Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

3000 രൂപ പാട്ടത്തിന് പൂഞ്ഞാർ രാജാവിനോട് മൺറോ സായിപ്പ് പാട്ടത്തിനെടുത്ത 1,36,000 ഏക്കർ ഭൂമി എങ്ങനെ ഒരു നഗരം അടക്കം ടാറ്റയുടെ കൈയിൽ എത്തി? നേതാക്കൾക്ക് ബംഗ്ലാവുകളും അവരുടെ മക്കൾക്ക് ജോലിയും നൽകി ടാറ്റ നാടു മുടിക്കുന്നത് ഭയാനകമായി: മൂന്നാറിന് വേണ്ടി വിലപിക്കുന്നവർ കൊള്ളക്കാരാവുന്ന കഥയുടെ രണ്ടാം ഭാഗം

3000 രൂപ പാട്ടത്തിന് പൂഞ്ഞാർ രാജാവിനോട് മൺറോ സായിപ്പ് പാട്ടത്തിനെടുത്ത 1,36,000 ഏക്കർ ഭൂമി എങ്ങനെ ഒരു നഗരം അടക്കം ടാറ്റയുടെ കൈയിൽ എത്തി? നേതാക്കൾക്ക് ബംഗ്ലാവുകളും അവരുടെ മക്കൾക്ക് ജോലിയും നൽകി ടാറ്റ നാടു മുടിക്കുന്നത് ഭയാനകമായി: മൂന്നാറിന് വേണ്ടി വിലപിക്കുന്നവർ കൊള്ളക്കാരാവുന്ന കഥയുടെ രണ്ടാം ഭാഗം

ജിജോ കുര്യൻ

1800ന് അപ്പുറം ആനയും കടുവയും വരയാടും മാത്രം യഥേഷ്ടം ചരിച്ചിരുന്ന മൂന്നാറിന്റെ മലമടക്കുകളിലും നിത്യഹരിത വനത്തിലും പുറംവാസിയായ മനുഷ്യൻ എത്തിപ്പെടുന്നത് ബ്രിട്ടീഷ് സർവ്വേ ഉദ്യോഗസ്ഥരായ ബഞ്ചമിൻ വാർഡും കോണറും 1817ൽ കണ്ണൻദേവൻ മലകളിൽ എത്തുന്നതോടെയാണ്. 1870 കളിൽ അന്നത്തെ തിരുവതാംകൂർ, മദ്രാസ് നാട്ടു രാജ്യങ്ങളുടെ അതിർത്തിത്തർക്കം നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഈ മലമ്പ്രദേശത്ത് എത്തുന്ന ജോൺ ഡാനിയേൽ മൺറോ സായിപ്പ് ഈ വനമേഖലയുടെ സൗന്ദര്യത്തിലും തോട്ടവികസന സാധ്യതയിലും ആകൃഷ്ടനായി.

അന്ന് പൂഞ്ഞാർ രാജകുടുംബത്തിന് തിരുവിതാംകൂർ രാജാവ് ഏൽപ്പിച്ചു കൊടുത്തിരുന്ന ഈ 'ജന്മം ദേശം' മൺറോ സായിപ്പിന് തോട്ടനിർമ്മാണത്തിന് വേണ്ടി 1877 ജൂലൈ 11 ന് പാട്ടവ്യവസ്ഥയിൽ കൈമാറുകയായിരുന്നു. അങ്ങനെ 3000രൂപ പാട്ടത്തിനും 5,000 രൂപ സുരക്ഷാ നിക്ഷേപത്തിനും പുറത്ത് മൺറോ സായിപ്പിന് സിദ്ധിച്ച ഭൂമി 13,600 ഏക്കർ കണ്ണൻദേവൻ മലമടക്കുകളാണ്. 

1879ൽ ഒരു പ്ലാന്റേഷൻ സൊസൈറ്റി രൂപീകരിച്ച് കണ്ണൻദേവൻ കുന്നുകളിലെ നിത്യഹരിത വനങ്ങളെ വെട്ടിത്തെളിച്ച് മൺറോ സായിപ്പ് തന്റെ കൃഷി പരീക്ഷണം ആരംഭിക്കുന്നിടത്താണ് ഈ വനമേഖലയുടെ നാശവും ആരംഭിക്കുന്നത്. 1895 ൽ ഫിൻലെ കമ്പനി രൂപീകരിച്ച് തോട്ടം മേഖലയുടെ പ്രവർത്തനം ഏകീകരിച്ചു.

1924ലെ പെരുമഴക്കാലം സമ്മാനിച്ച വ്യാപകമായ മണ്ണിടിച്ചിലും മൂന്നാറിലെ വെള്ളപ്പൊക്കവും സ്വത്തിന്റേയും ജീവന്റേയും നഷ്ടവുമാണ് ഈ പ്രകൃതി നശീകരണത്തിന്റെ പാരിസ്ഥിതിക മറുപടിയായി വന്നത്. എന്നാൽ വീണ്ടും പുനർകൃഷിയിലൂടെ മൂന്നാർതോട്ടം മേഖല വീണ്ടും പുനർജീവിക്കുകയായിരുന്നു. 1964ൽ ഫിൻലെ കമ്പനിയുമായുള്ള സഹകരണത്തിലേക്ക് ടാറ്റ ഗ്രൂപ്പുകൂടി പ്രവേശിച്ചു. 1976ൽ ആണ് ടാറ്റായ്ക്ക് മാത്രമായി തോട്ടം സിദ്ധിച്ചു. സ്വതന്ത്ര ഇന്ത്യയിൽ നിയമ സാധുതയില്ലാത്ത ആധാരങ്ങളുടെയും രേഖകളുടെയും മറവിലാണ് ഈ കൈമാറ്റം നടന്നത്.

1976ൽ ടാറ്റായ്ക്ക് വിറ്റത് മൂന്നാർ പട്ടണമുൾപ്പെടെ 96,783 ഏക്കർ ഭൂമിയാണ്. 1957ൽ രൂപീകൃതമായ ലാൻഡ് ബോർഡ് കമ്പനിക്ക് കൊടുത്തിരുന്നതാകട്ടെ 59,000 ഏക്കർ ഭൂമിയും. 2005 ൽ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനി രൂപീകരിച്ച് ഉടമസ്ഥത അവരിലേക്ക് കൈമാറി.

ഇപ്പോൾ ടാറ്റ തേയില കമ്പനിയുടെ ഓഹരികൾ തൊഴിലാളികളുടെ കൈകളിലാണെങ്കിലും 95% വരുന്ന സാധാരണ തൊഴിലാളികളുടെ ഓഹരി വെറും 20%വും ബാക്കി ടാറ്റായുടെ തന്നെ താത്പരകക്ഷികളായ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെ കൈകളിലുമാണ്.


2012ൽ തങ്ങളുടെ എസ്റ്റേറ്റുകളിലെ 24 ബംഗ്ലാവുകൾ വിനോദ സഞ്ചാര ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റാ തൊഴിലാളിക്കമ്പനി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഈ ഹർജിയോടൊപ്പം തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന പട്ടയം ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും ഇന്നോളം അവർക്ക് കഴിഞ്ഞിട്ടില്ല.

2014ൽ ഭൂമിയുടെ മേലുള്ള തങ്ങളുടെ കൈവശ അവകാശത്തിന് ഭംഗം വരുത്തരുതെന്ന് ആവശ്യപ്പെട്ടു കോടതിയിൽ സമർപ്പിച്ച കേസിലും കമ്പനിക്ക് ഇന്നോളം ആധാരം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും 2015ൽ മൂന്നാറിലെയും ദേവികുളത്തെയും സബ്ഇൻസ്‌പെക്ടർമാർ ഉടമസ്ഥാവകാശത്തിന്റെ അസ്സൽ രേഖകൾ ഹാജരാക്കാൻ കമ്പനിയോട് ആവശ്യപ്പട്ടതിനെതിരെ കമ്പനി വീണ്ടും കോടതിയെ സമീപിച്ചു. ഉടമസ്ഥാവകാശ രേഖകൾ ഒന്നുമില്ലാതെ കമ്പനി എങ്ങനെ ഭൂമി കൈവശം വയ്ക്കുന്നു എന്നതാണ് നിയമ ലംഘനത്തിലെ ഞെട്ടിപ്പിക്കുന്ന ചോദ്യം.

അതായത് കണ്ണൻദേവൻ മലകളുടെ ഏതാണ്ട് സിംഹഭാഗവും കൈവശം വച്ചിരിക്കുന്ന കമ്പനിക്ക് ആ ഭൂമിയിൽ യാതൊരു ഉടമസ്ഥാവകാശവുമില്ലെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. അത് തെറ്റാണെന്ന് തെളിയിക്കാൻ സംശയരഹിതമായ അസ്സൽ പട്ടയം ഇതുവരെ ഹാജരാക്കാൻ കമ്പനിക്കും കഴിഞ്ഞിട്ടില്ല.


കമ്പനിയുടെ മൂന്നാർ ഭൂമിയിലെ അനധികൃത ഇടപെടൽ

1. തങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമി നിയമാനുസൃതമെന്ന് തെളിയിക്കാൻ വേണ്ട അസ്സൽ രേഖകളൊന്നും കമ്പനിയുടെ കൈവശമില്ല, അഥവാ കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
2. ലാൻഡ് ബോർഡ് അനുവദിച്ച് കൊടുത്തതിൽ കൂടുതൽ ഭൂമി ടാറ്റായ്ക്ക് കൈമാറ്റം ചെയ്ത് കിട്ടിയിട്ടുണ്ട്. അതെവിടെ നിന്ന് വന്നു എന്നതിന് ഉത്തരമില്ല.
3. എങ്ങനെയെങ്കിലും തോട്ടം മേഖലയിൽ നിന്ന് ടൂറിസം മേഖലയിലേക്ക് ഭൂമി വകമാറ്റി ഉപയോഗിക്കാനുള്ള ശ്രമമാണ് കമ്പനിയുടെ ഭാഗത്തുനിന്നു നടക്കുന്നത് എന്ന് 24 ബംഗ്ലാവുകൾക്ക് ഗ്രാമപഞ്ചായത്തിൽ നിന്ന് ടൂറിസത്തിന് വേണ്ടി അനധികൃതമായി അനുമതി നേടിയതിൽ നിന്ന് വ്യക്തം.
4. 2007 നോടകം കമ്പനിയുടേതടക്കം എല്ലാ അനധികൃത കൈയേറ്റങ്ങളും കണ്ടെത്താൻ റിസർവ്വേകൾ നടത്താനുള്ള മൂന്ന് ഉത്തരവുകൾ ഉണ്ടായി. ഒന്നിന്റെയും സർവ്വേഫലം ഇന്നോളം വെളിച്ചം കണ്ടിട്ടില്ല. എന്തുകൊണ്ട്?
5. പ്രാദേശിക പാർട്ടി നേതാക്കൾക്ക് കമ്പനിയുടെ വക വില്ലേജുകളും ബംഗ്ലാവുകളും അനുവദിച്ച് കൊടുത്തിട്ടുണ്ട് എന്നത് മൂന്നാർ തൊഴിലാളി സമരകാലം മുതൽ ഉയർന്നുകേട്ട വാദമാണ്. എന്നാൽ പാർട്ടി നേതാക്കൾ ആർജ്ജിച്ച അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണങ്ങളൊന്നും നടന്നില്ല. അതേ സമയം തോട്ടംമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ശോചനീയമായ ജീവിതനിലവാരത്തെക്കുറിച്ച് നിവേദിത പി. ഹരൻ റിപ്പോർട്ട് തന്നെ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഇവിടെ തൊഴിലാളി ജീവിതത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഏറെ ആകുലപ്പെടാത്ത നേതാക്കളെ ജനം കയ്യൊഴിയുകയും ആ നേതൃത്വവിടവിൽ തമിഴ്‌നാട് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തൊഴിലാളി പ്രശ്‌നങ്ങൾ ഈ കമ്പനിയുടെ മുഖ്യഅജണ്ടയിൽ പെട്ടതല്ലെന്ന് തൊഴിലാളി സമരം തെളിയിച്ചു.
6. 1972ലെ സുപ്രീംകോടതി വിധി വിസ്മരിച്ചുകൊണ്ട് 2015 ജൂൺ 12ന് കമ്പനി ഹൈക്കോടതിയിൽ നൽകിയ മറുപടി ഹർജിയിൽ തങ്ങളാണ് തോട്ടത്തിന്റെ ഉടമസ്ഥർ (പാട്ടക്കാരല്ല) എന്ന് വാദിച്ചു. ഇതിൽ നിന്നും വ്യക്തമാകുന്നത് കൃഷിയല്ല കമ്പനിയുടെ പ്രധാനലക്ഷ്യം കണ്ണൻദേവൻ ഭൂമിയെ സ്വന്തമാക്കുകയാണെന്നതാണ്.

അപ്പോൾ കളക്ടർ, തഹസിൽദാർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വത്തേയും കൂട്ടുപിടിച്ചുകൊണ്ട് കമ്പനി നടത്തുന്നത് കണ്ണൻദേവൻ കുന്നുകളിലെ അനധികൃതഭൂമി കൈവശപ്പെടുത്തലാണെന്ന് ന്യായമായും അംഗീകരിക്കേണ്ടി വരും. കമ്പനിക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്ന കാടുകളെ അവർ നന്നായി സംരക്ഷിക്കുന്നു എന്നും ഇനി കമ്പനിയിൽ നിന്ന് ഭൂമി തിരിച്ചുപിടിച്ച് അത് സർക്കാരിൽ വന്നുചേർന്നാൽ ഭൂമി തുണ്ടുവൽക്കരിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി ചില സത്ബുദ്ധികൾ പോലും കമ്പനിയുടെ നിയമലംഘനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

നീതിയും പരിസ്ഥിതി സ്‌നേഹവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ അവർ പരാജയപ്പെടുന്നു. ഒക്ടോബർ 2005ൽ 'ഔട്ട്‌ലുക്ക്' വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ കമ്പനിയുടെ തേയിലേതര മേഖലയിലെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ചാക്കോ തോമസ് തങ്ങളുടെ ഭാവി പദ്ധതികളായി സാഹസിക ടൂറിസം, കോർപറേറ്റ് ടൂറിസം, ഫ്‌ളോറി കൾച്ചർ, ജൈവകീടനാശിനി നിർമ്മാണം, മിനറൽ വാട്ടർ, ഔഷധത്തോട്ടം എന്നിവയുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോൾ തന്നെ പ്ലാന്റേഷൻ ടൂറിസത്തിനായി ഉപയോഗിക്കുന്ന തോട്ടം മേഖലയ്ക്ക് (5%) പുറമേയാണിവ. കണ്ണൻദേവൻ മലമുകളിൽ മിനറൽ വാട്ടർ കമ്പനിയുണ്ടായാൽ, ജൈവകീടനാശിനി ഫാക്ടറി ഉണ്ടായാൽ, കോർപ്പറേറ്റ് ടൂറിസം വികസിച്ചാൽ ഇവിടെ അനുദിനം വ്യാവസായിക ആവശ്യത്തിന് മാത്രമായി വന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും അവ ഉത്പാദിപ്പിക്കുന്ന ശബ്ദ-വായു-പ്രകൃതി മലിനീകരണവും ചിന്തിക്കാനാവുന്നതിനും അപ്പുറത്തായിരിക്കും. ചുരുക്കത്തിൽ കമ്പനിയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം ഒന്നേയുള്ളു. ഒരു തോട്ടത്തെ എങ്ങനെ കോമേഴ്‌സ്യൽ മേഖലയാക്കി മാറ്റാം?



കമ്പനിയുടെ അനധികൃത കൈയേറ്റം വെളിവാക്കുന്ന പ്രധാന റിപ്പോർട്ടാണ് സനൽകുമാർ കമ്മിഷൻ റിപ്പോർട്ട് (2012). നടത്തപ്പെട്ട റീസർവ്വേ പ്രകാരം കമ്പനി 49,46 ഹെക്ടർ സ്ഥലം അനധികൃതമായി കൈയേറിയതായി പറയുന്നു. ഇനിയും റീസർവ്വേ പൂർണ്ണമല്ല. മൂന്നാറിൽ പൂർണ്ണമായ ഒരു സർവ്വേ നടത്തപ്പെടാതിരിക്കാൻ എല്ലാ കൈയേറ്റക്കാരും നന്നായി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രാദേശിക ഭരണകൂടം എല്ലാത്തിനും കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്യുന്നുമുണ്ട്.

ടാറ്റായ്ക്ക് അതിന്റെ ബംഗ്ലാവുകൾ ടൂറിസത്തിന് ഉപയോഗിക്കാൻ മൂന്നാർ, ദേവികുളം പഞ്ചായത്തുകൾ അനുമതി കൊടുത്തത് അതിന്റെ തെളിവാണ്. എന്നാൽ പ്രശ്‌നം കോടതിയിൽ എത്തുമ്പോഴാണ് സർക്കാർ നിർദ്ദേശപ്രകാരം ഈ അനുമതികൾ പഞ്ചായത്തുകൾക്ക് റദ്ദുചെയ്യേണ്ടി വന്നത്. അന്തിമ വിശകലനത്തിൽ മൂന്നാറിലെ ഏറ്റവും വലിയ അനധികൃത ഭൂമി കൈയേറ്റം കമ്പനിയുടേത് തന്നെയാണ്. തോട്ടത്തെ ടൂറിസം ആവശ്യത്തിനപ്പുറം ഒരു തോട്ടമായി നിലനിർത്താൻ അവർ ഉദ്ദേശിക്കുന്നുമില്ല. ആ നിലയ്ക്ക് ഈ തോട്ടത്തിന് ഇനി മുന്നോട്ടു പ്രവർത്തിക്കാൻ അനുമതി കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റ് ആണ്.

നാളെ: മൂന്നാർ ഓപ്പറേഷന്റെ പരാജയം: കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റെ വിജയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP