Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആസ്ത്മയ്ക്കുള്ള 'ഗംഭീര ഉൽപ്പന്ന'ത്തിനു മോഹൻലാലിന്റെ സാക്ഷ്യപത്രം! തട്ടിപ്പ് മരുന്നിന്റെ പരസ്യത്തിനു സൂപ്പർതാരം മോഡലായപ്പോൾ കോടികളുടെ വിറ്റുവരവും; വ്യാജ ഔഷധം വിപണിയിൽ ഇറക്കിയതിനു കോടതി ശിക്ഷിച്ച പങ്കജകസ്തൂരിക്കാരനു പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരവും

ആസ്ത്മയ്ക്കുള്ള 'ഗംഭീര ഉൽപ്പന്ന'ത്തിനു മോഹൻലാലിന്റെ സാക്ഷ്യപത്രം! തട്ടിപ്പ് മരുന്നിന്റെ പരസ്യത്തിനു സൂപ്പർതാരം മോഡലായപ്പോൾ കോടികളുടെ വിറ്റുവരവും; വ്യാജ ഔഷധം വിപണിയിൽ ഇറക്കിയതിനു കോടതി ശിക്ഷിച്ച പങ്കജകസ്തൂരിക്കാരനു പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരവും

തിരുവനന്തപുരം: പവർമാൾട്ട്, ജീവൻടോൺ തുടങ്ങിയവയായിരുന്നു ആദ്യകാലത്തു പരസ്യങ്ങളിലൂടെ കേരളീയമനസുകളിൽ സ്ഥാനം നേടിയ ഉത്തേജകമരുന്നുകൾ.1988 ലാണ് പങ്കജകസ്തൂരിയിലൂടെ വൻതോതിലുള്ള പരസ്യവിപ്‌ളവം ആരംഭിച്ചത്. ആസ്തമയ്ക്കുള്ള ഫലപ്രആയുർവേദ ഔഷധമായിട്ടാണ് പങ്കജകസ്തൂരി എന്ന ഉൽപന്നത്തെ പങ്കജകസ്തൂരി ഹെർബൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെ. ഹരീന്ദ്രൻ നായർ കേരളത്തിൽ അവതരിപ്പിക്കുന്നത്. ഗംഭീര ഉൽപന്നമാണെന്നു സൂപ്പർതാരം മോഹൻലാലിന്റെ സാക്ഷ്യപത്രം കൂടിയായപ്പോൾ, കൊച്ചു കുട്ടികൾ മുതിൽ പ്രായമായവർ വരെ പങ്കജകസ്തൂരിയുടെ ഉപഭോക്താക്കളായി മാറി. സംസ്ഥാനത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പങ്കജകസ്തൂരിക്ക് ആവശ്യക്കാരേറിയപ്പോൾ ഔഷധത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഫലസിദ്ധിയെക്കുറിച്ചുമുള്ള സംശയങ്ങൾ ഉയർന്നു. 

1992 ജനുവരി 28-ന് പൂവച്ചലിലെ പങ്കജകസ്തൂരി നിർമ്മാണകേന്ദ്രം സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ റെയ്ഡ് ചെയ്്ത് രേഖകളും ഉൽപന്നങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരത്തെ ഔഷധ പരിശോധനാ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പങ്കജകസ്തൂരി വ്യാജ ഔഷധമാണെന്നു തെളിഞ്ഞു. ഔഷധനിർമ്മാണത്തിനു ഉപയോഗിക്കുന്ന ഘടകങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും പങ്കജകസ്തൂരി നിർമ്മാണവുമായി ബന്ധപ്പെട്ട് രേഖകളിൽ കൃത്രിമമുണ്ടെന്നും വ്യക്തമായി. ഔഷധനിർമ്മാണച്ചട്ടം ലംഘിച്ചതിനെതിരെ(നമ്പർ 77/93) നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഡോ.ഹരീന്ദ്രൻനായർക്ക് പത്തു ദിവസത്തെ തടവും 2500 രൂപ പിഴയും വിധിച്ചു. വിചാരണക്കോടതി വിധിക്കെതിരെ കമ്പനിക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. തന്റെ 'ഗവേഷണത്തിലൂടെ' കണ്ടെത്തിയ ഔഷധം വ്യാജമല്ലെന്നും ഔഷധത്തിന്റെ ഗുണനിലവാരം കൊൽക്കത്ത ആസ്ഥാനമായ സെൻട്രൽ ലബോറട്ടറിയിൽ പരിശോധിക്കണമെന്നും പ്രതി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

വിചാരണക്കോടതിയുടെ ശിക്ഷയിൽ ഹൈക്കോടതി നേരിയ ഇളവ് വരുത്തി. കോടതി പിരിയും വരെ തടവുശിക്ഷയും 7500 രൂപയുമാണ് ജസ്റ്റിസ് വി. ഗിരി ശിക്ഷ വിധിച്ചത്. ഔഷധനിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ഔഷധങ്ങൾ നിർമ്മിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിൽക്കുകയും ചെയ്ത ഈ വ്യക്തിക്കാണ് 2012-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. ആയുർവേദത്തിന്റെ പേരിലാണ് ഡോ.ഹരീന്ദ്രൻനായർക്ക് പത്മശ്രീ ലഭിച്ചതെന്നുള്ളതാണ് ഏറെ വിചിത്രം. അതിന്റെ പിന്നിലുള്ള രാഷ്ട്രീയബാന്ധവം വ്യക്തമാണല്ലോ.

വേദകാലം മുതൽ ദ്രാവിഡന്മാരും ആര്യന്മാരും പിൻതുടർന്നു വന്ന ആയുർവേദം ആധുനികകാലത്തും അവഗണിക്കാനാവാത്ത ഒരു ശാസ്ത്രവിഭാഗമാണെന്നതിൽ ആർക്കും തർക്കമില്ല. വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണത്തിലൂടെ ശരീരസന്തുലനം ഉറപ്പാക്കിയുള്ള ചികിത്സാരീതിയാണ് ആയുർവേദ ചികിത്സയുടെ അടിസ്ഥാനം. എന്നാൽ പെട്ടെന്ന് കാശു സമ്പാദിക്കാനുള്ള മുറിവൈദ്യന്മാരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ആയുർവേദ ചികിത്സ. അങ്ങനെയുള്ളവരുടെ അക്ഷയപാത്രമാണ് ആയുർവേദ ഔഷധ നിർമ്മാണം. എന്നാൽ നൂറ്റാണ്ടുകളായി ആയുർവേദത്തെ തപസ്യ പോലെ കൊണ്ടുനടക്കുകയും, അതിന്റെ ശാസ്ത്രീയമായ അടിത്തറയിൽ ഉറച്ചുനിന്ന് വൈദ്യസേവനം നടത്തുകയും ചെയ്യുന്നവരുടെ എണ്ണമെടുത്താൽ, സംസ്ഥാനത്ത് പത്തിൽ താഴെയാണ് അവരുടെ സംഖ്യ.

ആയുർവേദ ചികിത്സാരീതികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ആയുർവേദത്തിന്റെ മറപിടിച്ച് നിർമ്മിക്കപ്പെട്ട വ്യാജഔഷധങ്ങൾ കേരളത്തിൽ വ്യാപകമായത് 1980 കൾക്ക് ശേഷമാണ്. ത്രിദോഷങ്ങളുടെ സന്തുലനത്തിലൂടെ രോഗത്തിന് ശമനം നൽകുന്ന രീതിയാണ് കാലാകാലങ്ങളായി ആയുർവേദത്തിൽ അനുഷ്ഠിച്ചു വരുന്നതെങ്കിലും, ശരീരകാന്തി, കഷണ്ടി, ലൈംഗിക പ്രശ്‌നങ്ങൾ എന്നീ 'ദോഷ'ങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ ആശങ്കകളും ആസക്തികളും ഏറ്റവും നല്ല വിൽപനചരക്കാണെന്ന് മനസിലാക്കിയതോടെയാണ് കേരളത്തിലെ 'മുറിവൈദ്യന്മാർ' പേറ്റന്റ് ആൻഡ് പ്രൊപ്പൈറ്ററി ഔഷധ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്.

ഒരു കുപ്പിയിൽ വെള്ളം നിറയ്ക്കുക. അതിൽ നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും ആയുർവേദ ഔഷധങ്ങൾ ചേർത്ത് നിറം മാറ്റി ഇഷ്ടമുള്ള പേര് കൊടുക്കുക. ഒരു ആയുർവേദ ഡോക്ടറുമായി നേരെ തിരുവനന്തപുരത്തെത്തുക. അവിടെ കേരള സംസ്ഥാന ഡെപ്യൂട്ടി ഡ്രഗ്‌സ് കൺ്‌ട്രോളറെ( ആയുർവദം ) കാണുക. നിങ്ങളുടെ ഔഷധം കഴിച്ചാൽ എന്താണ് പ്രയോജനമെന്ന് അറിയിച്ചു കഴിഞ്ഞാൽ കൂടെയുള്ള ഡോക്ടറുടെ പേരിൽ ലൈസൻസ് അനുവദിക്കും. പിന്നെ മാർക്കറ്റിങ്. അത് നിങ്ങളുടെ യുക്തി പോലെ. മലയാളികളുടെ 'വീക്ക്‌നെസ്' ആയ മുഖസൗന്ദര്യം, കഷണ്ടി, ലൈംഗികപ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയുള്ള പരസ്യങ്ങളാണ് ഇറക്കുന്നതെങ്കിൽ വിജയം സുനിശ്ചിതം. ശരീരത്തിനു ദോഷം സംഭവിക്കുന്നതോ, മരണത്തിനു കാരണമാകുന്നതോ ആയ രാസവസ്തുക്കൾ ചേർക്കാതിരുന്നാൽ ഈ 'പച്ചവെള്ള ഔഷധം' കൊണ്ട് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ കോടികളുണ്ടാക്കാം.

പങ്കജകസ്തൂരിക്കെതിരെ ആരോപണങ്ങൾ ശക്തമാവുകയും കേസിൽ ഹൈക്കോടതി ശിക്ഷിക്കുകയും ചെയ്തതോടെ പുതിൽ മേച്ചിൽപുറങ്ങളിലേക്കാണ് പങ്കജകസ്തൂരി ലക്ഷ്യം വച്ചത്. എങ്കിലും ഇപ്പോഴും പങ്കജകസ്തൂരി ബ്രീത്ത് ഈസി വിപണിയിൽ ലഭ്യമാണ്. പങ്കജകസ്തൂരിക്കു പിന്നാലെ വിപണിയിലെത്തിയ 'അമൃതകസ്തൂരിക്ക് തുടക്കത്തിൽ ആവേശകരമായ സ്വീകരണം കേരളത്തിലെ ജനങ്ങൾ നൽകിയെങ്കിലും തട്ടിപ്പാണെന്നു മനസിലായതോടെ വിപണിയിൽനിന്നു പുറത്തായി. ഒരു വർഷത്തിനുള്ളിൽ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനൊപ്പം പത്തിലേറെ കേസുകളും ഡോ.ഹരീന്ദ്രൻനായർക്ക് സമ്മാനിക്കാൻ ഈ ഉൽപന്നത്തിനു കഴിഞ്ഞു. എന്നാൽ 1999-ൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 3500 രൂപ പിഴ ഈടാക്കിയതല്ലാതെ രജിസ്റ്റർ ചെയ്ത ബാക്കി 9 കേസുകളിലും സർക്കാർ തന്നെ കേസ് പിൻവലിച്ച് ആയുർവേദത്തിന്റെ ' മാനം ' കാത്തു. 2003ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ രജിസ്റ്റർ ചെയ്ത 9 കേസുകളും ആഭ്യന്തര വകുപ്പിന്റെ പ്രത്യേക കത്ത് ( 23897/എൽ2/03 ) പ്രകാരമാണ് പിൻവലിച്ചത്. ഡ്രഗ്‌സ് മാജിക് റെമഡീസ് ( ഒബ്ജക്ഷണബിൾ അഡ്വവർട്ടൈസ്‌മെന്റ് )നിയമത്തിന് വിരുദ്ധമായി പരസ്യം ചെയ്ത് ഔഷധങ്ങൾ വിറ്റതിന്റെ പേരിലായിരുന്നു മേൽപറഞ്ഞ പത്തു കേസുകളും.

പങ്കജകസ്തൂരിയും അമൃതകസ്തൂരിയും മാത്രം കൊണ്ട് വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ കേരളത്തിൽ ഏറ്റവും കൂടുതലുള്ള പ്രമേഹരോഗികളിലേക്ക് പങ്കജകസ്തൂരി ഹെർബൽസും സംഘവും ശ്രദ്ധ തിരിച്ചു. ഇൻസുലിൻ കുത്തിവച്ചും ഗുളികകൾ കഴിച്ചും ജീവിതം തള്ളി നീക്കിയ പ്രമേഹരോഗികൾക്ക് ഇൻസുലിൻ ഉൽപദാനത്തിന്റെ ത്വരിതവേഗത വാഗ്ദാനം ചെയ്താണ് ' ഐലൊജൻ എക്‌സൽ ' പുറത്തിറക്കിയത്. ഈ ഔഷധത്തിന് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം അനുമതി നൽകിയെങ്കിലും ഈ ഉൽപന്നം പരസ്യം ചെയ്യുന്നതിൽനിന്ന് സർക്കാർ വിലക്കിയിരുന്നു. സർക്കാർ വിലക്ക് ലംഘിച്ച് വ്യാപകമായി പരസ്യം നൽകാൻ തുടങ്ങിയതോടെ സ്ഥാപനത്തിനെതിരെയും വിതരണക്കാർക്കെതിരെയും കേസ് രജിസ്‌ററർ ചെയ്തു. ഇങ്ങനെ സർക്കാർ ഉത്തരവുകൾ മറി കടന്ന് തെറ്റിദ്ധാരണജനകമായ പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാനുള്ള ആയുർവേദ ഔഷധ നിർമ്മാണങ്ങൾക്ക് വഴി വെട്ടിയത് ഇത്തരത്തിലായിരുന്നു.

ഇങ്ങനെയുള്ള ഉൽപന്നങ്ങൾ ഇപ്പോഴും വിപണിയിൽ സജീവമായി തന്നെ നിലനിൽക്കുന്നുവെന്ന യാഥാർഥ്യം ആരും അറിഞ്ഞ മട്ടു കാണിക്കുന്നില്ല. നിയമങ്ങൾ കാറ്റിൽ പറത്തി ഔഷധം നിർമ്മിച്ച് കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയ വ്യക്തിക്ക് പത്മശ്രീ കിട്ടുമെങ്കിൽ, അങ്ങനെയുള്ള പ്രാഞ്ചിയേട്ടൻ ആകാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും.

ഹരീന്ദ്രൻനായരുമായി ഏറെ ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് അന്തരിച്ച മുൻ സ്പീക്കർ ജി കാർത്തികേയൻ. ആര്യനാടിന്റെ ജനപ്രതിനിധിയെന്ന നിലയിലാണ് കാർത്തികേയനുമായി ഹരീന്ദ്രൻനായർ അടുക്കുന്നത്. ഈ വ്യക്തി ബന്ധം സൗഹൃദത്തിലേക്കും വഴിമാറി. കരൾ രോഗത്തിന്റെ സൂചനകൾ ആദ്യം കാർത്തികേയൻ പറഞ്ഞത് ഹരീന്ദ്രൻ നായരോടാണ്. ആരോടും പറയാതെ ചികിൽസിച്ച് ഭേദമാക്കാമെന്ന ഉറപ്പാണ് കാർത്തികയേൻ ഹരീന്ദ്രൻ നായർ നൽകിയതെന്നാണ് സൂചന. ഇതേ തുടർന്ന് രണ്ട് മാസത്തോളം കാട്ടക്കടയിലെ പങ്കജ കസ്തൂരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു കാർത്തികേയൻ. ഈ ചികിൽസയ്ക്കിടെയായിരുന്നു കാര്യങ്ങൾ കൈവിട്ട് പോയത്. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാതുകളിൽ വിഷയം എത്തി.

ഉമ്മൻ ചാണ്ടി നേരിട്ട് നിർബന്ധിച്ചതിന്റെ ഫലമായാണ് കാർത്തികേയൻ അമേരിക്കയിലേക്ക് ചികിൽസയ്ക്ക് പോകാൻ സമ്മതിച്ചത്. രമേശ് ചെന്നിത്തലയും ഒപ്പം പോയി. കരൾ മാറ്റിവയ്ക്കൽ ശസ്ത്ര ക്രിക്കായി അമേരിക്കയിലെത്തിയെങ്കിൽ രോഗം വഷളായതിനാൽ ഡോക്ടർമാർ അതിന് തയ്യാറായില്ല. അങ്ങനെയാണ് കാർത്തികേയൻ മരുന്നുകളുമായി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ശേഷവും ആയുർവേദ വൈദ്യത്തിലേക്ക് പോയിരുന്നതായി സൂചനയുണ്ട്. ഏതായാലും കാർത്തികേയന്റെ ആകസ്മിക മരണത്തിന് കാരണം പങ്കജ കസ്തൂരിയിലെ ചികിൽസയാണെന്ന് കരുതുന്ന കോൺഗ്രസ് നേതാക്കൾ ഏറെയാണ്.

 

(തട്ടിപ്പിന്റെ തുടർക്കഥകൾ നാളെ തുടരും)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP