീപ് അവരുടെ ഹിറ്റ്ലിസ്റ്റിലായി. അധികം കഴിയുന്നതിനു മുമ്പ് രജ്ദീപിന്റെ ചാനൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ മാതൃസ്ഥാപനമായ നെറ്റ്‌വർക്ക് 18-ന്റെ ഭൂരിപക്ഷം ഓഹരികൾ റിലയൻസ് വിലയ്ക്കു വാങ്ങി. 4000 കോടി രൂപയാണ് റിലയൻസ് ഇതിനു മുടക്കിയത്. കഴിഞ്ഞ വർഷം മേയിൽ ഇത് സംഭവിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മാദ്ധ്യമസ്ഥാപനം റിലയൻസിന്റെ നിയന്ത്രണത്തിലായി. ബെന്ന്റ്റ് കോൾമാൻ ആൻഡ് കമ്പനിയെക്കാൾ, റൂപർട്ട് മർഡോക്കിന്റെ സ്റ്റാർ ഗ്രൂപ്പിനെക്കാൾ വലിയ മാദ്ധ്യമ സ്ഥാപനം. രജ്ദീപും ഭാര്യയും വൈകാതെ ചാനൽ വിട്ടുപോയി.

പക്ഷേ, മാദ്ധ്യമങ്ങൾ നിലനിൽക്കാൻ പരസ്യപ്പണം മാത്രം പോരാ. വിശ്വാസ്യതയും വേണം. ഇത് മാദ്ധ്യമങ്ങൾക്കും പരസ്യക്കാർക്കും ഇപ്പോഴും ബോധ്യമായിട്ടില്ല. വൈകാതെ മനസ്സിലാവും, അപ്പോഴേക്ക് സമയം വളരെ വൈകിയിരിക്കുമെന്നു മാത്രം.ലോകത്തെമ്പാടും വൻ കോർപറേറ്റ് സ്ഥാപനങ്ങളും പ്രതിഭാശാലികളായ എഡിറ്റർമാരും ഇന്ന് ഏതാണ്ട് ഒരേ പക്ഷത്താണ്, ഒരേ ആശയങ്ങളുടെയും താൽപര്യങ്ങളുടെയും സംരക്ഷകരാണ്. ആഗോളീകരണ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകർകൂടിയായ പ്രമുഖ ബുദ്ധിജീവികളും എഡിറ്റർമാരും കോളമിസ്റ്റുകളും തങ്ങളുടെ സേവനത്തിനു വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകൾ, ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫെയർനസ് ആൻഡ് അക്കുറസി ഇൻ റിപ്പോർട്ടിങ് ഇൻകോർപറേറ്റഡ്' (ഫെയർ) എന്ന മാദ്ധ്യമനിരീക്ഷണ സ്ഥാപനം ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. പ്രശസ്ത സാമ്പത്തികകാര്യ വിദഗ്ദ്ധനും ഗ്രന്ഥകാരനുമായ തോമസ് ഫ്രീഡ്മാൻ, എൻ.ബി.സി.യുടെ മീറ്റ് ദ പ്രസ് പ്രോഗ്രാം അവതരിപ്പിക്കുന്ന ഡേവിഡ് ഗ്രഗോറി, ടൈമിന്റെയും വാഷിങ്ടൺ പോസ്റ്റിന്റെയും കോളമിസ്റ്റുകൂടിയായ പ്രശസ്ത ചിന്തകൻ ഫരീദ് സഖറിയ തുടങ്ങിയ നിരവധിപേരുടെ വരുമാനക്കണക്കുകൾ അവർ പ്രസിദ്ധീകരിക്കുകയുണ്ടായി. 99 ശതമാനം ജനം നേടുന്നതിലേറെ വരുമാനം കൈയടക്കുന്ന ഒരു ശതമാനത്തിൽ ഈ മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെടുന്നു എന്നതുകൊണ്ടുതന്നെയാണ് അമേരിക്കയിലെ 99 ശതമാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻവേണ്ടി നടന്ന വാൾസ്ട്രീറ്റ് പ്രക്ഷോഭത്തെ ഈ എഡിറ്റർമാരും ടെലിവിഷൻ ബുദ്ധിജീവികളും പുച്ഛിച്ചുതള്ളിയത്. പത്തുകോടി രൂപ വാർഷികശമ്പളം പറ്റുന്ന എഡിറ്റർമാർ ഇന്ത്യയിലുണ്ട് എന്ന വെളിപ്പെടുത്തലും ഈയിടെയുണ്ടായി. ഇതിന്റെയൊന്നും അർത്ഥമന്വേഷിച്ച് നാമെങ്ങും പോകേണ്ടതില്ല.

അഴിമതിക്കാരായ കോർപറേറ്റുകളെയും രാഷ്ടീയക്കാരെയും ഉദ്യോഗസ്ഥരെയും തുറന്നുകാട്ടാൻ മാദ്ധ്യമപ്രവർത്തകരാണ് സാധാരണ സ്റ്റിങ് ഓപറേഷനുകൾ സംഘടിപ്പിക്കാറുള്ളത്. ആദ്യമായി മാദ്ധ്യമപ്രവർത്തകരെ തുറന്നുകാട്ടാൻ കോർപറേറ്റുകൾ സ്റ്റിങ് നടത്തുന്നതും നാം കണ്ടു. ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ ഉടമ നവീൻ ജിൻഡാൽ ആണ് സ്റ്റിങ് നടത്തിയത്. സ്വന്തം ചാനലിന് പരസ്യം കിട്ടാൻവേണ്ടി എന്തും ചെയ്യും എന്നതാണ് ഇപ്പോഴത്തെ ചാനൽ അവസ്ഥ. ബ്ലാക്മെയിലിങ്ങിനെക്കാൾ എത്ര മാന്യമാണ് കോർപറേറ്റുകൾ പറയുന്നത് അതേപടി റിപ്പോർട്ട് ചെയ്ത് പ്രതിഫലം വാങ്ങുന്നത്!

രണ്ടുവർഷം മുമ്പ് മാത്രമാണ് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ തലവൻ സമീർ ജയിൻ മാദ്ധ്യമസ്ഥാപനം നടത്തുന്നതു സംബന്ധിച്ച തന്റെ ഫിലോസഫി പരസ്യപ്പെടുത്തിയത്. ന്യൂയോർകർ മാഗസിന്റെ ലേഖകനും മാദ്ധ്യമചിന്തകനുമായ കെൻ ഓലറ്റയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു- ഞങ്ങൾ വാർത്താവ്യവസായത്തിലാണ് എന്ന്. ശ്രദ്ധേയമായ ഒരു പ്രഖ്യാപനമായിരുന്നു അത്.മാദ്ധ്യമങ്ങളും വൻവ്യവസായങ്ങൾതന്നെയാണ് എന്ന യാഥാർഥ്യം നമുക്കു മുന്നിൽ തെളിഞ്ഞുവരുകയാണ്. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതിയും നിയമലംഘനവും പുറത്തുകൊണ്ടുവരാൻ ശൗര്യം കാട്ടുന്ന മാദ്ധ്യമങ്ങളൊന്നും സ്വകാര്യമേഖലയിലെ അഴിമതിക്കെതിരെ ചെറുവിരൽ അനക്കുകയില്ല. മാദ്ധ്യമങ്ങളും അതുപോലൊരു സ്വകാര്യവ്യവസായം മാത്രമാണല്ലോ. മാദ്ധ്യമപ്രവർത്തകരും മാദ്ധ്യമസ്ഥാപനത്തിലെ ധനകാര്യവിഭാഗവും രണ്ട് 'ഇരുമ്പറ'കളിൽ പരസ്പരം ബന്ധപ്പെടാതെ പ്രവർത്തിക്കണമെന്നതാണ് പഴയ പത്രപ്രവർത്തക തത്ത്വം. ഈ തത്ത്വം കാലഹരണപ്പെട്ടു എന്ന സൂചന പല ഭാഗങ്ങളിൽനിന്നും വരുന്നു. പത്രാധിപരുടെയും പത്രപ്രവർത്തകരുടെയും പ്രഫഷണൽ ചുമതലകളിൽ ഉടമസ്ഥൻ ഇടപെടാൻ പാടില്ലെന്നത് സ്വതന്ത്ര പത്രപ്രവർത്തനം തുടങ്ങിയ കാലം മുതൽ അംഗീകരിക്കപ്പെട്ട സുപ്രധാന തത്ത്വമാണ്. ഉടമസ്ഥർ പത്രാധിപത്യം വഹിച്ചാലും പരസ്യം കിട്ടാനോ മറ്റേതെങ്കിലും തരത്തിൽ സാമ്പത്തികനേട്ടമുണ്ടാക്കാനോ വാർത്തയിൽ മാറ്റം വരുത്തുക അചിന്ത്യമായിരുന്നു ജനാധിപത്യ ലോകത്ത്. ബ്രിട്ടീഷ് പത്രങ്ങളും എഡിറ്റർമാരുമാണ് ഇതേറെ വാശിയോടെ ഉയർത്തിപ്പിടിച്ചിരുന്നത്. പത്രത്തിന്റെ വിശ്വാസ്യത ഉയർത്തിപ്പിടിക്കുന്നതിന് ഈ 'ചാരിത്രശുദ്ധി' നിർബന്ധവുമായിരുന്നു. അടുത്തായി ബ്രിട്ടനിൽനിന്നു വരുന്ന വാർത്തകൾ ഈ ധാരണകളെ തകർക്കുന്നു. ഡെയ്ലി ടെലഗ്രാഫ് പത്രത്തിലെ പ്രമുഖനായ ജേണലിസ്റ്റ് പീറ്റർ ഓബോൺ രാജിവച്ചതിനെക്കുറിച്ച് മാദ്ധ്യമം ദിനപത്രത്തിൽ (ടെലിഗ്രാഫിൽ സംഭവിച്ചത്... മാർച്ച് 10) വിവരിച്ചതാണ്. ഇന്ത്യ ചില കാര്യങ്ങളിൽ ബ്രിട്ടനെക്കാൾ മുന്നോട്ടുപോയിട്ടുണ്ട്. സ്വതന്ത്ര പത്രപ്രവർത്തനം പരിപോഷിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണങ്ങൾ ചിലതെല്ലാം ഇന്ത്യയിൽ നടന്നിട്ടുണ്ട്. 1955-ലെ വർക്കിങ് ജേണലിസ്റ്റ് ആൻഡ് അതർ ന്യൂസ്പേപ്പർ എംപ്ലോയീസ് ആക്ടും 1867-ലെ ദ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ടിൽ വരുത്തിയ മാറ്റങ്ങളുംപഴയകാല മാദ്ധ്യമപ്രവർത്തനത്തിന്റെ ചില മൂല്യങ്ങൾ നിലനിർത്താൻ പ്രയോജനപ്പെട്ടിട്ടുണ്ട്. ഡെയ്ലി ടെലഗ്രാഫിൽ ചെയ്തതുപോലെ എഡിറ്റർ എന്ന പോസ്റ്റ് ഇല്ലാതാക്കി ഹെഡ് ഓഫ് കണ്ടന്റ് തസ്തികയിൽ ആളെ നിയമിക്കാൻ ഇന്ത്യയിൽ പറ്റില്ല. തത്ത്വത്തിൽ മാത്രമല്ല, നിയമപരമായും ഉള്ളടക്കം തീരുമാനിക്കുന്നതിനുള്ള അധികാരം എഡിറ്റർക്കാണ്. പക്ഷേ, ചില പത്രങ്ങളെങ്കിലും ചെയ്ത് തെളിയിച്ചിട്ടുള്ളതുപോലെ പരസ്യം മാനേജരെ എഡിറ്റർ തസ്തികയിൽ നിയമിക്കാം. പത്രപ്രവർത്തനത്തിന്റെ ഹരിശ്രീ അറിയാത്ത ആൾക്കും എഡിറ്ററായി അഭിനയിക്കാം. സ്ഥാപനം വളരുന്നതിന്റെ അനുപാതത്തിലാണ് മാദ്ധ്യമധാർമികതയിൽ വെള്ളം ചേർക്കപ്പെടുക എന്ന് കരുതുന്നവരുണ്ട്. നേരെ മറിച്ചാണ് സംഭവിക്കുന്നത് എന്നു കരുതുന്നവരുമുണ്ട്. മാദ്ധ്യമധാർമ്മികതയിൽ വെള്ളം ചേർക്കുന്നതിന്റെ അനുപാതത്തിലാണ് ലാഭം വർധിക്കുന്നതും മൂലധനം കുന്നുകൂടുന്നതും!

രണ്ടുവർഷം മുമ്പ് മാത്രമാണ് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ തലവൻ സമീർ ജയിൻ മാദ്ധ്യമസ്ഥാപനം നടത്തുന്നതു സംബന്ധിച്ച തന്റെ ഫിലോസഫി പരസ്യപ്പെടുത്തിയത്. ന്യൂയോർകർ മാഗസിന്റെ ലേഖകനും മാദ്ധ്യമചിന്തകനുമായ കെൻ ഓലറ്റയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു- ഞങ്ങൾ വാർത്താവ്യവസായത്തിലാണ് എന്ന്. ശ്രദ്ധേയമായ ഒരു പ്രഖ്യാപനമായിരുന്നു അത്. സ്ഥാപനത്തിന്റെ മുഖ്യവരുമാനം പരസ്യത്തിലൂടെ ആവുമ്പോൾ എന്തിന് വാർത്തക്കുവേണ്ടി വെറുതെ തല പുകയ്ക്കണം? രാജ്യം നന്നാക്കലും ഫോർത്ത് എസ്റ്റേറ്റുമൊന്നും തങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല. ഇന്നലെ നടന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക, രസകരമായ വായനയ്ക്ക് അവസരം ഒരുക്കുകപോലുള്ള കാര്യങ്ങളേ പത്രത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

സർക്കുലേഷനും പരസ്യവരുമാനവും വർദ്ധിപ്പിക്കുന്നതിൽ കമ്പനി ഉദ്യോഗസ്ഥർക്ക് മാത്രമല്ല, ജേണലിസ്റ്റുകൾക്കും പത്രാധിപർക്കും ഉത്തരവാദിത്തമുണ്ട് എന്ന തത്ത്വം പത്രങ്ങളിൽ പ്രായോഗികമാക്കിക്കൊണ്ടിരിക്കുകയാണ്. സമീർ ജെയിൻ പറഞ്ഞതുപോലെ, വെറുതെ ആവശ്യമില്ലാത്ത തത്ത്വങ്ങൾ എന്തിനു തലയിലെടുത്തുവെക്കണം? എല്ലാവരുടേയും അഴിമതിയും നിയമലംഘനവുമെല്ലാം നമ്മളെന്തിന് റിപ്പോർട്ട് ചെയ്യണം. ഇതെല്ലാം ആരു വായിക്കാനാണ്? എന്നു തുടങ്ങുന്ന ബ്രെയ്ൻ വാഷിങ്, അതുമിതും എഴുതി പരസ്യവരുമാനം ഇല്ലാതാക്കേണ്ട എന്ന സ്വയം തീരുമാനത്തിൽ പത്രാധിപന്മാരെയും പത്രപ്രവർത്തകരെയും എത്തിക്കുമെന്ന് തീർച്ച. പരസ്യവരുമാനം കിട്ടിയിട്ട് വേണ്ടേ നിങ്ങൾക്കും വേജ് ബോർഡ് നിരക്കിൽ ശമ്പളം തരാൻ എന്ന ചോദ്യവും പ്രസക്തംതന്നെയാണ്.വരുമാനം കൂട്ടാൻ തത്ത്വങ്ങളും നിലപാടുകളും ആത്മാഭിമാനവും ബലികഴിക്കുകയാണ് മാദ്ധ്യമങ്ങൾ. നിലനിൽക്കാൻ ഇനിയുമെന്തെല്ലാം വിൽക്കേണ്ടിവരും എന്ന് അവർക്കറിയില്ല. വാർത്താമാദ്ധ്യമ വ്യവസായത്തിന്റെ വരുമാനത്തിൽ മൂന്നിൽ രണ്ട് പരസ്യത്തിൽനിന്നാണ് ആഗോളാടിസ്ഥാനത്തിൽ. അതാവട്ടെ, മിക്കവാറും പരമ്പരാഗത മാദ്ധ്യമങ്ങൾക്കാണ് കിട്ടിപ്പോന്നിരുന്നത്. ദൃശ്യമാദ്ധ്യമങ്ങളുടെ വരുമാനം ക്രമാനുഗതമായി ഉയർന്നുവരുമ്പോൾ അച്ചടിമാദ്ധ്യമത്തിന്റേത് 2003-നു ശേഷം പകുതിയായി കുറഞ്ഞു. പരസ്യത്തിനുവേണ്ടിയുള്ള മത്സരം അനുദിനം കഴുത്തറപ്പനായി മാറുന്നു. ഈ അവസ്ഥയിൽനിന്ന് പെയ്ഡ്ന്യൂസ് പോലുള്ള പ്രവണതകളിലേക്ക് അധികം അകലമില്ലെന്നതാണ് യാഥാർത്ഥ്യം.

സർക്കുലേഷനും പരസ്യവരുമാനവും വർദ്ധിപ്പിക്കുന്നതിൽ കമ്പനി ഉദ്യോഗസ്ഥർക്ക് മാത്രമല്ല, ജേണലിസ്റ്റുകൾക്കും പത്രാധിപർക്കും ഉത്തരവാദിത്തമുണ്ട് എന്ന തത്ത്വം പത്രങ്ങളിൽ പ്രായോഗികമാക്കിക്കൊണ്ടിരിക്കുകയാണ്. സമീർ ജെയിൻ പറഞ്ഞതുപോലെ, വെറുതെ ആവശ്യമില്ലാത്ത തത്ത്വങ്ങൾ എന്തിനു തലയിലെടുത്തുവെക്കണം? എല്ലാവരുടേയും അഴിമതിയും നിയമലംഘനവുമെല്ലാം നമ്മളെന്തിന് റിപ്പോർട്ട് ചെയ്യണം. ഇതെല്ലാം ആരു വായിക്കാനാണ്? എന്നു തുടങ്ങുന്ന ബ്രെയ്ൻ വാഷിങ്, അതുമിതും എഴുതി പരസ്യവരുമാനം ഇല്ലാതാക്കേണ്ട എന്ന സ്വയം തീരുമാനത്തിൽ പത്രാധിപന്മാരെയും പത്രപ്രവർത്തകരെയും എത്തിക്കുമെന്ന് തീർച്ച. പരസ്യവരുമാനം കിട്ടിയിട്ട് വേണ്ടേ നിങ്ങൾക്കും വേജ് ബോർഡ് നിരക്കിൽ ശമ്പളം തരാൻ എന്ന ചോദ്യവും പ്രസക്തംതന്നെയാണ്. ഇത് സൃഷ്ടിക്കുന്നത് ഒരുതരം സെൽഫ് സെൻസറിങ് ആണ്. പരസ്യം കിട്ടാതെപോവാൻ വിദൂരസാധ്യതയെങ്കിലുമുള്ള വാർത്തകൾ ആരും പറയാതെതന്നെ ഉപേക്ഷിക്കുന്നുണ്ട്. ഇന്ന് മാദ്ധ്യമപ്രവർത്തകർ.

പ്രബുദ്ധരായ വായനക്കാരുണ്ടെന്നു പറയുന്ന കേരളത്തിൽപ്പോലും സമീപകാലത്ത് വൻകിടക്കാരുടെ പല സ്ഥാപനങ്ങളിലും നടന്നുവരുന്ന സമരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. കല്യാൺ വസ്ത്രവ്യാപാരസ്ഥാപനത്തിൽ ജോലിക്കിടയിൽ ഇരിക്കാനുള്ള അവകാശത്തിനുവേണ്ടി വനിതാജീവനക്കാർ നടത്തിയ സമരം ഏതാനും ബ്ലോഗുകളിലും ചില ഓൺലൈൻ മാദ്ധ്യമങ്ങളിലുമേ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടുള്ളൂ. (മറുനാടൻ മലയാളി എന്ന ഓൺലൈൻ പത്രവും അതിന്റെ ഉടമസ്ഥൻ സാജൻ സക്കറിയയുമായിരുന്നു അതിൽ മുന്നിൽ) ചേളാരിയിൽ വൻകിട സ്വർണാഭരണനിർമ്മാണ സ്ഥാപനം സ്ഥാപിക്കുന്നതിനെതിരെ നടന്ന സമരത്തിന്റെ സ്ഥിതിയും അതുതന്നെ. ചില വൻകിട ആശുപത്രികളിൽ നടന്ന നേഴ്സ് സമരങ്ങളുടെ വാർത്തകളും കത്രികയാൽ കൊല്ലപ്പെട്ടു. റിപ്പോർട്ടർമാർക്ക് മാസംതോറും പരസ്യം പിടിക്കാൻ ക്വോട്ട നിശ്ചയിക്കുന്ന പത്രങ്ങളിൽനിന്ന് ഇതു പ്രതീക്ഷിക്കാവുന്നതേ ഉള്ളൂ. പക്ഷേ, ഇവരിൽനിന്നു മാത്രമല്ല ഈ സമീപനം ഉണ്ടാകുന്നത്.

അച്ചടിയായാലും ദൃശ്യമായാലും മാദ്ധ്യമങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർന്നുകൊണ്ടിരിക്കുകയാണ്. മാദ്ധ്യമസെമിനാറുകളിൽ മാത്രമല്ല, അഞ്ചുപേർ കൂടുമ്പോൾ നടക്കുന്ന ചർച്ചകളിലും ഇതു പ്രകടിപ്പിക്കപ്പെടുന്നു. തീർച്ചയായും ഇതിലേറെയും മാദ്ധ്യമരീതികളെക്കുറിച്ചുള്ള ധാരണയില്ലായ്മയിൽനിന്നും ചില തൽപരകക്ഷികൾ നടത്തുന്ന പ്രചാരണത്തിന്റെ ഫലമായും ഉയർന്നുവരുന്നവയാണ്. പക്ഷേ, ലോകത്തെമ്പാടും മാദ്ധ്യമവിശ്വാസ്യതയിൽ ഉണ്ടായിട്ടുള്ള തകർച്ചയുടെ അതേ തോതിൽതന്നെയാണ് ഇവിടെയും അതുണ്ടാകുന്നത്. ഇപ്പോൾതന്നെ പുതിയ തലമുറ ദിനപത്രങ്ങൾ വായിക്കാതായിട്ടുണ്ട്. പത്രങ്ങളിൽനിന്നു കിട്ടുന്നതിനെക്കാൾ വിവരങ്ങൾ തങ്ങൾക്ക് ഫേസ്‌ബുക്കിൽനിന്നു കിട്ടുന്നുണ്ട് എന്ന് അവകാശപ്പെടുന്ന വീട്ടമ്മമാരുണ്ട്. മാദ്ധ്യമവിദ്യാർത്ഥികളുമായി ഇന്ററാക്ഷന് വന്ന ഒരു ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ, താൻ വാർത്തകൾ വായിക്കുകയോ കാണുകയോ ചെയ്യാറില്ല എന്ന് ഗൗരവത്തിൽതന്നെ പറഞ്ഞതുകേട്ട് ഞെട്ടേണ്ടിവന്നിട്ടുണ്ട്. പ്രചാരവും പരസ്യവും വരുമാനവും കൂട്ടാൻവേണ്ടി സ്വീകരിക്കുന്ന നടപടികൾ തുടക്കത്തിൽ ഫലം കണ്ടെന്നുവരും. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ ഇത്, ഉള്ള വിശ്വാസ്യതകൂടി തകർത്ത് മാദ്ധ്യമവ്യവസായത്തിനുതന്നെ ഹാനികരമാവും. പാശ്ചാത്യലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ചയെ നമ്മുടെ നടുമുറ്റത്തെത്തിക്കലാവും ഇത്. നാളെ വരാനിരിക്കുന്ന ചെകുത്താനെ ഇന്നുതന്നെ കൂട്ടിക്കൊണ്ടുവരണമോ?

പരസ്യക്കാർ വാർത്തയിൽ സമ്മർദ്ദം ചെലുത്തുന്നതിനെക്കുറിച്ച് ഏതാനും വർഷം മുമ്പ് ഡൽഹിയിൽ നടന്ന ഒരു ലോക മാദ്ധ്യ സമ്മേളനത്തിൽ ചർച്ച ഉയർന്നത് ഓർമ്മവരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ബിസിനസ് തലവൻ അന്നു പറഞ്ഞ മറുപടി, പരസ്യക്കാരെ നിലയ്ക്കു നിർത്തേണ്ട ഉത്തരവാദിത്തം എഡിറ്റർമാരുടേതാണ് എന്നായിരുന്നു. ഇല്ല, പരസ്യം കിട്ടാൻ മാദ്ധ്യമങ്ങൾ പരസ്യക്കാരുടെ കാലുപിടിക്കേണ്ടിവരുന്ന കാലത്ത് എഡിറ്റർമാർ വിചാരിച്ചാൽ അതു നടക്കില്ല. വൻകിട പരസ്യദാതാക്കൾക്ക് സംഘടിതമായിത്തന്നെ മാദ്ധ്യമങ്ങൾക്കുമേൽ സമമർദ്ദം ചെലുത്താനും വിലപേശാനും കഴിയും. ഉപഭോക്താക്കളിലേക്ക് എത്തി ഉൽപന്നം വിൽക്കാനാണ് അവർ പരസ്യം ചെയ്യുന്നതെങ്കിലും മാദ്ധ്യമങ്ങളെ സഹായിക്കാനാണ് തങ്ങൾ പരസ്യം ചെയ്യുന്നത് എന്ന മട്ടിലാണ് അവർ പെരുമാറുന്നത്. എഡിറ്റർമാർക്കോ മാദ്ധ്യമ ഉടമസ്ഥ സംഘടനകൾക്കോപോലും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.

പക്ഷേ, മാദ്ധ്യമങ്ങൾ നിലനിൽക്കാൻ പരസ്യപ്പണം മാത്രം പോരാ. വിശ്വാസ്യതയും വേണം. ഇത് മാദ്ധ്യമങ്ങൾക്കും പരസ്യക്കാർക്കും ഇപ്പോഴും ബോധ്യമായിട്ടില്ല. വൈകാതെ മനസ്സിലാവും, അപ്പോഴേക്ക് സമയം വളരെ വൈകിയിരിക്കുമെന്നു മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP