Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം അവർ നേർച്ചക്കും നബിദിനാഘോഷത്തിനും നേരെ തിരിഞ്ഞു; ക്രമേണ എല്ലാം അനിസ്ലാമികമായി; വന്നുവന്ന് മുസ്ലിംങ്ങൾ മുസ്ലിം ഡോക്ടറെയേ കാണാവൂ തൊട്ട് മുസ്ലിം കിഡ്‌നി വരെയെത്തി; മുസ്ലിംങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്, എന്നിങ്ങനെയുള്ള വിഷം ചീറ്റലുമായി മതപ്രഭാഷകരും; നിസ്‌ക്കരിക്കാത്തവൻ കൊല്ലപ്പെടേണ്ടവനെന്ന ചോദ്യം മദ്രസാ സിലബസിലും; കേരളത്തിലും നടക്കുന്നത് മുസ്ലീമിനെ ശുദ്ധീകരിച്ച് ശുദ്ധീകരിച്ച് ഭീകരനാക്കുന്ന വിദ്യ; മറുനാടൻ പരമ്പര അവസാനിക്കുന്നു

ആദ്യം അവർ നേർച്ചക്കും നബിദിനാഘോഷത്തിനും നേരെ തിരിഞ്ഞു; ക്രമേണ എല്ലാം അനിസ്ലാമികമായി; വന്നുവന്ന് മുസ്ലിംങ്ങൾ മുസ്ലിം ഡോക്ടറെയേ കാണാവൂ തൊട്ട് മുസ്ലിം കിഡ്‌നി വരെയെത്തി; മുസ്ലിംങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്, എന്നിങ്ങനെയുള്ള വിഷം ചീറ്റലുമായി മതപ്രഭാഷകരും; നിസ്‌ക്കരിക്കാത്തവൻ കൊല്ലപ്പെടേണ്ടവനെന്ന ചോദ്യം മദ്രസാ സിലബസിലും; കേരളത്തിലും നടക്കുന്നത് മുസ്ലീമിനെ ശുദ്ധീകരിച്ച് ശുദ്ധീകരിച്ച് ഭീകരനാക്കുന്ന വിദ്യ; മറുനാടൻ പരമ്പര അവസാനിക്കുന്നു

എം റിജു, ജംഷാദ് മലപ്പുറം

തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിലെ മുസ്ലിംങ്ങളെക്കുറിച്ച് ആ കാലയളവിൽ ജീവിച്ചിരുന്ന സാമുവൽ മേറ്റീർ 'ദ നേറ്റീവ് ട്രാവൻകൂറിൽ' എഴുതിയത് അവർ നാമം കൊണ്ട് മാത്രം മുസ്ലിം സമുദായമായി കാണപ്പെടുന്നുവെന്നാണ്. വസ്ത്രധാരണംകൊണ്ടും സംസ്‌കാരം കൊണ്ടും ജീവിതം കൊണ്ടും ഈ മണ്ണിൽ അലിഞ്ഞു ചേർന്ന ഏകദൈവ വിശ്വാസികളായിരുന്നു അന്നത്തെ മുസ്ലിങ്ങൾ. അവർ ജമാഅത്തെന്നോ, സലഫിയെന്നോ, സുന്നിയെന്നോ എന്നറിയപ്പെടുന്നതിന് പകരം കുടുംബപ്പേരുകളിലും ജീവിതപെരുമാറ്റത്തിലും ജനയിടങ്ങളിൽ അറിയപ്പെട്ടും ബഹുമാനിക്കപ്പെട്ടും ജീവിച്ചുപോന്നു. സമാനമായ അവസ്ഥയായിരുന്നു മലബാറിലും. മലയാളിത്തതിന്റെ എല്ലാ രീതികളും സ്വാംശീകരിക്കയാണ് അവർ ചെയ്തിരുന്നത്.  പർദയും മുഖംമറക്കലുമൊ്ക്കെ 80കളുടെ തുടക്കത്തിൽപോലും മലബാറിൽ അപുർമായിരുന്നെന്ന് പ്രൊഫസർ എം എൻ കാരശ്ശേരിയെപ്പോലെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ എൺപതുകളിലെ ഗൾഫ് പണത്തിന്റെ വർധനവിനൊപ്പം വന്നതായിരുന്നു ഈ ശുദ്ധീകരണ പക്രിയ. സലഫിസം എന്ന ഓമനപ്പേരിലാണ് അത് കടുന്നുവന്നത്. മറ്റു പല മതങ്ങളുടെയും സ്വാധീനം ഇസ്ലാമിൽ കയറി വന്നിരിക്കുന്നു. ആ മതങ്ങളുടെ സ്വാധീനം കൊണ്ട് ഇസ്ലാം കളങ്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇസ്ലാമിനെ അതിന്റെ പ്രാർത്ഥന വിശദ്ധിയിലേക്ക് കൊണ്ടുപോകണം എന്നാണ് ഇവരുടെ ആശയം. അതിനായി ആദ്യം നേർച്ച, നബിദിനാഘോഷം തുടങ്ങിയ ആചാരങ്ങൾ നേരെയാണ് അവർ തിരിഞ്ഞത്. ഇത് ഇവിടുത്തെ തനത് തദ്ദേശീയ സംസ്‌ക്കാരത്തിൽ നിന്നും കടംകൊണ്ടതാണ്.അത് പാടില്ല. കബറിടത്തിൽ പോയി പ്രാർത്ഥിക്കാൻ പാടില്ല.  ഇതിനെ അന്ധ വിശ്വാസ നിർമ്മാർജ്ജനത്തിന്റെപേരിൽ കൈയടിച്ച മുസ്ലിം സമൂഹം ഫലത്തിൽ ഇത് ഏഴാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകാനുള്ള കെണിയാണെന്ന് അറിഞ്ഞില്ല. പിന്നീടങ്ങോട്ട് വിലക്കുകളുടെ ഘോഷയാത്രയായിരുന്നു. അത് വന്നുവന്ന് മുസ്ലീങ്ങൾ മുസ്ലിം ഡോക്ടറെയാ കാണവൂ തൊട്ട് മുസ്ലീ കിഡിനിവരെയുള്ള വിവാദങ്ങളിൽ എത്തി. മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്. സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്. അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് തുടങ്ങിയ അങ്ങേയറ്റം പ്രതിലോമകരമായ കാര്യങ്ങൾപോലും ചില മുസ്ലിം 'പണ്ഡിതർ' പ്രസംഗിക്കുന്നു. സിനിമ, വായന, പാർട്ടികൾ, ടെലിവിഷൻ തുടങ്ങി മുഴുവൻ വിനോദോപാധികളിൽ നിന്നും ഇവർ ആളുകള വിലക്കുന്നുണ്ട്.അതോടൊപ്പം ഉത്തരം പ്രാസംഗികരുടെ വിഷം കൂടിയാവുമ്പോൾ പറയേണ്ടതുണ്ടോ?

ഏകദേശം ഒരേ സമയത്താണ് കേരളത്തിലും ശ്രീലങ്കയിലും ഇസ്ലാം വരുന്നതെന്നാണ് കെ എൻ പണിക്കരെപ്പോലുള്ള ചരിത്ര പണ്ഡിതകർ എഴുതിയിട്ടുള്ളത്. ഏഴാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കച്ചവടക്കാരായ അറബികൾ തന്നെയാണ് രണ്ടിടത്തും ഇസ്ലാം പ്രചരിപ്പിത്. കേരളത്തിലെ മുൻകാല മുസ്ലിംകളെ പോലെ തന്നെ സാംസ്‌കാരികമായി മറ്റു മതവിഭാഗങ്ങളുമായി ഇടപഴകിയാണ് ശ്രീലങ്കൻ മുസ്ലിംകളും ജീവിച്ചിരുന്നത്. മുണ്ടുടുക്കുന്ന പുരുഷന്മാരെയും മുണ്ട് അല്ലെങ്കിൽ സാരിയുടുക്കുന്ന സ്ത്രീകളെയും മാത്രമാണ് കേരളത്തിലും ലങ്കയിലും പഴയ കുടുംബ ഫോട്ടോകളിൽ കാണാൻ കഴിയുക, അഭികാമ്യമല്ലാത്ത മാറ്റങ്ങളും ശ്രീലങ്കൻ മുസ്ലീങ്ങളിലും കേരള മുസ്ലീങ്ങളിലും ഏകദേശം ഒരേ രീതിയിലാണ് സംഭവിക്കാൻ തുടങ്ങിയത്. വസ്ത്രധാരണ രീതികളിലും ഭക്ഷണ രീതികളിലും ഉൾപ്പടെ ജീവിതത്തിന്റെ മിക്ക മേഖലകളിലും മറ്റുള്ളവരിൽ നിന്ന് അവർ അകന്നകന്നു പോകുന്നതാണ് കഴിഞ്ഞ മൂന്നു നാലു പതിറ്റാണ്ടുകളിലായി കാണാൻ കഴിയുന്നത്. നൂറ്റാണ്ടുകൾ കൊണ്ട് രൂപം കൊണ്ട വിശാലമായതും പ്രാദേശിക സാഹചര്യത്തിനിണങ്ങിയതുമായ രീതികളെ മുഴുവൻ പുറത്തു നിർത്തി ശുദ്ധമായ മതം അടിച്ചേല്പിക്കപെടുന്നതാണ് പിന്നീട് കണ്ടത്. അതായത് ശ്രീലങ്കയിൽനിന്ന് കേരളത്തിലേക്കുള്ള ദൂരം അധികം അകലെയല്ല എന്ന് ചുരുക്കം.

വിഷം ചീറ്റുന്ന മതപ്രഭാഷകർ

ശ്രീലങ്കൻ സ്ഫോടനത്തെക്കുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര ഏജൻസികളും ബിബിസിയും സിഎൻഎന്നും അടക്കമുള്ള ആഗോള മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത് ഒരു പ്രധാന വിഷയമുണ്ട്.സാക്കിർ നായിക് എന്ന മതപ്രഭാഷകന് ശ്രീലങ്കക്കാരുടെ ഇടയിലുള്ള അപാരമായ സ്വാധീനം. മിക്ക ശ്രീലങ്കക്കാരുടെ ഫോണുകളിലും സാക്കിർ നായിക്കിന്റെ കുറെ ക്ലിപ്പുകൾ ഉണ്ടാവും. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വിദ്യാസമ്പന്നരായ ശ്രീലങ്കൻ മുസ്ലിംകളുടെ ഇടയിൽ ഏറ്റവും പങ്കുവെക്കപ്പെടുന്ന ക്ലിപ്പുകളും സാക്കിർ നായിക്കിന്റെയാണ്. പല മുസ്ലിം ചെറുപ്പക്കാരും പൊതു സമൂഹത്തിൽ നിന്നും സാധാരണ ജീവിതത്തിൽ നിന്നും അകന്ന് ശുദ്ധ മൗലിക മത രീതിയിൽ ജീവിക്കാൻ തീരുമാനിക്കുന്നതിൽ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾക്കു വലിയ സ്വാധീനമുണ്ടെന്നു പലരും നിരീക്ഷിക്കുന്നു.

ഷാൻഗ്രി-ലാ ഹോട്ടലിൽ സ്വയം പൊട്ടിത്തെറിച്ച സഹ്റാൻ ഹാഷിമും ശ്രീലങ്കയിലെ അറിയപ്പെടുന്ന മത പ്രഭാഷനായിരുന്നു. ഇദ്ദേഹത്തിന് തമിഴ്‌നാട്ടിലും നിരവധി ആരാധകരുണ്ട്. സാക്കിർ നായിക്കിന്റെ കൊച്ചു രൂപങ്ങളായ താർക്കികരും നിരവധിയാണിപ്പോൾ. മറ്റു മതവിഭാഗങ്ങളിലുള്ളവരുമായി തർക്കിച്ചു തങ്ങളുടെ മതം മാത്രമാണ് ശരി എന്ന് സ്ഥാപിക്കുന്നതാണ് ഇവരുടെ രീതി.ഭീകരവാദത്തെ പ്രത്യക്ഷത്തിൽ ന്യായീകരിക്കുന്നവരല്ലെങ്കിലും ഇത്തരം പ്രഭാഷകർ പ്രചരിപ്പിക്കുന്ന ശുദ്ധ മതവാദം തീവ്രവാദത്തിന്റെ ഏറ്റവും വലിയ റിക്രൂട്ടിങ് ഗ്രൗണ്ട് ആയി മാറുന്നതാണ് ഇത് വരെയുള്ള അനുഭവം. ശ്രീലങ്കയിൽ, മീശ വടിച്ചു താടി നീട്ടി, മുക്കാൽ പാന്റ് ധരിച്ചു, സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളുടെ വരെ മുഖത്ത് നോക്കാതെ നടക്കുന്ന മിക്ക ചെറുപ്പക്കാരും ഇത്തരം പ്രഭാഷകരുടെ അടിമകളാണെന്നു കാണാം. ഇവരാണ് കുടുംബത്തിലെ സ്ത്രീകളെ മുഖം മറച്ചു നടക്കാൻ നിർബന്ധിക്കുന്നതും മക്കളെ ഹലാൽ സ്‌കൂളുകളിൽ മാത്രം ചേർക്കുന്നതും.

ഇനി കേരളത്തിയേക്കു വാരാം. സാക്കിർ നായിക്കിന് ഇവിടെയും ശക്തമായ വേരുകളുണ്ട്്. മാത്രമല്ല സാക്കിർ നായിക്കിനെയും കടത്തിവെട്ടുന്ന രീതിയിലുള്ള അതി തീവ്രതയാണ് ഇവിടുത്തെ പല പ്രഭാഷകർക്കും. മഹാത്മാ ഗാന്ധിക്കും മദർ തെരേസയ്ക്കും വരെ സ്വർഗം ലഭിക്കാൻ സാധ്യതയില്ലെന്ന് പറയുന്ന പ്രഭാഷകരെ സാക്ഷര സുന്ദര കേരളത്തിൽ പലയിടത്തും കാണാമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഷംസുദ്ദീൻ പാലത്തും സിംസാറുൽ നദ്വിയും എന്തിന് താരതമ്യേന ലിബറൽ എന്ന് കരുതപ്പെടുന്ന നൗഷാദ് ബാഖഫിപോലും എന്തെല്ലാമാണ് തള്ളി വിടുന്നത്. അമ്പലത്തിന് സംഭാവനകൊടുക്കുന്നത് വേശ്യാലയത്തിന് പണം നൽകുന്നതുപോലെയാണെന്നത് തൊട്ട്, സ്ത്രീകൾ പുരുഷ ഡോക്ടറെ കാണിക്കരുതെന്നും, മറ്റുള്ളവർക്ക് വൃക്ക കൊടുക്കരുതെന്നും തൊട്ടുള്ളമുള്ള നിരന്തരമായ മസ്തിഷ്‌ക്ക പ്രക്ഷാളനങ്ങൾ.

(ഖസാക്കിന്റെ ഇതിഹാസം ഒരു അശ്ളീല പുസ്തകമാണെന്നാണ് നൗഷാദ് ബാഖവിയുടെ ഈയിടെയുള്ള കണ്ടെത്തൽ) എഴുപതുകളിലോ എൺപതുകളിലോ ഇതുപോലെ ഒരു മത പ്രസംഗം ആർക്കെങ്കിലും നടത്താൻ കഴിയുമോ? ഇങ്ങനെയാണ് കേരള മുസ്ലീങ്ങളെ ഇവർ 'നന്നാക്കിയെടുക്കുന്നത്'. തൊട്ടതും പിടിച്ചതിതുമൊക്കെ അനിസ്ലാമികം. അവയവം സ്വീകരിക്കാം പക്ഷേ ദാനം ചെയ്യുരുത്. മുസ്ലിം സ്ത്രീകൾ മുസ്ലിം ഡ്രൈവിങ്ങ് സ്‌കൂളിൽ പോകണം എന്ന് ശഠിക്കുന്നവർ പോലുമുണ്ട്. മുസ്ലിം ഡോക്ടറെ മാത്രമെ കാണാവൂ. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും പറയുന്ന പ്രാംസഗികർ ഉണ്ട്.( പത്തിരുപത് വർഷം മുമ്പ് മാധ്യമം പത്രത്തിൽ 'മുസ്ലിം കിഡ്നി ആവശ്യമുണ്ടെന്ന്' ഒരു പരസ്യം വന്നപ്പോൾ സുകുമാർ അഴീക്കോട് അടക്കമുള്ളവർ ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇന്ന് ഈ കോപ്രായങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പോലും ആളില്ലാതയിരിക്കുന്നു. കാരണം മതത്തെയും പൗരോഹിത്യത്തെയും എല്ലാവാർക്കും പേടിയാണ്)

'മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്. സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്. അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് 'തുടങ്ങിയ അങ്ങേയറ്റം പ്രതിലോമകരമായ കാര്യങ്ങളാണ് ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിൽ പലപ്പോഴും പാരമർശിക്കുന്നത്. ഇവയിൽ പലതും യൂട്യൂബിൽ അപ്ലോഡ് ചെയ്തരുന്നു. മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും ശംസുദ്ദീൻ പാലത്ത് പറയുന്നു.ടിപി അബ്ദുള്ള കോയ മദനി നേതൃത്വം നൽകുന്ന ഔദ്യോഗിക മുജാഹിദ് വിഭാഗത്തിൽ നിന്നും വിഘടിച്ച് പോന്ന വിഭാഗത്തിൽപ്പെട്ടയാളാണ് ശംസുദ്ദീൻ പാലത്ത്. മുജാഹിദ് ബാലുശ്ശേരി നേതൃത്വം നൽകുന്ന ''വിസ്ഡം'' ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം നേരത്തെ ഒരു ലൈംഗികപവാദ കേസിൽപ്പെട്ട് പൊതുരംഗത്ത് നിന്നും പിൻവാങ്ങിയിരുന്നു.

നിസ്‌ക്കരിക്കാത്തവൻ കൊല്ലപ്പെടേണ്ടവനെന്ന ചോദ്യം മദ്രസാ സിലബസിൽ!

മുസ്ലീങ്ങളിൽ ഒരു വിഭാഗം കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്ന് പുറം തിരഞ്ഞ് നിൽക്കുകയും സ്വന്തമായി സ്‌കൂളുകൾ തുടങ്ങുകയും മത പഠനത്തിന് അമിതമായ പ്രാധാന്യം നൽകാൻ തുടങ്ങിയതും 90കളുടെ പകുതിയോടെയാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന സിബിഎസ്ഇ സ്‌കുളുകളിൽ നല്ലൊരു വിഭാഗത്തിന്റെയും സിലബസിൽ മത പഠനം ഒരു പ്രധാന വിഷയമാണ്. മുമ്പൊക്കെ എട്ടാം ക്ലാസിൽ അവസാനിച്ചിരുന്ന മതപഠനം ഇന്ന് ദറസുകളിലേക്ക് നീണ്ടുപോകുകയാണെന്ന് പ്രൊഫസർ എം എൻ കാരശ്ശേരിയെപ്പോലെയുള്ളവർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.നിരുപദ്രവമായ മത പഠനമല്ല ഇവിടെ പലപ്പോഴും നടക്കുന്നത്. എന്റെ മതംമാത്രമാണ് ശരിയെന്നും അതുവഴിയുള്ള അന്യമത വിദേഷ്വവും വ്യാപകമായി കുത്തിവെപ്പക്കപ്പെടുന്നു. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പഠിപ്പിച്ചപ്പോൾ കൃഷ്ണനെ സ്തുതിക്കുന്നത് തങ്ങളുടെ മത പ്രകാരം നിഷിദ്ധമാണെന്ന് ഒരു കുട്ടി പറഞ്ഞത കേട്ട് അമ്പരന്നുപോയതതായി മലബാറിലെ ഒരു ടീച്ചർ ഈയിടെ പോസ്റ്റിട്ടിരുന്നു. മുസ്ലിം മാനേജ്‌മെന്റുകളുടെ കീഴിൽ മുസ്ലിം കുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളുകൾ, മറ്റു മതവിഭാഗങ്ങളുമായി സൗഹൃദമോ ബന്ധമോ ഇല്ലാതെ വളരുന്ന കുട്ടികൾ വലിയ ഒരു സാമൂഹിക പ്രതിസന്ധിയായാണ് സൃഷ്ടിക്കുന്നത്. ഈ കൊച്ചു കേരളത്തിൽ നിലനിൽക്കുന്ന മത സൗഹാർദത്തിന് നാം ഏറെ കടപ്പെട്ടിരിക്കുന്നത് നമ്മുടെ പൊതുവിദ്യാഭ്യാസത്തോടാണ്.

കേരളത്തിലെ മദ്രസ്സാ സിലബസുകളിലും മത പ്രഭാഷണങ്ങളിലും മത യുദ്ധങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ എടുത്തു കളയുവാൻ സമയമായി എന്ന് ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള സ്വതന്ത്ര ചിന്തകർ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അടിമത്തം ലോകത്തു നിന്ന് അപ്രത്യക്ഷമായപ്പോൾ അതുമായി ബന്ധപ്പെട്ട മതശാസനകൾ പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും നിന്ന് അപ്രത്യക്ഷമായത് പോലെ, മത യുദ്ധങ്ങളെ സ്തുതിച്ചു കൊണ്ടുള്ള പരാമര്ശങ്ങൾക്കും വിട നൽകാനുള്ള സമയമായെന്ന് ഒരു വിഭാഗം ഇസ്ലാമിക പരിഷ്‌ക്കരണ വാദികളുും ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടുവർഷംമുമ്പ് ഉണ്ടായ ഒരു വിവാദം നോക്കുക. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകളിലെ പാഠപുസ്‌കത്തിലെ ഒരു ചോദ്യാവലി ഏറെ വിവാദമായിരുന്നു. നിസ്‌ക്കരിക്കാത്തവരെ കൊല്ലണം എന്ന് അർഥം വരുന്നുണ്ടെന്ന് വ്യാപകമായ വിമർശനം ഉണ്ടായതോടെ സമസ്ത അത് പിൻ വലിക്കുകയായിരുന്നു.

നിസ്‌കാരം ഒഴിവാക്കുന്നവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് ഖുർആനിൽ പറയുന്നുണ്ട്. നിസ്‌കാരത്തെ മഹത്വവൽക്കരിക്കാൻ വേണ്ടി തയ്യാറാക്കിയ പാഠഭാഗമാണിതെന്നാണ് മത പണ്ഡിതർ പറയുന്നത്. എന്നാൽ ഈ പാഠഭാഗത്തിലുള്ള ചോദ്യാവലിയിൽ കൊല്ലപ്പെടേണ്ടവർ ആരാണ് എന്ന തരത്തിലാണ് ചോദ്യം ഉയർന്നിരിക്കുന്നത്. അതും തുടർച്ചയായിട്ടുള്ള ചോദ്യാവലികളിലാണ് ഇത്തരം കാര്യങ്ങൾ ചോദിച്ചിരിക്കുന്നത്. നിസ്‌കരിക്കാത്തവനെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നതാണ് ഇതെന്നാണ് വിമർശനമുയർന്നിരിക്കുന്നത്.അഞ്ചാം ക്ലാസിലെ പാഠഭാഗത്തിന്റെ പരിഷ്‌കരിച്ച പതിപ്പിലാണ് വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യുക്തിവാദി നേതാവ് ഇഎ ജബ്ബാർ മാസ്റ്ററാണ് ഇതിനെ കടന്നാക്രമിച്ചത്. മതവിദ്വേഷം ഉണ്ടാക്കിയ കേസിൽ എംഎം അക്‌ബറിനെതിരെ കേസെടുത്തെങ്കിൽ എന്തുകൊണ്ട് സമസ്തക്കെതിരെയും ഇസ്ലാംമത ബോർഡിന് കീഴിലുള്ള മദ്രസകൾക്കെതിരെയും കേസെടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചത്. സുന്നികളുടെ മദ്രസകളിൽ പഠിപ്പിക്കുന്ന ഇത്തരം പ്രകോപനപരമായ കാര്യങ്ങളിൽ കേസെടുക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിവാദമായയോടെ ആ പാഠഭാഗം പിൻവലിച്ചുവെങ്കിലും ഇതിലും ദയനീയമാണ് പല സ്‌കൂളുകളിലെയും 'കുത്തിവെപ്പ്' എന്നാണ് വിമർശനം.

ഉറ്റ സുഹൃത്ത് ഒരു മുസ്ലീമാകാൻ തീരുമാനിച്ചാൽ എന്ത് ഉപദേശമാണ് നിങ്ങൾ നൽകുക?

പിഞ്ചുകുട്ടികളുടെ തലച്ചോറിലേക്ക് എങ്ങനെ മതം കയറ്റിവിടുന്ന് എന്ന് അറിയണമെങ്കിൽ രണ്ടുവർഷം മുമ്പ് നമ്മുടെ എംഎം അക്‌ബറിന്റെ പീസ് സ്‌കൂളിലെ രണ്ടാം ക്ലാസ് കുട്ടികൾക്കുള്ള പാഠ വിവാദം പരിശോധിച്ചാൽ മതി. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമായിരുന്നു വിവാദത്തിലായിരുന്നത്. അത് ഇങ്ങനെയാണ്...

നിങ്ങളുടെ ഉറ്റ സുഹൃത്ത് ആദം/സൂസന്ന ഒരു മുസ്ലീമാകാൻ തീരുമാനിച്ചു. താഴെ നൽകിയതിൽ എന്ത് ഉപദേശമാണ് നിങ്ങൾ സുഹൃത്തിന് നൽകുക

1. അവൻ/അവൾ ഉടൻ അഹമ്മദ്/സാറ എന്ന് പേര് മാറ്റുക.

2. അവനോ അവളോ കഴുത്തിൽ ധരിച്ചിരിക്കുന്ന കുരിശുരൂപം ഉടൻ നീക്കാൻ ആവശ്യപ്പെടുക.

3. ഷഹാദ പഠിക്കുക.

4. രക്ഷകർത്താക്കൾ അമുസ്ലീങ്ങളായതിനാൽ വീട്ടിൽ നിന്നും ഓടിപ്പോവുക.

5. ഹലാൽ ചിക്കൻ കഴിക്കുക.

ഈ ഉപദേശങ്ങൾ കൃത്യമായ ക്രമത്തിലെഴുതിയ ശേഷം എന്തുകൊണ്ടാണിങ്ങനെ ക്രമം സ്വീകരിച്ചതെന്ന് ക്ലാസിൽ വിശദീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. എത്ര കൃത്യമായാണ് മതം കടത്തിവിടുന്നത് എന്ന് ഓർക്കുക. ഇസ്ലാമിക പ്രഭാഷകനായ എം.എം അക്‌ബറുടെ നേതൃത്വത്തിൽ പീസ് ഫൗണ്ടേഷനു കീഴിൽ പീസ് ഇന്റർനാഷണൽ എന്ന പേരിൽ പത്തിലധികം സ്‌കൂളുകൾ നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ഒരു വിവാദവും കേസും ഉണ്ടായിട്ടും ഇവയിലെല്ലാം നിർബാധം മത പഠനം എന്ന പേരിൽ 'സ്ലോ പോയസനിങ്ങ്' തുടരുകയാണ്. കേസിനെ തുടർന്ന് ഡോസ് കുറച്ചിട്ടുണ്ടെന്ന് മാത്രം. ദേശീയഗാനം കീറിക്കളഞ്ഞെന്ന ആരോപണവും ഈ സ്‌കൂളിനെതിരെ ഉണ്ടായിട്ടുണ്ട്. അധ്യയനവർഷാരംഭത്തിൽ വിദ്യാർത്ഥികൾക്കു വിതരണം ചെയ്ത സ്‌കൂൾ ഡയറിയിൽനിന്നു ദേശീയഗാനം ഉള്ള പേജ് കീറിക്കളഞ്ഞ് വിതരണം ചെയ്‌തെന്നും പ്രതിഷേധം ഭയന്ന് പിന്നീട് ഡയറി തിരിച്ചുവാങ്ങി ദേശീയഗാനമുള്ള പേജ് വീണ്ടും ഒട്ടിച്ചു നൽകുകയായിരുന്നുമെന്നുമാണ് ആരോപണം. സ്‌കൂളിൽ ദേശീയഗാനം ആലപിക്കാറില്ലെന്നും മാസങ്ങൾക്കു മുമ്പു ദേശവിരുദ്ധ നടപടികളുമായി സ്‌കൂളിനെതിരേ അന്വേഷണം ആരംഭിച്ചപ്പോൾ മാത്രമാണ് ദേശീയഗാനം ആലപിച്ചു തുടങ്ങിയതെന്നും രക്ഷിതാക്കൾ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് യാദൃശ്ചിക മാണെന്ന് കരുതാൻ വയ്യ.

.മതസ്പർധ വളർത്തുന്ന ചോദ്യാവലിയെ തുടർന്ന് എറണാംകളും പീസ്് സ്‌കൂൾ ട്രസ്റ്റികളും വ്യവസായികളുമായ ബാബു മൂപ്പൻ, നൂർഷ കള്ളിയത്ത്, സിറാജ് മേത്തർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായ ബൂർജ് റിയലൈസേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.സാക്കിർ നായിക്കിന്റെ നിയന്ത്രണത്തിലുള്ള മുബൈയിലെ ബുർജ്ജ് പബ്ലിക്കേഷനാണ് ഭൂരിഭാഗം പീസ് ഇന്റെർനാഷ്ണൽ സ്‌കൂളുകളിലും പാഠപുസ്തമെത്തിക്കുന്നത്. എറണാകുളത്തെ പീസ് ഇന്റെർനാഷ്ണൽ സ്‌കൂളിലും ഈ പാഠപുസ്തകങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബുർജ്ജ് പബ്ലിക്കേഷൻസിന്റെ നടത്തിപ്പുകാരനെ പൊലീസ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി, ചോദ്യം ചെയ്തിരുന്നു.

നോക്കുക. ആ വഴി കൃത്യമാണ്. അവസാനം ഇതെല്ലാം ചെന്നെത്തുന്നത് സാക്കിർ നായിക്കിലാണ്. ലോകത്ത് എവിടെ ഭീകരാക്രമണം നടന്നാലും അവിടെ അവിടെ സാക്കിർ നായിക്കിന്റെ സാന്നിധ്യം പ്രകടമാണ്. ശ്രീലങ്കയിലും അങ്ങനെയാണ്. ഇനി നോക്കുക പീസ് സ്‌കുളുമായി അടുത്ത ബന്ധമുള്ളവാരാണ് കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന നാലുപേർ എന്നതും ഞെട്ടിക്കുന്നതാണ്. പക്ഷേ എം എം അക്‌ബറൊക്കെ ഇത് ശക്താമായി നിഷേധിക്കുകയാണ്. പക്ഷേ പീസ് സ്‌കൂളിനെതിരെയും തുറന്നടിച്ച് ഐഎസ് നേതാവ് അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ സന്ദേശം മാധ്യമ വാർത്തയായപ്പോൾ ഇവർ എല്ലാവരും മൗനത്തിലായി. കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഹിജ്റ (പലായനം) ചെയ്തവരിൽ അധികവും പീസ് സ്‌കൂളിൽ നിന്നുള്ളവരോ, പീസ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടവരോ ആണെന്ന് റാഷിദ് പറയുന്നു. ഐ.എസിൽ നിന്നും മലയാളികൾക്കായുള്ള 56ാമത് ഓഡിയോ ക്ലിപ്പിലാണ് എം.എം അക്‌ബറിനെ പ്രതിരോധത്തിലാക്കുന്ന പരാമർശമുള്ളത്. 15 മിനുട്ടോളം ദൈർഘ്യമുള്ള ശബ്ദ സന്ദേശത്തിൽ കൂടുതലായും എം.എം അക്‌ബറിനെതിരെയും കേരളത്തിലെ സലഫികളടക്കമുള്ള മുസ്ലിം സംഘടനകൾക്കെതിരെയുമാണ്. ഇവർ യഥാർത്ഥ ഇസ്ലാമിനെയും ഹിജ്റയും, ജിഹാദും പഠിപ്പിക്കുന്നില്ലെന്നാണ് റാഷിദ് പ്രധാനമായും ഉയർത്തുന്ന വാദം. 2016ൽ കേരളത്തിൽ നിന്നും ഐ.എസിലേക്കു പോയ 21 പേരടങ്ങുന്ന സംഘത്തിൽപ്പെട്ടയാളാണ് പീസ് സ്‌കൂൾ അഡ്‌മിനിട്രേറ്റിംങ് ജീവനക്കാരൻ കൂടിയായിരുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ്.

ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ ഐ.എസ് സ്വാധീന മേഖലയായ ഖുറാസാൻ പ്രവിശ്യയിൽ കഴിയുന്ന റാഷിദ് ഐ.എസിന്റെ മലയാളി സംഘത്തിന്റ നേതാവുകൂടിയാണ്. റിപ്പോർട്ടർ ടിവി ചാനലിൽ വന്ന എം.എം അക്‌ബറിന്റെ അഭിമുഖത്തിനെ ഖണ്ഡിക്കുന്നതാണ് റാഷിദിന്റെ ഓഡിയോ ക്ലിപ്പ്. ടിവി അഭിമുഖത്തിൽ സത്യം പറയാനാകാതെ എം.എം അക്‌ബർ ഉരുണ്ടുകളിക്കുകയാണെന്നും പീസ് സ്‌കൂളിലെ പലരും നമ്മോടൊപ്പം ഹിജ്റ ചെയ്തിട്ടുള്ളവരാണെന്നും റാഷിദ് പറയുന്നു. പീസ് സ്‌കൂളിൽ നിന്ന് ഐ.എസിലെത്തിയവരുടെ കൂട്ടത്തിൽ രണ്ട് പേരെ അക്‌ബർ മറച്ചു വെയ്ക്കുന്നുണ്ട്. പീസ് ഫൗണ്ടേഷനിലെ സപ്ലൈ മാനേജരായ ശിയാസും മറ്റൊന്ന് ഇസ്ലാം സ്വീകരിച്ച പാലക്കാട് യാക്കര സ്വദേശി യഹിയയുമാണ്.

'ചാക്കുകെട്ടുകളും' ഹലാൽ ഹോട്ടലുകളും

ശ്രീലങ്കയിൽ നിന്ന് ഇപ്പോൾ കേൾക്കുന്ന വാർത്ത സർക്കാർ തന്നെ മുഖം മറക്കുന്നത് നിരോധിച്ചിരിക്കയാണ് എന്നാണ്, മുസ്ലിംകളുടെ തന്നെ അഭൂതപൂർവമായ പിന്തുണയാണ് ഈ നീക്കത്തിന് ലഭിക്കുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുഖം മറച്ചവരുമായോ അവരുടെ കൂടെ യാത്ര ചെയ്യുന്നവരുമായോ സംസാരിക്കാനോ ഇടപഴകുവാനോ മറ്റു സമുദായക്കാർ മടിക്കുന്നതാണ് വളരെ ഒരുമയിൽ കഴിഞ്ഞിരുന്ന മുസ്ലിംകളും മറ്റുള്ളവരും തമ്മിൽ അകലാനുള്ള പ്രധാന കാരണമെന്നാണ് ശ്രീലങ്കയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയിലി-മിറർ എഡിറ്ററായ ഹഫീൽ ഫാരീസ് നിരീക്ഷിക്കുന്നത്.

ഈ പ്രവണത കേരളത്തിലും ശക്തമല്ലേ. ഐഎസ് ബന്ധത്തിന്റെപേരിൽ പിടിച്ചവരിൽ ഭൂരിഭാഗവും പൊതുസമൂഹവുമായി യാതൊരു ബന്ധുവുമില്ലാതെ ജീവിക്കുന്നവരാണ്.മുഖം മറക്കൽ ഒരു വ്യക്തിത്വ പ്രശ്നവും പൊതു സുരക്ഷാപ്രശനവും സാമൂഹിക പ്രശ്നവുമായിരുന്നിട്ടു കൂടി നമ്മുടെ നാട്ടിൽ അതിന് എത്ര പിന്തുണ കിട്ടുന്നുണ്ടെന്ന് നോക്കുക. ഇഎംഎസ് പ്രസിഡന്റ് ഡോ്. ഫസൽ ഗഫൂർ തന്റെ സ്ുകൂളിലും കോളജിലും മുഖം മറച്ച വസ്ത്രധാരണ രീതി നിരോധിച്ചതിന്റെ പേരിൽ ഉണ്ടായ പ്രശ്നങ്ങൾ നോക്കുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളൊക്കെ പറയുന്നത് മത കാര്യങ്ങളിൽ ആരും ഇടപെടേണ്ട എന്നാണ്. മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുക തങ്ങളുടെ ചോയ്സാണെന്ന് പറഞ്ഞ് അഭ്യസ്തവിദ്യരായ മുസ്ലിം സ്ത്രീകളും രംഗത്ത് എത്തിയിരിക്കുന്നത് നോക്കുക. മതശാസനകളിലുടെ നിരന്തരമായി കടന്നുപോകുന്നതിനാൽ അവരുടെ മസ്തിഷ്്ക്കംപോലും മരവിക്കുകയാണ്. അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതപോലും മനസ്സിലാവാത്ത രീതിയിൽ കേരളത്തിലെ മുസ്ലിം സ്ത്രീകൾ എത്തിയിരിക്കുന്നു.

ഇനി ഹലാൽ ഭക്ഷണം എന്ന് പറഞ്ഞ് ശ്രീലങ്കയിൽ വേരുപിടിക്കുന്ന ഹോട്ടൽ ശൃഖലകളെ കേരളവുമായി ഒന്ന് താരതമ്യം ചെയ്തുനോക്കു. വളരെ നിരുപദ്രവകരം എന്ന് കരുതിയിരുന്ന ഈ ബോർഡുകൾ ഭീകരമായ സാമൂഹിക പ്രത്യാഘാതമാണുണ്ടാക്കിയതെന്നാണ് ഡാറ്റാ സെക്യൂരിറ്റി കൺസൾട്ടന്റും എഴുത്തുകാരനുമായ ഫാറൂഖ് എഴുതിയത്.'ശ്രീലങ്കയിലെ ഏറ്റവും നല്ല റസ്റ്റോറന്റുകളിൽ മിക്കതും മുസ്ലിം ഉടമസ്ഥാതയിലുള്ളതാണ്, കൊളംബോയിൽ മാത്രമല്ല, കാൻഡി, നെഗോമ്പോ തുടങ്ങിയ നഗരങ്ങളിൽ പോലും ഏറ്റവും നന്നായി കച്ചവടം നടക്കുന്ന ഹോട്ടലുകൾ കാലങ്ങളായി മുസ്ലിംകളാണ് നടത്തുന്നത്. ഇവയിലൊന്നും മറ്റു മതസ്ഥർക്ക് ഭക്ഷണം കഴിക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല വലിയ ഇഷ്ടവുമായിരുന്നു ഈയടുത്തു ഹലാൽ-ഭക്ഷണം എന്ന ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത് വരെ.ചില മത പ്രഭാഷകരാണ് ഹലാൽ ഭക്ഷണം മാത്രമേ മുസ്ലിംകൾ കഴിക്കാവൂ എന്ന കാര്യത്തിന് പ്രസംഗങ്ങളിൽ ഊന്നൽ കൊടുത്തു തുടങ്ങിയത്.

തീവ്ര വിശ്വാസികളായ ഹോട്ടൽ ഉടമകൾ തുടർന്ന് 'ഹലാൽ ഭക്ഷണം ഇവിടെ ലഭിക്കും' അല്ലെങ്കിൽ 'ഹലാൽ' എന്ന ബോർഡ് ഹോട്ടലുകൾക്ക് വെളിയിൽ തൂക്കാൻ തുടങ്ങി.മുഖം മൂടുന്ന സ്ത്രീകൾ കഴിഞ്ഞാൽ ഒരു പക്ഷെ ഏറ്റവും വലിയ സാമുദായിക ധ്രുവീകരണം ഉണ്ടാക്കിയ പ്രവർത്തിയായിരുന്നു ഇത്. മുസ്ലിംകൾ ഹലാൽ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് മുസ്ലിംകളും ഹലാൽ ഭക്ഷണം എന്നാൽ എന്തോ പൂജ ചെയ്തതിനു ശേഷം ഉണ്ടാക്കുന്ന ഭക്ഷണമാണെന്നു സിംഹളരും പ്രചരിപ്പിച്ചു. മുസ്ലിംകളുടെ ഹോട്ടലുകൾ ബഹിഷ്‌ക്കരിക്കാനുള്ള വ്യാപക പ്രചാരണമാണ് പിന്നീട് നടന്നത്, പലയിടത്തും ഇത് സംഘർഷങ്ങൾക്കും ഇട വരുത്തി'.- ശ്രീലങ്കയുമായി അടുത്ത ബന്ധമുള്ള ഫാറൂഖ് തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വലിയ രീതിയിൽ വളർന്നിട്ടില്ലെങ്കിലും കേരളത്തിലും വിശിഷ്യ മലബാറിൽ ഹലാൽ റസ്റ്റോറന്റുകൾ വർധിക്കുന്നുണ്ട്. ഭാവിയിൽ ഇതും സാമുദായിക ധ്രുവീകരണത്തിനുള്ള വെടിമരുന്നാകുമെന്ന് ഉറപ്പാണ്.
.
വിമർശകർ എല്ലാം ഇസ്ലാമോ ഫോബുകൾ ആണോ?

നന്നാക്കിയെടുക്കുന്നതിന്റെയും ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കയിലെ മുസ്ലീങ്ങളെ എങ്ങനെ മാറ്റിയെടുത്തോ അതേ രീതിതന്നെയാണ് കേരളത്തിലും ഏതാണ്ട് സംഭവിക്കുന്നത്. നേർച്ച വേണ്ട, വിളക്കുകത്തിക്കരുത്, ജാറങ്ങൾ വേണ്ട തുടങ്ങിയ പരിപാടികളിലൂടെ ഇസ്ലാമിലുണ്ടായ പ്രാദേശിക കലർപ്പുകളുടെ നീക്കൽ പ്രക്രിയ ഒടുവിൽ എത്തിനിൽക്കുന്നത്, മുഖംമറച്ച വസ്ത്രത്തിലും മുസ്ലിം ഡോക്ടറിലും മുസ്ലിം കിഡിനിയിലുമൊക്കെയാണ്. ഇതിന് സലഫിസം എന്ന ആശയയധാരയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ഹമീദ് ചേന്ദമംഗല്ലൂരിനെുപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നത്്. അദ്ദേഹം പറയുന്ന് ഇങ്ങനെയാണ്- 'ഐഎസിന് ഒരു പ്രത്യയ ശാസ്ത്രമുണ്ട്. ആ പ്രത്യയശാസ്ത്രം എന്നു പറയുന്നത് ഇസ്ലാമിസവുമായി ബന്ധപ്പെട്ട പ്രത്യയ ശാസ്ത്രമാണ്. സലഫിസമെന്ന് പറഞ്ഞാലും ഇസ്ലാമിസം എന്ന് പറഞ്ഞാലും രണ്ടും രണ്ടല്ല.

ഒസാമാ ബിൻലാദൻ, സലഫി അല്ലെങ്കിൽ സലഫിസത്തിന്റെ ആ പ്രത്യയ ശാസ്ത്രത്തെ സ്വാധീനിക്കപ്പെട്ടതാണ്. അതു തന്നെയാണ് ഇസ്ലാമിസവും. ഇസ്ലാം എന്നത് മറ്റുമതങ്ങലെ പോലെ വെറും ഒരു മതമല്ല. ആ മതം രാഷ്ട്രീയം കൂടി ഉൾക്കൊള്ളുന്ന മതമാണ്. ഇസ്ലാം മതത്തിന് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്. ഹിന്ദു മതത്തിന് അതിന്റെതായ രാഷ്ട്രീയമില്ലായിരിക്കാം ക്രിസ്തുമതത്തിന് ഇല്ലായിരിക്കാം. എന്നാൽ അങ്ങനെയല്ല ഇസ്ലാം. ഇസ്ലാമിന് അതിന്റെതായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം അനുസരിച്ചുള്ള ഭരണ സംവിധാനം അറബ് രാജ്യങ്ങളിൽ അല്ലെങ്കിൽ ഈ ഭൂമിയിൽ നടപ്പാക്കുക എന്നത് മുസ്ലീങ്ങളുടെ മതപരമായ കടമയാണ് എന്ന് പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാമിസവും സലഫിസവും. ആ ചിന്താധാരയാൽ സ്വാധീനിക്കപ്പെട്ട ആളുകൾ നേരത്തെ നമ്മുടെ നാട്ടിൽ ഉണ്ട്. അതിൽപെട്ട ആൾക്കാരാണ് ജമാ അത്ത് ഇസ്ലാമി, സിമി, പോപ്പുലർഫ്രണ്ട് എന്നൊക്കെ പറയുന്ന ആൾക്കാർ.'- അതായത് സലഫിസവും ഇസ്ലാമിസവും തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്നാണ് ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടുന്നത്.

ഏറ്റവും രസാവഹം മതത്തിന് ഭീകരതയില്ല എന്ന നാഴികക്ക് നാൽപ്പതുവട്ടം പറയുന്ന മുസ്ലിം സംഘടകൾ ഏന്തെങ്കിലും ഒരു പ്രശനമുണ്ടായാൽ കൂട്ടമായി പ്രതിരോധം തീർക്കുകയാണ് പതിവ്. സാക്കിർ നായിക്കിനെതിരെ കേന്ദ്ര സർക്കാർ കേസ് എടുത്തതും സ്വത്ത് കണ്ടുകെട്ടിയതും കേരളത്തിലെ മുസലീം സംഘടനകൾക്ക് ഭരണകൂട ഭീകരതയാണ്. പീസ് സ്‌കുളിനെതിരെ കേസ് എടുത്തപ്പോൾ മതേതര വാദികൾ എന്നു പറയുന്ന മുസ്ലീ ലീഗുപോലും പ്രതിഷേധിച്ചു. ഇപ്പോൾ ഇംഇഎസിലെ മുഖവസ്ത്ര നിരോധനവും നോക്കുക. സമസ്തയൊക്കെ ശക്തമായി എതിർക്കയാണ്. പ്രമുഖ യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ ഇ എ ജബ്ബാർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ' ഇന്നുവരെ ഐസിൽ ചേർന്നതിന്റെ പേരിലൊ, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെപേരിലോ, ഏതെങ്കിലും ഒരാളെ മഹല്ലിൽനിന്ന് പറത്താക്കിയതായോ മറ്റ് നടപടി എടുത്തതായോ കേട്ടിട്ടുണ്ടോ? മാത്രമല്ല ഇത്തരം തീവ്രാവാദ കേസുകളിലൊക്കെ പ്രതികളെ രക്ഷിക്കാനും മറ്റുമായി വലിയ പരിവിടുന്നത് ഇതോ വിശ്വാസികൾ തന്നെയാണ്'.

അതായത് ഏറിയും കുറഞ്ഞുമുള്ള വിശ്വാസികളുടെയും മത സംഘടനകളുടെയും പരോക്ഷമായ പിന്തുണയോടെയാണ് തീവ്രാവാദത്തിന് വിത്തിടുന്ന ആശയങ്ങൾ കേരളത്തിലും വേരുപിടിക്കുന്നതെന്നാണ് ചുരുക്കം. പ്രശസ്ത അമേരിക്കൻ ചിന്തകൻ സാം ഹാരിസ് ഇതിനെ ഒരു ഫുട്ബോൾ മൽസരത്തോടാണ് ഉപമിക്കുന്നത്. ഗോളടിക്കുന്നത് മൂന്ന് ഫോർവേഡുകൾ മാത്രമാണെങ്കിലും അവർക്ക് പന്ത് എത്തിച്ചുകൊടുക്കാൻ അത്യധ്വാനം ചെയ്യുന്ന കളിക്കാർ വേറെയുണ്ട്. ബിൻലാദിനെയും ബാഗ്ദാദിയെപോലുള്ള ജിഹാദികൾക്ക് പിന്നിൽ പലപ്പോഴും കാണാവുക ഒരു വലിയ മത വിഭാഗത്തെ തന്നെയാണ്. പണം എത്തിച്ചുകൊടുക്കാനും ആയുധം എത്തിച്ചുകൊടുക്കാനും ആളുകൾ ഇല്ലായിരുന്നെങ്കിൽ വേൾഡ് ട്രേഡ് സെന്റർ തകരുമായിരുന്നോ എന്നാണ് സാം ഹാരിസ് ചോദിക്കുന്നത്്. പലപ്പോഴും പരസ്യമായി തീവ്രാവാദ ആക്രമണങ്ങളെ അപലപിക്കുമ്പോഴും രഹസ്യമായി അതിൽ സന്തോഷിക്കുകയും അനുഭാവം പുലർത്തുന്നവരെയുമാണ് വ്യാപകമായി കാണാനാവുക.

ഇനി ഇസ്ലാമിനെ വിമർശിക്കുന്നവരെയെല്ലാം ഇസ്ലാമോ ഫോബുകൾ എന്നു പറഞ്ഞ് ചാപ്പയടിക്കുകയെന്നതും മത സംഘടനകളുടെ പതിവ് പരിപാടിയാണ്. ഇതേക്കുറിച്ച് എഴുത്തുകാരനും സ്വത്രന്ത ചിന്തകനുമായ സി രവചന്ദ്രൻ പറയുന്നത് ഇങ്ങനെയാണ്.'ഒരു സാധനത്തോട് പേടി തോന്നുക എന്നത് ഒരു വ്യക്തിയുടെ തീരുമാന പ്രകാരമല്ല. നിങ്ങൾക്ക് പാമ്പിനെ കണ്ടാൽ പേടി തോനുന്നത് നിങ്ങളുടെ തീരുമാന പ്രകാരം ഉണ്ടാകുന്നതല്ല. പേടിക്കില്ല എന്ന് ധരിച്ചാലും പേടിയുണ്ടാവും.അതുതന്നെയാണ് ഇസ്ലാമിന്റെ കാര്യത്തിലും. ആരെങ്കിലും ഒന്നിനെ പേടിക്കുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമല്ല. ഭീകരതക്ക് മതമില്ല എന്ന് പറയുന്നതൊക്കെ വെറും തൊലിപ്പുറമെയുള്ളു. ഭീകരർക്ക് ശരിക്കും മതം മാത്രമേയുള്ളൂ. മതത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അവർ അക്കമിട്ട് നടപ്പാക്കുന്നത്. ആധുനിക സമൂഹത്തിൽ നാം മതത്തെ നേർപ്പിച്ച് ഉപയോഗിക്കുന്നതുകൊണ്ട് മാത്രമാണ് ഭീകരത അറിയാത്തത്.'- സി രവിചന്ദ്രൻ വ്യക്താമാക്കി.അതായത് മതം നേർപ്പിച്ച് ഉപയോഗിക്കുന്നതാണ് ആധുനികയെ നിലർത്തുന്നത്. പക്ഷേ ഒട്ടും നേർപ്പിക്കാതെ ഏഴാം നൂറ്റാണ്ടിലെ മതം അതേപടി നടപ്പാക്കണമെന്ന് പറയുന്നിടത്താണ് ഐഎസിന്റെ തുടക്കവുമെന്ന് മറന്നുപോകരുത്്.

തൊടുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികൾ കോടതി ശിക്ഷിച്ചപ്പോൾ ചിരിച്ച ചിരി ഓർമ്മയില്ലേ. തങ്ങൾക്ക് ഇതൊന്നും യാതൊരു പ്രശ്്നമല്ലെന്നും തങ്ങളുടെ ഭാവി മറ്റേതോ സ്വർഗലോകത്താണെന്നുമുള്ള ഉറച്ച ചിന്തയിൽനിന്ന് വിടരുന്ന നിശ്ചയ ദാർഢ്യമാണത്. ശ്രീലങ്കയിൽ പിന്തുകുഞ്ഞിന്റെ മുഖത്ത് തലോടിക്കൊണ്ട് ആഹ്ലാദവാനായി പോവുന്ന ജിഹാദിയിൽനിന്നും ഏറെ വിദൂരത്തല്ല ആ ചിരി! ലങ്കയിൽനിന്ന് കേരളത്തിലേക്കുള്ള ദൂരം കുറയുന്നത് നമുക്കും ഒരു പാഠമാണ്. അടിയന്തരമായി തിരുത്തേണ്ട പാഠം.

( അവസാനിച്ചു)

റഫറൻസ്/കടപ്പാട്: ഇസ്ലാം ആൻഡ് ഫ്യൂച്ചർ ടോളറർൻസ്: എ ഡയലോഗ്- സാ ഹാരിസ്, മാജിദ് നവാസ്. ബ്രേക്കിങ്ങ് ദി സപെൽ -ഡാനിയൽ ഡെന്നറ്റ്. ഫാറൂഖ്-ലേഖനം. സി രവിചന്ദ്രൻ ഇഎ ജബ്ബാർ എന്നിവരുടെ വിവിധ പ്രഭാഷണങ്ങൾ. ഹമീദ് ചേന്ദമംഗല്ലൂർ, പ്രൊഫസർ എം എൻ കാരശ്ശേരി എന്നിവരുടെ വിവിധ ലേഖനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP